ആരും   ഭയപ്പെടുത്തേണ്ട,  ഞങ്ങള്‍   പെണ്‍കുട്ടികള്‍ തന്നെ

വര്‍ഷങ്ങളായി നിലനിന്ന ജാതീയതയ്ക്കും ലിംഗനീതി നിഷേധത്തിനുമെതിരായിരുന്നു ഈ സമരം. അതിന്റെ പേരില്‍ പഠനകാര്യത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വേട്ടയാടല്‍ ഉണ്ടാകുമെന്ന ഭയം ഇപ്പോള്‍ എല്ലാവരിലുമുണ്ട് 
ആര്യാ ജോണ്‍ സഹപാഠികള്‍ക്കൊപ്പം
ആര്യാ ജോണ്‍ സഹപാഠികള്‍ക്കൊപ്പം

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമി ലോ കോളേജില്‍നിന്നു പുറത്തുവന്ന അസ്വാരസ്യങ്ങളുടെ ഉറവിടം അന്വേഷിച്ചാല്‍ എത്തിനില്‍ക്കുക പേരെടുത്ത രാഷ്ട്രീയപ്പാര്‍ട്ടിയിലോ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലോ ആയിരിക്കില്ല. ജാതി നോക്കാതെ കൂട്ടുകൂടാനും പ്രതികരണശേഷിയെ തച്ചുടച്ച് ഏകാധിപത്യഭരണം നടത്തുന്ന സ്വാശ്രയ മുതലാളിത്ത സംസ്‌കാരത്തിനുനേരെ ചെറുവിരലെങ്കിലും ഉയര്‍ത്താനും ശ്രമിച്ച പെണ്‍പുലികളുടെ ശബ്ദങ്ങളാണ് അവിടെ മുഴങ്ങിക്കേട്ടത്. വിദ്യാലയങ്ങള്‍ ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ ഓര്‍മ്മിപ്പിക്കുന്ന കാലഘട്ടത്തില്‍ 50–വര്‍ഷം പ്രവൃത്തിപരിചയമുള്ള തിരുവനന്തപുരത്തെ ലോ കോളേജില്‍നിന്നു പുരത്തുവരുന്ന വാര്‍ത്തകള്‍ ആശാവഹമല്ല, ആശ്വാസത്തിനിട നല്‍കുന്നതുമല്ല.
ഒരു മാസത്തോളം ചാനല്‍ ചര്‍ച്ചകളിലും പത്രമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിലും ലോ കോളേജ് പ്രശ്‌നം നിറഞ്ഞുനിന്നെങ്കില്‍, അതിനു കാരണം കൈക്കൊണ്ട തീരുമാനത്തില്‍നിന്നും വ്യതിചലിക്കാതെ, ഒരു രാഷ്ട്രീയച്ചേരിയുടേയും പിന്‍ബലമില്ലാതെ പോരാടിയ വിദ്യാര്‍ത്ഥിനികളുടെ സ്വതന്ത്രസഖ്യം ഒന്നു മാത്രമാണ്. ആര്യ, കാവ്യ, ആശ, ട്രീസ ജോസ് എന്നിവര്‍ അവരുടെ പ്രതിനിധികളാണ്. ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ട സമരമായിരുന്നില്ല ലോ കോളേജിലെ വിദ്യാര്‍ത്ഥിനി കൂട്ടായ്മയുടേത്. ചാരം മൂടിക്കിടന്ന കനലുകളില്‍നിന്നു പുറം ലോകത്തേക്ക് തീ ആളിപ്പടരാന്‍ സമയമെടുത്തു എന്നു മാത്രമേ ഇപ്പോഴത്തെ സമരത്തിന് അര്‍ത്ഥമുള്ളൂ.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ഏകാധിപത്യ ഭരണത്തിന് എതിരായി ലോ കോളേജില്‍ അങ്ങിങ്ങായി പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അതൊരു ഗര്‍ജ്ജന ഭാവത്തിലേക്കു മാറിയത് തൃശ്ശൂര്‍ പാമ്പാടി ജവഹര്‍ലാല്‍ നെഹ്‌റു എന്‍ജിനീയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ വാര്‍ത്തയോടെയാണ്. 
അസഭ്യപ്രയോഗങ്ങള്‍, പരസ്യമായ അവഹേളനങ്ങള്‍, ജാതീയധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് നല്‍കാതിരിക്കല്‍, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥികളുടെ സ്വകാര്യത മാനിക്കാതിരിക്കുക എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ നേരിട്ട ലക്ഷ്മി നായര്‍ക്കു വിവിധ രാഷ്ട്രീയ കക്ഷികളുടേയും സാമുദായിക നേതാക്കന്മാരുടേയും പിന്‍ബലം ഉണ്ടായിരുന്നിട്ടുകൂടി പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചില്ല. അതിനുകാരണം വിദ്യാര്‍ത്ഥിനികളുടെ സ്വതന്ത്രസംഘടനയെന്ന ആശയമാണ്. പ്രക്ഷോഭത്തിനു ലഭിച്ച നാട്ടുകാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. രജനി എസ്. ആനന്ദ് മുതല്‍ ജിഷ്ണു പ്രണോയ് വരെ നീണ്ടു നില്‍ക്കുന്ന സ്വാശ്രയ ഇരകള്‍ക്ക് ഇനിയും ലഭിക്കാത്ത നീതിയിലേക്കു വിരല്‍ചൂണ്ടന്നതാണ് ലോ കോളേജ് സമരം. ലോ കോളേജ് പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ സംഘടിച്ച വിദ്യാര്‍ത്ഥിനി പ്രതിഷേധ കൂട്ടായ്മയുടെ നേതാക്കളിലൊരാളായ ആര്യ സംസാരിക്കുന്നു:

