'പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടല്‍ സ്വാഭാവികം, തെറ്റായ ഒരു നടപടിക്കും കൂട്ടുനില്‍ക്കില്ല'
By സമകാലിക മലയാളം ഡെസ്ക് | Published: 13th January 2023 05:00 PM |
Last Updated: 13th January 2023 05:00 PM | A+A A- |

എം വി ഗോവിന്ദന്‍/ ഫയല്‍
തിരുവനന്തപുരം: സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സംഘടനാ ഇടപെടല്‍ സ്വാഭാവികമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായ ഒരു പ്രവണതയ്ക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ നടപടികളുണ്ടായാല്‍ നേതാക്കള്‍ ആര്‍ക്കും പിന്തുണ കൊടുക്കില്ല. ആരുടെ പിന്തുണയുണ്ടെങ്കിലും തെറ്റായ നടപടികളുമായി പാര്‍ട്ടിയില്‍ മുന്നോട്ടു പോകാനാകില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് അന്യമാകുന്ന ഒന്നിനെയും പാര്‍ട്ടി സ്വീകരിക്കില്ല. പ്രശ്‌നങ്ങളുണ്ടായാല്‍ സംഘടനാ ഇടപെടല്‍ സ്വാഭാവികമാണ്. താഴേത്തട്ടില്‍ വരെ പാര്‍ട്ടി ഇടപെടും. സസ്‌പെന്‍ഷന്‍ എന്നത് പാര്‍ട്ടിയുടെ ജാഗ്രതയുള്ള നടപടിയാണ്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂ. ലക്ഷക്കണക്കിനു മികച്ച പാര്‍ട്ടിക്കാരുള്ള സംഘടനയില്‍ ചുരുക്കം ചിലര്‍ക്കെതിരെ പരാതികള്‍ ഉണ്ടാകും. കുട്ടനാട്ടില്‍ ആരും പാര്‍ട്ടി വിടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഏതു ജില്ലയിലായാലും പാര്‍ട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കും. ഒരു ജില്ലയ്ക്കും അക്കാര്യത്തില്‍ ഒഴിവുണ്ടാകില്ല.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18വരെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. കാസര്‍കോടുനിന്ന് ആരംഭിക്കുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കും. പി.കെ.ബിജു ജാഥയുടെ മാനേജര്‍ ആയിരിക്കും. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക്ക് സി.തോമസ്, കെ.ടി.ജലീല്‍ എന്നിവരാണ് അംഗങ്ങള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