മൂത്തകുന്നം- ഇടപ്പള്ളി ദേശീയപാത 66 നിര്‍മാണം: അടുത്തവര്‍ഷം ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കും: മന്ത്രി പി രാജീവ് 

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ന്റെ വികസനം 2025 ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു
പി രാജീവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
പി രാജീവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കൊച്ചി: മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ന്റെ വികസനം 2025 ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയപാത 66 നിര്‍മാണം. ലഭ്യമായ ഭൂമി ഉപയോഗിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പറവൂര്‍ നഗരസഭയിലും വടക്കേക്കര, വരാപ്പുഴ, ചിറ്റാറ്റുകര, ആലങ്ങാട്, കോട്ടുവള്ളി, ചേരാനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കുടിവെള്ള പ്രശ്‌നം പരിശോധിക്കാന്‍ കളക്ടറുടെ മേല്‍നോട്ടത്തില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തി അടിയന്തരമായി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് സേഫ്റ്റി അതോറിറ്റി ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ മധുസൂദനനെ മന്ത്രി ചുമതലപ്പെടുത്തി. അവലോകന യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com