പ്രക്ഷോഭത്തിന്റെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നു? അതു നേടിയെടുക്കാനുള്ള സാഹചര്യങ്ങള്‍, ചര്‍ച്ചകള്‍, പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?
പ്രധാനമായും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ഏകാധിപത്യ ഭരണത്തിനു തിരശ്ശീല വീഴ്ത്തുക, ഇന്റേണല്‍ മാര്‍ക്ക് സുതാര്യമാക്കുക എന്നിവ തന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യങ്ങള്‍. എസ്.എഫ്.ഐ നേടിഎന്നവകാശപ്പെടുന്ന 17 കാര്യങ്ങള്‍ക്കുപരി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പലിനെ മാറ്റുന്നതുള്‍പ്പെടെയുള്ള 31 കാര്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതാണ് ഞങ്ങളുടെ വിജയം.

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒഴിവാക്കി വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം?
ഒന്നാമത്തെ കാര്യം സ്ഥാപന മേധാവി ലക്ഷ്മി നായര്‍ ഹോസ്റ്റലിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പേരില്‍ ഒത്തുചേരുക അസാധ്യമായിരുന്നു. രണ്ടാമതായി വിദ്യാര്‍ത്ഥിനികള്‍ പലരും പല പാര്‍ട്ടി അനുഭാവികളായിരുന്നു. പാര്‍ട്ടികളുടെ പേരില്‍ ചിതറിനില്‍ക്കാതെ ഒറ്റക്കെട്ടായിനിന്നു ലക്ഷ്യം നേടിയെടുക്കാനുള്ള ബോധത്തില്‍നിന്നാണ് പ്രതിഷേധ കൂട്ടായ്മയായി സംഘടിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഈ കാര്യം ഞങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്തതുതന്നെ കോളേജിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടാണ്. അവര്‍ക്ക് പൂര്‍ണ്ണമായും അനുകൂല നിലപാടായിരുന്നു.

സമരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കും ഹിഡന്‍ അജന്‍ഡകള്‍ക്കുമായി ഹൈജാക്ക് ചെയ്തിരുന്നു എന്നു തോന്നുന്നുണ്ടോ?
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഞങ്ങളോടൊപ്പം നിന്നവരാണ്. പല നേതാക്കന്മാരേയും ഞങ്ങള്‍ നേരിട്ടുകണ്ടു സംസാരിച്ചത് പ്രകാരമാണ് അവര്‍ ഈ സമരമുഖത്തേയ്ക്കു കടന്നുവന്നത്. ഭൂമി വിഷയവും ഇന്‍കംടാക്‌സ് പ്രശ്‌നങ്ങളും പ്രിന്‍സിപ്പലിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നങ്ങളും പുറത്തുകൊണ്ടുവന്നതു വിവിധ പാര്‍ട്ടികളാണ്. യഥാര്‍ത്ഥത്തില്‍ ഇതൊന്നും ഞങ്ങളുടെ വിഷയങ്ങളേ ആയിരുന്നില്ല. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്വാഭാവിക രീതിയാണ്. എന്തൊക്കെത്തന്നെയായാലും അവയെല്ലാം വിദ്യാര്‍ത്ഥിസംഘടനയെന്ന നിലയില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്കു ഗുണപരമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.

