മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് കെ ടി ജലീല്‍. 'പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ 'പാണക്കാട് പൈതൃകം' ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.' - കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തില്‍ ഹൈദരലി തങ്ങളുടെ മക്കള്‍ക്ക് മാത്രം മഹത്വമില്ലെന്നാണ് 'പൈതൃകവാദി'കളുടെ പക്ഷമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാന്‍ തലച്ചോറുള്ള ആരെയും കിട്ടില്ല'- ജലീല്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നായിരുന്നു ഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.
കുറിപ്പ്:
ആ പൂതി മനസ്സിലിരിക്കട്ടെ!
എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്‍മാര്‍. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്‍മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍.
പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തില്‍ ഹൈദരലി തങ്ങളുടെ മക്കള്‍ക്ക് മാത്രം മഹത്വമില്ലെന്നാണ് 'പൈതൃകവാദി'കളുടെ പക്ഷമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാന്‍ തലച്ചോറുള്ള ആരെയും കിട്ടില്ല. മുഈനലി തങ്ങളും പള്ളികളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം 'പാണക്കാട് ഖാസി ഫൗണ്ടേഷനില്‍' നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സംഘാടകര്‍ വ്യക്തമാക്കണം. ഹസന്‍ (റ) വിനും ഹുസൈന്‍ (റ) വിനും ഇടയില്‍ വ്യത്യാസം കല്‍പ്പിക്കുന്നവര്‍ യഥാര്‍ത്ഥ പ്രവാചക സ്‌നേഹികളാണോ?
പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ 'പാണക്കാട് പൈതൃകം' ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.
പാണക്കാട് തങ്ങന്‍മാരില്‍ ഒരാള്‍ക്കെതിരെയും വധഭീഷണി ഉയര്‍ത്താന്‍ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങള്‍ക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഞങ്ങളെയൊക്കെ വീല്‍ചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീല്‍ചെയറിലാക്കാന്‍ ഏതൊരുത്തനും സാധിക്കൂ. ഫോണില്‍ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട. പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക