തിരയെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു ആണ്‍മലയാളിക്കു പറയാനുള്ളത്

കേരളത്തിന്റെ സമകാല സാംസ്‌കാരിക ഭൂമികയിലതിനു ചരിത്രപരമായൊരു പ്രാധാന്യമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് മനസ്സിലുയര്‍ന്ന ചില ചിതറിയ ചിന്തകളുടെ പകര്‍ത്തിവയ്ക്കലിനു മുതിരുന്നത്
തിരയെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു ആണ്‍മലയാളിക്കു പറയാനുള്ളത്

യ്യടിക്കും കച്ചവട വിജയത്തിനും വേണ്ടി, സ്ത്രീയുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന തരത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ താന്‍ മേലില്‍ തയ്യാറാകില്ല എന്ന പൃഥ്വിരാജിന്റെ പ്രസ്താവനയാണ് ഈ കുറിപ്പിന് ആധാരം. എല്ലാ ആഴ്ചകളിലും വാചകമേളകളില്‍ ചേര്‍ക്കാന്‍ പാകത്തിന് പഞ്ച് ഡയലോഗുകള്‍ പുറപ്പെടുവിക്കാറുണ്ട് സിനിമാ പ്രവര്‍ത്തകര്‍. അതൊക്കെ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കാറുമുണ്ട്. പക്ഷേ, ആഴ്ചവട്ടത്തിനപ്പുറം എന്തെങ്കിലും അനുരണനങ്ങളുയര്‍ത്താന്‍ അത്തരം പ്രസ്താവനകള്‍ക്കു പൊതുവെ കഴിയാറില്ല. മൂന്നാറില്‍, നീലക്കുറിഞ്ഞി പൂക്കുന്നതിലും വിരളമായേ ചരിത്രപരമായി പ്രസക്തിയുള്ള എന്തെങ്കിലും ഇടപെടലുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളൂ. കണ്ടും കേട്ടും ചിരിച്ചും ചാനല്‍ ചര്‍ച്ചകളിലും ചായക്കട ചര്‍ച്ചകളിലും ഉള്‍പ്പെടുത്തിയും പരിഹസിച്ചും പുച്ഛിച്ചും പുറന്തള്ളിയുമൊക്കെ മലയാളികള്‍ അത്തരം ഇടപെടലുകളോടു കാലാകാലങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും നാളെകളില്‍ പൊതുസമൂഹത്തിന്റെ മറവിയിലേക്കു കടലെടുക്കപ്പെടും. ഓര്‍മ്മകളെല്ലാം ഏതൊക്കെയോ കോള്‍ഡ് സ്‌റ്റോറേജുകളില്‍ ഉറഞ്ഞിരിക്കുകയും ചിന്തകളെല്ലാം ഏതൊക്കെയോ ബാങ്ക് ലോക്കറുകളില്‍ പണയത്തിലിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മള്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു എന്ന മുറവിളികളെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഘട്ടത്തിലാണ് താരപദവിയിലുള്ള ഒരു നടന്റെ വ്യതിരിക്തമായ ശബ്ദം ഉയര്‍ന്നിരിക്കുന്നത് എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിന്റെ സമകാല സാംസ്‌കാരിക ഭൂമികയിലതിനു ചരിത്രപരമായൊരു പ്രാധാന്യമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് മനസ്സിലുയര്‍ന്ന ചില ചിതറിയ ചിന്തകളുടെ പകര്‍ത്തിവയ്ക്കലിനു മുതിരുന്നത്. സ്ത്രീ വിരുദ്ധതയുടെ പ്രക്ഷേപണ നിലയങ്ങളെന്ന വിധത്തില്‍ വിലയിരുത്തപ്പെടുന്ന മുഖ്യധാരാ സിനിമകളുടെ എഴുത്തുവഴികളിലൂടെ നടക്കാനിടയായ ഒരാളെന്ന നിലയില്‍ വ്യക്തിപരമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഞാനുള്‍പ്പെടുന്ന തിരയെഴുത്തു കൂട്ടത്തിന്റെ പൊതുചിന്തയുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്ന ഒരവകാശവാദവും ഉന്നയിക്കുന്നില്ല. സമാനമായ ചിന്താഗതി പുലര്‍ത്തുന്നവരുണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്നു മാത്രം.

സാറാ ജോസഫിന്റെ 'പാപത്തറ'യ്ക്കു സച്ചിദാനന്ദന്‍ എഴുതിയ പഠനത്തോടെയാണ് സ്ത്രീ വിമോചനത്തിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ കേരളത്തിന്റെ സാഹിത്യപരിസരങ്ങളില്‍ പ്രചരിച്ചു തുടങ്ങിയതെന്നു പറയാം. സിമോണ്‍ ദി  ബുവുയെയും ബെറ്റി ഫ്രൈദാനേയും വിര്‍ജീനി വുള്‍ഫിനേയും പരിചയമുള്ളവര്‍ 'മുടിത്തെയ്യങ്ങള്‍' രചിക്കപ്പെടും മുന്‍പ് ഭൂമി മലയാളത്തിലില്ലായിരുന്നു എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല.
