ലക്ഷങ്ങളുടെ വാടകക്കുടിശ്ശിക: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് പൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 07:32 AM  |  

Last Updated: 20th January 2023 07:32 AM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

കൊല്ലം: പുനലൂര്‍  നഗരസഭയുടെ ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് നഗരസഭാ റവന്യു വിഭാഗം പൂട്ടിച്ചു.
വാടക ഇനത്തില്‍ നാല് ലക്ഷത്തില്‍പരം രൂപ കുടിശിക വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. 

വര്‍ഷങ്ങളായി കുടിശിക വരുത്തിയിട്ടും നടപടി എടുക്കാത്തത് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങളായി കുടിശിക വരുത്തിയ മറ്റുള്ള കടമുറികള്‍ പൂട്ടാന്‍  ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനെതിരെ നടപടി എടുക്കാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടത്തുന്ന നഗരസഭയില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസ് പൂട്ടിയത് സിപിഎം നേതൃത്വത്തിന് ക്ഷീണമായി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരസഭ കെട്ടിടങ്ങളില്‍ വാടക കുടിശിക വരുത്തിയ കട മുറികള്‍ ഉദ്യോഗസ്ഥര്‍ പൂട്ടി വരികയായിരുന്നു. ഉദ്യോഗസ്ഥ സംഘം ഇന്നലെയും സ്ഥലത്തെത്തി  മറ്റു കടമുറികളുടെ ഉടമകളെ ഇറക്കി മുറികള്‍ പൂട്ടാന്‍ ആരംഭിച്ചതോടെ നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു.

194 മാസത്തെ വാടക കുടിശിക വരുത്തിയ സി പി എം പാര്‍ട്ടി ഓഫിസ് പൂട്ടിയ ശേഷം മാത്രമേ മറ്റു മുറികള്‍ പൂട്ടാന്‍ പാടുള്ളൂ എന്നു പ്രതിഷേധക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന 2 മുറികളും പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ക്രിമിനല്‍ പൊലീസിന് പൂട്ട്'; അഞ്ചു പൊലീസുകാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