മഹാരാജാസ് കോളേജില്‍ സ്വയം ഭരണത്തിന്റെ പ്രതികരണമായി പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ ലോ കോളേജില്‍ മൗനം ഭജിച്ചതായി തോന്നുന്നുണ്ടോ?
മഹാരാജാസിലേയും ലോ കോളേജിലെയും അവസ്ഥ തീര്‍ത്തും വിഭിന്നങ്ങളായിരുന്നു. മഹാരാജാസ് കോളേജില്‍ സ്വയംഭരണ പദവിയുടെ പ്രശ്‌നങ്ങളായിരുന്നു വിഷയം,എന്നാല്‍, ലോ കോളേജില്‍ സ്വാശ്രയ സ്ഥാപനത്തിന്റെ പ്രശ്‌നങ്ങളായിരുന്നു അരങ്ങേറിയത്. ഇവിടുത്തെ മാനേജ്‌മെന്റിനു സര്‍ക്കാരിലും പ്രത്യേകിച്ച് ഇടതുപക്ഷ പാര്‍ട്ടികളിലും വളരെ സ്വാധീനമുണ്ടായിരുന്നു. അപ്പോള്‍ അതിന്റേതായ മൗനം എസ്.എഫ്.ഐ പാലിച്ചിരുന്നു. എന്നിരുന്നാലും ആദ്യം മുതല്‍തന്നെ ഞങ്ങളുടെ തീരുമാനങ്ങളെ മാനിക്കുകയും അതിനു പിന്തുണ തരികയും ചെയ്തത് അവര്‍ തന്നെയാണ്. അവര്‍ക്കു മുകളിലുള്ളവരുടെ നല്ല സമ്മര്‍ദ്ദം  നേരിടേണ്ടിവന്നിട്ടുണ്ട്. അതിന്റെ പേരില്‍ത്തന്നെയാണ് ഒരു സംഘടന മാത്രമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച പരിഹാരത്തിലൂടെ സമരമുഖത്തുനിന്ന് അവര്‍ പിന്മാറിയത്.

ഒരുകാലത്ത് അടിച്ചമര്‍ത്തപ്പെട്ടു എന്നു നാം കരുതിയിരുന്ന ലിംഗനീതി നിഷേധവും ജാതീയതയും കേരളത്തിലെ കലാലയങ്ങളില്‍ തലപൊക്കി തുടങ്ങിയിട്ടുണ്ടോ?
തീര്‍ച്ചയായും. വര്‍ഷങ്ങളായി നടന്നുവന്ന സംഭവങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജാതീയതയും ലിംഗനീതി നിഷേധമെല്ലാം. കുട്ടികള്‍ ഛര്‍ദ്ദിക്കുന്ന പക്ഷം ടി.സി. കൊടുത്തു വിടുമെന്നാണ് രക്ഷകര്‍ത്താക്കളോടുപോലും പറയുക. ഇത്രയും ലോകങ്ങള്‍ കറങ്ങി സഞ്ചരിച്ചു വിവിധ സംസ്‌കൃതികള്‍ അടുത്തറിഞ്ഞ ലക്ഷ്മി മാഡത്തെപ്പോലെയുള്ളവര്‍ പെണ്‍കുട്ടികളോടുതന്നെ ഇത്തരത്തില്‍ പെരുമാറുകയെന്നതു നിരാശാജനകമായ കാര്യങ്ങളാണ്.

എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പല്‍ എല്‍.എ. ബീനയും ലക്ഷ്മി നായരും കണ്ട സ്വപ്‌നം ഒന്നു തന്നെയായിരുന്നില്ലേ? ആണ്‍–പെണ്‍ സൗഹൃദവിമുക്ത കലാലയം?
ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ടു മീറ്റര്‍ അകലത്തില്‍നിന്നു സംസാരിക്കുകയെന്ന രീതിയായിരുന്നു ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഏതെങ്കിലും ഒരാണ്‍കുട്ടിയോടു സംസാരിക്കുന്നത് ലക്ഷ്മി മാഡത്തിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ത്തന്നെ അതിനു മറ്റൊരു അര്‍ത്ഥതലംപോലും അവര്‍ കണ്ടെത്തിയേക്കും. സി.സി.ടി.വി നിരീക്ഷണത്തിന്‍ കീഴിലുള്ള ക്‌ളാസ്‌സുകളിലെ പരസ്പരമുള്ള ആശയവിനിമയങ്ങള്‍ക്കുപോലും അദൃശ്യമായ അതിര്‍വരമ്പുകള്‍ ഉടലെടുത്തിരുന്നു. കുസാറ്റ് കോളേജ് ഹോസ്റ്റലില്‍ രാത്രി ആറുമണിയില്‍നിന്ന് എട്ടു മണിയിലേക്കു കര്‍ഫ്യൂ ടൈം നീട്ടിക്കിട്ടാന്‍ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിക്കുശേഷം പുറത്തുപോകാനുള്ള സ്വാതന്ത്ര്യത്തിനാണ് വാദിച്ചതെന്നോര്‍ക്കണം. ഇത്രത്തോളം വികസനോന്മുഖമായ കാഴ്ചപ്പാടില്‍ സമൂഹം വളരുമ്പോള്‍ ആണ്‍–പെണ്‍ സൗഹൃദം മറ്റു രീതികളില്‍ വ്യാഖ്യാനം ചെയ്യപ്പെടുകയെന്നത് അങ്ങേയറ്റം അരോചകമായിരിക്കും. ഓരോരുത്തരുടെ ചിന്താഗതിയിലെ വൈകല്യങ്ങള്‍ മാറ്റിയെടുക്കുന്നതിനുള്ള ഉത്തമ പോംവഴികള്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളായിരിക്കും.

കേരള ലോ അക്കാദമിക്ക് തുടക്കമിട്ട ഡോ. നാരായണന്‍ നായരുടെ ഭരണമികവോ നേട്ടങ്ങളോ അവകാശപ്പെടാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രിന്‍സിപ്പല്‍ പദവിയിലൂടെ ലക്ഷ്മി നായര്‍ക്കു സാധിക്കുമോ?
എന്തെല്ലാം ആരോപണങ്ങള്‍ അദ്ദേഹത്തിനുമേല്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം കവച്ചുവയ്ക്കുന്ന തരത്തില്‍ ഭരണം നടത്താന്‍ അദ്ദേഹത്തിനു പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ പക്ഷത്തുനിന്നുകൊണ്ട് അവരില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. ഒരുപക്ഷേ, വിദ്യാര്‍ത്ഥികള്‍ ഇടഞ്ഞുകഴിഞ്ഞാല്‍ കലാലയത്തിനുള്ളിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തേയ്‌ക്കെത്തുമെന്നും വിരലുകള്‍ തന്റെ നേരെയും ചൂണ്ടപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി സൗഹൃദ ക്യാംപസ് രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍, പിന്‍ഗാമി ലക്ഷ്മി നായര്‍ക്കു പിഴച്ചതിനു കാരണം തന്നിഷ്ടവും അഹങ്കാരവും തന്നെയാണ്.