 എങ്കിലും സാറാ ടീച്ചറുടെ കഥകളും അവയുടെ പഠനങ്ങളും സെക്കന്റ് സെക്‌സിനെയും ദി ഫെമിനിന്‍ മിസ്റ്റിക്കിനെയും ബേണ്‍ ദി ബ്രാ കലാപത്തെയുമൊക്കെ മലയാളികള്‍ക്കു കൂടുതല്‍ പരിചിതമാക്കുന്ന സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിച്ചെന്നതില്‍ തര്‍ക്കമില്ല.

''The Feminist critique is essentially political and polemical, with theoritical affiliations to Marxists Sociology and aesthetics; gynocritics is more self-contained and experimental, with connections to others mode of new feminist research' എന്ന് എലൈന്‍ ഷോവാള്‍ട്ടര്‍ ടുവാര്‍ഡ്‌സ് എ ഫെമിനിസ്റ്റ് പോയറ്റിക്‌സില്‍ എഴുതിയത് ഒരു നിര്‍വ്വചനം പോലെ എം.എ. വിദ്യാര്‍ത്ഥികള്‍ മനഃപാഠമാക്കാന്‍ തുടങ്ങിയതൊക്കെ വര്‍ഷങ്ങള്‍ക്കുശേഷമാണ്. Feminist critique എന്ന പരികല്പന സാഹിത്യരംഗത്തു പ്രചരിച്ചതിനുശേഷമാണ് പൊതുവ്യവഹാരമണ്ഡലങ്ങളില്‍ എല്ലാം തന്നെ നിലനില്‍ക്കുന്ന ആണധികാര വ്യവസ്ഥയെക്കുറിച്ചും പുരുഷാധിപത്യപരമായ സമൂഹം പുലര്‍ത്തുന്ന പ്രതിലോമ നിലപാടുകളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ വ്യാപകമായതെന്നു പറയാം. കേരളത്തിന്റെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം, ആര്‍ത്തവമുള്ള സ്ത്രീകള്‍, കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍ (സി.എസ്. ചന്ദ്രിക), പെണ്‍കാലങ്ങള്‍, കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്, സിനിമയുടെ കയ്യേറ്റങ്ങള്‍, മലയാളത്തിന്റെ വെള്ളിത്തിര, കളിയരങ്ങും സ്ത്രീകളും, സ്ത്രീവാദത്തിന്റെ കേരള പരിസരം (പി. ഗീത), രേഷ്മ ഭരദ്വാജ് എഡിറ്റു ചെയ്ത മിഥ്യകള്‍ക്കപ്പുറം-സ്വവര്‍ഗ്ഗ ലൈംഗികത കേരളത്തില്‍, സ്‌ത്രൈണ കാമസൂത്രം (കെ.ആര്‍. ഇന്ദിര), സ്ത്രീ വിമോചനം-ചരിത്രം സിദ്ധാന്തം സമീപനം (എ.കെ. രാമകൃഷ്ണന്‍, കെ.എം. വേണുഗോപാലന്‍). ഉടലധികാരം (മ്യൂസ് മേരി ജോര്‍ജ്), ശരീരി (സന്തോഷ് മാനിച്ചേരി), പൗരിയുടെ നോട്ടങ്ങള്‍, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? (ജെ. ദേവിക), പെണ്ണെഴുതുന്ന ജീവിതം (എന്‍.കെ. രവീന്ദ്രന്‍), നാലാമത്തെ ചുവര്‍ (എസ്. ശാരദക്കുട്ടി) തുടങ്ങിയ ഒരുപാട് പുസ്തകങ്ങളുടെ പേര് ഇവിടെ എടുത്തു പറയേണ്ടതായിട്ടുണ്ട്. സ്ഥലത്തിന്റേയും സമയത്തിന്റേയും ഓര്‍മ്മയുടേയും പരിമിതികള്‍ സമഗ്രമായൊരു ലിസ്റ്റിനെ സാധ്യമല്ലാതാക്കുന്നെന്നു മാത്രം.

