ഹീരാ കണ്‍സ്ട്രക്ഷന്‍ എംഡി അബ്ദുള്‍ റഷീദിന്റെ 30 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി 

കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്/ ഫയൽ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്/ ഫയൽ

കൊച്ചി: കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്പനി ഹീരാ സമ്മര്‍ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എസ്ബിഐയുടെ കവടിയാല്‍ ശാഖയില്‍ അബ്ദുള്‍ റഷീദും മറ്റു പ്രതികളും തട്ടിപ്പ് നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. വായ്പ ലഭിക്കാന്‍ ബാങ്കിന് ഈടായി നല്‍കിയിരുന്ന സെക്യൂരിറ്റികള്‍ എസ്ബിഐയെ കബളിപ്പിച്ച് വിറ്റ് കോടികള്‍ സമ്പാദിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. കൂടാതെ വായ്പ തിരിച്ചടവിലും തട്ടിപ്പ് നടത്തിയതായും ഇഡി ആരോപിക്കുന്നു. തട്ടിപ്പിലൂടെ പ്രതികള്‍ 34.82 കോടി രൂപ തട്ടിയെടുത്തതായും ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഡിസംബറിലാണ് റഷീദിനെ ഇഡി അറസ്റ്റ് ചെയ്തത്. ബാങ്കിന് ഈടായി നല്‍കിയ സെക്യൂരിറ്റികള്‍ വിറ്റ് ലഭിച്ച തുക വകമാറ്റിയതായും കണ്ടെത്തി. ഈ തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കാതെ അബ്ദുള്‍ റഷീദ് വകമാറ്റുകയായിരുന്നുവെന്നും ഇഡി ആരോപിച്ചു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com