പൊലീസിൽ വീണ്ടും പിരിച്ചുവിടൽ; ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിന് നോട്ടീസ്; മൂന്ന് എസ്ഐമാർക്കെതിരെയും നടപടി
By സമകാലികമലയാളം ഡെസ്ക് | Published: 23rd February 2023 07:31 PM |
Last Updated: 23rd February 2023 07:31 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടരുന്നു. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിന് പിരിച്ചുവിടൽ നടപടികളുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി വിജയ് സാക്കറെ നേരത്തെ കുറച്ചിരുന്നു. ഈ കുറ്റങ്ങള്‍ പുനഃപരിശോധിച്ചാണ് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ അറിയിക്കാൻ ശിവശങ്കറിന് നോട്ടീസ് നൽകിയത്. മെയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കറിന്‍റെ അപേക്ഷ തള്ളിയാണ് നടപടി.
ക്രിമിനൽ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ബലാത്സംഗത്തിനും വധ ശ്രമത്തിനുമടക്കം മൂന്ന് ക്രിമിനൽ കേസ് ഉള്‍പ്പടെ 21 തവണ വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കർ. കാസർക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ ശിവശങ്കറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചന ലഭിച്ചപ്പോള്‍ ഓഫീസിൽ നിന്നു മുങ്ങിയിരുന്നു. ഇയാൾക്ക് പാലക്കാട്ടെ വീട്ടിൽ പോയാണ് നോട്ടീസ് നൽകിയത്.
ബേപ്പൂർ കോസ്റ്റൽ സിഐയായിരുന്ന സുനുവിനെയാണ് ഇതിന് മുമ്പ് പരിച്ചുവിട്ടത്. രണ്ട് ഇൻസ്പെക്ടർമാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്‍ പൊലിസ് ആസ്ഥാനത്ത് തുടരുകയാണ്. മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോർട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനൽ കേസിൽ പ്രതികളായ 59 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