സിനിമയുടെ പരിചരണക്രമങ്ങള്‍ സ്ത്രീ വിരുദ്ധമാകുന്നതെങ്ങനെ എന്ന് തുറന്നുകാട്ടുന്ന പുസ്തകങ്ങള്‍ക്കൊപ്പം ഒരുപാട് ലേഖനങ്ങളും ആനുകാലികങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജി.പി. രാമചന്ദ്രനും സി.എസ്. വെങ്കിടേശ്വരനും എന്‍.പി. സജീഷും പി.എസ്. രാധാകൃഷ്ണനും എസ്. ശാരദക്കുട്ടിയുമൊക്കെ ഈ രംഗത്തു നല്‍കിയ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. സാറാ ജോസഫിന്റേയും ഗ്രേസിയുടേയും കെ.ആര്‍. മീരയുടേയും അഷിതയുടേയും പ്രിയ  എ.എസ്‌സിന്റേയും കെ. രേഖയുടേയും ശ്രീബാലയുടേയും ഷാഹിനയുടേയും ഷീബയുടേയും ധന്യാരാജിന്റേയുമൊക്കെ കഥകളും സി.എസ്. ചന്ദ്രികയുടേയും എസ്. ശാരദക്കുട്ടിയുടേയും ജെ. ദേവികയുടേയും പി. ഗീതയുടേയുമൊക്കെ എഴുത്തുകളും വായിച്ചു സ്ത്രീ പക്ഷത്തേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന ഒരു പുരുഷനെന്നു സ്വയം വിലയിരുത്തുമ്പോഴും മറ്റൊരു പ്രശ്‌നം വാപിളര്‍ന്നുനില്‍ക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്. നഗരകാന്താരത്തില്‍ മരുവുമ്പോഴും തന്നെ നട്ടുനനച്ചു വളര്‍ത്തിയ നാട്ടിന്‍പുറം ഒരാളില്‍നിന്ന് ഒഴിയണമെന്നില്ല. ഒരു ബാധ പോലെ
''പിറന്നൊരൂരില്‍ പോകേണം നീവളര്‍ന്നൊരാളായാല്‍' എന്ന മട്ടില്‍, ഇരുമ്പിനാല്‍ കാന്തമെന്നപോലെ പിടിച്ചു വലിക്കപ്പെടാമയാള്‍. (അവള്‍ എന്നെഴുതാതെ അയാള്‍ എന്നെന്നെക്കൊണ്ട് എഴുതിച്ച വാസനയെക്കുറിച്ചുതന്നെയാണ് പറയാന്‍ ആഗ്രഹിക്കുന്നത്) എന്നതുപോലെ, എത്രമാത്രം സ്ത്രീ പക്ഷവാദിയാകുമ്പോഴും ഒരു പുരുഷന്റെ ചിന്തയില്‍ മേയ്ല്‍ ഷോവനിസത്തിന്റെ അബോധ സഞ്ചാരങ്ങളും അഗമ്യഗമനങ്ങളും ആവര്‍ത്തിക്കപ്പെടാം. എത്രമാത്രം കുടഞ്ഞെറിയാന്‍ ശ്രമിച്ചാലും ആണധികാരത്തെ സാധൂകരിക്കാനുള്ള പ്രവണത നായയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന ചെള്ളിനെപ്പോലെ പുരുഷബോധത്തില്‍ അവശേഷിക്കാം. പൃഥ്വിരാജിന്റെ പ്രസ്താവന വന്നപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയര്‍ന്നുകണ്ട ചില മറുചോദ്യങ്ങളും ആശങ്കകളും ഇത്തരത്തിലുള്ളതായിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടുന്ന മലയാള ചലച്ചിത്രമേഖലയെത്തന്നെ മൊത്തത്തില്‍ അഭിസംബോധന ചെയ്യുന്ന ആ ചോദ്യങ്ങളില്‍ പലതും മറുപടി അര്‍ഹിക്കുന്നവ തന്നെയാണ്.
പൃഥ്വിയുടെ ഇടപെടലോടെ മലയാള സിനിമയില്‍നിന്നു സ്ത്രീ വിരുദ്ധത പടിയടച്ചു പിണ്ഡം വയ്ക്കപ്പെടും എന്നു കരുതുന്നതു ശുദ്ധ മൗഢ്യമാകും. പക്ഷേ, പൂര്‍ണ്ണമായി ഫലം കാണുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ സാംഗത്യമുള്ളെന്നു പറയാനാകുമോ? ഇത്തരമൊരു പ്രസ്താവനയ്ക്കു യാതൊരു പ്രാധാന്യവുമില്ലേ? നിസ്സംഗതയും നിഷ്‌ക്രിയതയും മുഖമുദ്രയാക്കിയ കാലഘട്ടത്തില്‍ ഒരു ചെറുവിരലനക്കത്തിനുപോലും വലിയ വില കല്പിക്കേണ്ടതില്ലേ?

''പടിഞ്ഞാറ് മേഘം ഉയരുന്നതു കണ്ടാല്‍ മഴ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാക്കും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ ഭൂമിയുടെയേും ആകാശത്തിന്റേയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?' സുവിശേഷത്തിലെ ലൂക്കയുടെ വരികള്‍ക്ക് ഇന്നും പ്രസക്തിയില്ലേ? വിവാദവും വിമര്‍ശനവും ഭയന്ന്, പലരെയും പോലെ പൃഥ്വിയും മൗനമുദ്രിതമായ ചുണ്ടുകളുമായി തുടരുന്നതായിരുന്നോ നല്ലത്? തീര്‍ച്ചയായും അല്ല. നേരെ മറിച്ച്, സ്ത്രീ വിരുദ്ധതയെ സംബന്ധിക്കുന്ന ആ പ്രസ്താവം ദളിത് വിരുദ്ധതയെക്കുറിച്ചും ന്യൂനപക്ഷ വിരുദ്ധതയെക്കുറിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധതയെക്കുറിച്ചും കുട്ടികളുടേയും വൃദ്ധരുടേയും വികലാംഗരുടേയുമൊക്കെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് ഇടം തുറന്നു കൊടുക്കുന്ന ഒന്നായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പൃഥ്വിയുടെ പ്രസ്താവനയെപ്പറ്റി പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പല മാധ്യമങ്ങളിലും നടക്കുന്നുണ്ട്. മൂല്യബോധത്തോടെ പരിശോധിച്ചാല്‍ കച്ചവട സിനിമ തന്നെ കാണില്ലല്ലോ എന്ന് ഫേയ്‌സ്ബുക്കില്‍ ഒരു സുഹൃത്ത് കുറിച്ചിട്ടതു കാണുകയുണ്ടായി. മൂല്യത്തിന്റെ കോലു കൊണ്ടളന്നാല്‍ സിനിമ മാത്രമല്ല, മലയാളിയുടെ എല്ലാ ജീവിത വ്യവഹാരമണ്ഡലങ്ങളും വിമര്‍ശനത്തിന്റെ നിഴലില്‍ നിന്നൊഴിയില്ലല്ലോ ചങ്ങാതീ. 'കച്ചവട സിനിമാക്കാരാ' എന്ന പുച്ഛച്ചിരി ചിരിക്കുന്ന താങ്കള്‍ എല്ലാ അപമാനവീകരണ പ്രവണതകളില്‍നിന്നും മുക്തനായ ഒരു പുണ്യശ്‌ളോകനാണെന്നു സ്വയം കരുതുന്നുണ്ടോ? വ്യാപാരം എന്ന വാക്കില്‍നിന്നു സകല ജീവിതമേഖലകളിലും അകലം പാലിച്ചിട്ടാണോ നിങ്ങളാ വിമര്‍ശനം ഉന്നയിക്കുന്നത്? കച്ചവടം എന്ന വാക്ക് അത്ര അശ്‌ളീലമാണോ? അങ്ങനെയെങ്കില്‍ സിനിമ മാത്രമല്ലല്ലോ, വി.കെ.എന്‍. സാഹിത്യം മുതല്‍ വിപണി വിജയം നേടിയ സകല സംഗതികളും വിമര്‍ശിക്കപ്പെടേണ്ടതില്ലേ? പരിശോധിക്കപ്പെടണം; വിലയിരുത്തപ്പെടണം, വിമര്‍ശിക്കപ്പെടണം; സിനിമ മാത്രമല്ല, മനുഷ്യന്റെ സമസ്ത പ്രവര്‍ത്തനങ്ങളും. ആരും അപ്രമാദിത്വമുള്ളവരല്ല. സിനിമാക്കാര്‍ക്ക് കൊമ്പുമില്ല. പക്ഷേ, ടിക്കറ്റ് വച്ചു തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ഏതു സിനിമയും കച്ചവട സിനിമയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. മത്തി വില്‍ക്കുന്നതിനെ എതിര്‍ക്കുന്നതും ചീഞ്ഞ മത്തി വില്‍ക്കുന്നതിനെ എതിര്‍ക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്.

