ഒരു നിമിഷം കൊണ്ടാണ് ഹിരോഷിമയും നാഗസാക്കിയും ചാമ്പലായത്; ദുരന്ത ഭൂമിയിലൂടെ; പൊള്ളുന്ന അനുഭവങ്ങൾ

ഇരയെ പിടിക്കാന്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ വീണ്ടുമൊരു യുദ്ധത്തിന് ഒരുക്കം കൂട്ടുന്നതിന് ഇടയിലാണ് മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് അണുബോംബ് തീഗോളമാക്കിയ ഹിരോഷിമ നഗരത്തിലെത്തുന്നത്...ഒരു യാത്രാനുഭവം
ബോംബാക്രമണത്തെ അതിജീവിച്ച ഹിരോഷിമയിലെ കെട്ടിടം
ബോംബാക്രമണത്തെ അതിജീവിച്ച ഹിരോഷിമയിലെ കെട്ടിടം

രയെ പിടിക്കാന്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ വീണ്ടുമൊരു യുദ്ധത്തിന് ഒരുക്കം കൂട്ടുന്നതിന് ഇടയിലാണ് മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് അണുബോംബ് തീഗോളമാക്കിയ ഹിരോഷിമ നഗരത്തിലെത്തുന്നത്. ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഓസകയില്‍നിന്നായിരുന്നു യാത്ര. ജി-20 ഉച്ചകോടിയുടെ സമയമായതിനാല്‍ വിമാനത്താവളം മുതല്‍ കര്‍ശനമായ സുരക്ഷയിലായിരുന്നു നഗരം.

ഓസകയില്‍ നിന്ന് ഹിരോഷിമയിലേക്കുള്ള 280 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഷിംകന്‍സന്‍ അഥവാ ബുള്ളറ്റ് ട്രെയിനില്‍ വേണ്ടത് വെറും 80 മിനിറ്റ്. കോബെയിലും ഹിമേജിയിലുമാണ് ട്രെയിന്‍ നിര്‍ത്തുക. 11,000 യെന്‍ (ഏഴായിരത്തോളം ഇന്ത്യന്‍ രൂപ) ആണ് റിസര്‍വ്വേഷന്‍ ഉള്‍പ്പെടെയുള്ള നിരക്ക്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷം ഏറ്റുവാങ്ങിയ നഗരത്തിലേക്കുള്ള യാത്ര ആകാംക്ഷ നിറഞ്ഞതായിരുന്നു. എന്നാല്‍, ഹിരോഷിമ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയതോടെ ആകാംക്ഷ അമ്പരപ്പിനു വഴിമാറി. അണുബോംബിന്റെ തീനാളങ്ങള്‍ നക്കിത്തുടച്ച ഒരു ഇരുണ്ട ഹിരോഷിമയിലേക്കല്ല കാല്‍കുത്തിയിരിക്കുന്നത്. വലിയ തിരക്കൊന്നുമില്ലെങ്കിലും ജപ്പാനിലെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളേയും മെട്രോ ജംഗ്ഷനുകളേയും പോലെ വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഫൂഡ് കോര്‍ട്ടുകളുമൊക്കെയാണ് ഹിരോഷിമ സ്റ്റേഷനിലും യാത്രക്കാരെ വരവേല്‍ക്കുക. 

ഹിരോഷിമ സ്മാരകത്തിൽ പൂക്കളർപ്പിക്കാനെത്തുന്ന കുട്ടികൾ
ഹിരോഷിമ സ്മാരകത്തിൽ പൂക്കളർപ്പിക്കാനെത്തുന്ന കുട്ടികൾ

ഹിരോഷിമകളും നാഗസാക്കികളുമൊക്കെ ജപ്പാന്‍ എന്നോ അതിജീവിച്ചു കഴിഞ്ഞു എന്നത് സത്യം. ലോകത്തെ ഏത് വന്‍നഗരങ്ങളേയും വെല്ലുന്ന ഇന്‍ഫ്രാസ്ട്രക്ചറുകളാണ് ജപ്പാന്‍ യാത്രയിലുടനീളം ഓസകയിലും ക്യോട്ടോയിലും ഹിരോഷിമയിലും ടോക്യോവിലും കണ്ടത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഷ്ടിച്ച് മൂന്നു കിലോമീറ്ററേയുള്ളൂ അണുബോംബ് പതിച്ച മണ്ണിലേയ്‌ക്കെത്താന്‍. തിരക്കില്ലാത്ത നഗരവീഥിയിലൂടെ യുദ്ധസ്മാരകത്തിലേക്ക് (പീസ് മെമ്മോറിയല്‍, പീസ് പാര്‍ക്ക് തുടങ്ങിയ പേരുകളിലാണ് അവ അറിയപ്പെടുന്നത്) എത്തിയതോടെ അന്തരീക്ഷം മാറി. യുദ്ധസ്മാരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മ്യൂസിയത്തില്‍ പ്രവേശിച്ചതോടെ ഒരു ദുരന്തഭൂമിയില്‍ എത്തിയ പ്രതീതി. അണുബോംബുകള്‍ പതിച്ചതിനെ തുടര്‍ന്നുള്ള റേഡിയേഷന്‍ ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍, ഭൂമിയിലെവിടെയും പ്രകൃത്യായുള്ള റേഡിയോ ആക്റ്റിവിറ്റി തന്നെയാണ് ഈ രണ്ട് കേന്ദ്രങ്ങളിലും ഇപ്പോഴുള്ളത്. മനുഷ്യശരീരത്തിന് ആപല്‍ക്കരമായ തരത്തിലുള്ള റേഡിയേഷന്‍ ഇല്ലെന്നു ചുരുക്കം.

മ്യൂസിയത്തിലേക്ക് ടിക്കറ്റെടുത്ത് പ്രവേശിക്കുന്നതിനു മുന്‍പ് താഴെ നിലയിലെ ഇലക്ട്രോണിക് പാനലാണ് സന്ദര്‍ശകരെ ആദ്യം ആകര്‍ഷിക്കുക. പാനലിന്റെ മുകള്‍ഭാഗത്ത് തെളിഞ്ഞ 26,975 എന്ന അക്കം അണുബോംബ് വര്‍ഷിച്ച് അന്നേയ്ക്ക് അത്രയും ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു. തൊട്ടുതാഴെയുള്ള പാനലില്‍ തെളിഞ്ഞുവന്ന 121 എന്നത് ലോകത്ത് അവസാനമായി നടന്ന അണുപരീക്ഷണം രേഖപ്പെടുത്തിയതാണ്. തങ്ങളുടെ പക്കലുള്ള അണുവായുധങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്ക നെവാദയില്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ലാസ് വെഗാസില്‍നിന്ന് 65 മൈല്‍ അകലെയുള്ള നെവാദ അണുപരീക്ഷണ കേന്ദ്രം (എന്‍.റ്റി.എസ്) അമേരിക്കയിലെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. 3,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മരുഭൂമിയും പര്‍വ്വതനിരകളുമുള്ള വിശാലമായ ഈ കേന്ദ്രത്തില്‍ 1951 ജനുവരി 27-നാണ് ആദ്യ അണുപരീക്ഷണം നടന്നത്. 1992 വരെ മാത്രം ഈ കേന്ദ്രത്തില്‍ 1021 അണുപരീക്ഷണങ്ങള്‍ അമേരിക്ക നടത്തിയിട്ടുണ്ട്. നൂറെണ്ണം അന്തരീക്ഷത്തിലും 921 എണ്ണം ഭൂഗര്‍ഭ കേന്ദ്രത്തിലും. അണുബോംബുകള്‍ക്കുമേല്‍ അടയിരിക്കുന്ന രാജ്യമെന്ന പേരുള്ള അമേരിക്ക, അണുബോംബ് പരീക്ഷണങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ദേശീയ മ്യൂസിയവും 2005-ല്‍ നെവാദയില്‍ തുറന്നിട്ടുണ്ട്.
 
