തെരുവിലെ കച്ചവടത്തിന് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നതു ബാലവേലയല്ല: ഹൈക്കോടതി

മാതാപിതാക്കള്‍ നാടോടി ജീവിതം ജീവിക്കുമ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനാവുക?
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

കൊച്ചി: പേനയോ അതുപോലുള്ള ചെറിയ വസ്തുക്കളോ വില്‍ക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നത് ബാലവേലയായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍ കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍പെടുത്തി ഷെല്‍റ്റര്‍ ഹോമില്‍ ആക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ബാലവേലയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത കുട്ടികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

ഡല്‍ഹി സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ കച്ചവടം ചെയ്യുകയായിരുന്ന കുട്ടികളെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പൊലീസ് പിടികൂടിയത്. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കുകയും ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റുകയും ചെയ്തു. കുട്ടികളെ വിട്ടുകിട്ടാനായി മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പേനയോ അതുപോലുള്ള ചെറിയ വസ്തുക്കളോ വില്‍ക്കുന്നതിന് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്നത് എങ്ങനെയാണ് ബാലവേലയാവുകയെന്ന് ജസ്റ്റിസ് വിജി അരുണ്‍ വിധിന്യായത്തില്‍ ചോദിച്ചു. കുട്ടികളെ തെരുവില്‍ കച്ചവടത്തിനല്ല, പഠിക്കാനാണ് അയയ്‌ക്കേണ്ടത് എന്നതില്‍ സംശയമില്ല. എന്നാല്‍ മാതാപിതാക്കള്‍ നാടോടി ജീവിതം ജീവിക്കുമ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനാവുക? എങ്ങനെയായാലും കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍പെടുത്തി പാര്‍പ്പിച്ച നടപടിയെ അംഗീകരിക്കാനാവില്ല. ദരിദ്രരാവുകയെന്നത് കുറ്റകരമല്ലെന്ന്, ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

മറൈന്‍ ഡ്രൈവ് പ്രദേശത്തുനിന്നാണ് തെരുവില്‍ കച്ചവടം നടത്തുകയായിരുന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com