മീന്‍ ഇഷ്ടമില്ലാത്തവര്‍ മത്സ്യവ്യാപാരമേ നിര്‍ത്തണമെന്നു പറയുന്നതിലും പ്രശ്‌നങ്ങളുണ്ട്. തിന്നുന്നതിന്റെ രാഷ്ട്രീയം പോലെതന്നെയാണ് കാണുന്നതിന്റെ രാഷ്ട്രീയവും. രണ്ടിലും കീടനാശിനി കലരുന്നതു തടയേണ്ടതുതന്നെ. കച്ചവടത്തെക്കുറിച്ചല്ല, അതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ വേണ്ടതെന്നു സാരം. അടൂരിനും അരവിന്ദനും ശരത്തിനും ഷാജിക്കും സുകുമാരന്‍ നായര്‍ക്കും ഡോക്ടര്‍ ബിജുവിനും സനല്‍കുമാര്‍ ശശിധരനുമൊപ്പം ഐ.വി. ശശിക്കും ജോഷിക്കും പ്രിയദര്‍ശനും സിദ്ദിഖ്-ലാലിനും അന്‍വര്‍ റഷീദിനും ആഷിഖ് അബുവിനും അമല്‍ നീരദിനും റോഷന്‍ ആന്‍ഡ്രൂസിനും മാര്‍ട്ടിന്‍ പ്രക്കാട്ടിനുമൊക്കെ ചലച്ചിത്രമണ്ഡലത്തില്‍ ചില സ്‌പേയ്‌സുകള്‍ ഇല്ലേ? പരപുച്ഛത്തോടെ എത്ര പഴി പറഞ്ഞാലും ഭാവുകത്വനിര്‍മ്മിതിയില്‍ ബഹുസ്വരമായ സാധ്യതകള്‍ റദ്ദാക്കപ്പെടുകയില്ല. അനന്തരവും വാസ്തുഹാരയും കാട് പൂക്കുന്ന നേരവും മാത്രമല്ല, കിലുക്കവും റാംജി റാവു സ്പീക്കിങ്ങും ദേവാസുരവും ബിഗ്ബിയും ബ്രിഡ്ജും സോള്‍ട്ട് ആന്റ് പെപ്പറും ചാര്‍ലിയും ഉദയനാണ് താരവുമൊക്കെക്കൂടി കലര്‍ന്നതാണ് മലയാളിയുടെ ചലച്ചിത്ര ഭാവുകത്വം. ജനക്കൂട്ടം പറയുന്നതു മാത്രമാണ് ശരിയെന്നു ശഠിക്കേണ്ടതില്ലെങ്കിലും ജനകീയമായതെല്ലാം  നിലവാരമില്ലാത്തതെന്നു കരുതുന്നതു മറ്റൊരു തരം വരേണ്യബോധമല്ലേ? സംസ്‌കാരപഠനം എന്നതിനെപ്പറ്റിയൊക്കെ രണ്ടായിരത്തി പതിനേഴിലും അജ്ഞരായിരിക്കുന്നത് ആശാസ്യമായൊരു കാര്യമാണെന്നു തോന്നുന്നില്ല.

എന്തൊക്കെയാണ് സിനിമയിലെ സ്ത്രീ വിരുദ്ധതയെന്നതു ഒരു കീറാ മുട്ടി പ്രശ്‌നം തന്നെയാണ്. സ്ത്രീ പക്ഷവാദികള്‍ക്കു മുതല്‍ സദാചാര പൊലീസിനു വരെ ഈ വിഷയത്തില്‍ താന്താങ്ങളുടേതായ നിലപാടുകളുണ്ടാകും. അവ പരസ്പരം വിരുദ്ധമായിരിക്കുകയും ചെയ്യും. അസഭ്യ പദപ്രയോഗം സ്ത്രീ വിരുദ്ധമാണോ? ലൈംഗികതയെക്കുറിച്ചുള്ള ആഖ്യാനങ്ങളും സൂചനകളും സ്ത്രീ വിരുദ്ധമാണോ? നഗ്നതാ പ്രദര്‍ശനം സ്ത്രീ വിരുദ്ധമാണോ? ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ സ്ത്രീ വിരുദ്ധമാണോ? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ക്കു പലരും പല ഉത്തരങ്ങളാകും നല്‍കുക. പ്രയോഗ സന്ദര്‍ഭവും ചരിത്ര സാഹചര്യവും കലാസൃഷ്ടി പ്രസരിപ്പിക്കുന്ന സമഗ്ര സന്ദേശവുമൊക്കെ പരിശോധിച്ചു വേണം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയാന്‍. ആ ചോദ്യങ്ങളൊക്കെ സങ്കീര്‍ണ്ണമായ പ്രശ്‌നപരിസരങ്ങളില്‍ ചര്‍ച്ചാവിധേയമാക്കേണ്ടുന്നവയുമാണ്. ഒരാളുടെ ചുരുങ്ങിയ ലോകപരിചയവും ഇടുങ്ങിയ വീക്ഷണഗതികളും സങ്കുചിതമായ സദാചാര സങ്കല്പങ്ങളും കാഴ്ചപ്പാടിനെ വികലമാക്കാമെന്നിരിക്കെ വ്യക്ത്യാധിഷ്ഠിതവും സ്വേച്ഛാപരവുമായ മാനകങ്ങളും മാനദണ്ഡങ്ങളും ഉപയോഗിച്ചുള്ള വിലയിരുത്തലുകളും സാമാന്യവല്‍ക്കരണങ്ങളും അപകടകരമാകും. അവ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ആശങ്കകള്‍ ഉയര്‍ത്താനിടയാക്കുകയും ചെയ്യും. സെന്‍സര്‍ഷിപ്പ് എന്നത് ഫാസിസന്റെ പ്രകടമായ പ്രയോഗരീതികളില്‍ ഒന്നാണെന്നതു ബുദ്ധിമാന്ദ്യമില്ലാത്തവര്‍ക്കൊക്കെ പകല്‍പോലെ വ്യക്തമായ വസ്തുതയുമാണ്. ഞാന്‍ വെജിറ്റേറിയനായതുകൊണ്ട് നീ ബീഫ് തിന്നേണ്ടതില്ല