കമ്മീഷന്‍ 4.5 കോടി; സ്വപ്‌നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു; ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 10:16 PM  |  

Last Updated: 15th February 2023 10:16 PM  |   A+A-   |  

swapna suresh and sivasankar

ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ

 

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍  4.5 കോടിയെന്ന് ഇഡി റിപ്പോര്‍ട്ട്. സന്തോഷ് ഈപ്പന് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറാണെന്നും ചോദ്യം ചെയ്യലില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 

ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കോഴപ്പണം എത്തിയതിന്റെ തലേദിവസമാണ് ഈ സംഭാഷണമെന്നാണ് ഇഡി വ്യക്തമാക്കിയത്. വളരെയധികം ശ്രദ്ധിക്കണമെന്ന് ശിവശങ്കര്‍ സ്വപ്‌നയോട് പറയുന്നുണ്ട്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ എല്ലാം അവര്‍ തന്റെ തലയില്‍ ഇടും. സ്വപ്‌നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതും ഈ ചാറ്റിലുണ്ട്. 

അതേസമയം, ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

ലൈഫ്മിഷന്‍ കോഴക്കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്നലെ രാത്രിയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ ഇന്ന് അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നിലാണ് ശിവശങ്കറിനെ ഹാജരാക്കിയത്. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ സമയം കസ്റ്റഡിയില്‍ വിടാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കേസില്‍ അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ട്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ശിവശങ്കറിന് കൃത്യമായ പങ്കാളിത്തമുണ്ട്. ഇത് പുറത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണ്, അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ഇഡി വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി അഞ്ചുദിവസത്തേയ്ക്ക് ശിവശങ്കറിനെ ഇഡി കസ്റ്റഡില്‍ വിട്ടത്.

കോടതിയില്‍ ഇഡിക്കെതിരെ ശിവശങ്കര്‍ പരാതി ഉന്നയിച്ചു. ഇന്നലെ രാത്രി 12 മണി വരെ തന്നെ തുടര്‍ച്ചയായി ചോദ്യം ചെയ്തു. പ്രായം പോലും കണക്കാക്കാതെയായിരുന്നു ചോദ്യം ചെയ്യലില്‍. തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ചോദ്യം ചെയ്യലിന് മാര്‍ഗരേഖ തയ്യാറാക്കി. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ അര മണിക്കൂര്‍ വിശ്രമം അനുവദിക്കണം. ആവശ്യമെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