'മത്സരിക്കാനില്ല' ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ വിമുഖത പ്രകടിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനും അടുത്ത തവണ പാര്‍ലമെന്റിലേക്കു സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയില്ല
കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ / ഫയല്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്, അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ അടുത്ത തവണ ലോക്‌സഭയിലേക്കു സ്ഥാനാര്‍ഥികള്‍ ആവില്ലെന്നു സൂചന. കോണ്‍ഗ്രസ് പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇനിയും തുടങ്ങിയില്ലെന്നും അതുകൊണ്ടുതന്നെ മണ്ഡലം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നുമുള്ള നിലപാടിലാണ് ഇവരെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യം നേരത്തെ ശശി തരൂരും ടിഎന്‍ പ്രതാപനും പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്കു പുറമേ കോഴിക്കോട് എംപി എംകെ രാഘവനും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശും സമാനമായ നിലപാടു സ്വീകരിച്ചെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് കെ സുധാകരനും അടുത്ത തവണ പാര്‍ലമെന്റിലേക്കു സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയില്ല.

നിയമസഭയിലേക്കു മത്സരിക്കാനുള്ള താത്പര്യം ശശി തരൂര്‍ പരസ്യമായി പ്രകടിപ്പിച്ചത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. പല നേതാക്കളും തരൂരിനെ വിമര്‍ശിച്ചു രംഗത്തുവന്നു. ഇത്തരമൊരു താത്പര്യം ഉണ്ടെങ്കില്‍ തരൂര്‍ അതു പാര്‍ട്ടിയെയാണ് അറിയിക്കേണ്ടതെന്നും പരസ്യമായി പറഞ്ഞതു ശരിയായില്ലെന്നുമാണ് നേതൃത്വം കൈക്കൊണ്ട നിലപാട്. 

തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രിസില്‍ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസ് വലിയ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന സന്ദേശത്തോടെ നടത്തിയ പ്രചാരണവും 20 സീറ്റ് ലക്ഷ്യമിട്ടു നടത്തിയ 20-20 ക്യാംപെയ്‌നുമെല്ലാം ഏറ ഗുണം ചെയ്തു. അതു പാര്‍ട്ടിയെ വലിയ വിജയത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അത്തരം ഒരു പരിപാടിക്കും കോണ്‍ഗ്രസ് തുടക്കമിട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. അന്നു കോണ്‍ഗ്രസ് നടത്തിയ ക്യാംപയ്ന്‍ ഇപ്പോള്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയും കൃത്യമായ പദ്ധതികളോടെ രംഗത്തുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com