രാവണന്റെ ലങ്ക ഇന്ത്യയില്‍ തന്നെ?,  മഹാഭാരത യുദ്ധം ഒരു ഗോത്രവര്‍ഗ യുദ്ധം മാത്രം' 

മഹാഭാരതവും രാമായണവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റുകാരുടെയും വലതുപക്ഷത്തിന്റെയും നിലപാടുകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ അംഗീകരിക്കാറില്ലെന്ന് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍
മധ്യപ്രദേശിൽ നിന്ന് അയോധ്യയിലേക്ക് നടത്തുന്ന പദയാത്ര, പിടിഐ
മധ്യപ്രദേശിൽ നിന്ന് അയോധ്യയിലേക്ക് നടത്തുന്ന പദയാത്ര, പിടിഐ

കൊച്ചി: മഹാഭാരതവും രാമായണവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റുകാരുടെയും വലതുപക്ഷത്തിന്റെയും നിലപാടുകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ അംഗീകരിക്കാറില്ലെന്ന് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ കെ മുഹമ്മദ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് ഇത് പുരാണങ്ങളാണ് എന്നാണ്. എന്നാല്‍ വലതുപക്ഷം പറയുന്നത് രണ്ടു ലക്ഷം വര്‍ഷം മുന്‍പ് സംഭവിച്ചതാണ് എന്നാണ്. ഇരുവരുടെയും നിലപാടുകള്‍ക്ക് ഇടയിലാണ് സത്യം ഒളിഞ്ഞ് കിടക്കുന്നത്. മഹാഭാരത യുദ്ധം ഒരു ഗോത്രവര്‍ഗ യുദ്ധമായിരിക്കണം. അല്ലാതെ ലോകമഹായുദ്ധമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മ്മം ജനുവരി 22ന് നടക്കാനിരിക്കേ, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ മുഹമ്മദ്.

'ഇരുമ്പയിര് കണ്ടെത്തിയതിന് ശേഷമായിരിക്കണം മഹാഭാരതത്തിലെ സംഭവങ്ങള്‍. ഞങ്ങളുടെ കണക്കനുസരിച്ച്, അത് സംഭവിച്ചത് 1200 BC യ്ക്കും 1300 BC യ്ക്കും ഇടയിലാണ്. ബിസി 1500 ലാണ് രാമായണം നടന്നത്. മഹാഭാരതത്തിലെയും രാമായണത്തിലെയും സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ കൈയില്‍ തെളിവുണ്ട്. കുരുക്ഷേത്രയ്ക്കും മഥുരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാകാം മഹാഭാരതത്തിലെ സംഭവവികാസങ്ങള്‍ അരങ്ങേറിയതെന്നാണ് പുരാവസ്തു കണ്ടെത്തലുകള്‍.'- കെ കെ മുഹമ്മദ് പറഞ്ഞു.

ഇന്നത്തെ പോലെ അതിശയോക്തി കലര്‍ത്തി പറയേണ്ടതില്ല. എങ്കിലും ചില സത്യങ്ങള്‍ ഈ പുരാണങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. രാവണന്റെ ലങ്ക ഛത്തീസ്ഗഢിലായിരുന്നുവെന്നാണ് കണക്കാക്കുന്നത് എന്നാണ് രാവണന്റെ ലങ്ക ശ്രീലങ്കയില്‍ അല്ലേ എന്ന  ചോദ്യത്തിന് മറുപടിയായി കെ കെ മുഹമ്മദ് പറഞ്ഞു.

പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ എഎസ്‌ഐ ( ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) നിര്‍ജീവ സംഘടനയായി മാറിയെന്നും കെ കെ മുഹമ്മദ് പറഞ്ഞു. 10 വര്‍ഷത്തെ ബിജെപി ഭരണം എഎസ്‌ഐയെ സംബന്ധിച്ച് ഇരുണ്ട യുഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

'പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ എഎസ്‌ഐ നിര്‍ജീവ സംഘടനയായി മാറി. 10 വര്‍ഷത്തെ ബിജെപി ഭരണം എഎസ്‌ഐയെ സംബന്ധിച്ച് ഇരുണ്ട യുഗമാണ്. ചമ്പല്‍ മേഖലയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന 80 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഞാന്‍ ഏറ്റെടുത്തിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ (ബിജെപി) മുന്‍പന്തിയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരു ക്ഷേത്രം പോലും പുതുക്കിപ്പണിതിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ആണ് അയോധ്യയില്‍ മോദി താത്പര്യം കാണിച്ചത് എന്ന അവര്‍ തന്നെ സമ്മതിക്കുന്നു'-  കെ കെ മുഹമ്മദ് വിമര്‍ശിച്ചു.