എന്നു പറയുന്നതുപോലെയാണ് എനിക്കിഷ്ടമില്ലാത്ത കാഴ്ചയൊന്നും നീ കാണേണ്ടതില്ല എന്നു പറയുന്നതും. വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിനു തുമ്പു വരെയേ ഉള്ളെന്നും അതിനപ്പുറം കടക്കുമ്പോള്‍ അയാളുടെ അനുവാദം കിട്ടണമെന്നും ഇതു പറയുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. ആവിഷകാര സ്വാതന്ത്ര്യമെന്നത് അപരനു മേലുള്ള കുതിരകയറ്റവും എതിര്‍ചിന്തകളെ അരിഞ്ഞുകളയലുമൊക്കെയാകുന്നും ആപത്തു തന്നെ. ലളിതമായ രേഖകള്‍കൊണ്ടു മാത്രം അതിര്‍ത്തി നിര്‍ണ്ണയനം സാധ്യമാകാത്ത സങ്കീര്‍ണ്ണ വിഷയങ്ങളാണവ.

സദാചാരത്തേയും സ്ത്രീ വിരുദ്ധതയെയും പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സിനിമയെ മാത്രമല്ല, പുരാണേതിഹാസങ്ങളേയും പ്രാചീന ചമ്പുക്കളെയുമൊന്നും ഒഴിച്ചു നിര്‍ത്താതെ ഉള്‍പ്പെടുത്തണം. ക്‌ളാസ്‌സിക്കുകളിലടക്കം കണ്ടെത്താവുന്ന മനുഷ്യവിരുദ്ധതകള്‍ കണ്ടില്ലെന്നു നടിക്കുകയുമരുത്. താടകയും ശംബൂകനും ഹിഡുംബിയുമൊക്കെ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല, കാലസൂചകങ്ങള്‍ കൂടിയാണ്. സിലബസിന്റെ ഭാഗമായി പഠിക്കുന്ന പാഠങ്ങളിലും മതാചാരങ്ങളിലും സാമൂഹ്യാനുഷ്ഠാന ക്രമങ്ങളിലുമൊക്കെ അനുവര്‍ത്തിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മറന്നു സിനിമയ്ക്കു നേരെ മാത്രം കുരച്ചു ചാടുന്നത് ഇരട്ടത്താപ്പ് നയമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയില്‍ കെ.ജി. ജോര്‍ജിന്റെ സൃഷ്ടികളെങ്കിലുമുണ്ടെന്നതു മറക്കരുതാരും.
സിനിമയുടെ സ്വാധീനശേഷിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. സ്മാര്‍ത്തവിചാരം നടന്നത് സിനിമാ പൂര്‍വ്വകാലത്താണെന്നത് ഓര്‍ത്തുകൊണ്ടുവേണം ഈ ചര്‍ച്ചയ്ക്കിറങ്ങാന്‍. താത്രിക്കുട്ടിയുടെ നീണ്ട ലിസ്റ്റില്‍ അച്ഛനും ആശാനുമുണ്ടായിരുന്നു. മറക്കുടകളും മൂടുവസ്ത്രങ്ങളും കൊണ്ടു ലൈംഗികതയെ അടക്കിവയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആണധികാരത്തിന്റെ ആയിരം ഉദാഹരണങ്ങള്‍ നിരന്നു കിടക്കുമ്പോഴും നാം വേണ്ട മാതിരി പലതും പഠിക്കുന്നില്ല. ലൈംഗിക മര്‍ദ്ദം തിങ്ങിയ കേരളാ പ്രഷര്‍ കുക്കറില്‍ വട്ടത്തില്‍ 'ഏ'യുള്ള സിനിമകള്‍ നിര്‍വ്വഹിച്ചു സേഫ്റ്റിവാല്‍വ് സമാനമായ ധര്‍മ്മത്തെക്കുറിച്ചുള്ള ശാസ്ത്രീയ  പഠനങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. സിനിമ യാതൊരു സ്വാധീനവും സൃഷ്ടിക്കുന്നില്ലെന്ന സിനിമാക്കാരുടെ മറുവാദത്തെയും തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ല. സ്‌പൈഡര്‍മാന്‍ സിനിമ കണ്ടവരെല്ലാം എട്ടുകാലിയെക്കൊണ്ട് കൈയില്‍ കടിപ്പിക്കുമോ എന്നത് ഒരു ചോദ്യം. ക്‌ളാസമേറ്റ് സിനിമയ്ക്കുശേഷം ഇത്രയധികം പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ നടന്നത് സിനിമയുടെ സ്വാധീനശേഷിക്കു തെളിവല്ലേ എന്നതു മറുചോദ്യം. സമൂഹത്തിലെ പ്രവണതകള്‍ സിനിമയെയും സിനിമ സാമൂഹ്യബോധത്തെയും നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നുണ്ടെന്നതു പച്ചപരമാര്‍ത്ഥം. അതിന്റെ അളവുകള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഏറുകയും കുറയുകയും ചെയ്‌തെന്നിരിക്കുമെന്നു മാത്രം.

