പ്രതികള്‍ ഒളിച്ചിരുന്നത് മാവിന്‍തോട്ടത്തിലെ തടിമില്ലില്‍; പൊലീസ് നീക്കം അറിയാന്‍ യൂട്യൂബ് ചാനല്‍ വീക്ഷിച്ച് മുരുകന്‍

മൈലപ്രയില്‍ വ്യാപാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികളെ കുടുക്കാന്‍ പൊലീസ് സംഘം കാത്തിരുന്നതു മൂന്നു ദിവസം
ജോര്‍ജ് ഉണ്ണൂണ്ണി, കൊലപാതകം നടന്ന കട
ജോര്‍ജ് ഉണ്ണൂണ്ണി, കൊലപാതകം നടന്ന കട

പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികളെ കുടുക്കാന്‍ പൊലീസ് സംഘം കാത്തിരുന്നതു മൂന്നു ദിവസം. ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണു പ്രതികള്‍ തെങ്കാശിയിലുണ്ടെന്ന  വിവരം പൊലീസിനു ലഭിച്ചത്. ഡിഐജി ആര്‍ നിശാന്തിനി ഇടപെട്ടാണ് തമിഴ്‌നാട് പൊലീസിന്റെ സഹായം ഉറപ്പാക്കിയത്. അതിനിടെ കേസില്‍ പിടിയിലായ 3 പേരെ കൂടി റിമാന്‍ഡ് ചെയ്തു. മുരുകന്‍ (മദ്രാസ് മുരുകന്‍, 42), മധുര സ്വദേശി സുബ്രഹ്മണ്യന്‍ (24), വലഞ്ചുഴി ജമീല മന്‍സിലില്‍ നിയാസ് അമാന്‍ (33) എന്നിവരെയാണ് ഇന്നലെ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേല്‍ ഹരീബിനെ(ആരിഫ്, 38) നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.

തെങ്കാശിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള അയ്യാപുരത്തെ തടി മില്ലിനുള്ളില്‍ ജീവനക്കാര്‍ക്കായുള്ള ഷെഡുകളിലാണു പ്രതികളായ മദ്രാസ് മുരുകനെന്നു വിളിപ്പേരുള്ള മുരുകനും(42), സുബ്രഹ്മണ്യനും(24) ഒളിവില്‍ കഴിഞ്ഞിരുന്നത്. ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള മാവിന്‍തോട്ടത്തിനു നടുവിലാണു തടിമില്ല്.  പ്രതികളുടെ സങ്കേതം കണ്ടെത്തിയെങ്കിലും ഒട്ടേറെ ഷെഡുകളില്‍ ഏതിലാണ് പ്രതികളെന്നു കണ്ടെത്താന്‍ വീണ്ടും കാത്തിരിക്കേണ്ടി വന്നു. 

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ രാത്രി 11 മണിയോടെ ഷെഡ് വളഞ്ഞാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ച പ്രതികളെ ഡിവൈഎസ്പി എസ് നന്ദകുമാര്‍, മൂഴിയാര്‍ സിഐ കെ എസ് ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പൊലീസിന്റെ നീക്കങ്ങള്‍ അറിയാന്‍ മുരുകന്‍ മറ്റുള്ളവരുടെ മൊബൈലില്‍ യൂട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും വീക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.  ഇനി കേസില്‍ ഡോണ്‍ എന്നു വിളിക്കുന്ന മുത്തുകുമാരനെയാണ്(33) പിടികൂടാനുള്ളത്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. 

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വൈകാതെ നടത്തും. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികള്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതു കണ്ടവരുണ്ട്. അവര്‍ പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതികളുമായി തെളിവെടുപ്പു നടത്തുമെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ വിറ്റ മാലയുടെ തൂക്കം ഏഴര പവനാണെന്നും കൊളുത്തും ഒരു പവന്റെ കുരിശും കടലാസില്‍ പൊതിഞ്ഞ നിലയില്‍ ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയില്‍നിന്നു ലഭിച്ചെന്നും പൊലീസ് പറഞ്ഞു. കൊളുത്തു പൊട്ടിയതിനാല്‍ ലോക്കറ്റ് പ്രത്യേകം സൂക്ഷിച്ചതാകാമെന്നാണു കരുതുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com