മ്യൂസിയങ്ങള്‍ പലതും ആസ്വാദനത്തിനും നേരമ്പോക്കിനുമുള്ളതാണെങ്കില്‍ ഹിരോഷിമയിലെ സമാധാന മ്യൂസിയം ലോകത്തോട് സംസാരിക്കുകയാണ്. യുദ്ധം ഒരു ജനതയേയും അവരുടെ സാമൂഹ്യജീവിതത്തേയും എവ്വിധം നശിപ്പിക്കുമെന്നതിന് ഹിരോഷിമക്ക് മുന്‍പുതന്നെ ലോകം സാക്ഷിയായിട്ടുണ്ട്. സിറിയയും യെമനും ലിബിയയും അതിനുമുന്‍പ് ഇറാഖും അഫ്ഗാനിസ്ഥാനുമൊക്കെ ഈ കെടുതികള്‍ അവസാനിക്കുന്നില്ലെന്നതിന്റെ  ഉദാഹരണങ്ങളാണ്. എന്നാല്‍, ഹിരോഷിമയ്ക്കും നാഗസാക്കിക്കും പറയാനുള്ളത് വന്‍ശക്തികളുടെ അണുവായുധപ്പോര് നിരപരാധികളെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെ അനുഭവക്കുറിപ്പുകളാണ്. വരകളായും ഫോട്ടോകളായും വീഡിയോ ക്ലിപ്പുകളായും ഈ മ്യൂസിയം അവ പറഞ്ഞുതരും. മങ്ങിയ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ കണ്ട് കണ്ണ് തുടക്കുന്ന എത്രയോ പേരെ അവിടെ കാണാനായി. അവരില്‍ അമേരിക്കക്കാരും ബ്രിട്ടീഷുകാരുമൊക്കെയുണ്ട്. ഒരിക്കലും അവസാനിക്കാത്ത വേദനയെന്നാണ് സന്ദര്‍ശക പുസ്തകത്തില്‍ എനിക്ക് മുന്‍പ് അയര്‍ലണ്ടുകാരി സാന്ദ്ര കുറിച്ചത്. 

ഒന്നാം നിലയില്‍ സജ്ജീകരിച്ച മ്യൂസിയത്തിലെ ഓരോ ചിത്രങ്ങളും അണുബോംബിന്റെ ഭീകരത ഒപ്പിയെടുക്കുന്നതാണ്. 1945 ഓഗസ്റ്റ് ആറിനു രാവിലെ 8.16-ന് അമേരിക്കയുടെ ബി 29 യുദ്ധവിമാനമായ 'എനോല ഗേ'യില്‍നിന്ന് തോമസ് ഫെറബി അണുബോംബ് വര്‍ഷിച്ചപ്പോള്‍ ജപ്പാനിലെ അന്നത്തെ ഏഴാമത്തെ വലിയ നഗരത്തിലെ നിരപരാധികളായ ആബാലവൃദ്ധ ജനതയ്ക്കുമേല്‍ അത് തീമഴയായി പെയ്തിറങ്ങിയതിന്റെ ഭീകര ചിത്രങ്ങള്‍ കണ്ണ് നനയിക്കും. പ്രത്യേകിച്ച്, അഗ്‌നിയില്‍ വെന്തുരുകിയ കുഞ്ഞുമക്കളെക്കുറിച്ചുള്ള വിവരണങ്ങള്‍. കത്തിക്കരിഞ്ഞ അവരുടെ സ്‌കൂള്‍ യൂണിഫോമും ഉരുകിപ്പോയ ചോറ്റുപാത്രങ്ങളും കുഞ്ഞുസൈക്കിളുകളുമൊക്കെ ആണവ യുദ്ധത്തിന്റെ കൊടും ഭീകരത അനാവരണം ചെയ്യുന്നു. മ്യൂസിയത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുക തിരശ്ചീനമായ വലിയ സിമുലേറ്റര്‍ വീഡിയോ സ്‌ക്രീനാണ്. അത് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ബോംബിംഗിനു തൊട്ടുമുന്‍പുള്ള ശാന്തമായ ഹിരോഷിമ നഗരം, റോഡിലൂടെ നീങ്ങുന്ന വാഹനങ്ങള്‍, തൊഴില്‍ശാലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി ഒരു നഗരത്തിന്റെ പ്രവൃത്തിദിനത്തിന്റെ ആരംഭം അടയാളപ്പെടുത്തിയിരിക്കുന്നു. പൊടുന്നനെ ആകാശത്ത് ഒരു ഇരമ്പല്‍. അണുബോംബ് വഹിച്ച യുദ്ധവിമാനമാണതെന്നു തിരിച്ചറിയുന്നതിനു മുന്‍പ് ഘോരമായ ശബ്ദത്തില്‍ ബോംബ് വീഴുന്നത് ചിത്രീകരിച്ചിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മുറിയുടെ ചുമരുകളില്‍ ഘടിപ്പിച്ച വീഡിയോ സ്‌ക്രീനുകളിലും ഭീകരമായ വിവിധ കാഴ്ചകള്‍ കാണാം. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ചെലവിട്ട ശേഷമേ മ്യൂസിയത്തില്‍നിന്നു പുറത്തുകടക്കാനാവൂ.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ബാ​ഗും യൂണിഫോമും ചോറ്റുപാത്രങ്ങളും. ഹിരോഷിമയിലെ സമാധാന മ്യൂസിയത്തിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്
സ്ഫോടനത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ബാ​ഗും യൂണിഫോമും ചോറ്റുപാത്രങ്ങളും. ഹിരോഷിമയിലെ സമാധാന മ്യൂസിയത്തിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്

