വിഎസിന്റെ ഉറക്കം (ഫയല്‍)
വിഎസിന്റെ ഉറക്കം (ഫയല്‍)

ഉറക്കത്തിന്റെ നാനാര്‍ത്ഥങ്ങള്‍

ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനെക്കാള്‍ സാധാരണക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുംകാണുന്നത്. അല്ലെങ്കില് പൊതുവേദിയിലേയുംനിയമസഭയിലേയും ഉറക്കം അവര്‍ ഫോട്ടോ ആക്കില്ലല്ലോ. 

പ്രിയ സുഹൃത്തിനെപ്പോലെ ഒഴിയാബാധയും ഊര്‍ജ്ജവുമായി ഉറക്കം കൂടെയുണ്ട്. കട്ടിലിലേക്കോ പായിലേക്കോ അല്ലെങ്കില്‍ ആരിലേക്കോ ചായാന്‍ തോന്നുന്ന മാനസികനിലയാണത്. ഈ   ശീലം നല്ലതല്ലെന്ന് പലരും പറയുന്നു. ഉറക്കത്തിന്റെ പേരില്‍ അമ്മ ഒരുപാട് വഴക്കും വക്കാണവും ഉണ്ടാക്കിയിട്ടുണ്ട്. ഉറക്കം തെളിയാത്ത ദിവസങ്ങളില്‍ സ്‌കൂളിലോ കോളേജിലോ പോയിട്ടില്ല, പോകുന്നത് ആനക്കാര്യമല്ലെങ്കിലും. ഈ മടിയുറക്കം കുറച്ച് നാളുകളിലേക്ക് നീണ്ടുപോകുകയും ചെയ്യും. 
ഇത്തരം അപരിചിത സ്വഭാവങ്ങള്‍ ഇന്ത്യയിലായതിനാല്‍  മാനസികരോഗമായി എഴുതില്ല. മനുഷ്യരുടെ മാനസിക ആരോഗ്യം ആര്‍ക്കു വേണം, മാനസികാരോഗ്യം രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിനും പേടിയുമാണ്.
ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മനുഷ്യദൈവത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ യു.കെയില്‍ മനഃശാസ്ത്രജ്ഞനായ മലയാളി സുഹൃത്ത് പറഞ്ഞു, അവിടെയാണെങ്കില്‍ കാര്യങ്ങള്‍ ഇത്ര നീണ്ടുപോകില്ല, പിടിച്ചുകെട്ടി കൂട്ടിലടച്ചേനെ. പൊതുവില്‍ ഭ്രാന്തിനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണല്ലോ ദാരിദ്ര്യം പങ്കുവെയ്ക്കലാണ് സോഷ്യലിസം എന്നു പറഞ്ഞ പ്രധാനമന്ത്രിയേയും നമ്മള്‍ ഏറ്റിയത്.
ശകാരം കേള്‍ക്കുമ്പോളൊക്കെ ഒരുതരം കുറ്റബോധത്തില്‍ വീഴുമെങ്കിലും ഉറക്കത്തെ ഞാന്‍ മറ്റെന്തിനുമുപരിയായി സ്നേഹിക്കുന്നു, ഉറക്കം എന്നെ നിര്‍വ്വചിക്കാനാവാത്തവിധം സമനിലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 
കണ്ണുചിമ്മുമ്പോള്‍ മുതല്‍ ഞാന്‍ എന്റേതായ ഒരു ലോകത്തിലേക്ക് സ്വതന്ത്രനാവുന്നു. അവിടെ എനിക്ക് പ്രിയപ്പെട്ടതെല്ലാം ഉണ്ട്, യഥാര്‍ത്ഥ ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റാത്തത്. കണ്ണു തുറന്നു കാണുന്നതിനെക്കാള്‍ എല്ലാം മനോഹരമാകുന്നു കണ്ണടച്ചാല്‍ സംഭവിക്കുന്നത്. പ്രണയത്തിലേക്ക് ചായുന്നതിനെക്കാള്‍ ലഹരിയോടെയാണ് ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നത്. 
ഒരു ചായ കുടിക്കാം എന്ന് വിചാരിക്കുന്നതുപോലെ ലളിതമായി, ഒന്നുറങ്ങിക്കളയാം എന്ന് എല്ലായ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു. പൊട്ടിമുളക്കുന്നതിനു മുന്‍പേയുള്ള വിത്തിന്റെ മഹാനിദ്ര പോലെ ആഴത്തില്‍ ഉറഞ്ഞുപോകുന്നത് ഞാനെപ്പോഴും സ്വപ്നം കാണുന്നു.
