രാജാ രവിവര്‍മ്മ പുരസ്‌കാരം സുരേന്ദ്രന്‍ നായര്‍ക്ക്

ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
സുരേന്ദ്രന്‍ നായര്‍
സുരേന്ദ്രന്‍ നായര്‍

തിരുവനന്തപുരം: ചിത്രകലാ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക്  കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചു.  2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.  പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായരാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം  വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. 

പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട് ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെഎം മധുസൂദനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി  എന്‍ ബാലമുരളീകൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.  ദൃശ്യകലയിലെ മികവ്, സ്ഥിരതയാര്‍ന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തര്‍ദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി.

ലഘുജീവ ചരിത്രം

കുട്ടിക്കാലത്ത് തന്നെ വരയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് പുരാണ- നാടോടികഥകള്‍ പ്രചോദനമായി. ഇത്തരം കഥകളിലെ മൃഗങ്ങളും രാക്ഷസരും യക്ഷി -ഗന്ധര്‍വ്വാദികളുമെല്ലാം അദ്ദേഹത്തിന്റെ ഭാവനയെ സംപുഷ്ടമാക്കി. 1975 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തിലാണ് സുരേന്ദ്രന്‍ നായര്‍ തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും പെന്റിംഗില്‍ ഡിപ്ലോമയും പിന്നീട് ബിരുദവും കരസ്ഥമാക്കി. കോളേജിലെ നിലവിലെ കലാപഠന രീതികളോട് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പില്‍ അദ്ദേഹവും ഭാഗഭാക്കായിരുന്നു. 

1983-1986 കാലഘട്ടത്തില്‍ ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രിന്റ് മേക്കിംഗില്‍ പോസ്റ്റ് ഡിപ്ലോമ ലഭിച്ച അദ്ദേഹത്തിന്റെ ഇങ്ക് ഡ്രോയിംഗ്, പേസ്റ്റല്‍ വര്‍ക്കുകള്‍, ലിതോഗ്രാഫുകള്‍, ലിനോകട്ടുകള്‍, വുഡ്കട്ടുകള്‍, എച്ചിംങ്ങുകള്‍, മോണോ പ്രിന്റുകള്‍ തുടങ്ങിയവ ഇപ്പോള്‍ കിരണ്‍ നടാര്‍ മ്യൂസിയത്തിലേയും ഡിഎജി യിലെയും കലാശേഖരത്തില്‍ ഉള്‍പ്പെടുന്നു.

 പല പല അടുക്കുകളിലൂടെയുള്ള റഫറന്‍സുകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. സാഹിത്യ-പുരാണ കഥാപാത്രങ്ങള്‍/അഭിനേതാക്കള്‍, കലാകാരനും കാഴ്ചക്കാരനും തമ്മിലുള്ള സംഭാഷണത്തിന് മധ്യസ്ഥത വഹിക്കുന്ന തരത്തില്‍ സുരേന്ദ്രന്‍ നായരുടെ സ്വന്തം തിയട്രിക്കല്‍ ഇടത്തില്‍, മാറുന്ന ഒരു ലോകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ചിത്രങ്ങളിലൂടെ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

 1986 മുതല്‍ ഇപ്പോള്‍ 2023 വരെ അദ്ദേഹം പതിനേഴോളം ഏകാംഗ പ്രദര്‍ശനങ്ങളിലും എണ്‍പത്തഞ്ചോളം സംഘ പ്രദര്‍ശനങ്ങളിലും 16 ആര്‍ട്ട് ഫെയറുകളിലും പങ്കെടുത്തിട്ടുണ്ട്. ലോകത്തുള്ള നിരവധി സ്വകാര്യ ശേഖരങ്ങളില്‍ സുരേന്ദ്രന്‍ നായരുടെ ചിത്രങ്ങളുണ്ട്. ജപ്പാനിലെ ഫുക്കുവോക്ക ആര്‍ട്ട് മ്യൂസിയം, ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റ് ആര്‍ട്ട് ഗ്യാലറി, നാഷണല്‍ ഗ്യാലറി ഓഫ് ആസ്‌ട്രേലിയ, ന്യൂഡല്‍ഹിയിലെ കിരണ്‍ നാടാര്‍ മ്യൂസിയം, ഡല്‍ഹിയിലെ തന്നെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവിടങ്ങളിലെ കലാശേഖരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ചിത്രകാരിയും പാര്‍ട്ണറുമായ രേഖ റോഡ്വിദ്യയോടൊപ്പം വഡോദരയില്‍ താമസിച്ചാണ് അദ്ദേഹം തന്റെ കലാസപര്യ തുടരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com