ബോംബിംഗ് ഉള്‍പ്പെടെ സിമുലേറ്ററിലെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തിഗതമായി കാണാനുള്ള സംവിധാനവും ഹാളിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അണുബോംബിനെ അതിജീവിച്ചവരുടെ വിവരണങ്ങള്‍ കേള്‍ക്കാനും സംവിധാനമുണ്ട്. ഹാളിന്റെ ഒരു ഭാഗത്ത് ടെലിവിഷനും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നു. സ്‌ക്രീനില്‍ ഇംഗ്ലീഷ് അടിക്കുറിപ്പുള്ളതിനാല്‍ അനുഭവങ്ങള്‍ നേരിട്ട് കേള്‍ക്കുന്ന പ്രതീതിയാണുണ്ടാവുക.
 
രണ്ടു വര്‍ഷത്തോളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ശേഷം ഏപ്രിലിലാണ് ഹിരോഷിമ സമാധാന സ്മാരക മ്യൂസിയത്തിന്റെ പ്രധാന കെട്ടിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. മ്യൂസിയത്തില്‍ പുതുതായി ചില സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണുബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശ പൗരന്മാരുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഇതാദ്യമായാണ് മ്യൂസിയത്തിന്റെ ഭാഗമാകുന്നത്. അണുബോംബ് വര്‍ഷിക്കുമ്പോള്‍ നൂറുകണക്കിന് കൊറിയക്കാരും ചൈനീസ്, തയ്വാന്‍ വംശജരും ഹിരോഷിമയില്‍ ഉണ്ടായിരുന്നുവെന്ന് മ്യൂസിയം രേഖകള്‍ പറയുന്നു. ഇതിനു പുറമെ മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ദക്ഷിണ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജര്‍മനി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സിവിലിയന്മാരും അമേരിക്കന്‍ യുദ്ധത്തടവുകാരും കൊല്ലപ്പെട്ടവരില്‍പ്പെടും. 

അടുത്ത വര്‍ഷം ജപ്പാന്‍ ആതിഥ്യമരുളുന്ന ടോക്യോ ഒളിംപിക്‌സിന്റെ ദീപശിഖ റിലേ കടന്നുപോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഹിരോഷിമ സമാധാന സ്മാരകസമുച്ചയത്തില്‍ ഉള്‍പ്പെടുന്ന ആറ്റമിക് ബോംബ് ഡോമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഫുക്കുഷിമയില്‍നിന്നാണ് 121 ദിവസം നീണ്ടുനില്‍ക്കുന്ന ദീപശിഖ റിലേ പ്രയാണം തുടങ്ങുക. ജൂലൈ 24-ന് ടോക്യോ നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.

മ്യൂസിയം കണ്ട് താഴെ ഇറങ്ങിയപ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ വലിയ സംഘം. ഒകായാമയിലെ എലിമെന്ററി സ്‌കൂളില്‍ നിന്നെത്തിയതാണ് അവര്‍. മിക്കവാറും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹിരോഷിമയിലെ ചരിത്രഭൂമി സന്ദര്‍ശിക്കാന്‍ എത്താറുണ്ടെന്ന് സംഘത്തിലെ അധ്യാപകരിലൊരാളായ തകാഷി താകിഗാവ പറഞ്ഞു. അണുബോംബ് സ്ഫോടനം നടന്നിട്ട് മുക്കാല്‍ നൂറ്റാണ്ട് തികയുമ്പോഴും ഇതിനു മാറ്റമില്ല. വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയില്‍ ഹിരോഷിമയും നാഗസാക്കിയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മാത്രമല്ല, സംഭവസ്ഥലം നേരില്‍ സന്ദര്‍ശിച്ച് അണുവായുധവിരുദ്ധ ലോകത്തിനായി പ്രതിജ്ഞയെടുക്കലും അധ്യയന യാത്രയുടെ ഭാഗമായി നടക്കുന്നു.