പാട്രിയാര്‍ക്കല്‍ സമൂഹക്രമത്തില്‍ ജനിച്ച് പുരുഷാധികാരഘടനയില്‍ രമിച്ചു സുഖിച്ചു പുലര്‍ന്നവര്‍ തന്നെയാണ് മലയാള സിനിമയിലെ ആണ്‍ പ്രജകളെല്ലാം തന്നെ. അവരുടെയെല്ലാം ബോധത്തിലും അബോധത്തിലും ആണധീശത്വത്തിന്റെ അടയാളങ്ങള്‍ ഏറിയും കുറഞ്ഞുമുണ്ടാകും. അതില്‍നിന്നെല്ലാം പൂര്‍ണ്ണമുക്തി നേടിയ ശേഷമേ ഒരാള്‍ക്കു പുരോഗമനപരമായ ഒരു പ്രസ്താവന നടത്താനാകൂ എന്നു പറയുന്നതു കഷ്ടമാണ്. പ്രസ്താവനയെ വിമര്‍ശിക്കുന്നവരും വ്യക്തിജീവിതത്തിലെ എല്ലാ അംശങ്ങളിലും പൂര്‍ണ്ണരാകണമെന്നില്ലല്ലോ. ''അമ്മ അതിരാവിലെ ഉണരും, അടുക്കളയില്‍ കയറും, ചേച്ചി മുറ്റമടിക്കും' എന്ന മട്ടിലുള്ള പാഠങ്ങള്‍ പഠിച്ചു വളര്‍ന്ന ഒരു തലമുറയില്‍നിന്ന് കേരളം ഏറെ മാറിയതും വളര്‍ന്നതും സംവാദാത്മകമായ ഒരന്തരീക്ഷം ഇവിടെ നിലനിന്നതുകൊണ്ടാണ്. ഒരു പെണ്ണ് ആദ്യമായി ഓട്ടോറിക്ഷ ഓടിച്ചപ്പോള്‍ തച്ചിനു നിന്നു കൂവിത്തകര്‍ത്ത ആണ്‍കേരളമല്ല ഇന്നുള്ളത്. സ്ത്രീ സ്‌കൂട്ടിയോ കൈനറ്റിക് ഹോണ്ടയോ ഓടിച്ചാല്‍ തുറിച്ചുനോക്കാത്ത പരുവത്തിലേക്കു പുരോഗമിച്ചെങ്കിലും അവള്‍ ബുള്ളറ്റില്‍ പോകുമ്പോള്‍ കണ്ണു തുറിച്ചു നോക്കുന്നവര്‍ തന്നെയാണിപ്പോഴും കേരളീയര്‍. 
''യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:'
എന്ന മട്ടില്‍ വിഗ്രഹവല്‍ക്കരിക്കപ്പെടുകയോ ''ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മട്ടില്‍ ചവിട്ടിത്താഴ്ത്തപ്പെടുകയോ ചെയ്യുക എന്ന ചതിക്കുഴികള്‍ ഇന്നും ശരാശരി പെണ്‍ജീവിതത്തെ കാത്തിരിക്കുന്നുണ്ട്. കുടുംബം എന്ന അടിസ്ഥാനപരമായ യൂണിറ്റ് തന്നെ ആണധികാരത്തെ ഊട്ടി ഉറപ്പിക്കുന്ന എസ്റ്റാബ്‌ളിഷ്‌മെന്റായിരിക്കുമ്പോള്‍ സിനിമ എത്രമാത്രം സ്ത്രീ വിമോചകമായിത്തീരുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.
