വിദ്യാർഥിനിക്കും അമ്മയ്ക്കും മർദനം; അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ശിവൻകുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 07:47 AM  |  

Last Updated: 20th January 2023 07:47 AM  |   A+A-   |  

sivankutty

മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലഹരി വിൽപ്പനയെക്കുറിച്ച് വെഞ്ഞാറമൂട് പൊലീസിന് വിവരം നൽകിയ സ്‌കൂൾ വിദ്യാർഥിനിയെയും അമ്മയെയും വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബുവിനാണ് അന്വേഷണ ചുമതല. 

അതേസമയം സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമികാന്വേഷണത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നു തിരുവനന്തപുരം റൂറൽ ജില്ലാ  പൊലീസ് മേധാവി ഡി ശിൽപ പറഞ്ഞു.

ഇന്നലെ മർദനമേറ്റ ലതിക എസ്‌പിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ വിശദമായി അന്വേഷണം നടത്തുമെന്നും എസ്‌പി അറിയിച്ചു. വിദ്യാർഥിനിക്ക് സ്കൂളിൽ പോകാനും  തിരികെയെത്താനും സുരക്ഷ ഏർപ്പെടുത്തണമെന്ന് പൊലീസിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ ചെയർപെഴ്സൻ കെ വി മനോജ് കുമാർ പറഞ്ഞു. കമ്മിഷൻ വെഞ്ഞാറമൂട് പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടിയെ മർദിച്ച സംഭവത്തിലും കമ്മിഷന്റെ നിർദേശപ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.