ആ സൈനികന്‍ വ്യാജനെങ്കിലും ഞാന്‍ പറഞ്ഞത് കാര്യം; വിശദീകരിച്ച് അനില്‍ ആന്റണി

സൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല
അനില്‍ ആന്റണി/ഫയല്‍
അനില്‍ ആന്റണി/ഫയല്‍

തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ സൈനികനെ പിഎഫ്‌ഐ ചാപ്പകുത്തിയെന്ന വാര്‍ത്തയില്‍ വസ്തുത പുറത്തുവരും മുമ്പ് പ്രതികരിച്ച് ട്രോളിന് ഇരയായ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി വിശദീകരണവുമായി രംഗത്ത്. ഈ സൈനികന്‍ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താന്‍ ഉന്നയിച്ച കാര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അനില്‍ ആന്റണി എക്‌സില്‍ പറഞ്ഞു. തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് പലരും ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി എക്‌സില്‍ പറഞ്ഞു.

''ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കരും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നവരും രണ്ടു ദിവസം മുന്‍പ് ഞാന്‍ നടത്തിയ ചില പ്രസ്താവനകളില്‍ അസ്വസ്ഥരായിക്കണ്ടു. ഞാന്‍ പരാമര്‍ശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല.

ഐഎസുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ദേശീയ അന്വേഷണ ഏജന്‍സി തകര്‍ത്തത്. ഈ ഭീകരസംഘടനകള്‍ക്ക് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കേരള പൊലീസ് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതും അടുത്തിടെയാണ്.

കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന ഐഎന്‍ഡിഐ മുന്നണിയുമായി ബന്ധം പുലര്‍ത്തുന്ന, ഭീകരവാദത്തോട് മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യാവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും വെളുപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്'' അനില്‍ ആന്റണി കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com