
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തോട് അടുക്കുന്നതോടെ മന്ത്രിസഭാ പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായി. മുന്‍ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലും രണ്ടര വര്‍ഷം പൂര്‍ത്തിയാവുന്നതോടെ മന്ത്രിസ്ഥാനം ഒഴിയണം. കേരള കോണ്‍ഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പകരം എത്തേണ്ടത്. ഇതിനൊപ്പം സിപിഎം മന്ത്രിമാരിലും മാറ്റം വരുത്തി സര്‍ക്കാര്‍ മുഖംമിനുക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആന്റണി രാജുവും കെബി ഗണേഷ് കുമാറും രണ്ടര വര്‍ഷം ഗതാഗത വകുപ്പ് പങ്കിടുകയെന്നത് തുടക്കത്തിലേ ഉണ്ടാക്കിയ ധാരണയാണ്. തുറമുഖ വകുപ്പ് അഹമ്മദ് ദേവര്‍ കോവിലും കടന്നപ്പള്ളിയും പങ്കിടാനും ധാരണയായിരുന്നു. എന്നാല്‍ ഗതാഗത വകുപ്പ് ഏറ്റെടുക്കാക്കുന്നതില്‍ ഗണേഷ് കുമാര്‍ സിപിഎം നേതൃത്വത്തെ വിമുഖത അറിയിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഗതാഗത, വനം വകുപ്പുകള്‍ തമ്മിലുള്ള വച്ചുമാറ്റം സാധ്യമാവുമോയെന്ന് സിപിഎം ആലോചിക്കുന്നുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. അതിനിടയില്‍ തന്നെ സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തയാഴ്ച ചേരുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്ഥാന ചലനം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീണയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി സ്പീക്കറാക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചയില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. സ്പീക്കര്‍ സ്ഥാനത്ത് എഎന്‍ ഷംസീര്‍ തിളക്കമുള്ള പ്രകടനമാണ് നടത്തുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വേണ്ടതില്ലെന്നു നേതാക്കള്‍ പറയുന്നു. എംബി രാജേഷിനെ സ്പീക്കര്‍ പദവിയില്‍നിന്നു മാറ്റിയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സമാന രീതിയില്‍ ഷംസീറിനെ മന്ത്രിയാക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
മന്ത്രിസ്ഥാനത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ച സിപിഐ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐ മന്ത്രിമാരുടെ പ്രകടനം ശരാശരിക്കും മുകളിലാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക