കെകെ ശൈലജയില്‍ വിശ്വാസം അര്‍പ്പിച്ചു; അവരത് ശരിയെന്ന് തെളിയിച്ചു; കോവിഡിനെ നേരിട്ടത് കൂട്ടായി

ചരിത്രത്തിനും വര്‍ത്തമാനത്തിനും നേരെ പിടിച്ച കണ്ണാടിയായാണ് ഈ പുസ്തകം
കെകെ ശൈലജ- ആത്മകഥയുടെ പുറംചട്ട
കെകെ ശൈലജ- ആത്മകഥയുടെ പുറംചട്ട


ന്യൂഡല്‍ഹി: കെകെ ശൈലജയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആരോഗ്യവകുപ്പിന്റെ വകുപ്പിന്റെ ചുമതല നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വിശ്വാസം ശരിയാണെന്ന് ശൈലജ തെളിയിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് കോവിഡിനെ നേരിട്ടത്. ആരോഗ്യരംഗത്ത് കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചതില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനും അതിന്റെ ഭാഗമായ ശൈലജയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കെകെ ശൈലജയുടെ ആത്മകഥ 'മൈ ലൈഫ് എസ് എ കോമ്രേഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി. 

സഖാവിന്റെ ആത്മകഥാംശമെന്ന പുസ്തകമാണെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ഇതിന്റെ ഉള്ളടക്കം ആത്മകഥനത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ചരിത്രത്തിനും വര്‍ത്തമാനത്തിനും നേരെ പിടിച്ച കണ്ണാടിയായാണ് ഈ പുസ്തകം മാറുന്നതെന്നും പിണറായി പറഞ്ഞു. ആത്മകഥകള്‍ ധാരാളമായി എഴുതപ്പടുകയും പ്രസീദ്ധികരിക്കപ്പടുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആത്മകഥക്ക് സവിശേഷ സ്ഥാനമുണ്ട്, സമൂഹത്തില്‍ നിന്നും നാടിന്റെ ചരിത്രത്തില്‍ നിന്നും വേറിട്ട ഒരു ജീവിതം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കില്ല. അതുതന്നെയാണ് ഇതിന്റെ കാരണം. രാഷ്ട്രീയക്കാരന്റെ ആത്മകഥകള്‍ കേവലം ജീവിതവിവരണമായി പരിമതിപ്പെടുത്തരുത്. നാടിന്റെ ചരിത്രത്തെക്കൂടി നിര്‍വചിക്കുന്നതാണെന്നും പിണറായി പറഞ്ഞു.

ആത്മകഥയുടെ തലക്കെട്ടിലൂടെ ഉള്ളടക്കത്തിലെ ചരിത്രാംശം നമുക്ക് വായിക്കാന്‍ കഴിയും. ഒരു കോമ്രേഡ് രൂപപ്പെടുന്നത് ഒരു സമഗ്രമായ ചരിത്രപക്രിയയുടെ ഭാഗമായാണ്. താന്‍ വളരുന്ന ചുറ്റുപാടുകളില്‍ വസിക്കുന്നവരുമായി ഇടപഴകി അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി വളര്‍ന്ന് സ്വജീവിതം കൊണ്ട് അന്യജീവന് ഉതകുമ്പോഴാണ് കോമ്രേഡ് ഷിപ്പ് പൂര്‍ണതയിലേക്ക് വളരുന്നത്. ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം പൂക്കള്‍ വിതറിയ പാതയിലുടെയല്ല കടന്നുപോകുന്നത്. മുള്‍പ്പടര്‍പ്പുകളെ വകഞ്ഞുമാറ്റിയും പ്രതിസന്ധിയെ തരണം ചെയ്തുമാത്രമേ സഖാക്കള്‍ക്ക് മുന്നോട്ടുപോകാനാവു എന്നും പിണറായി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com