ആദ്യം പിഎഫ് ആനുകൂല്യം നിഷേധിച്ചത് ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി, ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും; അന്വേഷണം

കൊച്ചി പിഎഫ് ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ശിവരാമന്‍, ഇപിഎഫ്ഒ ഓഫീസ്
ശിവരാമന്‍, ഇപിഎഫ്ഒ ഓഫീസ്ടിവി ദൃശ്യം

കൊച്ചി: കൊച്ചി പിഎഫ് ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് ഉത്തരവാദികള്‍ ഇപിഎഫ് അധികൃതരാണെന്ന് വ്യക്തമാക്കുന്ന ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ആശുപത്രി അധികൃതര്‍ക്കാണ് കിട്ടിയത്. ഇപിഎഫ് അധികൃതരുടെ നിഷേധാത്മക സമീപനവും ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും കത്തിലുള്ളതായാണ് വിവരം. ജീവനൊടുക്കാന്‍ കീടനാശിനിയാണ് ശിവരാമന്‍ കഴിച്ചതെന്നും പൊലീസ് പറഞ്ഞു.

2019ല്‍ അപേക്ഷ മടക്കിയശേഷം ശിവരാമനെ ഓഫീസില്‍ കണ്ടിട്ടില്ലെന്നാണ് ഇപിഎഫ് അധികൃതര്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇപിഎഫ് അധികൃതരുടേതടക്കം വിശദമായ മൊഴിയെടുക്കും. രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ചൊവ്വ പകല്‍ ഇദ്ദേഹം ഇപിഎഫ് ഓഫീസിലെത്തി ശുചിമുറിയില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ കരാര്‍ തൊഴിലാളിയായിരുന്നു ശിവരാമന്‍. വിരമിച്ചശേഷം ഇപിഎഫ് ആനുകൂല്യത്തിനായി ഓഫീസ് കയറിയിറങ്ങിയെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയില്ല. ആധാര്‍ കാര്‍ഡിലും ഇപിഎഫ് രേഖകളിലും ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ആദ്യം ആനുകൂല്യം നിഷേധിച്ചത്. വ്യത്യാസം തിരുത്താന്‍ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പഠിച്ച സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഇത്രയും പഴക്കമുള്ള രേഖകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നോട്ടറിയില്‍നിന്നുള്ള സത്യവാങ്മൂലവും അപ്പോളോ ടയേഴ്സില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ നല്‍കിയെങ്കിലും അധികൃതര്‍ തള്ളി.

80,000 രൂപയാണ് ആനുകൂല്യമായി കിട്ടാനുണ്ടായിരുന്നത്. ഇപിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മക്കള്‍ അറിയിച്ചു.

ശിവരാമന്‍, ഇപിഎഫ്ഒ ഓഫീസ്
കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com