ഗാനമേളയുടെ സുവർണ കാലത്തിന്‍റെ ഓർമകൾ ബാക്കി; ആറ്റ്ലി ഡിക്കൂഞ്ഞ വിട പറഞ്ഞു

ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ... നിരവധി സം​ഗീതജ്ഞ​രുടെ വഴികാട്ടി
ആറ്റ്ലി ഡിക്കൂഞ്ഞ
ആറ്റ്ലി ഡിക്കൂഞ്ഞ

തൃശൂർ: അര നൂറ്റാണ്ട് കാലം കേരളത്തിലെ ​ഗാനമേളകളെ നയിച്ച, ​അതിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരു മനുഷ്യൻ. ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ തുടങ്ങി എണ്ണം പറഞ്ഞ സം​ഗീത സംവിധായകരെ കൈപിടിച്ചു, വളർച്ചയുടെ പടവുകൾ താണ്ടാൻ പ്രാപ്തനാക്കിയ സം​ഗീതജ്ഞൻ‌. ​പ്രസിദ്ധ ​ഗിറ്റാറിസ്റ്റും സം​ഗീത സംവിധായകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ വിട പറയുമ്പോൾ വിരാമമാകുന്നത് ഗാനമേളകളുടെ സുവർണ കാലത്തിന്റെ ഓർമകൾക്ക് കൂടിയാണ്.

തൃശൂരിൽ നിന്നു ആരംഭിച്ച നാല് പ്രധാന ​ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനായിരുന്നു ആറ്റ്ലി. വോയ്സ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്സ്, ട്രിച്ചൂർ വേവ്സ്, ആറ്റ്ലി ഓർക്കെസ്ട്ര എന്നീ സംഗീത ട്രൂപ്പുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിറന്നത്. 1968-ൽ ആണ് ആദ്യ ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂർ സ്ഥാപിക്കുന്നത്. 10 വർഷത്തോളം സംഗീത സംവിധായകൻ ദേവരാജന്റെ കൂടെ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിർബന്ധത്തിൽ ആറ്റ്ലി മ്യൂസിക് നോട്സ് എഴുതാൻ പഠിച്ചു. സംഗീത സംവിധായകൻ രവീന്ദ്രനോടൊപ്പവും വർഷങ്ങളോളം പ്രവർത്തിച്ചു.

സംഗീത സംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീത വഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് അദ്ദേഹം. എറണാകുളം വൈപ്പിൻകരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പിൽ ഫ്രാൻസിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളിൽ മൂത്തയാളായിരുന്നു ആറ്റ്ലി.

അമ്മാവൻ നാടോടികളുടെ കൈയിൽ നിന്ന് വാങ്ങി നൽകിയ കളി വീണയിൽ പാട്ടുകൾ വായിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സം​ഗീത യാത്രക്ക് തുടക്കമിട്ടത്. പിന്നീട് പിതാവ് വയലിൻ വാങ്ങി നൽകി. ഫോറസ്റ്റ് ഓഫീസറായ പിതാവിന് വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആറ്റ്ലി തൃശൂരിലെത്തുന്നത്.

സ്വയം പഠനത്തിലൂടെയാണ് അദ്ദേഹം വളർന്നത്. മാൻഡലിൻ, ഗിറ്റാർ എന്നിവയിൽ പ്രാവീണ്യം നേടി. 'അമ്മാവനു പറ്റിയ അമളി' എന്ന സിനിമയ്ക്കു വേണ്ടിയും നിരവധി സീരിയലുകൾക്കു വേണ്ടിയും സംഗീത സംവിധാനം നിർവഹിച്ചു. ആകാശവാണി, ദൂരദർശൻ ആർട്ടിസ്റ്റായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കേ, ഇന്നലെ വൈകീട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ട. അധ്യാപിക ഫെൽസിയാണ് ഭാര്യ. മക്കൾ: ആറ്റ്ഫെൽ റിച്ചാർഡ് ഡിക്കൂഞ്ഞ, മേരി ഷൈഫൽ റോഡ്രിക്സ്. മരുമക്കൾ: ട്രീസാ എവലിൻ ഡിക്കൂഞ്ഞ, സ്റ്റീഫൻ മെൽവിൻ റോഡ്രിക്സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com