'സുരേഷ് ഗോപി സ്റ്റൈല്‍ ഒന്നും എടുക്കേണ്ട, ഇയാളെ ആരാണ് പൊലീസില്‍ എടുത്തത്?'; എസ്‌ഐയോട് കയര്‍ത്ത് എം വിജിന്‍ എംഎല്‍എ

കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം വിജിന്‍
എസ്ഐയോട് എം വിജിൻ എംഎൽഎ കയർക്കുന്ന ദൃശ്യം, സ്ക്രീൻഷോട്ട്
എസ്ഐയോട് എം വിജിൻ എംഎൽഎ കയർക്കുന്ന ദൃശ്യം, സ്ക്രീൻഷോട്ട്

കണ്ണൂര്‍:  കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം വിജിന്‍. സുരേഷ് ഗോപി കളിക്കേണ്ടെന്ന് ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് എസ്‌ഐയുമായി വിജിന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനാണ് സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സിവില്‍ സ്റ്റേഷന് മുന്നില്‍ സമരത്തിന്റെ ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്നത് എം വിജിനെയാണ്. സാധാരണ നിലയില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ പൊലീസ് സമരം തടയാറുണ്ട്. ഇത്തവണ അത് ഉണ്ടായില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. 

സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം തടയാതിരുന്നതോടെ, ഇതറിയാതെ അകത്തുകയറിയ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കയറി സമരം തുടങ്ങി. ഈ സമയം സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വിജിന്‍ എങ്ങനെ അകത്തുകയറി എന്ന് പ്രവര്‍ത്തകരോട് ചോദിച്ചു. സാധാരണ നിലയില്‍ പുറത്താണല്ലോ സമരം ചെയ്യാറ് എന്ന് വിജിന്‍ പറഞ്ഞു. ഉടന്‍ തന്നെ പുറത്തേയ്ക്ക് കടക്കാനും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഈസമയം സ്ഥലത്തെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും സംഘവും സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കയറി സമരം ചെയ്തതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പൊലീസുമായി സിപിഎം
എംഎല്‍എ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്.

'ഇങ്ങള് സുരേഷ് ഗോപി സ്റ്റെല്‍ ഒന്നും എടുക്കേണ്ട. മനസിലായില്ലേ. ഇയാള്‍ ഒറ്റ ഒരുത്തനാണ് ഇതിന് കാരണം ഇയാളെ ആരാണ് പൊലീസില്‍ എടുത്തത് ?.ഇയാളൊക്കെ എവിടെ നിന്നാണ് എസ്‌ഐ ആയത്. പൊലീസിന് അപമാനമാണ്. കേരളത്തിലെ പൊലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.ഇവിടെ നിന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നെ സ്റ്റെല്‍ കാണിക്കേണ്ടതുണ്ടോ?.നിങ്ങളുടെ ഡ്യൂട്ടിയില്‍ വന്ന വീഴ്ചയാണ്.ഗേറ്റിന്റെ മുന്നില്‍ സമരം തടയേണ്ടത് ഇങ്ങളുടെ ഉത്തരവാദിത്തമാണ്.സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്.'- വിജിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com