''യുദ്ധങ്ങളെക്കുറിച്ച് നിരന്തരം ഭീഷണിമുഴക്കുന്ന ലോകനേതാക്കള്‍ ഈ മ്യൂസിയവും ഇതോടനുബന്ധിച്ചുള്ള യുദ്ധസ്മാരകങ്ങളും കാണാന്‍ സമയം കണ്ടെത്തിയെങ്കില്‍ സര്‍വ്വലോക വിനാശകാരിയും ജനങ്ങളെ ചുട്ടുകരിക്കുന്നതുമായ അണുബോംബുകള്‍ അവരുടെ കണ്ണ് തുറപ്പിക്കുമായിരുന്നു'' താകിഗാവ പറയുന്നു. ജി-20 ഉച്ചകോടിക്കായി രാഷ്ട്രത്തലവന്മാര്‍ ഓസകയില്‍ എത്തുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ച അമേരിക്കയുടെ സിറ്റിംഗ് പ്രസിഡന്റുമാരില്‍ ബരാക് ഒബാമ മാത്രമാണ് ഹിരോഷിമയിലെ സമാധാന സമുച്ചയം കാണാനെത്തിയത് എന്നത് യുദ്ധത്തോടും സമാധാനത്തോടും ലോകനേതാക്കള്‍ പുലര്‍ത്തുന്ന നിലപാടിന്റെ ഒരു സാമ്പിള്‍ മാത്രമാണ്. ഔദ്യോഗിക സന്ദര്‍ശനത്തിനായും ഉച്ചകോടികള്‍ക്കുമായും നിരവധി തവണ യു.എസ് പ്രസിഡന്റുമാര്‍ ജപ്പാനിലെത്തിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹിരോഷിമ സന്ദര്‍ശനം ഒബാമയില്‍ മാത്രമായി ചുരുങ്ങി? യു.എസ് പ്രസിഡന്റുമാരായിരുന്ന റിച്ചാര്‍ഡ് നിക്‌സനും ജിമ്മി കാര്‍ട്ടറും ഹിരോഷിമ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഭരണകാലത്തായിരുന്നില്ല. 1964-ല്‍ സന്ദര്‍ശനം നടത്തി നാലു വര്‍ഷത്തിനുശേഷമാണ് നിക്‌സന്‍ പ്രസിഡന്റാവുന്നത്. കാര്‍ട്ടറാവട്ടെ, വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയശേഷം 1984-ലാണ് ഹിരോഷിമയിലെത്തുന്നത്.

മ്യൂസിയത്തില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് 'ഫ്‌ലെയിം ഓഫ് പീസ്' അഥവാ സമാധാന ജ്വാല. അണുവായുധമില്ലാത്ത ഒരു ലോകമെന്ന സന്ദേശമുയര്‍ത്തി 1964 ഓഗസ്റ്റ് ഒന്നിനാണ് ഈ ജ്വാല തെളിച്ചത്. അണുവായുധങ്ങളില്ലാത്ത ലോകം യാഥാര്‍ത്ഥ്യമാകുന്നതുവരെ ഇത് കത്തിക്കൊണ്ടിരിക്കും. ബോംബിംഗില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരുകള്‍ രേഖപ്പെടുത്തിയ സ്തൂപമുണ്ട് സമീപത്ത്.

സമാധാനത്തിലേക്ക് ലോകത്തെ ക്ഷണിക്കുന്ന മറ്റൊരു പ്രതീകമാണ് പീസ് ബെല്‍. അണുവായുധങ്ങള്‍ ഇല്ലായ്മ ചെയ്യുക, ലോക സമാധാനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ഈ മണി. അറിയപ്പെടുന്ന ബെല്‍ കാസ്റ്റര്‍ മാഷികോ കതാരിയാണ് ഇത് രൂപകല്പന ചെയ്തത്. ബെല്ലിന്റെ പ്രതലത്തില്‍ അതിരുകളില്ലാത്ത ഒരു ലോക ഭൂപടം കാണാം. ഐക്യത്തോടെയുള്ള ഏകലോകത്തെ പ്രതിനിധാനം ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ബെല്‍ മുഴക്കാം.

