കഥയെ വെല്ലുന്ന ജീവിതവുമായി ഷെയിഖ് റഫീഖ് 

ഇന്ത്യയ്ക്കു പുറത്ത് ഉന്നത സൈനിക പദവിയില്‍ എത്തുന്ന ഇന്ത്യന്‍ വംശജനായ മലയാളിയെന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമയായ കേണല്‍ ജനറല്‍ ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്റെ ഉപമേധാവിയാണ്.
കേണല്‍ ജനറല്‍ ഷെയിഖ് റഫീഖ് 
കേണല്‍ ജനറല്‍ ഷെയിഖ് റഫീഖ് 

പായക്കപ്പലുകളില്‍ സമുദ്രപാതകള്‍ സാഹസികമായി മുറിച്ചുകടന്ന ലോകസഞ്ചാരികളെ സ്വീകരിച്ച ചരിത്രമാണ് സത്യത്തിന്റെ തുറമുഖമെന്ന നിലയില്‍ വിഖ്യാതമായ കോഴിക്കോടിനുള്ളത്. സഞ്ചാരസാഹിത്യത്തിനു മാത്രമല്ല, പൊതുവെ മലയാള സാഹിത്യത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ എസ്.കെ. പൊറ്റെക്കാട് കോഴിക്കോട് ലോകത്തിനു നല്‍കിയ വിശ്വസഞ്ചാരിയാണ്. അകലങ്ങളിലെ മനുഷ്യരെ തേടി ബി. രവീന്ദ്രന്‍ യാത്ര തുടങ്ങിയതും കോഴിക്കോട് നിന്നുതന്നെ. ചരിത്രത്തിന്റെ നാളിതുവരെയുള്ള എല്ലാ ഗതിവേഗങ്ങളിലും തിരയടങ്ങാത്ത ഈ സത്യത്തിന്റെ തുറമുഖം അവഗണിക്കാനാവാത്ത രേഖയായിനിലനില്‍ക്കുന്നു. കോഴിക്കോട് നിന്നുതന്നെയാണ് വി.കെ. കൃഷ്ണമേനോനുശേഷം വിശ്വപൗരനാകാന്‍ നിയോഗം ലഭിച്ച ഷെയിഖ് റഫീഖ് പതിനേഴാമത്തെ വയസില്‍ തന്റെ യാത്ര തുടങ്ങുന്നതും. 
മധ്യ പൗരസ്ത്യദേശങ്ങള്‍ കടന്നു മധ്യേഷ്യയിലെ മഞ്ഞുമലകളുടെ താഴ്‌വരയില്‍ റഷ്യയില്‍നിന്നു കുതറിത്തെറിച്ചു കിടക്കുന്ന കിര്‍ഗിസ്ഥാനിലെ സൈന്യത്തില്‍ ഷെയിഖ് റഫീഖിന് ഇപ്പോള്‍ ഉന്നത പദവി. ഇന്ത്യയ്ക്കു പുറത്ത് ഉന്നത സൈനിക പദവിയില്‍ എത്തുന്ന ഇന്ത്യന്‍ വംശജനായ മലയാളിയെന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമയായ കേണല്‍ ജനറല്‍ ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്റെ ഉപമേധാവിയാണ്. ഇരുപത്തിരണ്ടു വര്‍ഷത്തെ സേവനം ബാക്കിനില്‍ക്കെ സൈനിക അക്കാദമിയുടെ നവീകരണവും അഫ്ഗാന്‍ യുദ്ധത്തില്‍ പരിക്കുപറ്റിയ, അന്ന് റഷ്യയുടെ ഭാഗമായിരുന്ന കിര്‍ഗിസ്ഥാനിലെ സൈനികരുടെ പുനരധിവാസവും ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ആ മനസില്‍ രൂപപ്പെട്ടിരിക്കുന്നത്. മുംബൈയില്‍നിന്ന് ഇറാനിലേക്കും അവിടെനിന്ന് റഷ്യയിലേക്കും പിന്നീട് കിര്‍ഗിസ്ഥാനിലുമെത്തിയ ഷെയിഖ് റഫീഖിന്റെ ജീവിതയാത്ര ഒരു ശരാശരി മലയാളിയുടെ സങ്കല്പ്പങ്ങള്‍ക്ക് അപ്പുറത്താണ്. 
