വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്‍ത്തിയാക്കിയത്.
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതല്‍ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഉദ്യോഗസ്ഥ വിന്യാസത്തില്‍ ബാഹ്യഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്‍ത്തിയാക്കിയത്. ജില്ലകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ നല്‍കി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂര്‍ത്തിയാക്കിയത്.

സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരില്‍ മുന്‍പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നല്‍കിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പിന് കൂടുതല്‍ സമയമെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോള്‍ മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പില്‍ കുറ്റമറ്റ പ്രവര്‍ത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍നിരക്ക്. എന്നാല്‍ ഇക്കുറി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയില്‍ 0.44 ശതമാനം യൂണിറ്റുകള്‍ക്കും വിവിപാറ്റുകളില്‍ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തില്‍ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവന്‍ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീര്‍ണവുമായ വോട്ടര്‍പട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ട്.

സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്‌നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്. വോട്ടെടുപ്പിന് ശേഷം മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ ഒരുക്കിയ സ്‌ട്രോങ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക. സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂര്‍ണമായും വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാരോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com