അമ്മയെക്കാളും താരാട്ടിന്റെ കരുതലില്‍ എന്നെ ഉറക്കിയിട്ടുള്ളത് യാത്രകളാണ്. എനിക്കുള്ള താരാട്ട് യാത്രകളില്‍    ഉണര്‍ന്നിരിപ്പുണ്ട്. ബസിന്റെ താളത്തില്‍, ട്രെയിനിന്റെ താളത്തില്‍ ഞാന്‍ സ്വരൂപിച്ചുണര്‍ത്തിയ സ്വപ്നങ്ങളെത്ര, സംഗീതങ്ങളെത്ര, പ്രണയങ്ങളെത്ര. മറ്റു യാത്രകളിലൊന്നിലും കിട്ടാത്ത താളം കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കട്ടപ്പുറത്തിരിക്കുന്ന വണ്ടികളെ ആലോചിച്ച് ഞാന്‍  ആശങ്കപ്പെട്ടിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് സ്റ്റാന്റുകളില്‍ കേരളത്തിന്റെ സ്വന്തം ബസുകള്‍ കാണുമ്പോള്‍ എനിക്ക് കിട്ടുന്നത് കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ല, സ്വപ്നത്തിലേക്ക് കുടിയിരുത്തിയ പ്രിയപ്പെട്ട സ്വരൂപങ്ങളെയാണ്.
പകല്‍യാത്രകളില്‍ എനിക്കേറ്റവും ഇഷ്ടം കേരളസര്‍ക്കാര്‍ ബസുകളാകുന്നു. ഡബിള്‍ ബെല്ലടിച്ചു കൊണ്ടാണതില്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും കയറിയിറങ്ങുന്നത്.
കാഴ്ചകളെ മറയ്ക്കുന്ന രാത്രിയാത്രകള്‍ ട്രെയിനിലായാലും തരക്കേടില്ല. എത്ര മനോഹരമായ കാഴ്ചകളായാലും യാത്രകളില്‍ ഇടയ്ക്കിടെ ഉറങ്ങാതെ വയ്യ. തണുപ്പില്‍നിന്നും കാറ്റില്‍നിന്നും സംഗീതത്തില്‍നിന്നും ഓര്‍മ്മകളില്‍നിന്നും ആലസ്യത്തിലേക്ക് എറിയപ്പെടുകയാണ്, മറിച്ചും. 
അത്യധികം മനോഹരമായ കാഴ്ചകളാണ് പുറത്തെങ്കിലും  വയനാടന്‍ ചുരം കയറുമ്പോള്‍ എത്ര ഹെയര്‍പിന്‍ വളവുകളുണ്ടോ അതിലധികം തവണ ഞാനുറങ്ങിയുണരും. യാഥാര്‍ത്ഥ്യങ്ങളേയും സങ്കല്പനങ്ങളേയും ചേരുംപടി ചേര്‍ക്കാനുള്ള ഒരവസരം കൂടിയാവുന്നു ഈ ഉറക്കങ്ങളും ഉണര്‍ച്ചകളും സമ്മാനിക്കുന്നത്.
ഉറക്കമില്ലാതെ യാത്രയില്ല, അവ ഈടുറ്റ ഉണര്‍ച്ചകള്‍ ആണ്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം വയനാട്ടിലേക്കുള്ള യാത്രയെ വഴിയില്‍ ഉപേക്ഷിച്ച് കാറില്‍ തൃശൂര്‍ക്ക് മടങ്ങുമ്പോള്‍ വഴിനിറയെ സംഘര്‍ഷങ്ങളായിരുന്നു. ആക്രമോല്‍സുകരായ ജനങ്ങള്‍ റോഡ് നിറയെ, ചിലയിടത്ത് മനുഷ്യര്‍ ആളിക്കത്തുന്നു, തെരുവിനെ പെയിന്റിംഗിന്റെ  ദൃശ്യചാരുതയോടെ  മനുഷ്യര്‍ കത്തിക്കുന്നു.  വീട്ടുമനുഷ്യര്‍ അങ്ങനെയാണ്, വീട്ടില്‍ നനഞ്ഞ പടക്കം പോലെ  ഉറഞ്ഞിരിക്കും, വീട്ടില്‍നിന്നും അകലം പാലിച്ച് ഉറഞ്ഞു തുള്ളും. ചില കാര്യങ്ങളില്‍ വീട്ടുമനുഷ്യനെതിരെ നിതാന്തജാഗ്രത വേണം.
കൂടെയുണ്ടായിരുന്ന ആകാശവാണിയിലെ പി. ബാലന്‍, ഏഷ്യാനെറ്റിലെ എം.ആര്‍. രാജന്‍, അസലു, ശ്രീനി എന്നിവരൊക്കെ വീടെത്തുമോ എന്ന ആകാംക്ഷയെ ഭീതിയോടെ ഉറ്റുനോക്കുകയും ആശങ്കപ്പെടുകയുമായിരുന്നു വഴിനീളെ.
വീടില്ലാത്തതിനാല്‍ തിരിച്ചുവരവ് എനിക്ക് പ്രിയപ്പെട്ടതായിരുന്നില്ല ഒരിക്കലും. ഈ യാത്രയിലും ഞാനൊന്നുറങ്ങിപ്പോയി. അവര്‍ എന്നെ വിളിച്ചുണര്‍ത്തി, കണക്കില്ലാതെ ശകാരിച്ചു. ഭയത്തില്‍ കൂട്ടിരിക്കേണ്ടവര്‍ സുഖിച്ച് ഉറങ്ങിയാലോ.
ഉറക്കത്തിനു പകരം എന്തുവെച്ചാലും അത് ഞാനെടുക്കില്ല, പ്രണയം പോലും. ഉറക്കത്തില്‍ വരുന്ന ഏതു വിളികളേയും ഞാന്‍ ശത്രുപക്ഷത്ത് നിര്‍ത്തും, കുറച്ചു നേരമെങ്കിലും. ഉറക്കത്തിന്റെ ആഴങ്ങളില്‍നിന്നും തിരിച്ചുവരുന്നത് പലപ്പോഴും സര്‍ഗ്ഗാത്മകമായ അന്തരീക്ഷത്തിലേക്കായിരിക്കും. ഉറക്കത്തില്‍നിന്നും കണ്ണുതിരുമ്മാതെ എഴുത്തിലേക്ക് കയറിയിരിക്കുന്നതിനെപ്പറ്റി  മാധവിക്കുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
വായനയില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ ഉറക്കത്തില്‍നിന്നും കിട്ടും. വായന കൂടിയാല്‍ നിങ്ങള്‍ ഒരു കോപ്പിയടിക്കാരന്‍ മാത്രമായി ചുരുങ്ങും. സര്‍ഗ്ഗാത്മകതയെ തട്ടിച്ചുനോക്കാന്‍ മാത്രം പുസ്തകം കയ്യിലെടുക്കുക. സിനിമയുടെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് പ്രധാനം, ഒന്നിനേയും കാണാപ്പാഠം പഠിക്കരുത്. 
എഴുത്തറിയാത്തതിനാല്‍ ഞാന്‍ പാട്ടുകേട്ടോ വായിച്ചോ ആലോചിച്ചോ വെറുതെയിരിക്കുന്നു. മറിച്ച് സിനിമ ചെയ്യുമ്പോഴോ മറ്റോ ഉറക്കമില്ലാതെയുമിരിക്കും, അലാറത്തിന്റെ അമറല്‍ കേള്‍ക്കാതെ തന്നെ അപ്പോഴൊക്കെ ഉണരും.  ഉറക്കത്തെ കീഴ്പെടുത്തിയായിരിക്കും ഉത്തരവാദിത്വങ്ങള്‍ മുന്നേറുക. ഉണര്‍ച്ചയോടടുത്ത  ഉറക്കമാണ് കൂടുതല്‍  ഇഷ്ടം, പൈപ്പില്‍ നിന്നുള്ള തുള്ളിതുള്ളിയായി വീഴുന്ന ശബ്ദം പോലും അറിയുന്ന ഉറക്കം. പതിഞ്ഞ കാലടികളാല്‍  തൊടാന്‍ വരുന്ന പ്രണയത്തെ അറിയുന്നതുപോലെയുള്ള മയക്കം. മഴക്കാലത്തെ ഉറക്കം പോലെ ലോകത്തില്‍ മറ്റൊന്നുമില്ല. മഴയോടൊപ്പമുള്ള യാത്രകള്‍, ഉറക്കമല്ല. പാതിയുറക്കത്തെ മഴ കൊണ്ടുപോകുന്നു, മറുപാതിയില്‍ മയക്കം. ഉറക്കത്തിലെ ഉണര്‍ച്ചയാണത്.