കഥകളെ വെല്ലുന്ന ജീവിതം എപ്പോഴും അസാധാരണ വ്യക്തിത്വങ്ങളുടെ കൂടപ്പിറപ്പാണ്. അനുഭവങ്ങളുടെ കരുത്തില്‍ സ്വയം പാകപ്പെടുത്തിയെടുത്ത സവിശേഷമായ ഒരു വ്യക്തിത്വമാണ് അടുത്തറിയുന്നവര്‍ക്ക് ഷെയിഖ് റഫീഖ്. ആറടിയിലധികം ഉയരവും അതിനൊത്ത ശരീരവുമുള്ള ഷെയിഖ് റഫീഖ് ശാരീരികമായി മാത്രമല്ല വലിയ മനുഷ്യനാകുന്നത്. വിശാലമായ മാനവികതയുടെ കൂടി പേരിലാണ് ഷെയിഖ് റഫീഖ് വലിയ മനുഷ്യനാകുന്നത്. നിരാലംബ ജന്‍മങ്ങളെ തന്റെ സംരക്ഷണത്തിന്റെ മേല്‍ക്കൂരയ്ക്കു കീഴില്‍ സ്‌നേഹവും ജീവിക്കാനുള്ള പ്രേരണയും നല്‍കി കൂടെ നിര്‍ത്താന്‍ ഷെയിഖ് റഫീഖിന് അറിയാം. സ്വഭാവത്തില്‍ കാര്‍ക്കശ്യമുണ്ട്. ഒപ്പം സ്‌നേഹസാന്ത്വനങ്ങളുടെ നൈര്‍മല്യവും. പ്രിയപ്പെട്ടവര്‍ക്കെന്നല്ല, തനിക്ക് ഒരുപക്ഷേ, കേട്ടുകേള്‍വി മാത്രമുള്ള ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ടു നേരിട്ടാല്‍ അതു പരിഹരിക്കുന്നതുവരെ ഉറക്കമില്ലാതെ അന്വേഷണവുമായി ഉണര്‍ന്നിരിക്കുന്ന ഒരു മനസ്. 

കിര്‍ഗിസ്ഥാന്‍ പ്രതിരോധമന്ത്രി മേജര്‍ മിര്‍സാ അലി ഷെയിഖ് റഫീഖിനു സൈനിക പദവി സമ്മാനിക്കുന്നു.
കിര്‍ഗിസ്ഥാന്‍ പ്രതിരോധമന്ത്രി മേജര്‍ മിര്‍സാ അലി ഷെയിഖ് റഫീഖിനു സൈനിക പദവി സമ്മാനിക്കുന്നു.

നല്ല സിനിമ കാണുമ്പോഴും നല്ല ഭക്ഷണം കഴിക്കുമ്പോഴും കൂട്ടിനു സുഹൃത്തുക്കള്‍ നിര്‍ബന്ധം. ആഹാരം എത്ര വിളമ്പിക്കൊടുത്താലും മതിയാകില്ല. ജിദ്ദയിലെ വില്ലയിലുള്ളപ്പോള്‍ ചിലപ്പേള്‍ തന്റെ പാചകക്കാരനു വിശ്രമം നല്‍കി സ്വയം പാചകം ചെയ്താണ് സുഹൃത്തുക്കളുടെ വയറും മനസ്‌സും നിറക്കുക. പിന്നീടു രാവേറെ ചെല്ലും വരെ അവരോടു കിസ്‌സകള്‍ പറഞ്ഞിരിക്കും. രസകരമായ ഉപമകള്‍ കോര്‍ത്തെടുത്താണ് വര്‍ത്തമാനം. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ ഒരാള്‍ക്ക് ഷെയിഖ് റഫീഖിനെ കേട്ടിരിക്കാം. അറിവിന്റെ അദ്ഭുതലോകം അദ്ദേഹം തുറന്നു തരും. 