അയോധ്യയില്‍ നടക്കാന്‍ പോകുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസും പങ്കെടുക്കണമായിരുന്നുവെന്നും കെ കെ മുഹമ്മദ് പറഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ബാബ്‌റി മസ്ജിദ് തുറക്കാന്‍ നടപടി സ്വീകരിച്ചത്. ഹിന്ദുക്കളുടെ വികാരം മനസിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നവര്‍ ഇതൊന്നും മനസിലാക്കാതെ മറ്റൊരു പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'കോണ്‍ഗ്രസ് പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നു. കോണ്‍ഗ്രസ് അപ്രസക്തമായാല്‍ ഇനി ആരാ ബാക്കിയുള്ളത്? ഏതു നിലയിലേക്കും പോകാന്‍ കഴിയുന്ന ഗ്രൂപ്പായി ബിജെപി മാറിയിരിക്കുന്നു. ഇഡി പോലുള്ള ഏജന്‍സികളുടെ ദുരുപയോഗം കാണുമ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം തോന്നുന്നു. പലരും എന്നെ ബിജെപിക്കാരനായിട്ടാണ് കണക്കാക്കുന്നത്.
അതാണ് ആളുകള്‍ ചിന്തിക്കുന്നത്. അവര്‍ എന്നെ ക്ഷണിച്ചെങ്കിലും ഞാന്‍ അവരുടെ (ബിജെപി) യോഗത്തില്‍ പങ്കെടുത്തില്ല. അവരുടെ ലിബറല്‍ പ്രത്യയശാസ്ത്രം പങ്കിടുന്നതിനാല്‍ എന്നെ കോണ്‍ഗ്രസുകാരനായി കണക്കാക്കാം.'- കെ കെ മുഹമ്മദ് പറഞ്ഞു.

അയോധ്യയില്‍ ബാബ്റി മസ്ജിദ് ഇരുന്ന സ്ഥലം നേരത്തെ ക്ഷേത്രമായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഉദ്ഖനനത്തില്‍ ലഭിച്ചതായി കെ കെ മുഹമ്മദ് പറഞ്ഞു. ഹിന്ദു ക്ഷേത്രത്തിന്റെ തൂണുകളാണ് കണ്ടെത്തിയത്. കൂടാതെ പൂര്‍ണകലശവും ലഭിച്ചു. ബാബ്റി മസ്ജിദ് പൊളിച്ച സമയത്ത് ലഭിച്ച വിഷ്ണുഹരി ശിലാഫലകത്തിലൂടെയാണ് ഇത് രാമന്റെ ക്ഷേത്രമായിരുന്നു എന്ന കണ്ടെത്തലില്‍ എത്തിയതെന്നും കെ കെ മുഹമ്മദ് പറഞ്ഞു 1976ല്‍ നടന്ന ഉദ്ഖനനത്തില്‍ പങ്കെടുത്ത ഗവേഷകനായിരുന്നു കെ കെ മുഹമ്മദ്. 

'1976ല്‍ പ്രൊഫസര്‍ ബി ബി ലാല്‍ സാറിനൊപ്പമാണ് ഉദ്ഖനനത്തിന് ഞാന്‍ പോകുന്നത്. ഞാന്‍ മാത്രമല്ല, എന്റെ ബാച്ചിലുണ്ടായിരുന്ന പത്തുപേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അന്ന് വിദ്യാര്‍ഥികളായിരുന്നു.  പള്ളിയില്‍ കയറാന്‍ പോയപ്പോള്‍ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. വിവാദവുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഗവേഷകരാണ്. തുടര്‍ന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. തൂണുകള്‍ നോക്കിയപ്പോള്‍ ഹിന്ദു ക്ഷേത്രത്തിന്റെ തൂണുകള്‍ ആണ്. അതില്‍ പൂര്‍ണ കലശം കൊത്തിവെച്ചിട്ടുണ്ട്. ഹിന്ദു മതാചാര പ്രകാരമുള്ളതാണ് പൂര്‍ണ കലശം. ദേവീദേവന്മാരെയും അതില്‍ കൊത്തിവച്ചിരുന്നു. എന്നാല്‍ അവ വികൃതമായ നിലയിലായിരുന്നു. ഉദ്ഖനനത്തില്‍ തൂണുകള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കല്ല് കൊണ്ടുള്ള അടിത്തറ ലഭിച്ചു. ടെറക്കോട്ട കൊണ്ടുള്ള പ്രതിമകളും ലഭിച്ചു. ഇതും അമ്പലവുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ഒരിക്കലും പുരുഷന്റെയോ സ്ത്രീയുടെയോ പ്രതിമകള്‍ ലഭിക്കില്ല. അവരെ സംബന്ധിച്ച് അത് ഹറാമാണ്. ഇതില്‍ നിന്നാണ് പള്ളിയ്ക്ക് മുന്‍പ് ഒരു അമ്പലം ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍ ഇത് ഒരു വിവാദമാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ അന്ന് ആഗ്രഹിച്ചില്ല. പ്രത്യേകിച്ച് ബി ബി ലാല്‍. അക്കാദമിക താത്പര്യത്തോടെ മുന്നോട്ടുപോകാനാണ് അദ്ദേഹം ആഗ്രഹിച്ചത്.' - കെ കെ മുഹമ്മദ് പറഞ്ഞു.

'2003ല്‍ ജിപിആര്‍എസ് സര്‍വ്വേയാണ് നടത്തിയത്. പള്ളിയുടെ അടിയില്‍ ഒന്നുമില്ല എന്നായിരുന്നു മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ വാദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ജിപിആര്‍ സിസ്റ്റം കൊണ്ടുള്ള സര്‍വ്വേ ആരംഭിച്ചത്. ക്രമക്കേടുകള്‍ കണ്ടു. പള്ളിയുടെ അടിയില്‍ കെട്ടിടം ഉണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് ബുദ്ധിസ്റ്റ് ക്ഷേത്രമാണ് എന്ന തരത്തിലും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃഢമായ ഘടന ഉണ്ടെങ്കില്‍ മാത്രമേ ബുദ്ധിസ്റ്റ് ക്ഷേത്രമാണ് എന്ന വാദത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. സാഞ്ചി സ്തൂപത്തിന്റെ അടിയില്‍ മണ്ണും കല്ലുമാണ്. എന്നാല്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതിന് അര്‍ത്ഥം ഇവിടെ പ്രതിഷ്ഠ ഉണ്ടായിരുന്നിരിക്കണം എന്നാണ്. അന്ന് വിവാദം ഉണ്ടാക്കിയ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില്‍ ഒരാള്‍ മാത്രമാണ് പുരാവസ്തു ശാസ്ത്രജഞനായിട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം ചരിത്രകാരന്മാരാണ്. അവര്‍ക്ക് ഇംഗ്ലീഷ് പത്രങ്ങളുമായി നല്ല ബന്ധമായിരുന്നു. അതുകൊണ്ട് അവര്‍ പറയുന്നത് പത്രങ്ങള്‍ ഉദ്ധരിക്കുമായിരുന്നു. പുരാവസ്തു ശാസ്ത്രജ്ഞര്‍ പൊതുവേ അന്തര്‍മുഖന്മാരായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രതികരിക്കുന്നതിന് പരിധിയുമുണ്ടായിരുന്നു. 2003ലെ ഉദ്ഖനനത്തിലാണ് മുന്‍പ് ഇത് ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചത്. അലഹാബാദ് ഹൈക്കോടതി പറഞ്ഞത് അനുസരിച്ചാണ് അന്ന്് ഉദ്ഖനനം നടത്തിയത്. ആദ്യം കിട്ടിയത് 12 തൂണുകള്‍ ആണ്. പിന്നീട് കല്ല് കൊണ്ടുള്ള 50 അടിത്തറകള്‍ കണ്ടെത്തി. തൂണ് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഇവ.'- കെ കെ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

'പള്ളിക്ക് മുന്‍പ് ഉണ്ടായിരുന്ന ക്ഷേത്രം രാമക്ഷേത്രം ആണ് എന്ന് തെളിയിക്കുന്ന ഫലകവും കിട്ടി. വിഷ്ണുഹരി ശിലാഫലകമാണ് കിട്ടിയത്. ബാബ്റി മസ്ജിദ് പൊളിച്ച സമയത്താണ് ഈ ഫലകം കിട്ടുന്നത്. ഈ ക്ഷേത്രം മഹാവിഷ്ണുവിന്റേതാണ് എന്ന് ആ ഫലകത്തില്‍ പറയുന്നുണ്ട്. ബാലിയെ കൊന്ന കാര്യവും ഇതില്‍ പറയുന്നുണ്ട്. ബാലിയെ കൊന്നതാരാണ്?  12-ാം നൂറ്റാണ്ടിലെ ശിലാലിഖിതമാണിത്. അന്നത്തെ ഉദ്ഖനനത്തില്‍ എല്ലാ വിഭാഗം ആളുകളും ഉണ്ടായിരുന്നു. വഖഫ് കമ്മിറ്റി  അഭിഭാഷകര്‍, വിഎച്ച്പി പ്രവര്‍ത്തകര്‍, നീതിന്യായവ്യവസ്ഥയുടെ പ്രതിനിധികള്‍ അടക്കം നിരവധിപ്പേര്‍ ഉണ്ടായിരുന്നു. തൊഴിലാളികളില്‍ നാലില്‍ ഒന്ന് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. കൃത്രിമം തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്തത്'- കെ കെ മുഹമ്മദ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com