'വീഞ്ഞും കേക്കും' പരാമര്‍ശം പിന്‍വലിക്കുന്നു; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; വിശദീകരണവുമായി സജി ചെറിയാന്‍

തന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വൈദിക ശ്രേഷ്ഠര്‍ ഉള്‍പ്പടെ രംഗത്തുവന്ന സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കുന്നത്‌ 
മന്ത്രി സജി ചെറിയാൻ
മന്ത്രി സജി ചെറിയാൻ

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിലെ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നതായി മന്ത്രി സജി ചെറിയാന്‍. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും ഇല്ല. തന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ
വൈദിക ശ്രേഷ്ഠര്‍ ഉള്‍പ്പടെ രംഗത്തുവന്ന സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കുന്നതെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്നത്തിൽ എന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ല. – സജി ചെറിയാൻ പറഞ്ഞു.

വര്‍ത്തമാനകാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയ ആധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ക്രിസ്ത്യന്‍ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 700 ഓളം വര്‍ഗീയ ആക്രമണങ്ങളാണ് ഉണ്ടായത്. ഒരുദിവസം ഏതാണ്ട് രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ ആക്രണം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്, ഇതില്‍ 287 എണ്ണം യുപിയിലും 148 ഛത്തീസ്ഗഡിലും 49 എണ്ണം ഝാര്‍ഖണ്ഡിലും 47 എണ്ണം ഹരിയാനയിലും ആണ്. ഇവിടെയെല്ലം ഭരിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ 9 വര്‍ഷത്തെ ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. ക്രൈസ്തവ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഇന്ന് പതിനൊന്നാമതാണ്. കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ സംഘര്‍ഷമാണ്് ഇന്ത്യയെ പിടിച്ചുകുലുക്കിയത്. മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു, 200 ലധികം പേരാണ് അവിടെ മരിച്ചത്. പതിനായിരത്തിലധികം ആളുകളാണ് പലായനം ചെയ്തത്. ഇവിടെ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെയൊന്ന് പോകാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്റില്‍ ഒരു പ്രസ്താവന പോലും അദ്ദേഹം നടത്തിയിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്.ക്രൈസ്തവര്‍ക്ക് മാത്രമല്ല മുസ്ലീങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ സംഘര്‍ഷം തുടരുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com