ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യുവാക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്; കാലത്തിന്റെ മാറ്റമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ ഭരണകര്‍ത്താക്കള്‍ ഇരിക്കുന്ന വേദിയില്‍ വിഷയം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.
ജോസഫ് പെരുന്തോട്ടം, പിണറായി വിജയന്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
ജോസഫ് പെരുന്തോട്ടം, പിണറായി വിജയന്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ പരാമര്‍ശം. എന്നാല്‍ യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെതില്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.


ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നല്‍ പലരിലുമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ നാട്ടില്‍ ജീവിച്ച് വിജയിക്കാന്‍ എല്ലാവര്‍ക്കും കഴിയാത്ത അവസ്ഥയാണ്. സിറോ മലബാര്‍ സഭയില്‍ നിന്ന് മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങള്‍ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങള്‍ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്നും പറഞ്ഞു

എന്നാല്‍ ലോകം മാറ്റത്തിന് വിധേയമെന്നായിരുന്നു മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കിയത്. 
യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ല ഇപ്പോഴത്തേത്. വളര്‍ന്ന് വരുന്ന യുവ തലമുറക്ക് എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്ന ബോധ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.  എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാന്‍ കഴിയില്ലെന്നുമ മുഖ്യമന്ത്രി പറഞ്ഞു. 

ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ ഭരണകര്‍ത്താക്കള്‍ ഇരിക്കുന്ന വേദിയില്‍ വിഷയം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. സംസ്ഥാനത്തെ കോളജുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്സുകള്‍ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com