മലപ്പുറത്ത് നിപയില്ല;  മഞ്ചേരി സ്വദേശിയുടെ സ്രവസാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്:  രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധനാഫലം  നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭയപ്പെടേണ്ടതില്ലെന്നും എല്ലാ തലത്തിലുമുളള പ്രതിരോധത്തിന് ജില്ല സജ്ജമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.നിപ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ, എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രോട്ടോകോള്‍ പാലിച്ചു ജില്ലയില്‍  നടപ്പാക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തലത്തിലുമുളള ഏകോപന ചുമതല ആരോഗ്യവകുപ്പിന് നല്‍കിയിട്ടുണ്ട്. നിപ്പ പ്രതിരോധ  നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനായി  ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.  കൂടാതെ  വിവിധ വകുപ്പുകളുമായി ചേര്‍ന്ന്  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പിലെ ജില്ലാതല മേധാവികള്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.   

ഏതെങ്കിലും അസാധാരണമായ പനി കേസുകളോ, നിപ്പ രോഗിയുമായി സമ്പര്‍ക്കമോ റിപ്പോര്‍ട്ട് ചെയ്താല്‍ രോഗികള്‍ക്ക് വേണ്ടിയുളള ഐസൊലേഷന്‍ സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുക. ഐസൊലേഷനില്‍ ഇരിക്കുന്നവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ജെഡിഎല്‍എസ്ജിഡിയെ ചുമതലപ്പെടുത്തി.
     
ടെക്നിക്കല്‍ സപ്പോര്‍ട്ട് , സര്‍വൈലന്‍സ്, ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഊര്‍ജ്ജിതപ്പെടുത്തുക. എല്ലാ ആശുപത്രി സ്റ്റാഫിനും ബോധവല്‍ക്കരണം നടത്തുക. ആശുപത്രിയില്‍ മാസ്‌ക് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക. റഫര്‍ ചെയ്തു വരുന്ന രോഗികള്‍ക്ക് വേണ്ടിയുളള ഐസൊലേഷന്‍ സൗകര്യങ്ങള്‍ സാമ്പിള്‍ കലക്ഷന്‍ സൗകര്യങ്ങള്‍ എന്നിവ തയ്യാറാക്കുക. നിപ്പ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
      
പനിയുളളവരുടെ നിരീക്ഷണം ശക്തമാക്കുകയും സംശയാസ്പദമായ ഏതെങ്കിലും രാഗികളെ കണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കുന്നതിനും ഹോമിയോ ഐഎസ്എം ഡിഎംഒ മാര്‍ക്ക് ചുമതല നല്‍കി.
    
രോഗികളുടെ സമ്പര്‍ക്ക ലിസ്റ്റ് ,റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കുന്നതിനും ഐസൊലേഷന്‍ ചെയ്യുന്നതിനും വേണ്ടി ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിന് പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി പോലീസ് വകുപ്പില്‍  ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കാനും  തീരുമാനിച്ചു  
 
അംഗന്‍വാടി ,കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിപ്പ രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നടത്തുക. അസാധാരണമായ പനിയോ മറ്റ് നിപ്പ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക  തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ, ഐസിഡിഎസ് എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്

നിപ്പയെ കുറിച്ചുളള കൃത്യമായ കണക്കും മറ്റ് വിവരങ്ങളും ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മുറയ്ക്ക് ദൃശ്യ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കുക. തെറ്റായതും ഭീതി ജനകവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനഭ്യര്‍ത്ഥിച്ചും, ആശുപത്രികളിലും മറ്റ് ജനങ്ങള്‍ കൂടുതലായി വരുന്ന മാളുകള്‍ തുടങ്ങിയവയില്‍ പൊതുവെ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിആര്‍ഡി  മുഖേന നടത്തുക.
വിദ്യാത്ഥികള്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക,  പനി   , മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളോട് വീട്ടില്‍ വിശ്രമിക്കാന്‍  അറിയിപ്പു നല്‍കുക. അസാധാരണമായ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ കൂടുതല്‍ കുട്ടികള്‍ അസുഖം മൂലം അവധി എടുക്കുകയോ ചെയ്യുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിക്കുക. വീണുകിടക്കുന്ന പഴങ്ങള്‍, വൃത്തിഹീനമായ ഭക്ഷണ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കാനുമുളള നിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ ല്‍ വഴി കുട്ടികള്‍ക്ക് നല്‍കുക എന്ന പ്രവര്‍ത്തനങ്ങള്‍ ഡിഡിഇ, ആര്‍ഡിഡി എന്നിവരെ ചുമതലപ്പെടുത്തി.

അസ്വഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നത് നീരീക്ഷിച്ച് സര്‍വൈലന്‍സ് ശക്തിപ്പെടുത്തുക. മൃഗങ്ങളുമായും പക്ഷികളുമായും ഇടപഴകുന്നവര്‍ നിപ്പ പ്രതിരോധത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ടതാണ്.വവ്വാലുകളുളള സ്ഥലങ്ങളില്‍ അവയുടെ ആവാസവ്യവസ്ഥ ക്ക് ഭംഗം വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാതിരിക്കുന്നതിനാവശ്യമായ  പ്രചരണം നല്‍കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനും നല്‍കിയിട്ടുണ്ട്.
നിപ വൈറസ് വ്യാപനം തടയുന്നതിനായി, പ്രാദേശിക തലത്തില്‍ വിവിധ വകുപ്പുകളെയും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷനെയും ഉള്‍പ്പെടുത്തി കോ ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ വിളിച്ചു ചേര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com