വിഷനീരൊഴുകുന്ന പെരിയാര്‍

ഏഴു ദശാബ്ദം കൊണ്ട് പെരിയറിന്റെ ഇരുകരകളിലായി സ്ഥാപിക്കപ്പെട്ട വ്യവസായശാലകള്‍ പുറംതള്ളിയ രാസമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ.
വിഷനീരൊഴുകുന്ന പെരിയാര്‍

മിഴ്‌നാട്ടിലെ സുന്ദരഗിരിയില്‍നിന്ന് 244 കിലോമീറ്റര്‍ ദൂരം താണ്ടി വേമ്പനാട്ട് കായലില്‍ പതിക്കുന്ന പെരിയാര്‍ ഇന്നു ലോകത്ത് ഗുരുതരമായ മാലിന്യഭീഷണി നേരിടുന്ന നദിയായി മാറിക്കഴിഞ്ഞു. അപകടകരമായ കീടനാശിനികളും ഘനലോഹങ്ങളും നിറഞ്ഞ ഈ തണ്ണീര്‍ത്തടം മനുഷ്യജീവനുതന്നെ ഭീഷണിയാണ്. കുടിവെള്ളം, മത്സ്യം തുടങ്ങി ഈ ജലാശയത്തില്‍നിന്നു ലഭ്യമാകുന്ന വിഭവങ്ങളിലെല്ലാം രാസമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണ്. പെരിയാറില്‍നിന്നു വ്യവസായശാലകള്‍ക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും രാസമാലിന്യം തള്ളാനും പതിറ്റാണ്ടുകളായി ഭരണകൂടം ഒത്താശ ചെയ്തതിന്റെ പരിണത ഫലമാണ് ഇത്. 
1943–ല്‍ വ്യവസായ മേഖലയുടെ വരവോടെയാണ് മലിനീകരണം തുടങ്ങുന്നത്. ഇന്ന് ഈ മേഖലയില്‍ 280 വ്യവസായശാലകളുണ്ട്. അതില്‍ ഗുരുതരമായ മലിനീകരണ സാധ്യതയുള്ളവ(റെഡ് കാറ്റഗറി) 98 എണ്ണമാണ്.  ഓറഞ്ച് കാറ്റഗറിയിലുള്ളത് 109 എണ്ണവും. വിവിധ സംസ്ഥാന കേന്ദ്ര-ഗവേഷണ കേന്ദ്രങ്ങള്‍, യുണിവേഴ്‌സിറ്റികള്‍, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, എന്‍ജിഒകള്‍, സംസ്ഥാന അതോറിറ്റികള്‍ തുടങ്ങിയവയെല്ലാം മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. എന്നാ ല്‍, മാലിന്യപ്രശ്‌നം സംബന്ധിച്ച് 36 കൊല്ലമായി നടത്തിയ പഠനങ്ങളും പരിഹാര നിര്‍ദേശങ്ങളും ചര്‍ച്ചകളുമെല്ലാം നടപടികള്‍ ഒന്നുമില്ലാതെ അവശേഷിക്കുന്നു.

നിറംമാറുന്ന പുഴ
പുഴയുടെ വൃഷ്ടിപ്രദേശത്തു പോലും ഘനലോഹങ്ങള്‍ എത്തിച്ചേരുന്നത് വന്‍തോതിലാണ്. രാസമലിനീകരണം വൃഷ്ടിപ്രദേശത്തെ ആവാസവ്യവസ്ഥയിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷംതോറും മെര്‍ക്കുറി 2,000 കിലോഗ്രാമും സിങ്ക് 10095 കിലോഗ്രാമും ഹെക്‌സവാലന്റ് ക്രോമിയം കിലോഗ്രാമും കോപ്പര്‍ 327 കിലോഗ്രാമും എത്തുന്നു. ഒരു മില്ലിഗ്രാം പോലും അത്യന്തം അപകടകരമാണെന്നോര്‍ക്കണം. 1980–ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തിലാണ് രാസമലിനീകരണം രൂക്ഷമാണെന്നും അടിയന്തര ശ്രദ്ധ വേണമെന്നും തിരിച്ചറിയുന്നത്. 1980-ല്‍ ഗോവയിലെ ജലസംഭരണിയില്‍ വ്യവസായ മാലിന്യങ്ങള്‍ കലര്‍ന്നതിനെ തുടര്‍ന്ന് ഒരാഴ്ചയോളം സംസ്ഥാനത്തെ അഞ്ചു പട്ടണങ്ങളില്‍ കുടിവെള്ളവിതരണം നിര്‍ത്തിവച്ചു. തുടര്‍ന്നുണ്ടായ വലിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുന്‍കരുതലെന്നോണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എല്ലാ സ്‌റ്റേറ്റ് ബോര്‍ഡുകളോടും വ്യവസായ മേഖലകളിലെ ജലമലിനീകരണം പഠനവിധേയമാക്കാന്‍ ആവശ്യപ്പെടുന്നത്. ഏലൂര്‍ ഇടയാര്‍ മേഖലയില്‍ പാതാളം ബണ്ടിനു സമീപമാണ് പഠനം നടത്തിയത്. ബണ്ടിനു ഇരുകരയിലും വ്യവസായങ്ങളുണ്ടെന്നും നദിയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളത്തിന്റെ ഗുണനിലവാരമില്ലാതാകുന്നുവെന്നും പഠനത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ച്ചയായുള്ള മത്സ്യക്കുരുതി നൂറ് കണക്കിന് ആളുകളുടെ ജീവനോപാധിയില്ലാതാക്കാനും കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.