തമിഴ്‌നാട്ടില്‍ ജനുവരി 17 മുതല്‍ 23 വരെ നടന്ന ജല്ലിക്കട്ട് പ്രക്ഷോഭം ഒരു പാര്‍ട്ടിയുടേയും പിന്‍ബലമില്ലാതെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു. അവര്‍ അര്‍ഹിച്ച വിജയം നേടിയപ്പോള്‍ നിങ്ങളുടെ വിജയത്തിന് 29 ദിവസത്തോളം കാത്തിരിക്കേണ്ടിവന്നു?
തമിഴ്‌നാട്ടില്‍ അരങ്ങേറിയതു പൊതുജനങ്ങളുടേയും സര്‍ക്കാരിന്റേയും ഏകസ്വരത്തിലുള്ള ആവശ്യമായിരുന്നു. എന്നാല്‍, ഞങ്ങളുടെ കാര്യത്തില്‍ അര്‍ഹിച്ച പിന്തുണയോ പരിഗണനയോപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ടോംസ് കോളേജിനെയും നെഹ്‌റു കോളേജിനെയും കുറിച്ചു വാതോരാതെ സംസാരിച്ച മന്ത്രിമാര്‍ ലോ കോളേജ് വിഷയത്തില്‍ ഉരിയാടാതെ നിന്നു. ആ ഒരവസരത്തില്‍ ഞങ്ങള്‍ക്കര്‍ഹിച്ച ന്യായങ്ങള്‍ നേടിയെടുക്കാന്‍ അതിന്റേതായ കാലതാമസവും നേരിട്ടിട്ടുണ്ട്. പിന്നെ ആരെയും കൂസാതെയുള്ള പ്രിന്‍സിപ്പലിന്റെ മനോഭാവം കാണുമ്പോള്‍ത്തന്നെ ആരാലൊക്കെയോ സംരക്ഷിക്കപ്പെടുന്നുണ്ടെന്നു ന്യായമായും മനസ്‌സിലാക്കാവുന്നതേയുള്ളു. ഒരു കലാപത്തിന്റെ സൂചന കണ്ടുതുടങ്ങിയതില്‍പ്പിന്നെയാണ് സര്‍ക്കാര്‍പോലും ഞങ്ങളുടെ സമരങ്ങള്‍ക്ക് അനുകൂല നിലപാടെടുത്തത്.

ജല്ലിക്കട്ട് പ്രക്ഷോഭം രാഷ്ട്രീയക്കാര്‍ കയ്യടക്കുന്നതിനെതിരെ പ്രക്ഷോഭകര്‍ ശ്രദ്ധാലുക്കളായിരുന്നു.എന്നാല്‍, നിങ്ങള്‍ക്ക് എവിടെയാണ് പിഴച്ചത്?
മീഡിയ സപ്പോര്‍ട്ട് ആദ്യ സമയങ്ങളില്‍ ഞങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. 4–5 ദിവസങ്ങള്‍ക്കുശേഷമാണ് മീഡിയ ഈ വിഷയം ഏറ്റെടുത്തു തുടങ്ങിയത്. യാതൊരുവിധ പിന്തുണയുമില്ലാതിരുന്ന ഞങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത് ഈ പറയുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ്. ആദ്യഘട്ടത്തില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗപ്രവേശം ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്നാലെ സ്ഥാപിത താല്പര്യങ്ങള്‍ക്കു പുറകെ പാഞ്ഞതും കാണാന്‍ കഴിഞ്ഞു. എന്തു തന്നെയായിരുന്നാലും സമരത്തിന്റെ ഒരേ ഒരു ലക്ഷ്യം പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ഭരണം പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുകയെന്നതായിരുന്നു. അതിനു ഞങ്ങള്‍ക്ക് ഈ പറയുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ കിട്ടിയേ തീരൂ. ഇനി ക്രെഡിറ്റിന്റെ കാര്യമാണെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമരം അവരവരുടെ വിജയമായി പ്രഖ്യാപിക്കുന്നുണ്ട്. അതിലൊന്നും പരാതിയോ പരിഭവമോ ഇല്ല. ഞങ്ങള്‍ ആവശ്യപ്പെട്ട നീതി ഞങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.

വി.എസ്‌സിന്റെ സമരമുഖത്തേക്കുള്ള രംഗപ്രവേശം എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിലുപരി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ സ്വതന്ത്ര കൂട്ടായ്മയുടെ ആവശ്യപ്രകാരമായിരുന്നോ?
തീര്‍ച്ചയായും അതങ്ങനെ തന്നെയാണ്. വി.എസ്. സമരമുഖത്തേക്കു കടന്നുവരുന്നതു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ സ്വതന്ത്ര കൂട്ടായ്മയുടെ ആവശ്യപ്രകാരമായിരുന്നു. ആവര്‍ത്തിച്ചു മൂന്നുതവണ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍നിന്നു തന്നെ ഞങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു മനസ്‌സിലാക്കിയ അദ്ദേഹം അതിനനുകൂലമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. വി.എസ്‌സിനെപേ്പാലെയുള്ള ഒരാളുടെ അഭിപ്രായപ്രകടനംപോലും ഞങ്ങളുടെ പ്രക്ഷോഭത്തിന് എല്ലാവിധത്തിലും ഗുണമാകുമെന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.

