'കൈയടി നേടാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നയാള്‍; ഇടതു നേതാക്കളും മുഖ്യമന്ത്രിയും തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു'

'മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ പരാമര്‍ശമെന്നും സംശയിക്കുന്നു'
മന്ത്രി സജി ചെറിയാൻ
മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:  പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ ദീപിക ദിനപത്രം. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

സഭാ മേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ചു പറയുന്നു. മന്ത്രി സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കുന്ന ഇടതു നേതാക്കളും മുഖ്യമന്ത്രിയും തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും മുഖപ്രസംഗം പറയുന്നു. 

തങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അതു തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയപ്രത്യയശാസ്ത്രമായി കൊണ്ടു നടക്കുന്നവരില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ പരാമര്‍ശമെന്നും സംശയിക്കുന്നു. 

മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി കെ ടി ജലീലും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമായിരിക്കാം, എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടി അണികളുടെ കൈയടി നേടാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാന്‍. 

ഭരണാധികാരികള്‍, അതു പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രി ആയാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാ നേതൃത്വം പുലര്‍ത്തിപ്പോരുന്ന മര്യാദയാണ്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍ പങ്കെടുത്തിരുന്നു. അതു കണ്ട് സജി ചെറിയാന് രോമാഞ്ചമുണ്ടായോ എന്നും മുഖപ്രസംഗം ചോദിക്കുന്നു. 

പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തത് മണിപ്പൂര്‍ മറന്നുകൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്ക് മാത്രമാണ്. ഹമാസിനു വേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ്യവും രാഷ്ട്രീയനേട്ടമല്ലാതെ മറ്റെന്താണ്?. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ ആവേശം കാട്ടുന്ന ഇടതു നേതാക്കള്‍, സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com