 2015–ല്‍ ഏലൂര്‍–എടയാര്‍ വ്യവസായ മേഖലയില്‍ രാസമാലിന്യം പേറി ചുവപ്പ്, ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ പെരിയാര്‍ ഒഴുകിയത് 44 തവണയാണ്. ഇരുപത്തിമൂന്നു തവണ മത്സ്യങ്ങള്‍ വന്‍തോതില്‍ ചത്തുപൊങ്ങി. 2016–ല്‍ പുഴ നിറം മാറി ഒഴുകിയത് ഇരുപത്തിയെട്ടു തവണയാണ്. ഈ മലിനീകരണത്തിന്റെ കാരണം വ്യക്തമാക്കാതിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2015 മേയിലും 2016 സെപ്റ്റംബറിലും നദിയുടെ പാതാളം ബണ്ടിനു മുകളില്‍ വ്യവസായശാലകള്‍ അനധികൃതമായി രാസമാലിന്യം തള്ളുന്നുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കുടിക്കാനാകാതെ കുടിവെള്ളം 
എറണാകുളം ജില്ലയില്‍ ഗാര്‍ഹികആവശ്യത്തിനുള്ള ജലം സംഭരിക്കുന്നത് പെരിയാറില്‍നിന്നാണ്. വ്യവസായ മേഖല പൂര്‍ണമായും പെരിയാറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വൃഷ്ടിപ്രദേശങ്ങളിലും കൊച്ചിക്കായലിലുമുള്ള ആയിരക്കണക്കിന് ഹെക്ടര്‍ കെട്ടുകൂട് മത്സ്യകൃഷിയും പൊക്കാളി കൃഷിയും പൂര്‍ണമായി പെരിയാര്‍ നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഈ മേഖലയില്‍ മാത്രം 22000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്നതായാണ് കേരള ഫിഷറീസിന്റെ കണക്ക്. ജില്ലയിലെ മത്സ്യസമ്പത്തിന്റെ ഭൂരിഭാഗവും പെരിയാര്‍ നദി/കായല്‍/തീരദേശ മേഖലയില്‍നിന്നുള്ളവയാണ്. 
ഈ പ്രദേശം വൈവിധ്യമാര്‍ന്ന  രാസമാലിന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു 'ഹോട്ട് സ്‌പോട്ട്' ആണെന്ന് 2000-ല്‍ ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ പറയുന്നു. വ്യവസായമേഖല മാത്രമല്ല, നീരൊഴുക്കുള്ള കൊച്ചിക്കായലിന്റെ അനേകം കൈവഴികളിലേക്കും കായലില്‍നിന്നുള്ള വേലിയേറ്റയിറക്കത്തിനു വിധേയമാകുന്ന പ്രദേശങ്ങളിലും മലിനീകരണം വ്യാപിച്ചിട്ടുള്ളതായി കണ്ടെത്തി. പാതാളം, മഞ്ഞുമ്മല്‍, പുറപ്പിള്ളി തുടങ്ങിയ കൈവഴികളില്‍ ബണ്ട് സ്ഥാപിച്ചാണ് കുടിവെള്ളം സംഭരിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന കൈവഴിയും ശുദ്ധീകരണശാലകളും പാതാളം മേഖലയിലാണ്. മാലിന്യങ്ങളും ഓരു വെള്ളവും എത്തുന്ന പ്രദേശത്താണ് ഈ സംഭരണ മേഖലകള്‍. റെഡ് കാറ്റഗറിയിലുള്ള വ്യവസായശാലകള്‍പോലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സങ്കീര്‍ണമായ രാസജൈവമാറ്റത്തിനു സാധ്യതയുള്ള ഈ പ്രദേശത്തുനിന്ന് എടുക്കുന്ന വെള്ളം 'ക്‌ളോറിനേഷന്‍' പോലെയുള്ള ലഘുവായ ശുദ്ധീകരണപ്രക്രിയയ്ക്കു വിധേയമാക്കിയാണ് കുടിവെള്ളമായി വിതരണം നടത്തുന്നത്. ശുദ്ധീകരണശാലയില്‍ നിലവിലുള്ള പ്രക്രിയകള്‍ വഴി സാന്ദ്രത കൂടിയ പദാര്‍ത്ഥങ്ങളും (ചെളി, മണ്ണ്) സൂഷ്മജീവജാലങ്ങളും മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഘനലോഹങ്ങളോ സങ്കീര്‍ണമായ ജൈവസംയുക്തങ്ങളോ ഇല്ലാതാക്കാന്‍ കഴിയില്ല. 
സാധാരണയായി ജലവിതരണത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ആക്ട്) നിഷ്‌കര്‍ഷിക്കുന്ന രാസപരിശോധനകള്‍ നടത്തി ഗുണനിലവാരം ഉറപ്പു വരുത്തണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്, 6 പട്ടികയിലായി അടിസ്ഥാന പരിശോധനകള്‍, ടോക്‌സിക് റേഡിയോആക്റ്റീവ് പെസ്റ്റിസൈഡ്, ബാക്ടിരിയോളജിക്കല്‍ പരിശോധനകള്‍ എന്നിങ്ങനെ 65 പരിശോധനകളായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ പരിശോധനകള്‍പോലും പൂര്‍ണമായി നടത്താതെയാണ് ഇന്നും കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്.
2016 സെപ്റ്റംബര്‍ 23-ന് ഈ മേഖലയില്‍ സി.എം.ആര്‍.എല്‍ രാസമാലിന്യം തള്ളുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മേയ് 4,5 തീയതികളില്‍ ശ്രീശക്തി പേപ്പര്‍ മില്‍ എന്ന കമ്പനി പെരിയാറിന്റെ കുടിവെള്ള സംഭരണമേഖല യില്‍ രാസമാലിന്യങ്ങള്‍ തള്ളി. തുടര്‍ന്നു വിവിധ ഭാഗങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു.
 ഒകേ്ടാബര്‍ 14–ന് കുടിവെള്ളം ശുദ്ധമാണെന്നും വ്യവസായ മാലിന്യമില്ലെന്നും വിശദപരിശോധനകള്‍ നടത്തിയെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വാട്ടര്‍ അതോറിറ്റി അടിസ്ഥാന പരിശോധനകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വ്യവസായശാല പുഴയില്‍ മാലിന്യം ഒഴുക്കിയതിനു പതിനൊന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഈ പരിശോധന നടത്തിയതെന്നും വ്യക്തമായി. മറ്റൊരു വൈരുദ്ധ്യം വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന വെള്ളത്തില്‍ പുഴയില്‍നിന്നു പമ്പ് ചെയ്ത് എടുക്കുന്ന വെള്ളത്തിനേക്കാള്‍ കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നതാണ്. അതായതു ശുദ്ധീകരണം വഴി രാസമാലിന്യം ഇല്ലാതാക്കാന്‍ കഴിയിലെന്നു മാത്രമല്ല, ശുദ്ധീകരിക്കുമ്പോള്‍ 'കണ്ടാമിനേഷന്‍' ഉണ്ടാകുന്നുമുണ്ടെന്നര്‍ത്ഥം. ആരോപണവിധേയമായ കമ്പനിയില്‍നിന്നു പുറത്തുവിടുന്ന മാലിന്യത്തില്‍ കാണാന്‍ സാധ്യതയുള്ള ഘനലോഹങ്ങളൊന്നും (മാംഗനീസ്, ലെഡ്, കാഡ്മിയം, നിക്കല്‍) അതോറിറ്റി ഈ കാലയളവില്‍ പരിശോധിച്ചിട്ടേയില്ല. ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായാണ് നാല്‍പ്പതുലക്ഷം പേരുടെ കുടിവെള്ളം ശുദ്ധമാണെന്ന് ജില്ലാ കളക്ടറും പിന്നീട് മുഖ്യമന്ത്രിപോലും ഉറപ്പു നല്‍കിയത്. 
സംഭരണ മേഖലയിലുള്ള വേലിയേറ്റം വഴി ഉപ്പുവെള്ളം കയറുന്നതു തടയാനുള്ള ബണ്ടുകള്‍ തികഞ്ഞ പരാജയമാണെന്നു വാട്ടര്‍ അതോറിറ്റിയുടെ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഓരു കയറ്റം വഴി ഉണ്ടാകുന്ന കേ്‌ളാറൈഡിന്റെ സാന്നിധ്യം  അനുവദനീയമായ അളവിന്റെ നാല്‍പ്പതിരട്ടിയാണ്.  കുടിവെള്ളത്തില്‍  അനുവദനീയമായ കേ്‌ളാറൈഡിന്റെ അളവ് 250 mg/1 ആയിരിക്കെ പാതാളം ബണ്ടിന്റെ മുകളില്‍ 5020 mg/1 (20 ഇരട്ടി), 9800 mg/1  (40 ഇരട്ടി) എന്നിങ്ങനെയാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ ശുദ്ധീകരണം വഴിയല്ലാതാക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. മഴ കുറയുമ്പോള്‍ അധികരിക്കുന്നതായി ലോഹമാലിന്യങ്ങള്‍ (പെര്‍മിസിബിള്‍ ലിമിറ്റിന് മുകളില്‍) കേരള സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. അനുവദനീയമായ അളവിനേക്കാള്‍ അന്‍പതു മടങ്ങു കൂടുതലാണ് ഇവിടുത്തെ ലോഹ സാന്നിധ്യം. 2016 (നവംബര്‍ 15,16,17) ഓരു കയറ്റത്തെ തുടര്‍ന്നു കുടിവെള്ള വിതരണം നിര്‍ത്തി. വെള്ളത്തില്‍ ക്‌ളോറൈഡ് 1000 mg/1 ആയതിനെ തുടര്‍ന്ന് പമ്പിങ്ങ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവച്ചിരുന്നു. വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞതിനെ തുടര്‍ന്ന് പമ്പിംഗ് പുനരാരംഭിച്ചപ്പോള്‍പ്പോലും നഗരത്തിന്റെ പല ഭാഗങ്ങളിലും ഉപ്പുവെള്ളമാണ് കിട്ടിയത്. വിതരണം പുനരാരംഭിക്കുന്നതിനായി അടിസ്ഥാന പരിശോധനകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത് എന്നു പത്രവാര്‍ത്തകളില്‍നിന്നു വ്യക്തമാണ്. ഒരു നിശ്ചിത അളവ് വെള്ളം തുടര്‍ച്ചയായി പമ്പ് ചെയ്തു കൊടുക്കുമ്പോള്‍ അതിന്റെ ഗുണമേന്മ വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നില്ലെന്നു കൂടുതല്‍ വ്യക്തമാവുകയാണ്. കുടിവെള്ള വിതരണത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ആണ് വാട്ടര്‍ അതോറിറ്റിക്ക് ഉള്ളത്. കേരള വാട്ടര്‍ അതോറിറ്റി അതിന്റെ കുടിവെള്ള വിതരണം തുടങ്ങിയ കാലഘട്ടം മുതല്‍ വിതരണം ചെയ്യപ്പെടുന്ന വെള്ളത്തിന്റെ അളവിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്, മറിച്ച് അതിന്റെ ഗുണമേന്മയ്ക്ക് അല്ല. വര്‍ഷങ്ങളായി തുടരുന്ന ശുദ്ധീകരണ പ്രക്രിയ തുടരുന്നുവെന്നല്ലാതെ പുഴ/സ്രോതസ്സിന് ഉണ്ടാകുന്ന മാറ്റങ്ങള്‍ വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നേയില്ല.

വിതരണ ചരിത്രം
കൊച്ചിയിലെ ജലശുദ്ധീകരണശാല ആരംഭിച്ചത് 1936-ലാണ്. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് ആവശ്യമായ കുടിവെള്ളം മാത്രമാണ് അന്നു ശുദ്ധീകരിച്ചിരുന്നത്. കൊച്ചി തുറമുഖത്തില്‍നിന്ന് അകലെയുള്ള ചൊവ്വരയിലാണ് ആദ്യ പമ്പ് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ കുടിവെള്ള വിതരണം വിപുലപ്പെടുത്തിയപ്പോള്‍ പിന്നീട് പമ്പ് സ്‌റ്റേഷനുകള്‍ ആലുവ, മുപ്പത്തടം തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥാപിക്കപ്പെട്ടത്. മലിനീകരണ സാധ്യതയുള്ള കൊച്ചിക്കായലിനോടും വ്യവസായ-ജനവാസ മേഖലയോടും കൂടുതല്‍ അടുപ്പിച്ചാണ് ഈ ശുദ്ധീകരണശാലകള്‍ സ്ഥാപിച്ചത്. പെരിയാര്‍ നദിയില്‍ ഒഴുക്കു കുറയുമ്പോള്‍ വെള്ളം സംഭരിക്കുന്ന തടയണകള്‍ (പാതാളം ബണ്ട്, മഞ്ഞുമ്മല്‍ ബണ്ട്) വ്യവസായ മേഖലയുടെ മധ്യത്തിലുമാക്കി. അതു കുടിവെള്ള സംഭരണിയില്‍ ഗുരുതരമായ മാലിന്യങ്ങള്‍ കലരാനുള്ള സ്വാഭാവികമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി. 
ഇന്ന് എറണാകുളം ജില്ലയില്‍ കുടിവെള്ളത്തിനായി ദിവസേന 2,75,300 ദശലക്ഷം ലിറ്റര്‍ വെള്ളം പെരിയാറില്‍നിന്നു ശുദ്ധീകരിച്ചു വിതരണം നടത്തുന്നുണ്ട്. പരമ്പരാഗതമായ ശുചീകരണ സംവിധാനങ്ങളാണ് ഇന്നും അവിടെ ഉപയോഗിക്കുന്നത്. പമ്പ് ചെയ്ത് എടുക്കുന്ന വെള്ളം നീറ്റുകക്കയും ആലവും (കോപ്പര്‍ സള്‍ഫേറ്റ്) ആയി മിക്‌സ് ചെയ്തതിനു ശേഷം പല കനത്തില്‍ ഉള്ള മണലുകളില്‍ കൂടി ഊറി ഇറങ്ങുന്ന വെള്ളം യാന്ത്രികമായി അലിയിപ്പിച്ച് കേ്‌ളാറിന്‍ കടത്തി വിടും. കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിലും മത്സ്യങ്ങളിലും നടത്തിയ വിവിധ പഠനത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ/ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു പ്രദേശത്തു നിഷ്‌കര്‍ഷിക്കുന്ന വിശദമായ പരിശോധനകളൊന്നും വാട്ടര്‍ അതോറിറ്റി നടത്തുന്നില്ല. ദേശീയ അഗീകാരം പോലും ഇല്ലാത്ത ലാബാണ് വാട്ടര്‍ അതോറിറ്റിക്ക് ഉള്ളത്.
ജലാശയങ്ങളിലെ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നത് അടിത്തട്ടില്‍ അടിഞ്ഞ ഊറല്‍ രാസജൈവ പരിശോധനകള്‍ക്കു വിധേയമാക്കിയാണ്. കൊച്ചിക്കായലിന്റെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കന്‍ മേഖലകളിലും ഉള്ള വൃഷ്ടിപ്രദേശങ്ങളില്‍ ഊറലില്‍ നടത്തിയ പഠനങ്ങളില്‍ ഖനലോഹങ്ങളുടെയും  (മെര്‍ക്കുറി, കാഡ്മിയം, ലെഡ്, ക്രോമിയം, കോപ്പര്‍, നിക്കല്‍, സിങ്ക്, അയോണ്‍, കോബോള്‍ട്ട്), പെസ്ടിസൈഡ്കളുടെയും സാന്നിദ്ധ്യം അനുവദനീയമായ അളവിന്റെ പലമടങ്ങ് അധികമാണ്. കിലോമീറ്ററുകള്‍ അകലെയുള്ള വടുതല, കടമക്കുടി, മുളവുകാട്, വല്ലാര്‍പാടം, നെടുങ്ങാട്, വീരന്‍ പുഴ,  വൈപ്പിന്‍, ബോള്‍ഗാട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ഈ മാലിന്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നൂ. 
കൊച്ചിക്കായലിലുള്ള ലോഹമാലിന്യങ്ങളായ കാഡ്മിയം, ക്രോമിയം, കോപ്പര്‍, സിങ്ക് എന്നിവയുടെ ശരാശരി അളവുപോലും വ്യവസായമേഖലയിലെ സാന്നിദ്ധ്യത്തേക്കാള്‍ വളരെയധികം കൂടുതല്‍ ആണ്. അതായതു മാലിന്യം അപകടകരമായ അവസ്ഥയില്‍ അടിഞ്ഞു കൂടപ്പെട്ടിട്ടുണ്ട് എന്നതു വ്യക്തം. 2005-ല്‍ നടത്തിയ പഠനത്തില്‍ കാഡ്മിയം, സിങ്ക് തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം യഥാക്രമം 10 ഉം 25 ഉം മടങ്ങാണെങ്കില്‍  2010-ലും 2016-ലുമുള്ള പഠനത്തില്‍ ലോഹമാലിന്യങ്ങളുടെ സാന്നിദ്യം നാല്‍പ്പതു മടങ്ങോളം വര്‍ദ്ധിച്ചു. നാല് നദികള്‍ ചേരുന്ന കൊച്ചിക്കായലിന്റെ തെക്കന്‍ മേഖലയില്‍ പല ലോഹമാലിന്യങ്ങളുടെയും സാന്നിധ്യം പെരിയാറിലുള്ള അളവിന്റെ നൂറിലൊന്നു പോലുമില്ല. 
2014-ല്‍ സംയുക്തമായി ജര്‍മ്മനിയിലെ RWTH Aachen University, Leibniz Center for Tropical Marine Ecology കൊച്ചി സര്‍വ്വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പുഴയുടെ അടിത്തട്ടിലുള്ള ജീവജാലങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായെന്നും ഈ രാസമാലിന്യം ആവാസവ്യവസ്ഥയിലൂടെ ജീവജാലങ്ങളിലും മനുഷ്യരിലും എത്തിച്ചേരുമെന്നും ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകത്തെ മറ്റു മലിനീകരിക്കപ്പെട്ട 22 പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓര്‍ഗാനോ കേ്‌ളാറിന്‍ പെസ്ടിസൈഡുകള്‍ കൊച്ചിക്കായലില്‍ ഉയര്‍ന്ന അളവില്‍ കാണുന്നുവെന്നും കൊച്ചിന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

നീരൊഴുക്ക്
നീരൊഴുക്ക് താരതമ്യേന കുറഞ്ഞ പ്രദേശത്താണ് വ്യവസായമേഖല സ്ഥാപിക്കപ്പെട്ടത്്. ജല ലഭ്യതയും മാലിന്യം പുറന്തള്ളാനും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും മാത്രമാണ് അന്നു കണക്കിലെടുത്തത്. കൊച്ചിക്കായലിന്റെ വടക്കന്‍ മേഖലകളില്‍ അതായത് പെരിയാര്‍ നദി കായലുമായി ചേരുന്ന പ്രദേശങ്ങളില്‍ ഒഴുക്ക് തീരെ കുറവാണ്. പുഴയിലെ മാലിന്യങ്ങള്‍ കടലിലേക്കു പുറംതള്ളാനുള്ള ശേഷി കായലിന് ഈ പ്രദേശങ്ങളില്‍ ഇല്ലായെന്നു 2008–ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പെരിയാര്‍ ചേരുന്ന വൈപ്പിന്‍ ദ്വീപിനോടു ചേര്‍ന്നുള്ള വീരന്‍ പുഴയില്‍ തെക്കുനിന്നും (ഫോര്‍ട്ടുകൊച്ചി) വടക്കുനിന്നും (മുനമ്പം) വേലിയേറ്റമുള്ളതിനാല്‍ ഈ പ്രദേശങ്ങള്‍ ഏറെക്കുറെ നിശ്ചലമാണ്. ഇങ്ങനെ ഒഴുക്ക് നിലയ്ക്കപ്പെട്ട അനേകം പ്രദേശങ്ങളിലാണ് വലിയ രീതിയില്‍ ഈ മാലിന്യം എത്തപ്പെടുന്നത്. എഴുപതു വര്‍ഷം കൊണ്ടുണ്ടായ രാസമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ആയിരക്കണക്കിനു വര്‍ഷം നിലനില്‍ക്കും.

കിണറും പാടശേഖരങ്ങളും 
എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി പെരിയാറിന്റെ തീരങ്ങളില്‍ ഭൂഗര്‍ഭ ജലം കാണപ്പെടുന്നത് ഉപരിതലത്തിലാണ്. വ്യവസായ മേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കിണര്‍ വെള്ളത്തില്‍ ലെഡ്, കാഡ്മിയം, അയണ്‍ എന്നീ ഘനലോഹങ്ങളുള്ളതായും ഈ വെള്ളം കുടിവെള്ള യോഗ്യമല്ലെന്നും കേരള വെറ്റിനറി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍  മുന്നറിയിപ്പു നല്‍കുന്നുണ്ട്. എടയാറ്റ് ചാല്‍, ചക്കരച്ചാല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിദ്ധ്യമുള്ളതായി സുപ്രീംകോടതി മോണിട്ടറിങ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പാടശേഖരങ്ങളില്‍ അനുവദനീയമായ അളവില്‍നിന്നു നൂറിരട്ടിയോളമാണ് വിഷലോഹങ്ങളുടെ സാന്നിധ്യം. ഈ പാടശേഖരങ്ങള്‍ ഇനി കൃഷിയോഗ്യമല്ല. എടയാറ്റു പാടശേഖരം കൊച്ചിയുടെ കുടിവെള്ള സംഭരണിയുടെ തൊട്ടുമുകളിലാണെന്നതാണ് വസ്തുത.

പൂളനും കുറവയുമില്ലാതെ 
കായലിന്റെ വടക്കന്‍ മേഖലകളില്‍ ജലജീവികളിലുള്ള രാസമാലിന്യം മനുഷ്യന് അപകടകരമായ അവസ്ഥയിലാണുള്ളതെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. നദിയിലെ മത്സ്യങ്ങളിലെ എണ്ണത്തിലും വൈവിധ്യത്തിലും ഗുണമേന്മയിലും വലിയ മാറ്റങ്ങളുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇന്നു മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന നദികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് പെരിയാര്‍. പതിന്നാലോളം കുറുവ, പൂളാന്‍, കൂരി, ഈല്‍ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍  പൂര്‍ണമായി അപ്രത്യക്ഷമായി. പത്തൊന്‍പതോളം വിവിധ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ വംശനാശഭീഷണി നേരിടുന്നു. കിളിമീന്‍, നരിമീന്‍, വറ്റ, അയല, മാന്തള്‍, കരിമീന്‍, കാലാഞ്ചി, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരകമായ വിഷമാലിന്യങ്ങള്‍ കണ്ടെത്തി. ലോകാരോഗ്യ സംഘടന, യു.എന്‍. ഭക്ഷ്യ-കാര്‍ഷിക സംഘടന എന്നിവ നിഷ്‌കര്‍ഷിക്കുന്നതിന്റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ രാസസാന്നിധ്യം. കരിമീന്‍, ഏട്ട, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ ശരീരഭാഗങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് അനുവദനീയമായ അളവിന്റെ പലമടങ്ങു കൂടുതലാണെന്ന് മഹേഷ് മോഹന്‍ 2011–ല്‍ നടത്തിയ പഠനം പറയുന്നു. പൂയാന്‍, കതിരാന്‍, കിളിമീന്‍, നരിമീന്‍, മാന്തല്‍ തുടങ്ങിയ മത്സ്യങ്ങളിലും ഘനലോഹമാലിന്യങ്ങളുടെ ഉയര്‍ന്ന സാന്നിധ്യമുണ്ടെന്നു വിവിധ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിക്കായലിലെ കക്കകളിലുള്ള രാസമാലിന്യങ്ങള്‍ വിവിധ ഗവേഷകര്‍ പഠനവിധേയം ആക്കിയപ്പോള്‍ (ജോര്‍ജ്, 2010, ഷൈജു, 2013, രഞ്ജിത 2011)  സിങ്ക്, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങള്‍ അധികരിച്ചതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ നിബന്ധന പ്രകാരം അനുവദനീയമായ അളവ് യഥാക്രമം (Zn–150 PPM, Cd-0.2 PPM, Pb-0.2 PPM) ആണ്. അതായത് അനുവദനീയമായതിന്റെ 30 ഇരട്ടിയോളമാണ് ഈ കൊച്ചിക്കായലിന്റെ വടക്കന്‍ മേഖലയില്‍ കക്കകളിലുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം.

പ്രത്യാഘാതങ്ങള്‍
ശരീരത്തിന് ആവശ്യമായ ലോഹങ്ങളുണ്ട്. ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവ. എന്നാല്‍, ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യത്തിനു ഹാനികരമായ ലോഹങ്ങളുമുണ്ട്. കാഡ്മിയം, ലെഡ്, ആഴ്‌സനിക്ക്, മെര്‍ക്കുറി തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്. കാന്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കു കാഡ്മിയം കാരണമാകും. ലെഡ് മസ്തിഷ്‌ക രോഗങ്ങള്‍ക്കും വിളര്‍ച്ചയ്ക്കും വൃക്കരോഗങ്ങള്‍ക്കും മന്ദതയ്ക്കും ഇടയാക്കുന്നു. മെര്‍ക്കുറിയാകട്ടെ, നാഡീരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, വായിലും മോണയിലും വ്രണങ്ങള്‍ തുടങ്ങിയവയ്ക്കിടയാക്കുന്നു. ആഴ്‌സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങള്‍, നാഡീരോഗങ്ങള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ ഈ ലോഹം കാരണമാകുന്നു.
പോപ് എന്നറിയപ്പെടുന്നസ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ രാസപരമോ ജൈവപരമോ ഫോട്ടോളിസിസ് വഴിയോ നശിക്കുന്നില്ല. തത്ഫലമായി പ്രകൃതിയില്‍ അവ ദീര്‍ഘകാലം നിലനില്‍ക്കുന്നു. കീടനാശിനികളും ലായകങ്ങളും മരുന്നുകളും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള രാസവസ്തുക്കളും ഉള്‍പ്പെടെ പല പദാര്‍ത്ഥങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. 2001–ല്‍ ഐക്യരാഷ്ര്ട പരിസ്ഥിതി പദ്ധതിയുടെ നേതൃത്വത്തില്‍ നടന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ പന്ത്രണ്ട് പോപ്കളെയാണ് കര്‍ശനമായി നിയന്ത്രിക്കേണ്ടവയായി കണ്ടെത്തിയത്. 2014–ല്‍ ഇന്ത്യയടക്കം 179 രാജ്യങ്ങള്‍ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ നടപ്പാക്കാമെന്ന് അംഗീകരിച്ചിട്ടുണ്ട്.  ഡേര്‍ട്ടി ഡസന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ആള്‍ഡ്രിന്‍, ക്‌ളാര്‍ഡേന്‍, ഡൈല്‍ഡ്രിന്‍, എന്‍ഡ്രിന്‍, ഹെപ്റ്റകേ്‌ളാര്‍, ഹെക്‌സാ കേ്‌ളാറോബെന്‍സീന്‍, മിറെക്‌സ്, ടോക്‌സഫീന്‍ തുടങ്ങിയ മാരക കീടനാശിനികള്‍ ഈ പന്ത്രണ്ടെണ്ണത്തില്‍ ഉള്‍പ്പെടും. കാന്‍സര്‍ ജനകങ്ങളും ശരീരത്തിലെ വിവിധ അവയവ വ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ് ഇവ. ഇവയില്‍ കുപ്രസിദ്ധന്‍ ഡി.ഡി.ടിയാണ്. കാന്‍സര്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌കരോഗങ്ങള്‍ തുടങ്ങി അനവധിയായ പ്രശ്‌നങ്ങള്‍ ഡി.ഡി.ടി ഉണ്ടാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഡി.ഡി.ടി ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് പെരിയാറിന്റെ തീരത്താണ്.  
മാലിന്യങ്ങളും പ്‌ളാസ്റ്റിക്കും കത്തിക്കുമ്പോഴുണ്ടാകുന്ന മാരക വിഷവസ്തുക്കളാണ് ഡയോക്‌സിനുകള്‍. പൊട്ടാസ്യം സയനൈഡിനേക്കാള്‍ പതിനായിരക്കണക്കിനു മടങ്ങ് വിഷശക്തിയുള്ള ടി.സി.ഡി.ഡി ഡയോക്‌സിന്‍ കുടുംബത്തിലെ അംഗമാണ് എന്നതില്‍നിന്നും ഇവയുടെ വിഷശക്തി വ്യക്തമാകുമല്ലോ. കാന്‍സര്‍ ജനകങ്ങളായ ഇവ ഗര്‍ഭസ്ഥശിശുക്കളില്‍ ജനിതക വൈകല്യം ഉണ്ടാക്കും. മാലിന്യങ്ങളും പ്‌ളാസ്റ്റിക്കും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പോപ് ആണ് പൊളികേ്‌ളാറിനേറ്റഡ് ഡൈ ബെന്‍സോഫുറാന്‍. ഡയോക്‌സിന്‍ പോലെ തന്നെ ഇവയും അപകടകാരികളാണ്. ഇലക്‌്രേടാണിക് മാലിന്യങ്ങളിലും പലതരം പെയിന്റ് പ്‌ളാസ്റ്റിക് എന്നിവയിലും അടങ്ങിയിരിക്കുന്ന പോളികേ്‌ളാറിനേറ്റഡ് ബൈഫിനൈല്‍സും ആ പട്ടികയിലുണ്ട്. വന്ധ്യത, പ്രതിരോധശേഷിക്കുറവ്, കാന്‍സര്‍ തുടങ്ങിയവ ഈ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കും. വര്‍ഷങ്ങളോളം ശരീരത്തില്‍ കിടന്നു ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യം ഉണ്ടാക്കാന്‍ ഇതിനു കഴിയും. 2001-നു ശേഷം സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ അപകടകരമായ സ്ഥാവര കാര്‍ബണിക മാലിന്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, ബി.എച്ച്.സി തുടങ്ങി ഒരു കൂട്ടം വിഷവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയിലെ മറ്റു മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഇന്ന്  മൂന്നിരട്ടിയോളം അധികമായി ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കുട്ടികളില്‍ ജനനവൈകല്യം കാണപ്പെടാനുള്ള സാധ്യത ഇവിടെ നാലിരട്ടിയോളമാണെന്നും ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സീറോ ഡിസ്ചാര്‍ജും മലിനീകരണ അവാര്‍ഡുകളും 
വാട്ടര്‍ സെസ് ആക്ട് പ്രകാരം പുഴയില്‍നിന്ന് എത്ര വെള്ളം എടുക്കാം എന്നതിന് മീറ്റര്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മലിനീകരണം അവസാനിപ്പിക്കാന്‍ വ്യവസായശാലകള്‍ 'സീറോ ഡിസ്ചാര്‍ജ്' പാലിക്കണം എന്നാണ് കഴിഞ്ഞ 16 വര്‍ഷമായി ബന്ധപ്പെട്ട അധികൃതരും സാമൂഹിക സംഘടനകളും രാഷ്ര്ടിയപ്പാര്‍ട്ടികളും പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഇതു നടപ്പില്‍ ആയില്ല എന്നു മാത്രമല്ല, ഡിസ്ചാര്‍ജ് നിയന്ത്രണമില്ലാതെ നിര്‍ബാധം തുടരുകയാണ് വ്യവസായശാലകള്‍ ചെയ്തത്. ശ്രീ ശക്തി പേപ്പര്‍ മില്‍ എന്ന കമ്പനിക്ക് 2007-ല്‍ കണ്‍സന്റ് നല്‍കിയപ്പോള്‍ ആറു മാസത്തിലുള്ളില്‍ 'സീറോ ഡിസ്ചാര്‍ജ്' പാലിക്കണം എന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്പനി അതു നടപ്പിലായില്ലെന്നു മാത്രമല്ല, മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2010-ല്‍ കണ്‍സന്റ് പുതുക്കി നല്‍കുന്ന സമയത്തു വീണ്ടും 'സീറോ ഡിസ്ചാര്‍ജ്' പാലിക്കണം എന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വീണ്ടും അവശ്യപ്പെട്ടിരുന്നു. ചുരുക്കത്തില്‍ 'സീറോ ഡിസ്ചാര്‍ജ്' എന്നതു പ്രഹസനമായി തുടരുന്നു. ഉല്‍പ്പാദനത്തിന്റെ ഭാഗമായി വരുന്ന രാസമാലിന്യങ്ങളുടെ മൂന്നിലൊന്നുപോലും സംസ്‌കരിക്കാനുള്ള സംവിധാനം ഈ വ്യവസായശാലകള്‍ക്കില്ല. കഴിഞ്ഞ മെയില്‍ പെരിയാര്‍ നദിയിലേക്കു സംസ്‌കരിക്കാത്ത മാലിന്യം തള്ളിയപ്പോള്‍ വ്യവസായശാല കൊടുത്തിരിക്കുന്ന ബാങ്ക് ഗ്യാരണ്ടി അടക്കം പിടിച്ചെടുത്തു നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, അത്തരത്തിലുള്ള നടപടികള്‍ ഒന്നും ബോര്‍ഡ് അന്ന് കൈകൊണ്ടിട്ടില്ല.
കമ്പനികള്‍ക്കു പരിസ്ഥിതി സൗഹൃദ അവാര്‍ഡുകള്‍ എല്ലാ കൊല്ല വും സര്‍ക്കാര്‍ നല്‍കാറുണ്ട്. അര്‍ഹരാകുന്ന കമ്പനികളെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്  നിര്‍ദ്ദേശിക്കുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുക്കുക. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍പ്പോലും മാലിന്യം തള്ളിയ സി.എം.ആര്‍.എല്ലിനാണ് കഴിഞ്ഞ ആറു വര്‍ഷമായി ഈ അവാര്‍ഡ് ലഭിച്ചത്. 2007–ല്‍ പെരിയാറില്‍ തുടര്‍ച്ചയായി നിറം മാറ്റം ഉണ്ടായപ്പോള്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് നിര്‍ദ്ദേശ പ്രകാരം സി.ഡബ്‌ള്യു.ആര്‍.ഡി.എം പഠനം നടത്തിയപ്പോള്‍ പെരിയാറിലെ നിറം മാറ്റത്തിനു കാരണം ഇരുമ്പ് സംയുക്തങ്ങളാണെന്നും അതിന്റെ പ്രഭവകേന്ദ്രം സി.എം.ആര്‍.എല്ലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2011-ല്‍ പെരിയാര്‍ നദി തുടര്‍ച്ചയായി ചുവന്ന് ഒഴുകിയ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ ചിത്രകുമാരി ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ പെരിയാര്‍ നദിയെ ചുവപ്പിക്കുന്നത് സി.എം.ആര്‍.എല്ലാണെന്നു വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയാണ് ബോര്‍ഡ് ചെയ്തത്. 

നിയന്ത്രണത്തിന് റിവര്‍ അതോറിറ്റി 
30 കൊല്ലം മുന്‍പു സ്ഥാപിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൃത്യമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പു വരുത്താന്‍ ഇവിടെയുള്ള രാഷ്ര്ടീയ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞിട്ടില്ല. എല്ലാ ഭരണകൂട സംവിധാനങ്ങളും പരാജയപ്പെടുമ്പോഴാണ് ഇന്നു പുഴയെ സംരക്ഷിക്കാന്‍ പുതിയ ഒരു അതോറിറ്റി വേണമെന്ന നിലപാട് ഉയരുന്നത്. 
   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com