സദാകോ: ഹിരോഷിമയുടെ ഓമന 

ബോംബിംഗില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഓര്‍മ്മകളുടെ മുന്നില്‍ ഒരു നിമിഷം നിശ്ശബ്ദമാകും ചില്‍ഡ്രന്‍ പീസ് സ്മാരകത്തിനു മുന്നിലെത്തുമ്പോള്‍. സ്‌നേഹവും സമാധാനവും വരകളിലൂടെയും ചിത്രങ്ങളിലൂടെയും ആശംസിക്കുന്ന കുട്ടികളുടെ ധാരാളം സ്‌കെച്ചുകള്‍ ഇവിടെ കാണാം. സ്മാരകത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സദാകോ സസാകിയെന്ന കൊച്ചു ബാലികയെ സന്ദര്‍ശകര്‍ മറക്കില്ല. രണ്ടു വയസ്സുള്ളപ്പോഴാണ് ബോംബിന്റെ മാരകമായ അണുപ്രസരണം സദാകോയെ ബാധിച്ചത്. 

കുട്ടികളുടെ സമാധാന സ്തൂപത്തിനു സംഭവബഹുലമായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സ്തൂപത്തിനു മുകളില്‍ ഒരു കൊച്ചുബാലികയുടെ ശില്പം കാണാം-ഹിരോഷിമയുടെ ഓമനയായ സദാകോ സസാകി. അണുബോംബ് വര്‍ഷിക്കുമ്പോള്‍ അവള്‍ക്ക് രണ്ട് വയസ്സ്. വീട്ടിനകത്തായിരുന്നെങ്കിലും കടുത്ത അണുപ്രസരണം അവളെ ബാധിച്ചിരുന്നു. അത് ലുക്കേമിയയായി അവളുടെ ശരീരത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. ജീവിക്കാനുള്ള അതിയായ കൊതിയായിരുന്നു അവള്‍ക്ക്. ആ പ്രതീക്ഷകള്‍ പൂവണിയാന്‍ കൂട്ടുകാരികള്‍ സദാകോക്ക് നല്‍കിയ ഉപദേശമായിരുന്നു 1000 ഒറിഗാമി കടലാസ് ശില്പങ്ങള്‍ ഉണ്ടാക്കുകയെന്നത്. കടലാസുകള്‍ മടക്കി വിവിധ കലാരൂപങ്ങള്‍ ഉണ്ടാക്കുന്ന ജാപ്പനീസ് പാരമ്പര്യ വിദ്യയാണ് ഒറിഗാമി. ഇതിനായി പ്രത്യേക തരത്തിലുള്ള കടലാസുകള്‍ ലഭ്യമാണ്. ഓറിഗാമി ശില്പങ്ങളില്‍ ഏറ്റവും വ്യാപകമായത് കൊക്കുകളേയും പക്ഷി രൂപങ്ങളേയും നിര്‍മ്മിക്കലാണ്. ഇങ്ങനെ 1000 കടലാസ് രൂപങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. തന്റെ അന്ത്യനാളിലും ആശുപത്രിക്കിടക്കയില്‍ ഓറിഗാമി കൊക്കുകളെ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്‍. എന്നാല്‍, ലക്ഷ്യം പൂര്‍ത്തിയാക്കിയെങ്കിലും അവളുടെ അഭിലാഷം പൂവണിഞ്ഞില്ല. മാരകമായ അര്‍ബ്ബുദത്തോട് പത്തു വര്‍ഷം പടവെട്ടിയശേഷം അവള്‍ പിന്‍വാങ്ങി. താന്‍ തന്നെ ഉണ്ടാക്കിയ ഒറിഗാമി കടലാസ് ശില്പങ്ങളോടൊപ്പമാണ് അവളെ അടക്കം ചെയ്തത്. കണ്ണടക്കും മുന്‍പ് 644 കടലാസ് ശില്പങ്ങളേ സസാക്കിക്ക് ഉണ്ടാക്കാനായുള്ളൂവെന്നും ബാക്കി അവളുടെ കൂട്ടുകാരികളും കുടുംബാംഗങ്ങളും ചേര്‍ന്നു പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നുമുള്ള പ്രചാരണം ശരിയല്ലെന്നു സഹോദരന്‍ മസാഹിറോ സസാകി സാക്ഷ്യപ്പെടുത്തുന്നു. മരിക്കുന്നതിനു മുന്‍പ് അവള്‍ 1400 കടലാസ് ശില്പങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്ന്  അദ്ദേഹം പറയുന്നു.

