സോണ്‍ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കോര്‍പ്പറേഷന്‍; കമ്പനി എന്തു ചിന്തിക്കുന്നു എന്നത് വിഷയമല്ലെന്ന് മേയര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2023 06:21 PM |
Last Updated: 14th March 2023 06:21 PM | A+A A- |

മേയര്‍ എം അനില്‍കുമാര്‍
കൊച്ചി: കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് മേയര്‍ എം അനില്‍കുമാര്‍. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നു. കോടതി ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നത്, കോര്‍പ്പറേഷന്‍ ഭരണത്തിന് നല്ലതാണെന്നും കൊച്ചി മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ സോണ്‍ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതിനാല്‍ ബ്രഹ്മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചുവെന്നും കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
'ബ്രഹ്മപുരത്തെ കരാര്‍ കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനി എന്തു ചിന്തിക്കുന്നു എന്നത് എനിക്ക് ഒരു വിഷയമല്ല. എന്നാല്‍ സോണ്‍ടയോട് എതിര്‍പ്പില്ല. ഭരണഘടനാ പദവിയില്‍ ഇരിക്കുമ്പോള്‍ സോണ്‍ട ബിസിനസ് നിര്‍ത്തിപ്പോകുമോ എന്നത് ഒരു വിഷയമല്ല. എന്നാല്‍ നിക്ഷേപകരോട് വിദ്വേഷത്തോടെ സമീച്ചിട്ടില്ല. ഇത് എന്റെ നയമല്ല, സര്‍ക്കാരിന്റെ നയമാണ്. ആ സപ്പോര്‍ട്ട് സോണ്‍ടയ്ക്കും കൊടുത്തു. സോണ്‍ട പറയുന്നത് ബില്ല് വൈകി എന്നാണ്. ആര്‍ഡിഎഫ് സൂക്ഷിക്കാന്‍ തീരുമാനിച്ചാല്‍ നമുക്ക് പ്രശ്‌നം വരും. അതുകൊണ്ടാണ് 50 ശതമാനം കട്ട് ചെയ്്തത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് കട്ട് ചെയ്തത് അതുകൊണ്ടാണ്. നിയമപ്രകാരമുള്ള കാര്യങ്ങളാണ് ചെയ്തത്. അവര്‍ അത് മനസിലാക്കിയാല്‍ മനസിലാക്കട്ടെ.'- സോണ്ടയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മേയര്‍ പറഞ്ഞു.
കഴിഞ്ഞ എട്ടുമാസ കാലയളവിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കാവുന്നതാണ്. എന്തുകൊണ്ട് വേണ്ട നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചില്ല എന്ന് ചോദിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല. 2011 മുതല്‍ ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ കെടുകാര്യസ്ഥത തുടരുകയാണ്. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ തീപിടിത്തം. അതുകൊണ്ടാണ് 2011 മുതലുള്ള എല്ലാ കാര്യവും അന്വേഷിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.
ഇനി തീപിടിത്തം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. മാലിന്യം നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവിടേയ്ക്ക് കൊണ്ടുപോകില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരെ തടഞ്ഞിട്ടില്ല. 'കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയപ്പോള്‍ എന്നെ അവര്‍ തടഞ്ഞു. അപ്പോള്‍ മാത്രമാണ് പൊലീസ് ഇടപെട്ടത്'- മേയര്‍ പറഞ്ഞു.
അതിനിടെ, സോണ്‍ട ഇന്‍ഫ്രാടെക്കിനെതിരെ നിലപാട് കടുപ്പിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. സോണ്‍ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതിനാല്‍ ബ്രഹ്മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചുവെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ഇതോടെ ടെന്‍ഡര്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