'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

ഇപ്പോള്‍ ഷാഫി പറമ്പില്‍ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ്. വിഷലിപ്തമായ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്.
പി ജയരാജന്‍
പി ജയരാജന്‍ ഫയല്‍ ചിത്രം

കണ്ണൂര്‍: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജന്‍ പരിഹസിച്ചു.

പി ജയരാജന്‍
'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

''പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങള്‍ക്കും ഷാഫി പിന്തുണ നല്‍കി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തില്‍ യുഡിഎഫുകാര്‍ വീഡിയോ ഇറക്കി. ഇതിനെ എവിടെയെങ്കിലും ഷാഫി തള്ളി പറഞ്ഞിരുന്നൊ?. ഇപ്പോള്‍ ഷാഫി പറമ്പില്‍ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ്. വിഷലിപ്തമായ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്. എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാന്‍ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മതത്തിന്റെ പ്ലസ് വേണ്ടെന്നും വര്‍ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാന്‍ പറയുന്നത്. പോളിങ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യന്‍ ഇതൊന്നും പറയാതിരുന്നത്?

ശൈലജ ടീച്ചര്‍ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാര്‍ ഇറക്കിയ വ്യാജ വിഡിയോയെ ഇലക്ഷന്‍ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ? ഒരു നാടിനെയാകെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോള്‍ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റര്‍ ഷാഫി. തിരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോല്‍ക്കും.പക്ഷെ ഒരു നാട്ടില്‍ ഇത്തരം വിഷലിപ്തമായ പ്രചരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങള്‍ക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.

മൂന്നു തവണ എംഎല്‍എ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പില്‍. നിങ്ങള്‍ നടത്തിയ വര്‍ഗീയ പ്രചരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ളവര്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാന്‍ നിങ്ങള്‍ക്കാകില്ല. വന്‍ ഭൂരിപക്ഷത്തില്‍ ടീച്ചര്‍ വിജയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com