'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

അങ്ങനെ പറഞ്ഞുവിടാന്‍ പറ്റിയ ആളല്ല താനെന്ന് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അറിയാമെന്ന് കെ സുധാകരന്‍
എംഎം ഹസ്സനും കെ സുധാകരനും
എംഎം ഹസ്സനും കെ സുധാകരനും ഫയൽ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്നും ആക്ടിങ് പ്രസിഡന്റായ എംഎം ഹസ്സന്‍ വിട്ടു നിന്നതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍. തന്റെ സാന്നിധ്യം വേണ്ടെന്ന് പുള്ളിക്ക് തോന്നിയിരിക്കും. എങ്കിലും ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്നു താന്‍ കരുതുന്നുവെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഇതു ചാര്‍ജ് കൈമാറല്ല, പൊളിറ്റിക്കല്‍ പ്രോസസ് മാത്രമാണ്. രണ്ടും രണ്ടാണ്. എഐസിസി നിശ്ചയിച്ച പ്രകാരമാണ് താനിവിടെ വന്നിരിക്കുന്നത്. ഹസ്സനും വന്നത് അങ്ങനെയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തിരികെയെത്താന്‍ വൈകിയിട്ടില്ല. ആകെ നാലു ദിവസമല്ലേ ആയിട്ടുള്ളൂ, എന്തു വൈകിയെന്നാണ് പറയുന്നത് എന്ന് സുധാകരന്‍ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2011 ല്‍ കെപിസിസി താല്‍ക്കാലിക പ്രസിഡന്റായ തലേക്കുന്നില്‍ ബഷീര്‍, തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം സ്ഥാനമൊഴിഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അവനവന്‍ തീരുമാനിക്കുന്നു. വാശിയൊന്നുമില്ലല്ലോ എന്നും സുധാകരന്‍ പറഞ്ഞു.

അവനവന് തീരുമാനിക്കാം എപ്പോ ചാര്‍ജ് എടുക്കണം, ഒഴിവാകണം എന്നൊക്കെ. നമ്മുടെ പാര്‍ട്ടിയില്‍ ആ സ്വാതന്ത്ര്യം തന്നതാണ്. നമുക്കെല്ലാം ആ സ്വാതന്ത്ര്യം ഉണ്ട്. ഹസ്സന്റെ അസാന്നിധ്യത്തില്‍ തനിക്ക് ഒരു പ്രയാസവും തടസ്സവുമില്ല. എപ്പോ വേണമെങ്കിലും ഹസ്സനെ വിളിച്ചു ചോദിക്കും. നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതല്ലേ എന്ന ചോദ്യം എന്നോടാണോ ചോദിക്കേണ്ടത്. ഇതെല്ലാം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു.

മത്സരിക്കുന്നതുകൊണ്ടല്ല കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. കെപിസിസി പ്രസിഡന്റ് ആയ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതും പ്രസിഡന്റ് അല്ലാത്തയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതും രണ്ടും രണ്ടാണ്. ഇതു താരതമ്യം ചെയ്യുന്നത് ശരിയല്ല. സംസ്ഥാനത്തെ മൊത്തം കോണ്‍ഗ്രസിന്റയെും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തിരുത്തുകയും ചെയ്യേണ്ട ചുമതല കെപിസിസി പ്രസിഡന്റിനുണ്ട് എന്നും കെ സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍, രാജ്യത്തെ മൊത്തത്തില്‍ നോക്കുന്ന കൂട്ടത്തിലേ കെസിക്ക് കേരളത്തെ നോക്കേണ്ടതുള്ളൂ. അതു ചെറിയ ഘടകമാണ്. സംസ്ഥാനത്തെ 20 സീറ്റുകളും നോക്കുക എന്നത് വലിയ ബര്‍ഡനാണ് എന്നും സുധാകരന്‍ പറഞ്ഞു. ഒരു സീറ്റ് നല്‍കി പറഞ്ഞുവിടാനല്ലേ പാര്‍ട്ടിയില്‍ ശ്രമിച്ചതെന്ന ചോദ്യത്തിന്, അങ്ങനെ പറഞ്ഞുവിടാന്‍ പറ്റിയ ആളല്ല താനെന്ന് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു.

എംഎം ഹസ്സനും കെ സുധാകരനും
എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

താല്‍ക്കാലിക പ്രസിഡന്റ് എന്ന നിലയില്‍ ഹസ്സന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. എംഎ ലത്തീഫിനെ തിരിച്ചെടുത്തത് മാത്രമാണ് ചൂണ്ടിക്കാട്ടിയപ്പോള്‍, ചോദ്യം ചെയ്യപ്പെടാനുള്ളത് അതു മാത്രമേയുള്ളൂ എന്ന് സുധാകരന്‍ പറഞ്ഞു. ഇതില്‍ കൂടിയാലോചന നടന്നില്ല. തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നുള്ളത് പരിശോധിച്ച് തീരുമാനമെടുക്കും. ലത്തീഫിനെതിരെ ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com