എത്തിയത് ഇഎസ്‌ഐ ജീവനക്കാര്‍ ചമഞ്ഞ്, കുടുംബത്തെ ഉപേക്ഷിച്ച് ഒരുമിച്ച് താമസം; സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം

ഇടുക്കി അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്
ഫാത്തിമ കാസിം, പിടിയിലായ പ്രതികള്‍
ഫാത്തിമ കാസിം, പിടിയിലായ പ്രതികള്‍ ടി വി ദൃശ്യം

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു.

കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയല്‍പക്കത്തുള്ള വീടുകളില്‍ ഇരുവരും എത്തി. വൈകീട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്‌സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഇടതു കയ്യില്‍ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയില്‍ മുളകുപൊടി വിതറിയ ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ 18 മണിക്കൂറിനുള്ളിലാണ് പ്രതികളെ ഇടുക്കി പൊലീസ് പിടികൂടിയത്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകന്‍ സുബൈര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയല്‍വാസികളോടും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതികളായ അലക്‌സും കവിതയും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു സഹപാഠികളായിരുന്നു. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഫാത്തിമ കാസിം, പിടിയിലായ പ്രതികള്‍
വിവാഹത്തിന് 'ഫുള്‍ ഫിറ്റ്', പള്ളിമുറ്റത്ത് 'കംപ്ലീറ്റ്' പ്രശ്‌നങ്ങള്‍; വധു പിന്മാറി, വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com