ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന

By സമകാലികമലയാളം ഡെസ്ക്  |   Published: 02nd March 2023 03:45 PM  |  

Last Updated: 02nd March 2023 03:45 PM  |   A+A-   |  

vaidekam_resort

വൈദേകം റിസോര്‍ട്ടില്‍ അദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു/ ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍: കണ്ണൂരിലെ വിവാദമായ വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണ്‍. മകന്‍ ജെയ്‌സനും റിസോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുണ്ട്.

രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. ജിഎസ്ടി വകുപ്പ് ഉദ്യോദഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 13 ഡയറക്ടര്‍മാര്‍ ഉള്ള റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരിയുള്ളത് ജെയ്‌സനാണ്. 

ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്.

ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിനു ജാമ്യമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