മദ്യപിച്ചാല്‍ തളര്‍ന്നുറങ്ങും. ആയതിനാല്‍ മദ്യം എനിക്ക് ക്രിയേറ്റിവിറ്റിയോ സന്തോഷമോ അല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ആറാടാനുള്ള  അസുലഭമായ സാഹചര്യമാണത്. എന്നിട്ടും മദ്യപിക്കുന്നത് മാന്യനാക്കി ഒറ്റപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ്. ഭക്ഷണം കഴിച്ചാലും ഉറക്കം വരും. പ്രണയത്തിനൊടുവിലും ഗാഢമായ ഉറക്കം വരും. പ്രണയക്കൂടുതല്‍ ഉറക്കം കെടുത്തും, പ്രായക്കൂടുതലും. വേനലില്‍ വിയര്‍ത്തുറങ്ങാനും മഴയില്‍ തണുത്തുറങ്ങാനും ഇഷ്ടമാണ്. കാറ്റിനൊപ്പം പറന്നിറങ്ങാറുമുണ്ട്. മഴക്കൊപ്പം പെയ്തിറങ്ങാറുണ്ട്. മഴകൊണ്ടുറങ്ങുന്ന തെരുവുമനുഷ്യരെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. മഴകൊണ്ടു നടക്കണമെന്ന ആഗ്രഹം പോലെ തന്നെയാണ്  മഴകൊണ്ടുറങ്ങണമെന്ന ആഗ്രഹവും.   രാത്രി ആരും കാണാതെ മഴനനഞ്ഞു നില്‍ക്കാറുമുണ്ട്. അതിനു ശേഷമുള്ള ഉറക്കത്തെ എങ്ങനെ നിര്‍വ്വചിക്കുമെന്നറിയില്ല, അത്രയ്ക്ക് ലഹരിദായകം. ഭ്രാന്തെന്നു കൂകിയാലും  കുഴപ്പമില്ല. മഴയുണ്ടെങ്കില്‍ പിന്നൊന്നും വേണ്ട. മഴയുണ്ടെങ്കില്‍ ലോകത്തെ കൈവെള്ളയില്‍ വെച്ചുറങ്ങാം.
ചില സമയങ്ങളിലെ ഉണര്‍ച്ച ആത്മഹത്യാപരമാകുന്നു. ഒരു രാത്രിയില്‍ ഉറക്കമില്ലാതെ എനിക്ക് ഭ്രാന്തായി, മനസ്സ് കീഴ്മേല്‍ മറിഞ്ഞു. ആരെയെങ്കിലും ഒന്നു തൊട്ട് അസ്വസ്ഥത തേച്ചുമാച്ചു കളയാന്‍ പറ്റാത്ത പാതിരാസമയം. ശബ്ദങ്ങളെ മാത്രമല്ല, സ്വാഭാവികമായ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന സാദാ നിലവാരത്തിലുള്ള വീടായിരുന്നു അത്.  പുറത്തേക്കിറങ്ങിയാല്‍ ഗൃഹനാഥന്‍ ഉല്‍ക്കണ്ഠയോടെ വലിയ ടോര്‍ച്ചെടുത്ത്   മുറി തുറന്നുവരും. താനറിയാതെ ആ വീട്ടില്‍ ഒന്നും സംഭവിക്കരുതെന്ന് തീരുമാനിച്ച പിച്ചമനസ്സിന്റെ ഉടമ. എന്റെ മനോനില അയാളോടു വിവരിക്കാനും പറ്റില്ല. അടച്ചിട്ട മുറിയില്‍ ഞാന്‍ വെരുകിനെപ്പോലെ വെപ്രാളപ്പെട്ടു. ഒരുതരത്തിലും മനസ്സിനെ ശാന്തമാക്കാന്‍ പറ്റുന്നില്ല. തല കിടക്കയില്‍ പൂഴ്ത്തി നോക്കി, നിലത്തിഴഞ്ഞു, തലയില്‍ വെള്ളമൊഴിച്ചു, ഇഷ്ടമുള്ളവരെ, ഇഷ്ടമുള്ളതിനെ ഓര്‍ത്തുനോക്കി...  മുഴുഭ്രാന്തിലേക്ക് ഞാന്‍ വീഴുന്നതുപോലെ, ആത്മഹത്യയിലേക്ക് മനസ്സ് നീളുന്നതുപോലെ...