''സദാകോയും ആയിരം കടലാസ് ശില്പങ്ങളും' (Sadako and the Thousand Paper Cranes) എന്ന പേരില്‍ കനേഡിയന്‍ അമേരിക്കന്‍ എലീനര്‍ കോര്‍ 1977-ല്‍ എഴുതിയ ചരിത്രനോവല്‍ പ്രസിദ്ധമാണ്. വിവിധ പ്രൈമറി സ്‌കൂളുകളില്‍ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ വിവിധ ലോക ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിക്ക് സമാധാനത്തിന്റേയും ശാന്തിയുടേയും സ്മാരകം പണിയണമെന്ന് അവളുടെ ശവകുടീരത്തില്‍വെച്ച് കൂട്ടുകാര്‍ എടുത്ത പ്രതിജ്ഞയുടെ ഭാഗമായി കുട്ടികളുടെ സമാധാന പ്രസ്ഥാനം (Children's Peace Movement) 1955ല്‍ രൂപംകൊണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുറംലോകത്തുനിന്നും ഫണ്ടുകള്‍ പ്രവഹിച്ചു. അങ്ങനെ 1958 മെയ് അഞ്ചിന് ഒരു ശിശുദിനത്തില്‍ സ്മാരകം ലോകത്തിനു തുറന്നുകൊടുത്തു.

15 കിലോടണ്‍ ടി.എന്‍.റ്റിയാണ് ഹിരോഷിമയില്‍ പതിച്ച 'ലിറ്റില്‍ ബോയ്' എന്ന കോഡ് നാമത്തിലുള്ള ബോംബിനുണ്ടായിരുന്ന വീര്യം. 70,000 പേര്‍ തല്‍ക്ഷണം മരിച്ചു. അത്രതന്നെ ആളുകള്‍ റേഡിയേഷനും അര്‍ബ്ബുദം ഉള്‍പ്പെടെയുള്ള മാരകമായ അനുബന്ധ രോഗങ്ങളാലും മരണത്തിനു കീഴടങ്ങി. ഗ്രൗണ്ട് സീറോയുടെ 1.2 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പ്രസ്തുത പരിധിക്ക് അകത്തുണ്ടായിരുന്നവരില്‍ 80 മുതല്‍ 100 ശതമാനം പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

നഗരത്തിന്റെ ഏതാണ്ട് 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നാശനഷ്ടങ്ങള്‍ പ്രകടമായി. 63 ശതമാനം കെട്ടിടങ്ങളും കത്തിയമര്‍ന്നു, സ്ഫോടനവും അതിനെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തവും മൂലം ഏതാണ്ട് 92 ശതമാനം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചു. ഏകദേശം 600 മീറ്റര്‍ മുകളില്‍നിന്നാണ് ബോംബ് പതിച്ചത്. ജെന്‍ബാകു ഡോം എന്ന് ജാപ്പാനീസ് ഭാഷയിലും ആറ്റമിക് ബോംബ് ഡോം (അണുബോംബ് ഗോപുരം) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന. ഇപ്പോള്‍ അസ്ഥികൂടമായി നില്‍ക്കുന്ന കെട്ടിടം മാത്രമാണ് ബോംബിംഗിനുശേഷവും തലയുയര്‍ത്തിനിന്നത്. അണുബോംബിന് ജാപ്പാനീസ് ഭാഷയില്‍ ജോന്‍ബാകു എന്നാണ് പറയുക. ബോംബ് വര്‍ഷിക്കുന്നതുവരെ ഹിരോഷിമയിലെ ഇന്‍ഡസ്ട്രിയില്‍ പ്രമോഷന്‍ ഹാളായിരുന്നു ചെക് ആര്‍കിടെക്റ്റ് യാന്‍ ലെറ്റ്സല്‍ രൂപകല്പന ചെയ്ത ഈ കെട്ടിടം. 1915-ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. 1996-ല്‍ കെട്ടിടം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു.

