'നമ്മളാരാണെന്നുള്ളത് ജനങ്ങള്‍ക്കറിയില്ലേ?'; ദല്ലാളിനു മറുപടി പറയാനില്ലെന്ന് തിരുവഞ്ചൂര്‍

അതിനൊക്കെ ഞാന്‍ മറുപടി പറയണോ? നമ്മളാരാണെന്നുള്ളത് ജനങ്ങള്‍ക്കറിയില്ലേ?
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം

തിരുവനന്തപുരം: സോളാര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്കു മറുപടി പറയാനില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയും ദല്ലാളും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതില്‍ മൂന്നാംകക്ഷി അഭിപ്രായം പറയേണ്ടതില്ലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. 

കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെന്നും അതിന്റെ ഫലമായി ഉമ്മന്‍ ചാണ്ടി തേജോവധം ചെയ്യപ്പെട്ടെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തിരുവഞ്ചൂരിന്റെ പ്രതികരണം ഇങ്ങനെ: ''അതിനൊക്കെ ഞാന്‍ മറുപടി പറയണോ? നമ്മളാരാണെന്നുള്ളത് ജനങ്ങള്‍ക്കറിയില്ലേ? ''

മുഖ്യമന്ത്രി പറഞ്ഞതിനു മറുപടി പറയാനായിരിക്കാം ദല്ലാള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ആ കൂട്ടത്തില്‍ ഇതും കൂടി കൂട്ടിച്ചേര്‍ത്തെന്നേയുള്ളൂ. അതിനെ ഗൗരവമായി കാണുന്നില്ല. ഗൗരവമായ രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതിനിടയ്ക്ക് ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്കു തലവച്ചു കൊടുക്കുന്നതു ശരിയല്ല. 

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചെന്ന ഈ തമാശ താന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. അതിനെയൊന്നും ഗൗരവമായി കാണുന്നില്ല. താന്‍ ആരാണെന്ന് എനിക്കറിയാം, നാട്ടുകാര്‍ക്കുമറിയാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന, കെസി ജോസഫിന്റെ അഭിപ്രായം ഗൗരവം കുറച്ചു കാണുന്നില്ല. എന്നാല്‍ പാര്‍ട്ടി അച്ചടക്കസമിതി ചെയര്‍മാനായ താന്‍ അതിന് പുറത്ത് അഭിപ്രായം പറയുന്നതു ശരിയല്ല. പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടപടി വരട്ടെ, അതിനു ശേഷം അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com