കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍
കെബി ​ഗണേഷ് കുമാർ
കെബി ​ഗണേഷ് കുമാർഫെയ്സ്ബുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ . ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു. മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു സമീപം മേയറുടെ കാര്‍ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും, പട്ടം മുതല്‍ ബസിനെ കാര്‍ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതും ഡ്രൈവര്‍ കാബിനില്‍ നടന്ന സംഭവങ്ങളും കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമായിരുന്നു.

ഡ്രൈവര്‍ യദുവിന്റെ പ്രതികരണം

മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വണ്ടിയോടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ?.തെളിവുകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദു പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ വണ്ടി ഓടിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. വീഡിയോ റെക്കോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. മുന്‍വശത്ത് ഉണ്ടായിരുന്ന സ്‌ക്രീനില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കാണാമായിരുന്നു. പോയത് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ. പരാതി കൊടുത്ത പോലെ തന്നെ. കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുത്തപ്പോള്‍ നിങ്ങള്‍ക്കെതിരെ പരാതികള്‍ ഇല്ലേ എന്ന് പറഞ്ഞ് എന്നെയാണ് കുറ്റപ്പെടുത്തിയത്. അല്ലാതെ മേയര്‍ക്കെതിരെ കേസ് എടുക്കാം എന്ന് എവിടെയും പറഞ്ഞില്ല. എനിക്കെതിരെ ഇന്ന ഇന്ന കേസുകള്‍ ഉണ്ടല്ലോ എന്നാണ് പരാതി നല്‍കാന്‍ പോയ എന്നോട് ചോദിച്ചത്. യാത്രക്കാര്‍ എടുത്ത ദൃശ്യങ്ങള്‍ എംഎല്‍എയാണ് ഡിലീറ്റ് ചെയ്യിപ്പിച്ചത്. എംഎല്‍എ ബസില്‍ കയറാതെ എങ്ങനെയാണ് ഡിലീറ്റ് ചെയ്യിപ്പിക്കുക. ആ വീഡിയോകളില്‍ എംഎല്‍എ ബസിനുള്ളില്‍ കയറുന്ന ദൃശ്യങ്ങളും ഉണ്ട്'- യെദു പറഞ്ഞു.

'മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന സമയത്തും സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ഡിപ്പോയില്‍ പോയി ബസില്‍ നോക്കുമ്പോഴും സിസിടിവി വര്‍ക്കിങ് ആയിരുന്നു. ക്യാമറ ഓണില്‍ തന്നെയാണ് കിടന്നിരുന്നത്. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ.അവര്‍ ഇത്രയൊക്കെ ചെയ്തിട്ടും അവരെയല്ലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നത്. നിയമങ്ങള്‍ എല്ലാം അവരുടെ കൂടെയല്ലേ നില്‍ക്കുന്നത്. തെളിവുകള്‍ പുറത്തുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് തെളിവില്ല. എന്നാല്‍ എനിക്ക് തെളിവ് ഉണ്ടായിട്ട് പോലും ഞാന്‍ കുറ്റക്കാരനായി നില്‍ക്കുകയാണ്.' -യെദു പറഞ്ഞു.

കെബി ​ഗണേഷ് കുമാർ
മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com