ഈ വര്‍ത്തമാന കാലാവസ്ഥയുടെ ചേറില്‍ പല മട്ടില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍പോലും ആണ്‍ സിനിമാ സമൂഹത്തിന്റെ ചിന്തയ്ക്കു ഭക്ഷണം നല്‍കുന്ന തീവ്രമായ ഒരോര്‍മ്മപ്പെടുത്തലാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇതുകൊണ്ടു മാത്രം ഞങ്ങളുടെയൊക്കെ സിനിമകളില്‍നിന്നു മനുഷ്യവിരുദ്ധതകള്‍ വിട്ടൊഴിഞ്ഞുപോകില്ലെന്നു നന്നായറിയാം. പക്ഷേ, പെണ്‍സ്വത്വബോധത്തിനു പുല്ലോളം വിലകൊടുക്കാത്ത പിന്തിരിപ്പന്‍ സമീപനങ്ങളുടെ പെരുപ്പം കുറയ്ക്കാന്‍ പൃഥ്വിയുടെ വാക്കുകള്‍ രാസത്വരകമാവുക തന്നെ ചെയ്യും. വാക്കില്‍ വിത്തുകളുണ്ടെന്നു എഴുത്തുകാര്‍ക്കെല്ലാമറിയാം. വാക്കിനു മുറിവേല്‍പ്പിക്കുന്ന വാക്കുകളുമുണ്ടെന്ന ബോധമുണര്‍ത്താന്‍ പൃഥ്വിരാജിന്റെ ഇടപെടലിനു കഴിഞ്ഞിട്ടുണ്ട്. ഒരുപാടു പേരുടെ മുന്നിലേക്കെത്തുന്ന ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവബോധത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ക്കുപോലും വിപ്‌ളവകരമായ അനന്തരഫലങ്ങളുണ്ടാക്കാനാകും. വിത്തിനുള്ളിലെ ധ്യാനത്തിലെന്നപോലെ നിലകൊള്ളുന്ന വാക്കില്‍ ആകാശത്തിന്റെ അതിരുകളിലേക്കു ചില്ലകളും മണ്ണടരുകളിലേക്കു വേരുകളും പടര്‍ത്തുന്ന മഹാമരത്തിന്റെ സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ട്.
പ്രിയപ്പെട്ട പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ ചിലരുടെയെങ്കിലും അഹന്തയുടെ തക്ഷക ശിരസ്‌സുകളില്‍ ആഘാതമേല്പിച്ചിട്ടുണ്ട്. വാക്കില്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്ത്വത്തെക്കുറിച്ചും ഭാഷാജാഗ്രതയെക്കുറിച്ചും നിങ്ങള്‍ എഴുത്തുകുലത്തെ ഓര്‍മ്മപ്പെടുത്തി. നിഷ്പക്ഷത നടിച്ചു നിശ്ശബ്ദത പാലിക്കുമ്പോള്‍ നമ്മള്‍ മിക്കവാറും വേട്ടക്കാരന്റെ പക്ഷത്തായിരിക്കുമെന്ന വെളിവിലേക്കു നിങ്ങള്‍ ഞാനടങ്ങുന്ന വര്‍ഗ്ഗത്തെ ഉണര്‍ത്തി. ഒരുപാടു പേരുടെ സ്വയം തിരുത്തലിനു പ്രേരകമാകും നിങ്ങളുടെ വാക്കുകള്‍. ഒരിക്കല്‍ക്കൂടി സ്വന്തം നിസ്‌സാരത സ്വയം തിരിച്ചറിയാന്‍ എനിക്കാ വാക്കുകള്‍ വഴിതെളിച്ചെന്നതില്‍ തര്‍ക്കമില്ല.
''കാലമതിന്റെ കനത്ത കരം കൊണ്ട്
ലീലയാലൊന്നു പിടിച്ചു കുലുക്കിയാല്‍ 
പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ
പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും'
എന്ന് വള്ളത്തോള്‍ പാടിയിട്ടുണ്ട്.
 എഴുത്തുകൊണ്ട് ഈ മഹാകാലത്തില്‍ തീരെ ചെറിയൊരു മുദ്രയെങ്കിലും പതിപ്പിക്കാമെന്നുള്ള ആഗ്രഹം ഞാന്‍ റദ്ദാക്കുന്നു. അതിന് ഒരുപാടു ധൈര്യവും ധ്യാനവും ജാഗ്രതയും വേണമെന്നു ഞാന്‍ തിരിച്ചറിയുന്നു. സഹജീവികളോടുള്ള കരുണയും കരുതലുമാണ് എഴുത്തിലെ ആത്മരതിയെക്കാള്‍ വലുതെന്നു ഞാന്‍ മനസ്‌സിലാക്കുന്നു. ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും താങ്കളുടെ ഫേയ്‌സ്ബുക്കു കുറിപ്പിനു ചരിത്രപരമായൊരു മൂല്യമുണ്ട്. നന്ദി പൃഥ്വിരാജ്, നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com