മിര്‍സാ ഖാലിബിനെയും ജലാലുദ്ദീന്‍ റൂമിയെയും ഖലീല്‍ ജിബ്രാനെയും ഇഷ്ടപ്പെടുന്ന ഷെയിഖ് റഫീഖ് ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ ഗസലുകള്‍ കേട്ട് നിശ്ശബ്ദനായി അറേബ്യന്‍ മജ്‌ലിസില്‍ നേര്‍ത്ത വെളിച്ചത്തില്‍ ഇരിക്കും. മനസ്‌സിനെ പിടിച്ചുലയ്ക്കുന്ന ഒരു ഗസല്‍ കേട്ടാല്‍ അതിന്റെ ഓഡിയൊ ഡൗണ്‍ലോഡ് ചെയ്ത് അന്നേരം തന്നെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. വിശ്വ സിനിമയിലെ ക്‌ളാസിക്കുകളെ കുറിച്ച് ആധികാരികമായി സംസാരിക്കും. തെളിമയാര്‍ന്ന ചരിത്രബോധം. ചരിത്രമുഹൂര്‍ത്തങ്ങളുടെ സമയവും വര്‍ഷവും ചോദിച്ചാല്‍ കിറുകൃത്യമായ ഉത്തരം. ഇംഗ്‌ളീഷും പേര്‍ഷ്യനും ഉറുദുവും റഷ്യനും ഉള്‍പ്പടെ ഇരുപതിലധികം ലോകഭാഷകളില്‍ പ്രാവീണ്യം. നിരവധി രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍. കാലം നല്‍കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് യഥാര്‍ത്ഥ ബിരുദാനന്തര ബിരുദമെന്ന് കിര്‍ഗിസ്ഥാനില്‍ ചരിത്രഗവേഷണ പഠനം കൂടി നടത്തിക്കൊണ്ടിരിക്കുന്ന ഷെയിഖ് റഫീഖ് പറയും. 
ഭാര്യ ഇറാന്‍ വംശജയായ ഡോ.കാദിയ. മകന്‍ റോബിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാന്‍ പൗരന്‍. കുടുംബം സത്യത്തില്‍ ഒരു ഗേ്‌ളാബല്‍ ഫാമിലി. പതിനെട്ടു വര്‍ഷമായി ദുബായിലെ മിര്‍ദീഫില്‍ ഒരേ വില്ലയില്‍ താമസം. ജിദ്ദയിലെ കോര്‍ണിഷിലും കിര്‍ഗിസ്ഥാനിലും മനോഹരമായ കൊട്ടാര സദൃശ വില്ലകള്‍. 
കോഴിക്കോട്ടെ എരവണ്ണൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ അബ്ദുല്‍ ഹമീദിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച റഫീഖ് വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ കള്ളികളില്‍ സ്വയം തളച്ചിടാന്‍ താനില്ലെന്ന തീരുമാനമെടുത്താണ് അഞ്ചാം ക്‌ളാസ്‌സില്‍ പഠനം നിര്‍ത്തിയത്. പാഠപുസ്തകങ്ങള്‍ തീര്‍ത്ത വിരസലോകത്തുനിന്നു വിശാലമായ സ്വതന്ത്ര ലോകത്തേക്കു പടികടന്നു പോയ റഫീഖ് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്‌നിന്നു തന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ആരുടെയും കീഴില്‍ ജോലി ചെയ്യില്ലെന്നും സ്വന്തമായി എന്തെങ്കിലും കച്ചവടം ചെയ്തു ജീവിക്കുമെന്നുമുള്ള പ്രതിജ്ഞയുടെ കരുത്തില്‍ മുംബൈയില്‍ എത്തിയ റഫീഖ് മഹാനഗരത്തില്‍നിന്നു ജീവിതം പഠിച്ചു. മുംബെ റഫീഖിനു ജീവിതത്തിലെ സര്‍വ്വകലാശാലയായി മാറി. മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ നൂര്‍ഷാ ത്വരീഖത്തില്‍ ദിക്കറുകളും പ്രാര്‍ത്ഥനകളുമായി കുറച്ചുകാലം ചെലവഴിച്ചിരുന്നു. 
മുംബൈയെന്ന വൈവിധ്യങ്ങളുടെ മഹാനഗരം പഠിപ്പിച്ച ജീവിതവുമായി കരുത്തനായ ഷെയിഖ് റഫീഖ് പിന്നെയും യാത്ര തുടര്‍ന്നു. ഇരിപ്പുറക്കാത്ത സഞ്ചാരിയുടെ അശാന്ത മനസ്‌സുമായി നിരന്തരമായ യാത്രകള്‍. അക്കാലത്തു ജോലി തേടി സൗദി അറേബ്യയിലുമെത്തി. കുറച്ചു മാസങ്ങള്‍ക്കുശേഷം ഇവിടം വിട്ടു. പിന്നീട് ആ യാത്ര ചെന്നെത്തിയത് ലോകത്തെ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമപ്പൂവുകളുടെ നാടായ ഇറാനിലാണ്. കുങ്കുമപ്പൂവുകളുടെ കയറ്റുമതിതന്നെയായിരുന്നു ലക്ഷ്യമെങ്കിലും മറ്റു ബിസിനസുകള്‍ ചെയ്യാനായിരുന്നു നിയോഗം. പൊതുവെ ഇന്ത്യക്കാരോട് എക്കാലത്തും പ്രത്യേക മമത പുലര്‍ത്തുന്നവരാണ് ഇറാനികള്‍. ഇറാനില്‍ ഷെയിഖ് റഫീഖ് ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി.

