ആത്മകഥാ രചയിതാക്കള്‍ മാതൃകയാക്കണം; കെഎം മാണിയുടെ 'ജീവിതകഥ' രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വലിയ മുതല്‍ക്കൂട്ട്; പിണറായി

ആത്മകഥയില്‍ അര നൂറ്റാണ്ടിലെ കേരള ചരിത്രമാണ് തന്റേതായ വീക്ഷണ കോണില്‍ അവതരിപ്പിക്കുന്നത്.
പിണറായി വിജയന്‍
പിണറായി വിജയന്‍ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: വളരെ സങ്കീര്‍ണമായ കാര്യങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് കെഎം മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ കെഎം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ആത്മകഥയില്‍ അര നൂറ്റാണ്ടിലെ കേരള ചരിത്രമാണ് തന്റേതായ വീക്ഷണ കോണില്‍ അവതരിപ്പിക്കുന്നത്. നാട്, നാട്ടുകാര്‍, സമൂഹ്യ സാമ്പത്തിക അവസ്ഥ തുടങ്ങി വര്‍ത്തമാനവും ഭാവിയും വായനക്കാരുമായി പങ്കുവയ്ക്കപ്പെടുന്നതാവണം ആത്മകഥ. അത് അന്വര്‍ത്ഥമാക്കുന്ന ആത്മകഥയാണ് കെഎം മാണിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനം ആത്മകഥാ രചയിതാക്കള്‍ മാതൃകയാക്കണം. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് വലിയ മുതല്‍ക്കൂട്ടാണ്. 1950 ന് ശേഷമുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നു. അദ്ദേഹം അനുഭവിച്ച ഹൃദയവേദനകളും വ്യക്തമാക്കിയിട്ടുണ്ട്.

സഭാ നടപടികളിലെ പ്രാവീണ്യം, സംവാദങ്ങളില്‍ പ്രകടമാക്കുന്ന വൈദഗ്ധ്യം, തര്‍ക്ക വിതര്‍ക്കങ്ങളിലെ അസാമാന്യ ശേഷി, നിയമ വൈദഗ്ധ്യം, നിയമനിര്‍മാണ പ്രക്രിയയിലെ മികവ്, കര്‍ഷകരുടെയും മലയോരത്തിന്റേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിലെ കഴിവ്, കേരളത്തിന്റെ ശബ്ദമാകാനുള്ള താത്പര്യം എന്നിവയാണ് കെഎം മാണിയെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രകാശനം ചെയ്ത പുസ്തകം സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി. ജോസ് കെ മാണി എംപി അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ബിനോയ് വിശ്വം എംപി, എംവി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നന്ദി പറഞ്ഞു.

പിണറായി വിജയന്‍
വരും മണിക്കൂറിൽ തിരുവനന്തപുരത്ത് മഴ സാധ്യത; കടലാക്രമണ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com