ചാനലിലെ എഡിറ്റിംഗ് പണി കഴിഞ്ഞ് ഭ്രാന്തുപിടിച്ച അവള്‍ അപ്പോഴാണ് വിളിക്കുന്നത്. അതവളുടെ സ്ഥിരം പരിപാടിയാണ്. പാതിരാത്രിവരെ ജോലി ചെയ്ത് തല തരിക്കുമ്പോള്‍ സുഹൃത്തുക്കളില്‍  ആരെയെങ്കിലും വിളിച്ച് തെറിവിളിക്കുക. പാതിരാത്രിയില്‍ ഒരു തെറിവിളി ഞങ്ങള്‍ സുഹൃത്തുക്കള്‍ എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്, നിങ്ങള്‍ അങ്ങനെ ഉറങ്ങി സുഖിക്കേണ്ട എന്നൊരു ടോണില്‍.    എന്നെയും വിളിച്ചു ടണ്‍ ഭാരമുള്ള തെറികള്‍. സ്‌നേഹം പശ്ചാത്തലമാക്കിയ ആ ഒറ്റത്തെറിയില്‍ ഞാന്‍ പെട്ടെന്ന് നോര്‍മല്‍ ആയി. പിന്നെ നല്ല ഉറക്കമായിരുന്നു. ആ ഉറക്കത്തില്‍നിന്നും  ഞാന്‍ പ്രണയത്തിലേക്കാണ് ഉണര്‍ന്നത്. ഉണര്‍ന്നാല്‍ ഉഷാറാവാന്‍  അടുപ്പമുള്ള എന്തെങ്കിലും വേണം, പ്രണയമാണെങ്കില്‍ കൂടുതല്‍ രുചികരം. ഒന്നും കിട്ടിയില്ലെങ്കില്‍  വീണ്ടും ഉറങ്ങും, മറ്റൊന്നിലേക്ക് ഉണരാന്‍ വേണ്ടി. കുണ്ടിയിലെ  സൂര്യന്‍ ഉദിക്കുന്നതുവരെ.  മറ്റുള്ളവരുടെ വീട്ടില്‍ ഉറക്കം കിട്ടാത്തവരുണ്ട്, സ്വന്തം വീട്ടില്‍ ഉറക്കം വരാത്തവരുണ്ട്.
നല്ല വീടുകള്‍ തരുന്നത് നല്ല ഉറക്കമാകുന്നു, നല്ല സൗഹൃദങ്ങള്‍ തരുന്നതും മറ്റൊന്നല്ല. ഈയിടെ തളിക്കുളത്തെ  മധുവിന്റെ വീട്ടില്‍ പോയിരുന്നു. ഓടിട്ട പഴയ വീടായിരുന്നു അത്. ചിതല്‍ കേറി വീട്ടുകാരെ ഉറക്കം കെടുത്തുന്ന വീടായിരുന്നു അത്. ഈര്‍പ്പം മണക്കുന്ന ഇത്തരം വീടുകള്‍  അമ്മമാരെ ഓര്‍മ്മിപ്പിക്കും. അത് പൊളിച്ചുമാറ്റുന്നതിനു മുന്‍പ് ഒരിക്കല്‍ക്കൂടി അവിടെ ഉറങ്ങണമെന്ന് മധുവിനെ ഓര്‍മ്മിപ്പിച്ചു. അത്രയ്ക്ക് സുഖകരമായിരുന്നു ആ വീട്ടിലെ രാത്രിയുറക്കം. ഉറക്കത്തിനുവേണ്ടി ഏതറ്റവും വരെ പോകാനും തയ്യാര്‍.  
ഉറങ്ങാന്‍ തോന്നുമ്പോള്‍ ഉറക്കം വേണ്ടെന്നുവെക്കരുതെന്ന് തിരൂര്‍ പ്രകൃതിജീവനകേന്ദ്രത്തിലെ  ഡോ. രാധാകൃഷ്ണന്‍ പറയും. നിയമസഭയിലായാലും കോടതിയിലായാലും പെണ്ണുകാണുന്നതിനിടയിലായാലും അത് ചെയ്യണം. തൃശൂര്‍ റൗണ്ടിലൂടെ ഞാനും ശില്പി രാജനും നടക്കുകയായിരുന്നു. ആലുക്കാസിനു മുന്നില്‍ ഞങ്ങളുടെ സുഹൃത്ത് കൃഷ്ണന്‍ ചാലിലേക്ക് തലവെച്ച് കിടക്കുന്നു. ഞാനും ശില്പിയും മുഖത്തോടുമുഖം നോക്കി, എന്തു ചെയ്യണമെന്ന്. ശില്പി പറഞ്ഞു, അവന്‍ വിശ്രമിച്ചോട്ടെ, നമുക്ക് പോകാം.
