ഗുരുവായൂര്‍ തിരുവുല്‍സവം: പടയണി ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2023 02:42 PM |
Last Updated: 09th March 2023 02:42 PM | A+A A- |

ഫയല്‍ ചിത്രം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന്റെ ഏഴാം വിളക്ക് ദിവസമായ വ്യാഴാഴ്ച വൈകുന്നേരം വൈഷ്ണവം വേദിക്ക് സമീപം പടയണി അരങ്ങേറും. കടമ്മനിട്ട ഗോത്രകലാ കളരി പടയണി സംഘമാണ് അവതരിപ്പിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളില്‍ നടത്തുന്ന അതിപ്രാചീനമായ ഒരനുഷ്ഠാനമാണ് പടയണി. കരവാസികളുടെ ജീവിതത്തിന് താങ്ങും തണലും ഒരുക്കുന്നത് കാവിലമ്മയാണെന്നാണ് വിശ്വാസം. കാവിലമ്മയ്ക്കുള്ള കാലവഴിപാടായാണ് പടയണി നടത്തുന്നത്. പച്ചപ്പാളചെത്തിയൊരുക്കി പ്രകൃതിദത്തമായ നിറങ്ങളില്‍ ചാലിച്ചാണ് വിവിധ തരം കോലങ്ങളെഴുതി ഭഗവതിക്കു മുന്നില്‍ കൊട്ടിപ്പാടുന്നത്. ഇരുട്ടിനു മേല്‍ വെളിച്ചത്തിന്റെ ആഘോഷമാണ് പടയണി. പടയണിയില്‍ വൈകാരിക അംശത്തിന് ഏറെ പ്രാധാന്യമുള്ള കാലന്‍ കോലമാണ് ഇന്ന് അരങ്ങേറുക.
മധ്യ തിരുവിതാംകൂറിലെ പടയണിക്കാവുകളില്‍ സുപ്രസിദ്ധമായ കടമ്മനിട്ട ഗോത്രകലാ കളരിയിലെ പടയണി ആശാന്‍ കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ പടയണി അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