'സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍'; വിമര്‍ശനവുമായി എം മുകുന്ദന്‍

നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്തെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു
എം മുകുന്ദൻ/ ഫയൽ
എം മുകുന്ദൻ/ ഫയൽ

കോഴിക്കോട് : എംടിക്ക് പിന്നാലെ രാഷ്ട്രീയമായ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്തെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുകുന്ദന്റെ വിമര്‍ശനം. മനുഷ്യരക്തത്തിന്റെ വില നാം തിരിച്ചറിയണം. നിര്‍ഭാഗ്യവശാല്‍ കിരീടമാണ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. ഇതേക്കുറിച്ച് നമുക്ക് അവബോധം ഉണ്ടാകണം. ഒരു പിടി ചോരയ്ക്ക് കിരീടം തെറിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണം. 

നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നമുക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വോട്ടു ചെയ്യുക എന്നുള്ളതാണ്. വോട്ടു ചെയ്തു കൊണ്ട് ചോരയുടെ പ്രാധാന്യം നാം അടയാളപ്പെടുത്തുക. കിരീടം അപ്രസക്തമാണെന്ന് നാം പ്രസ്താവിക്കുക. അതിന് നമുക്ക് മുമ്പിലുള്ളത് തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് വൈകാതെ വരും. അപ്പോള്‍ ഈ വാചകം നമുക്ക് ഓര്‍ക്കാമെന്നും എം മുകുന്ദന്‍ പറഞ്ഞു. 

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മുകുന്ദന്റെ രാഷ്ട്രീയ വിമര്‍ശനം. സിപിഎം നേതാവ് എം സ്വരാജിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മുകുന്ദന്റെ വിമര്‍ശനം. 

നേരത്തെ എംടി കെഎല്‍എഫ് വേദിയില്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com