തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

തന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്നതിനെ മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്.
കെഎല്‍എഫില്‍ സംസാരിക്കുന്ന എംടി വാസുദേവന്‍ നായര്‍
കെഎല്‍എഫില്‍ സംസാരിക്കുന്ന എംടി വാസുദേവന്‍ നായര്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം.

'രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമാണ് എവിടെയും.  അസംബ്ലിയിലോ പാര്‍ലമെന്റിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള അവസരമാണ്. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട  അവസരമെന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മള്‍ കുഴിവെട്ടി മൂടി'  - എംടി പറഞ്ഞു

'തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിത മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല.തന്റെ പരിമിതമായ കാഴ്ചപ്പാടില്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്നതിനെ മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാര മാര്‍ഗങ്ങളിലോ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നു.  

ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇഎംഎസ് ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com