ഷെയിഖ് റഫീഖ്, ഭാര്യ ഡോ. കാദിയ, മകന്‍ റോബിന്‍. 
ഷെയിഖ് റഫീഖ്, ഭാര്യ ഡോ. കാദിയ, മകന്‍ റോബിന്‍. 

സുഹൃത്തുക്കളുടെ സഹായത്തോടെ തുടങ്ങിയ സ്റ്റീല്‍ ഫാക്ടറി വന്‍ വളര്‍ച്ച കൈവരിച്ചു. ഇതോടെ പ്രശ്‌നങ്ങളായി. ഒരു വിദേശി സ്റ്റീല്‍ വ്യവസായരംഗത്ത് വിജയക്കൊടി പാറിക്കുന്നതു പല പരമ്പരാഗത വ്യവസായികള്‍ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സര്‍ക്കാര്‍ ഒടുവില്‍ ആ ഫാക്ടറി ഏറ്റെടുത്തു. റഫീഖ് വീണ്ടും പുതിയ ദേശങ്ങളും ഭാഗ്യവും തേടി യാത്ര തുടങ്ങി. 
റഷ്യ ഇടത്താവളമായിരുന്നു. അവിടെ വച്ചാണ് കിര്‍ഗിസ്ഥാന്റെ മണ്ണിനടിയില്‍ എണ്ണപ്പൈപ്പുകള്‍ കിടക്കുന്ന വിവരം അറിയുന്നത്. ഒരു കാലത്ത് ക്രൂഡ് ഓയില്‍ വാഹകരായിരുന്നു ഇരുമ്പു പൈപ്പുകള്‍. ഗോര്‍ബച്ചോവ് വിശാല റഷ്യയുടെ ഭൂപടം മാറ്റിവരച്ചപ്പോള്‍ സ്വതന്ത്ര രാഷ്ട്രമായി മാറിയ കിര്‍ഗിസ്ഥാന്‍ ചൈന, ഖസാക്കിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ നാലു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മധ്യേഷ്യയിലെ അതിവേഗം വികസനത്തിലേക്കു കുതിക്കുന്ന രാജ്യമാണ്. 1991 ആഗസ്റ്റ് 31-നാണ് കിര്‍ഗിസ്താന്‍ സ്വതന്ത്ര രാജ്യമായത്. സ്വതന്ത്ര രാജ്യമാണെങ്കിലും കിര്‍ഗിസ്ഥാന്‍ റഷ്യ തന്നെയാണ്. അല്ലെങ്കില്‍ റഷ്യയുടെ ഒരു മിനി പതിപ്പ്. കിര്‍ഗിസ്ഥാനില്‍നിന്നു കമ്യൂണിസം കൂടിയൊഴിഞ്ഞുപോയി. ഇസ്‌ലാമിക രാഷ്ട്രമാണ് കിര്‍ഗിസ്ഥാന്‍. 73,861 ചതുരശ്ര മൈലാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം. ആറു ദശലക്ഷമാണ് ജനസംഖ്യ. ജനസംഖ്യയില്‍ 83 ശതമാനം സുന്നി മുസ്‌ലിംകളാണ്. 