അന്ന് സുഹൃത്തിനെ വിട്ടുപോന്നതിന് ശില്പിയെ ഞാന്‍ കുറ്റം പറഞ്ഞു. ഇപ്പോള്‍  അറിയുന്നു, എന്തിനൊരാളെ ഒരു കാരണവുമില്ലാതെ ഉറക്കത്തില്‍ നിന്നുണര്‍ത്തണം.  
ഞങ്ങളുടെ പ്രിയ സുഹൃത്ത് കോഴിക്കോട്ടെ ശശി നല്ലൊരു സംഘാടകനും നല്ല കൂര്‍ക്കം വലിക്കാരനും ആയിരുന്നു. മുംബൈയില്‍  ഫിലിം ഫെസ്റ്റിവലിന് ഞങ്ങള്‍ ഒരു മുറിയില്‍ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു. ശശിയുടെ കൂര്‍ക്കം വലി ഞങ്ങളെ മാത്രമല്ല, ആ ലോഡ്ജിലെ മറ്റു മുറിയിലുള്ളവരേയും ഉറക്കിയില്ല. സമാനതകളില്ലാത്തതാണാ കൂര്‍ക്കംവലി. രാവിലെ ശശി കൂര്‍ക്കംവലിയൊന്നുമില്ലാതെ ശാന്തമായി ഉറങ്ങുന്നു. സിനിമയ്ക്ക് പോകാന്‍ എല്ലാവരും തിടുക്കപ്പെടുകയാണ്; ശില്പി പറഞ്ഞു, ശശിയെ ഉണര്‍ത്തേണ്ട, വിശ്രമിച്ചോട്ടെ. 
ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനെക്കാള്‍ സാധാരണക്കാരായ  മാദ്ധ്യമപ്രവര്‍ത്തകരും  കാണുന്നത്. അല്ലെങ്കില്‍ പൊതുവേദിയിലേയും നിയമസഭയിലേയും ഉറക്കം അവര്‍ ഫോട്ടോ ആക്കില്ലല്ലോ. ആ വിശ്രാന്തിയെ   സാമാന്യബോധമുള്ള മനുഷ്യര്‍ അഭിവാദ്യം  ചെയ്യുകയാണ് ചെയ്യേണ്ടത്. സദാ ഉണര്‍ന്നിരിക്കുന്നവരെ ശ്രദ്ധിക്കണം, അവര്‍ അപകടകാരികളാണ്, ഹിറ്റ്ലര്‍ അങ്ങനെയായിരുന്നു.
എന്റെ പുസ്തകം 'മാര്‍ജാരന്‍' എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്   വടക്കുഞ്ചേരിയിലെ  സുജ പറഞ്ഞത് വായന തീര്‍ന്നില്ല, പുസ്തകം കയ്യിലെടുത്താല്‍ എവിടെയുമില്ലാത്ത ഉറക്കം വന്ന് പുണരുമെന്ന്. എന്റെ പുസ്തകമായതിനാലാണൊ ഉറക്കമെന്ന് ഞാന്‍ സംശയിച്ചില്ല. 
എന്തായാലും അസ്വസ്ഥമാക്കുന്ന പുസ്തകത്തെക്കാള്‍ ഉറക്കുന്ന പുസ്തകമാണ് നല്ലത്. എന്നെ പുസ്തകം കൊണ്ടുപോകുന്നത് ഭാവനകളിലേക്കാണ്. അത് പിന്നീട് മയക്കവും ഉറക്കവുമാകും. ആയതിനാല്‍ ഒരു പുസ്തകവും ഒറ്റയടിക്ക് അവസാനിപ്പിക്കുക ഒരിക്കലും പറ്റാത്ത കാര്യവുമാണ്. 
