തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ഇന്ന് നട തുറക്കും; വെര്‍ച്വല്‍ ക്യൂ വഴിയും ദര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 07:40 AM  |  

Last Updated: 05th January 2023 07:40 AM  |   A+A-   |  

thiruvairanikulam

തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര, ഫയൽ

 

കൊച്ചി: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി എട്ടിന് നട തുറക്കും. നടതുറപ്പിനു മുന്നോടിയായി ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍നിന്നു വൈകീട്ട് നാലിന് ദേവിക്കും മഹാദേവനും ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ക്ഷേത്രത്തിലേക്കു തിരിക്കും. 

ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചയുടന്‍ നടതുറക്കുന്നതിന് ആചാരവിധി പ്രകാരം ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തെരഞ്ഞെടുത്ത സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും പാര്‍വതിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കുന്ന പുഷ്പിണിയും നടയില്‍ സന്നിഹിതരാകും. തുടര്‍ന്ന് മൂന്നുവട്ടം നട തുറക്കട്ടെ എന്ന് വിളിച്ചുചോദിക്കും. അനുമതി നല്‍കുന്നതോടെ ഊരാഴ്മക്കാരില്‍നിന്ന് അനുവാദം വാങ്ങി നടതുറക്കും.

ആറുമുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലുമുതല്‍ പകല്‍ ഒന്നുവരെയും രണ്ടുമുതല്‍ രാത്രി ഒമ്പതുവരെയുമാണ് ദര്‍ശനം. സാധാരണ ക്യൂവിനുപുറമെ www.thiruvairanikkulamtemple.com  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിശോധന 547; ഇന്ന് 48 ഹോട്ടലുകള്‍ അടപ്പിച്ചു; 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