ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുകയല്ല; കേരളം നിന്നുപോകുന്ന അവസ്ഥയില്ല; പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
കെഎന്‍ ബാലഗോപാല്‍
കെഎന്‍ ബാലഗോപാല്‍സഭാ ടിവി

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും കേരളം നിന്നുപോകുന്ന അവസ്ഥയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളെ തകര്‍ക്കുകയാണെന്നും അവഗണനയ്‌ക്കെതിരെ ഡല്‍ഹയില്‍ യോജിച്ചുള്ള സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ഒന്നിനും പണം കൊടുക്കുന്നില്ലെന്ന പ്രതിപക്ഷ വാദം തെറ്റാണ്. ട്രഷറിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചു. എല്ലാ ചെലവുകള്‍ക്കും പണം നല്‍കിയിട്ടുണ്ട്. അല്ലാതെ ട്രഷറയില്‍ പൂച്ച പെറ്റുകിടക്കുകയല്ല. ട്രഷറിയില്‍ നിന്ന് കടമെടുക്കുന്നതും കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ അമിത ധൂര്‍ത്ത് നടത്തുന്നുവെന്നത് ആരോപണം മാത്രമാണ്. നവകേരള സദസിന്റെ ബസിനെ കുറിച്ച് വലിയ കഥയാണ് പ്രചരിപ്പിച്ചത്. ചില അവസരങ്ങളില്‍ പറക്കുമെന്നുവരെയായിരുന്നു പ്രചാരണം. അത് കാണാനായി കാസര്‍കോട് വന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ബസ് കണ്ടപ്പോള്‍ സാധാരണ ടൂറിസ്റ്റ് ബസ് പോലെ തന്നെയായിരുന്നു നവകേരള ബസ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധി പോകുന്നത് അതിനെക്കാള്‍ മികവാര്‍ന്ന എസി ബസിലാണ്. മുകളിലോട്ട് പോകാന്‍ ലിഫ്റ്റ്, പുറകില്‍ കോണ്‍ഫ്രന്‍സ് ഹാള്‍.. എല്ലാമുണ്ട്. ഞങ്ങള്‍ അതില്‍ തെറ്റുകാണുന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിക്കായി 35 ലക്ഷത്തിന്റെ കിയ കാര്‍ വാങ്ങിയതില്‍ എന്താണ് കുഴപ്പമെന്നും അത് ഒരു സാധാരണക്കാര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ അറ്റകുറ്റ പണി നടന്നിട്ടില്ലേയെന്നും മന്ത്രി ചോദിച്ചു.

ജിഎസ്ടി സിസ്റ്റമാറ്റിക് ആകുന്നതുവരെ നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. ഇത് കേരളത്തിന്റെ കുഴപ്പം കൊണ്ടല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രവിഹിതമായി കേരളത്തിന് ആവശ്യമായത് കിട്ടുന്നില്ല. സംസ്ഥാനത്ത് നികുതിവരുമാനത്തില്‍ ഇംപ്രൂവ് മെന്റ് ഉണ്ടായിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

നവകേരള സദസിന്റെ ബസിനെ കുറിച്ച് വലിയ കഥയാണ് പ്രചരിപ്പിച്ചത്. ചില അവസരങ്ങളില്‍ പറക്കുമെന്നുവരെയായിരുന്നു പ്രചാരണം

കേന്ദ്ര അവഗണന ചോദ്യം ചെയ്യാന്‍ ഒരുമിച്ച് പോകണം എന്നുതന്നെയാണ് ആഗ്രഹം. ഇന്ത്യന്‍ ജനാധിപത്യ ശക്തിപ്പെടുത്തണമെന്നതാണ് ആഗ്രഹമെങ്കില്‍ ഡല്‍ഹിയിലെ സമരത്തില്‍ പ്രതിപക്ഷം സഹകരിക്കണമെന്നും ബാലഗോപാല്‍ പറഞ്ഞു.

ട്രഷറി താഴിട്ടു പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എകെ ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാരുടെ ഭരണത്തിനുശേഷമാണ്. ഇന്ന് അതിനെക്കാള്‍ വലിയ സ്ഥിതിയാണെന്നും സതീശന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള രണ്ടാം ഗഡു പണം കൊടുത്തിട്ടില്ല. ഓട പണിയാന്‍പോലും ട്രഷറിയില്‍ പണമില്ല. പഞ്ചായത്ത് പുല്ലുവെട്ടിയാല്‍ കൊടുക്കാനും പണമില്ല. സപ്ലൈക്കോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കു പണം കൊടുത്തിട്ട് മാസങ്ങളായി. 18 കോടിരൂപ മാത്രമാണ് ലൈഫ് മിഷന് ഈ വര്‍ഷം കൊടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 6 ഡിഎ കുടിശികയുണ്ട്. പെന്‍ഷന്‍ കുടിശിക കിട്ടാതെ നിരവധി പെന്‍ഷന്‍കാര്‍ മരിച്ചു. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും പ്രതിസന്ധിയിലാണ്.

കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രത്തിനു നിരവധി തവണ നിവേദനം കൊടുത്തിട്ടുണ്ട്. പ്രതിപക്ഷം ഇടപെട്ടില്ലെന്ന സര്‍ക്കാര്‍ വാദം ശരിയല്ല. എല്ലാ സാമ്പത്തിക പ്രശ്‌നത്തിനും കാരണം കേന്ദ്രമാണെന്നു വരുത്താനാണു സര്‍ക്കാര്‍ ശ്രമം. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് സാമ്പത്തിക പ്രശ്‌നമുണ്ടാകുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്.

നികുതിവെട്ടിപ്പുക്കാരുടെ പറുദീസയാണ് കേരളം. നികുതി വെട്ടിപ്പ് ഭീകരമാണ്. ആരും അന്വേഷിക്കാനില്ല. ഒരുകാലഘട്ടത്തിലും ഇത്രയും ഭീകരമായ നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല

നികുതിവെട്ടിപ്പുക്കാരുടെ പറുദീസയാണ് കേരളം. നികുതി വെട്ടിപ്പ് ഭീകരമാണ്. ആരും അന്വേഷിക്കാനില്ല. ഒരുകാലഘട്ടത്തിലും ഇത്രയും ഭീകരമായ നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല. സ്വര്‍ണത്തിന്റെ നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സംസ്ഥാനത്ത് ബാറിന്റെ എണ്ണം കൂടുന്നെങ്കിലും നികുതി കൂടുന്നില്ല.നികുതി പിരിവില്‍ ധനമന്ത്രി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയാറണം. ഐജിഎസ്ടിയിലൂടെ എല്ലാ വര്‍ഷവും 25,000 കോടിരൂപയാണ് നഷ്ടപ്പെടുത്തുന്നത്. സര്‍ക്കാര്‍ കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2 മണിക്കൂറും 35 മിനിറ്റുമാണ് അടിയന്തര പ്രമേയം നീണ്ടത്.

കെഎന്‍ ബാലഗോപാല്‍
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും അഴിമതിയും; ട്രഷറി പൂട്ടിയിട്ടതിന് തുല്യം; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com