ഒരു പുസ്തകം ഒറ്റയടിക്ക് വായിച്ചു തീര്‍ക്കുന്നവര്‍ സ്വന്തം നിലയില്‍ ഭാവനാരഹിതരാണ്. ഒറ്റയടിക്ക് വായിച്ച   പുസ്തകങ്ങളില്‍ ഓര്‍മ്മവരുന്നത് 'ക്ലാന്റസ്റ്റൈന്‍  ഇന്‍ ചിലി' ആണ്, മാര്‍ക്വേസിന്റെ ചെറിയ പുസ്തകം.
ഒരിക്കല്‍ ഞാനും ഇമബാബുവുമൊത്ത്  കല്ലിന്റെ ജന്മാന്തരങ്ങള്‍ എന്ന ഡോക്യുമെന്ററിക്ക് കുറച്ചു പടങ്ങള്‍ എടുക്കാന്‍ തഞ്ചാവൂരിലേക്ക് പോയി. രാത്രി ട്രെയിനില്‍ വാഷ് റൂം ഭാഗത്ത് ഞങ്ങള്‍ പരസ്പരം തലയിണയാക്കി ഉറങ്ങി, തഞ്ചാവൂരില്‍ ഉണരുകയായിരുന്നു. നല്ല ക്ഷീണം നല്ല കിടക്കയാവുന്നു. വണ്ടിയോടിക്കുമ്പോഴും ഞാന്‍ ഉറങ്ങാറുണ്ടായിരുന്നു. ചില ഓര്‍മ്മകള്‍, ചില ചിന്തകള്‍ ലഹരി പിടിപ്പിക്കുമ്പോള്‍  മയക്കവും കൂടെ വരും.  അപകടം മണത്ത വാടാനപ്പിള്ളിയില്‍ കട നടത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ പറഞ്ഞു, നിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. അതില്‍ പിന്നെ ടൂവീലര്‍ അധികം ഓടിച്ചിട്ടില്ല.
ലോകത്ത് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ഡ്രൈവര്‍മാരോടാണ്. നമ്മള്‍ ഉറങ്ങിയും ഉണര്‍ന്നും അലസവും വിലസവുമായി യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ഏകാന്തത എന്നെ അലട്ടാറുണ്ട്. രാത്രി യാത്രകളില്‍ യാത്രക്കാരുടെ ഉറക്കങ്ങളുമായി വളയം പിടിക്കുമ്പോള്‍ ശവവണ്ടി ഓടിക്കുന്നതുപോലെയാവുമോ ഡ്രൈവര്‍മാര്‍ക്ക് തോന്നുക.

ഉറക്കം വമ്പിച്ച സ്വകാര്യതയാകുന്നു.
കള്ളയുറക്കം നല്ല അഭിനയം വേണ്ട ഒന്നാണ്. വിവാഹം കഴിച്ചവര്‍ ഇതില്‍ പ്രത്യേക പ്രാഗല്‍ഭ്യം നേടാറുണ്ട്. വിവാഹം പലതിന്റേയും പരിശീലനക്കളരിയാണ്.
കിടക്കുമ്പോള്‍ കാലാട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ ഉറക്കത്തിലും ഞാന്‍ കാലാട്ടിക്കൊണ്ടിരിക്കുന്നു. ഇത് തെറ്റിദ്ധാരണകള്‍ പരത്തും. പക്ഷേ, ആരെയും ബോധ്യപ്പെടുത്തേണ്ടാത്തതാണ് എന്റെ ഉറക്കങ്ങള്‍.
എന്താ ഇത്ര നേരത്തെ, എത്ര നേരമായി ഈയുറക്കം, പകലുറങ്ങാന്‍ നാണമില്ലേ, വാതില്‍ തുറന്നിട്ടാണോ കിടപ്പ് എന്നിങ്ങനെ ഉറക്കം കെടുത്തുന്ന വര്‍ത്തമാനങ്ങള്‍ പറയാന്‍ ഞാന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല.
രാത്രി വളരെ വൈകി മദ്യപിച്ചും ചര്‍ച്ച ചെയ്തും ഉറക്കത്തിലേക്ക് വീഴുമ്പോല്‍ ഉറക്കത്തിലും ചര്‍ച്ച തുടരുന്ന ചിലരുണ്ട്. അതിലൊരാള്‍ ശില്പി രാജനാണ്. നേരെ ചൊവ്വേ ഭാര്യയോടു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉറക്കത്തില്‍ കയര്‍ത്ത് സംസരിച്ച് തീര്‍ക്കുന്നവരുമുണ്ട്, അതിലൊരാള്‍ ഞങ്ങളുടെ പ്രേമേട്ടനാണ്. ഞങ്ങള്‍ ഇത് പ്രേമേട്ടനോടും ശില്പിയോടും  നേരിട്ടു പറഞ്ഞിട്ടില്ല. എന്തിനവരുടെ ഉറക്കം കെടുത്തണം.
