
കൊച്ചി: കേരളത്തില്‍ ഇനി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെപി കണ്ണന്‍. സിൽവർ ലൈൻ പദ്ധതിയുടെ പ്രാധാന്യം നഷ്ടപ്പെട്ടു കഴിഞ്ഞു. ജനങ്ങൾ ഇനി അതിനെ പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും പ്രൊഫ. കെപി കണ്ണൻ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാന്‍ വരെ കടം എടുക്കേണ്ട അവസ്ഥയിലാണ് സർക്കാർ അതിനിടെ പദ്ധതിക്ക് പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
'രാജ്യ വ്യാപകമായി ഇപ്പോൾ റെയില്‍ പാതകളിലെ പഴയ സിഗ്നലുകള്‍ നേരെയാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ 110 കിലോ മീറ്റർ വേഗത കിട്ടും. അതു പോരെ... എന്തിനാണ് കാസർകോട് പോയിട്ട് ഇത്ര തിടുക്കം'- കെപി കണ്ണൻ ചോദിച്ചു.
കൃഷിയെ പുനർജ്ജീവിപ്പിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലായെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ലക്ഷം കോടിയുടെ ഒന്നും ആവശ്യമില്ല, ഈ ആയിരം കോടി കിട്ടുന്നത് അവര്‍ക്ക് കൊടുത്താ മതി. അവര്‍ക്ക് അത് ഉപകാരപ്പെടും. കാര്‍ഷികത്തിന് ഇപ്പോഴും മുന്‍ഗണന കിട്ടാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. സമ്പന്ന രാഷ്ട്രങ്ങളിൽ കൃഷി സംരക്ഷിക്കാൻ സർക്കാർ തലത്തിൽ മികച്ച പിന്തുണയാണ് കർഷകർക്ക് നൽകുന്നത്. അവിടെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ സബ്‌സിഡി കിട്ടുന്നത്.
ജര്‍മനിയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ കിട്ടുന്നത്.100 യെന്‍ ഉണ്ടെങ്കിൽ അതിൽ 60 യെന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കുന്നു. യൂറോപ്പില്‍ 50 ശതമാനവും അമേരിക്കയില്‍ അത് 30 ശതമാനവുമാണ്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അത് 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് നിയമം'- അദ്ദേഹം പറഞ്ഞു.
ഇന്നോവയില്‍ കുറയാത്ത കാർ ഉപയോഗിക്കാത്ത പഞ്ചായത്തു പ്രസിഡന്റുമാര്‍ ഇപ്പോള്‍ ഇല്ല. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നോക്കിയാലും വലിയ വില പിടിച്ച വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. അതിനിടെയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപ സര്‍ക്കാര്‍ നല്‍കുന്നത്. സോഷ്യലിസവും ലെഫ്റ്റിസവും പറയുന്നവർ ആദ്യം ജനങ്ങൾക്ക് അത് കാണിച്ചുകൊടുക്കണം. ആദ്യകാല നേതാക്കള്‍ എങ്ങനെയാണ് ജീവിച്ചത്. സി അച്യുത മേനോൻ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം സ്വാതന്ത്ര്യ സമര സേനാനിയുടെ പെൻഷൻ കൊണ്ടാണ് ജീവിച്ചത്.
ഇഎംഎസും ഗാന്ധിയന്‍ കമ്മ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന ആളാണ്. രാഷ്ട്രീയത്തിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിന് ഒരു പ്രതീകാത്മക മൂല്യമുണ്ട്. അതാണ് ജനങ്ങളെ സ്വാധീനിക്കുന്നത്. പ്രത്യാഘാതങ്ങളെ കുറിച്ച് രാഷ്ട്രീയക്കാര്‍ ബാധവാന്മാരായിരിക്കണം. നിങ്ങള്‍ ഒരു മന്ത്രിയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതെന്തും കേരള സമൂഹത്തെ ഒന്നടങ്കം ബാധിക്കും- കെപി കണ്ണന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക