ബുലന്ദ്ശഹര്‍ കലാപം: ഇന്‍സ്‌പെക്ടറെ വെടിവെച്ചയാള്‍ പിടിയില്‍; അറസ്റ്റിലായത് എഫ്‌ഐആറില്‍ പേരില്ലാത്ത ടാക്‌സി ഡ്രൈവര്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.
ബുലന്ദ്ശഹര്‍ കലാപം: ഇന്‍സ്‌പെക്ടറെ വെടിവെച്ചയാള്‍ പിടിയില്‍; അറസ്റ്റിലായത് എഫ്‌ഐആറില്‍ പേരില്ലാത്ത ടാക്‌സി ഡ്രൈവര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പ്രശാന്ത് നാട്ട് എന്നയാളാണ് വ്യാഴ്‌ഴ്ച അറസ്റ്റിലായത്. താനാണ് സുബോധിനെ വെടിവച്ചതെന്ന് പ്രശാന്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. 

നോയിഡയ്ക്കു സമീപത്തുനിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രശാന്തിന്റെ പേരില്ലായിരുന്നു. 

ഡിസംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുലന്ദ്ശഹര്‍ ജില്ലയിലെ സിയാന ഗ്രാമത്തില്‍ ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലാപം നടന്നത്. ആള്‍ക്കൂട്ട ആക്രമണം നേരിടാനെത്തിയ സുബോധിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ അഖ്‌ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. 

സുബോധിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പൊലീസ് ഓഫീസറുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടുന്നതിന് മുമ്പ് പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദമായിരുന്നു. പൊലീസ് ഓഫീസറുടെ മരണത്തിന് പ്രധാന്യം നല്‍കാതെ പശുഹത്യ നടത്തിയവരെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com