ഉറക്കം പോലെ വമ്പിച്ച സ്വകാര്യതയാണ് എഴുത്തും അനുഭവിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യന്നൂരിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ തെയ്യം കാണാന്‍ പാതിരാത്രിയില്‍ പോയി. തോണി കയറിയും പാലം കടന്നും കുറേ ദൂരങ്ങള്‍. തെയ്യം കഴിഞ്ഞ്  തെങ്ങിന്‍ തോപ്പില്‍ അടിച്ചു പൂസായി കിടന്നുറങ്ങി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യത്തിലേക്കാണ് ഞങ്ങള്‍ ഉണര്‍ന്നത്. തെയ്യത്തെക്കാളും ഭംഗിയുള്ള കാഴ്ച അത് തന്നു. ഉറക്കവും ഉണര്‍ച്ചയും വ്യത്യസ്ത കാഴ്ചകളാകുന്നു, അതും പല സ്ഥലത്താവുമ്പോള്‍.
പയ്യന്നൂരില്‍ തന്നെ ഒരു ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനും കെ.ആര്‍. മോഹനേട്ടനും പ്രിയനന്ദനനും കെ.ജി. ജയനും കൃഷ്ണകുമാറുമൊക്കെ  സന്നാഹങ്ങളോടെ ഒരു ബാര്‍ ഹോട്ടലില്‍ താമസിച്ചു. അന്നേരം പുറത്ത് സംഘര്‍ഷമുണ്ടായി. ഞങ്ങളുടെ മുറിയുടെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നുവീണുകൊണ്ടിരുന്നു. കുറച്ചു നേരം പുറത്തെ തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ചില്ലുകള്‍ പൊട്ടിത്തകരുന്നതിന്റെ ഭംഗി നോക്കി ഞാന്‍ നിന്നു. പിന്നെ കട്ടിലിന്റെ താഴേക്ക് ഊര്‍ന്നുപോയി   പാതികെട്ട ബോധത്തോടെ നിലംപറ്റി. പിറ്റേ ദിവസമാണ് ഞാനറിയുന്നത് മോഹനേട്ടനും കൂട്ടരുമൊക്കെ അകത്തെ വരാന്തയില്‍ ഇരുന്നു നേരം വെളുപ്പിക്കുകയായിരുന്നു.
ഉറക്കമൊഴിച്ച് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനെക്കാളും ഉറക്കി നേര്‍പ്പിക്കുകല്ലേ നല്ലത്. 
അകത്തെ സംഘര്‍ഷത്തേയും പുറത്തെ സംഘര്‍ഷത്തേയും വേര്‍തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം.
ശ്വാസം തടഞ്ഞ് ഞെട്ടി ഉറക്കമുണരുമ്പോള്‍ ഒരു നിമിഷത്തേക്ക് മരണം മണക്കും. മലര്‍ന്ന് കിടപ്പ് തുടര്‍ന്നാല്‍ ശ്വാസം തിരികെ വരില്ല, ഒന്ന് ചെരിഞ്ഞുകിടന്നാല്‍ ശ്വാസ സഞ്ചാരം സ്വാഭാവികമാവുകയും ചെയ്യും.  മരണവും ജീവിതവും തമ്മിലെ ഈയൊറ്റ നിമിഷത്തിലെ നേര്‍ക്കുനേര്‍ ഈയിടെയായി അനുഭവിക്കുന്ന മറ്റൊരു ലഹരിയാണ്.
നിശാവിശാലതയില്‍ നീണ്ടുനിവര്‍ന്നു കിടക്കുമ്പോള്‍ ചില അസ്വസ്ഥ രാത്രികളില്‍ കൈവിരല്‍ തുമ്പത്ത്  അവളുടെ തണുപ്പ് ഉണ്ടായിരുന്നെങ്കിലെന്ന് വിചാരിക്കാറുണ്ട്, നിമിഷനേരത്തേക്കെങ്കിലും. ഇല്ല എന്ന അറിവ് തരുന്ന ആഹ്ലാദം ചെറുതല്ല, മറ്റെന്തിനെക്കാളും ഉറക്കത്തിലേക്കാണ് എന്റെ ചായ്വ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com