'ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്?';  മറുപടിയുമായി കെ രാധാകൃഷ്ണന്‍

പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു
കെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
കെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: ജാതിവിവേചന വിഷയത്തില്‍ യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും എതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു. 

അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. 

ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താനാണ് മറ്റുള്ളവരെ സ്പര്‍ശിക്കാത്തതെന്ന് വാദം ഉന്നയിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ അവര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുണ്ടോ. പുറത്തിറങ്ങിയശേഷം അകത്തേക്ക് പോകാനും പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇത് ആരെങ്കിലുമായും വഴക്കുണ്ടാക്കാനല്ല പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ നടന്ന സംഭവമാണ് ഇത്. ഇപ്പോള്‍ ഇതു പറയാന്‍ പ്രേരിപ്പിച്ചത് കോട്ടയത്ത് ഒരു സമുദായസംഘടനയുടെ സമ്മേളനത്തില്‍ പോയപ്പോഴാണ്. ആനുകൂല്യങ്ങളുടെ വര്‍ധനവിനെക്കുറിച്ച് അവര്‍ ആവശ്യമുന്നയിച്ചു. അപ്പോഴാണ് ആനുകൂല്യം കൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കുന്നില്ലെന്നും, രാജ്യത്ത് നടക്കുന്ന വിവേചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ജാതി വ്യവസ്ഥയുടെ ദുരന്തങ്ങള്‍ അടുത്തകാലത്തായി കൂടുകയാണെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com