2005-ല്‍ ഇവിടെ ഖുര്‍മാന്‍ ബെയ്‌ക്കേവ് പ്രസിഡന്റായി അധികാരമേറ്റ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാനില്‍ എത്തുന്നത്. അപ്പോള്‍ ഖുര്‍മാന്‍ ബെയ്‌ക്കേവ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. ഖുര്‍മാന്‍ ബെയ്‌ക്കേവുമായി സൗഹൃദം സ്ഥാപിച്ചു കൊണ്ടാണ് കിര്‍ഗിസ്ഥാന്റെ മണ്ണിനു താഴെ മൈലുകള്‍ നീളത്തില്‍ കിടന്നിരുന്ന ഇരുമ്പു പൈപ്പുകള്‍ പുറത്തെടുത്തു സ്‌ക്രാപ്പ് ബിസിനസ് നടത്താന്‍ കരാര്‍ നേടിയത്. ഇതിനു പ്രത്യുപകാരമായി തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഷെയിഖ് റഫീഖ് ആളും അര്‍ത്ഥവും നല്‍കി ഖുര്‍മാന്‍ ബെയ്‌ക്കേവിനെ സഹായിച്ചു. ഖുര്‍മാന്‍ ബെയ്‌ക്കേവ് തെരഞ്ഞെടുപ്പു ജയിച്ച് അധികാരമേറ്റ ഉടനെ ഷെയിഖ് റഫീഖിന് കിര്‍ഗിസ്ഥാന്‍ പൗരത്വവും ഡിപ്‌ളോമാറ്റിക് സ്റ്റാറ്റസും നല്‍കി. 2006-ലാണ് പൗരത്വം സ്വീകരിക്കുന്നത്. ഇതോടെ അദ്ദേഹം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു. ഇന്ത്യന്‍ വംശജനായ കിര്‍ഗിസ്ഥാന്‍ പൗരനായി. 
സൗദിയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അടിസ്ഥാന വികസന രംഗത്തു പ്രവര്‍ത്തിക്കുന്ന ഗാമണ്‍ സൗദിയയുടെയും ഗാമണ്‍ മിഡില്‍ ഈസ്റ്റിന്റേയും ചെയര്‍മാനും സൗദി രാജകുടുംത്തിലെ സൗദ് ബിന്‍ മുസായിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ വ്യവസായ പങ്കാളിയുമായ ഷെയിഖ് റഫീഖ് ദീര്‍ഘകാലം കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്നു. കിര്‍ഗിസ്ഥാനിലേക്കു വന്‍തോതില്‍ വിദേശ നിക്ഷേപം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാന്‍ ഇക്കണോമിക് ഫ്രീസോണിന്റെ ഡയറക്ടറുമായിരുന്നു. 
സൗദി അറേബ്യ ഉള്‍െപ്പടെ വിവിധ ഇസ്‌ലാമിക രാജ്യങ്ങളുമായി കിര്‍ഗിസ്ഥാന്റെ നയതന്ത്ര ബന്ധം ഊഷ്മളമാക്കിയതിലും ഷെയിഖ് റഫീഖിന്റെ പങ്ക് അവിസ്മരണീയമാണ്. ഒരു പതിറ്റാണ്ടിന്റെ ഈ നിസ്വാര്‍ത്ഥ സേവനത്തെ മാനിച്ചുകൊണ്ടാണ് നേരത്തെ രാജ്യത്തു സൈനിക പരിശീലനം നേടിയിട്ടുള്ള ഷെയിഖ് റഫീഖിന് സൈന്യത്തിലെ ഉന്നത പദവിയായ കേണല്‍ ജനറല്‍ സ്ഥാനം നല്‍കിയത്. പ്രതിരോധമന്ത്രി മിര്‍സാ അലി നേരിട്ടാണ് സൈനിക ചിഹ്നങ്ങള്‍ സമ്മാനിച്ചത്. കിര്‍ഗിസ്ഥാന്‍ സൈനിക അക്കാദമിയുടെ നവീകരണവും റഷ്യന്‍ അഫ്ഗാന്‍ യുദ്ധത്തില്‍ പരിക്കേറ്റ കിര്‍ഗിസ്ഥാന്‍ സൈനികരുടെ സാമൂഹ്യക്ഷേമവുമാണ് പ്രധാന ചുമതലകള്‍. ഈ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. കിര്‍ഗിസ്ഥാന്റെ വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 
സ്ഥിരോത്സാഹവും ലക്ഷ്യബോധവുമുള്ളവരും ഉന്നതപദവികളില്‍ എത്തുമെന്നും വിജയം അവര്‍ക്കുള്ളതാണെന്നും വിശ്വസിക്കുന്ന ഷെയിഖ് റഫീഖിനെ മുന്‍നിര്‍ത്തി ധൈര്യപൂര്‍വ്വം പറയാം, അദ്ഭുതങ്ങളുടെ കാലം അവസാനിച്ചിട്ടില്ല. നാളെ ഒരു പക്ഷേ, കിര്‍ഗിസ്ഥാന്റെ ഭരണചക്രം ഈ ഇന്ത്യന്‍ വംശജന്റെ കൈകളിലെത്തില്ലെന്ന് ആര്‍ക്കു പറയാന്‍ സാധിക്കും? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com