സി.പി.എം അനുഭാവിയായ ഭാഗ്യലക്ഷ്മി (വടക്കാഞ്ചേരി പീഡനക്കേസ് പുറത്തുകൊണ്ടുവന്നതോടുകൂടി പാര്‍ട്ടിയുമായി അഭിപ്രായഭിന്നത) പിന്തുണ പ്രഖ്യാപിച്ചതിനെ എങ്ങനെയാണ് നോക്കിക്കണ്ടത്?
ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നു തന്റേതന്നെ പ്രവൃത്തിയിലൂടെ നമുക്കു കാട്ടിത്തരുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ആദ്യ ഘട്ടത്തിലെ ഞങ്ങളുടെ പ്രക്ഷോഭത്തിനു മതിയായ മാധ്യമശ്രദ്ധ കിട്ടാതിരുന്ന സമയത്താണ് ആ ഇടപെടല്‍ ഉണ്ടാകുന്നത്. ഞങ്ങളുടെ സമരമുഖത്തേക്കു കടന്നുവരണമെന്ന ക്ഷണത്തിനുശേഷം രണ്ടു മണിക്കൂറിനുള്ളില്‍ മാം സമരപ്പന്തലിലെത്തിയിരുന്നു. ഞങ്ങള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും പകര്‍ന്നുനല്‍കി ആദ്യാവസാനം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അതുപോലെതന്നെ പാര്‍വ്വതിയും ഞങ്ങള്‍ക്കു നിയമസഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിപേ്പാന്നിരുന്നു. ഞങ്ങളുടെ ശബ്ദം ചാനലുകള്‍ ഏറ്റെടുക്കുന്നതിലും ജനമദ്ധ്യത്തില്‍ എത്തിക്കുന്നതിലും ഇവരുടെ പങ്ക് നിസ്തുലമാണ്.

സമരമുഖത്ത് പ്രിന്‍സിപ്പലിനോപ്പം തന്നെ ഉയര്‍ന്നുകേട്ട പേരാണ് അവരുടെ മരുമകളും അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ അനുരാധയുടെ പേര്?
ലക്ഷ്മി നായരുടെ തനി പകര്‍പ്പുതന്നെയായിരുന്നു ക്യാംപസില്‍ അനുരാധ. ഒരു പെണ്‍കുട്ടി ജീവിച്ചുവളര്‍ന്ന സാഹചര്യത്തില്‍നിന്ന്  എങ്ങനെയെല്ലാം മാറിപ്പോകുമെന്ന് അനുരാധ ഞങ്ങള്‍ക്കു കാട്ടിത്തന്നു.  എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടു പ്രിന്‍സിപ്പല്‍ ഫുള്‍ ഇന്റേണല്‍ മാര്‍ക്ക് ഇട്ടുകൊടുത്തതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും നീതിയുക്തമായ തീരുമാനമാണ് ലഭിച്ചിരിക്കുന്നത്.

പ്രതികാര നടപടികളെ ഭയക്കുന്നുണ്ടോ?
ഉണ്ട്. ഞങ്ങളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതിലുപരി, അല്ലെങ്കില്‍ തോല്‍പ്പിക്കുന്നതിലുപരി ഞങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഈ സമരമുഖത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ മറ്റു രീതികളില്‍ താറടിച്ചു കാണിക്കാനുള്ള നീക്കം അണിയറയില്‍ അരങ്ങേറുകയാണ്. പിന്നെ ഏതൊരു സാമൂഹ്യ വിപത്തിനെയും നേരിടാനിറങ്ങുമ്പോഴെന്നപോലെ കല്ലേറുകളും പ്രതീക്ഷിച്ചു കൊണ്ടാണ് ഞങ്ങളീ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്.  പൊതു സമൂഹവും കുടുംബവും സുഹൃത്തുക്കളും എന്നും ഞങ്ങളോടൊപ്പം ഉണ്ടാകും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പുഴുക്കളെ ഭയക്കുന്നില്ല. സംസ്‌കാരശൂന്യത അലങ്കാരമായി കൊണ്ടുനടക്കുന്നവരെ ഞങ്ങളെന്തിനു ഭയക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com