ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

കല്ല് അച്ചില്‍ അച്ചടിച്ച ലോക ചരിത്ര ശാസ്ത്രമെന്ന ഗുണ്ടര്‍ട്ടിന്റെ പുസ്തകം നിധി പോലെ ഇപ്പോഴും സൂക്ഷിക്കുകയാണ് വൈദികനായ ഡോ. ജി എസ് ഫ്രാന്‍സിസ്
ഫാ.ഡോ. ജി എസ് ഫ്രാന്‍സിസ്
ഫാ.ഡോ. ജി എസ് ഫ്രാന്‍സിസ്സമകാലിക മലയാളം

കണ്ണൂര്‍: മലയാള ഭാഷാ പണ്ഡിതനായ ഗുണ്ടര്‍ട്ടിനെ പലരും മറന്നു കാണും. എന്നാല്‍ ഗുണ്ടര്‍ട്ടിന്റെ അപൂര്‍വ്വ കൃതി ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ഒരു വൈദികനുണ്ട് തലശേരിയില്‍. കല്ല് അച്ചില്‍ അച്ചടിച്ച ലോക ചരിത്ര ശാസ്ത്രമെന്ന ഗുണ്ടര്‍ട്ടിന്റെ പുസ്തകം നിധി പോലെ ഇപ്പോഴും സൂക്ഷിക്കുകയാണ് വൈദികനായ ഡോ. ജി എസ് ഫ്രാന്‍സിസ്. ഈ അമൂല്യ ഗ്രന്ഥ്ം നഷ്ടപ്പെടാതിരിക്കാന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തിന് കൈമാറാന്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്ത് കാത്തിരിക്കുകയാണ് ഇദ്ദേഹം.

കഴിഞ്ഞ അരനൂറ്റാണ്ടായി തലശേരിയിലെ സി. എസ്. ഐ പളളി വൈദികനാണ് ഡോ. ജി. എസ് ഫ്രാന്‍സിസ്. 1851-ല്‍ ഗുണ്ടര്‍ട്ട് രചിച്ച ലോകചരിത്ര ശാസ്ത്രമെന്ന പുസ്തകം ഈ വൈദികന് മറ്റെന്തിനെക്കാളും മൂല്യമുള്ളതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ പുസ്തകത്തിന്. ഒരു താളിന് പോലും പോറല്‍ ഏറ്റിട്ടില്ല. ഗുണ്ടര്‍ട്ടുമായി ബന്ധമുണ്ടായിരുന്ന പൂര്‍വ്വ പിതാക്കളില്‍ നിന്നും കൈമാറി കിട്ടിയതാണ് ഈ അമൂല്യ ഗ്രന്ഥം. ബൈബിള്‍ കഥകളിലെ ജലപ്രളയവും രക്ഷ നേടുന്നതിനായി നിര്‍മിച്ച നോഹയുടെ പേടകവുമാണ് ആദ്യഅധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. വിവിധ മതങ്ങളെ കുറിച്ചുളള വിവരങ്ങളും ഉണ്ട്. മുഹമ്മദ് നബിയെ കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചും വിശദമായിട്ടുണ്ട്. ഗ്രന്ഥം ഗുണ്ടര്‍ട്ട് മ്യൂസിയത്തിന് നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് നവകേരള സദസിനിടെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. കോഴിക്കോട് നിന്നും പുരാവസ്തു ഉദ്യോഗസ്ഥന്‍മാര്‍ ഗ്രന്ഥത്തിന്റെ വിശാദംശങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ പുസ്തകം കാണുന്നതിനായി വരുമെന്നും അറിയിച്ചു.

തലശേരിയുടെ ചരിത്രത്തെ ആഴത്തില്‍ പഠിച്ച വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ഗുണ്ടര്‍ട്ട്, വില്യംലോഗന്‍, ബ്രണ്ണന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണ് വടക്കെമലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിനും പുരോഗതിക്കും വിത്തുപാകിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാ.ഡോ. ജി എസ് ഫ്രാന്‍സിസ്
കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മകള്‍ വീണുകിടക്കുന്നതാണ് തലശേരിയിലെ മണ്ണ്. തലശേരി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയമാക്കി ടൂറിസം വകുപ്പ് മാറ്റിയിരിക്കുകയാണ്. ഗുണ്ടര്‍ട്ടിന്റെ ബാല്യം, ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയ്ക്കായി നടത്തിയ നിഘണ്ടു, സാഹിത്യപ്രവര്‍ത്തനങ്ങള്‍,കല്ലച്ചില്‍ അടിച്ച രാജ്യസമാചാരം, പശ്ചിമോദയം പത്രങ്ങള്‍, സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അടിമുതല്‍ മുടിവരെ ഈ ഡിറ്റിറ്റല്‍ സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിലുണ്ട്. ഡുണ്ടര്‍ട്ടിന്റെ കൈയെഴുത്തു പ്രതികളുടെ ആദ്യ പേജുകളും ഡിജിറ്റല്‍ ടച്ച് സ്‌ക്രീനില്‍ തൊട്ടുവായിക്കാം. ഗുണ്ടര്‍ട്ടിന്റെ ജീവിതം പറയുന്ന വീഡിയോ സ്റ്റോറിയും ഡിജിറ്റല്‍ വാളിലുണ്ട്. തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ പുത്തന്‍ മെയ്ക്ക് ഓവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com