ബോംബിംഗിന്റെ ശക്തിയില്‍ കെട്ടിടം തീഗോളമായി മാറി. അതിനകത്തുണ്ടായിരുന്നവര്‍ തല്‍ക്ഷണം കത്തിച്ചാമ്പലായി. ഇരുമ്പുകമ്പികള്‍കൊണ്ടുള്ള മേല്‍ക്കൂരയും കെട്ടിടത്തിന്റെ ഫ്രെയിമും അതേപടി അവശേഷിച്ചു. ഇന്നും സന്ദര്‍ശകരെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണത്. തൊട്ടുമുന്നിലൂടെ ഒഴുകുന്ന ഓത തടാകത്തിനും അപ്പുറത്തുള്ള മനോഹരമായ പാര്‍ക്കിനും മുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടത്തിന് അന്വര്‍ത്ഥമാകുന്നു ആറ്റമിക് ബോംബ് ഡോം എന്ന പേര്. തടാകത്തിനു കുറുകെ മൂന്നു വശത്തേയ്ക്ക് പോകുന്ന പാലത്തിന്റെ പ്രത്യേകമായ ആകൃതി കാരണം ബോംബര്‍ വിമാനത്തിന്റെ പൈലറ്റിന് ആകാശത്തു നിന്നു പെട്ടെന്നു പ്രദേശം തിരിച്ചറിയാനായി. 1932-ല്‍ നിര്‍മ്മിച്ച അയോയി എന്നു പേരുള്ള പാലം ബോംബിംഗിനെ അതിജീവിച്ചെങ്കിലും കനത്ത കേടുപാടുകളുണ്ടായി. 

ബോംബാക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രം. ഹിരോഷിമയിലെ സമാധാന മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്
ബോംബാക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രം. ഹിരോഷിമയിലെ സമാധാന മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്

പീസ് പാര്‍ക്കില്‍ പ്രവേശിക്കുന്നതു മുതല്‍ ദൃഷ്ടിയില്‍ പതിയും കുറച്ചകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന ഇരുമ്പുകൂടുകള്‍. മ്യൂസിയം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒന്നാം നിലയിലെ വിശാലമായ ജനാലക്കരികില്‍ നില്‍ക്കുമ്പോഴും യുദ്ധഭീകരതയുടെ ആ സ്തൂപം അല്പമകലെയായി ഉയര്‍ന്നു നില്‍ക്കുന്നു. മ്യൂസിയത്തില്‍നിന്നു പുറത്തിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ ലോകത്താദ്യമായി അണുബോംബ് പതിഞ്ഞ മണ്ണിലെത്താം. ലോകത്തിലെ പ്രമുഖ സംരക്ഷിത കെട്ടിടങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. വരുംകാല ജനതയ്ക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറാന്‍ കെട്ടിടം അതേപടി നിലനിര്‍ത്തേണ്ടതിനാല്‍ ഭൂകമ്പംപോലുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള ക്രമീകരണങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്.

നാഗസാക്കിയെില്‍ 'ഫാറ്റ്ബോയ്' 

ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന്റെ മൂന്നാം നാള്‍, ഓഗസ്റ്റ് ഒമ്പതിനാണ് നാഗസാക്കിയിലും അമേരിക്ക ബോംബിട്ടത്. നാഗസാക്കിയില്‍ പ്രയോഗിക്കേണ്ടത് യുറേനിയം നിര്‍മ്മിതമോ പ്ലൂട്ടോണിയം നിര്‍മ്മിതമോയെന്ന ചര്‍ച്ചകള്‍ അമേരിക്കയിലെ ലോസ് അലമോസ് കേന്ദ്രത്തില്‍ ആണവ ശാസ്ത്രജ്ഞന്മാര്‍ നേരത്തെ നടത്തിയിരുന്നു. നാഗസാക്കി അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ല. കോകുറ നഗരമാണ് ബോംബിംഗിനു പറ്റിയതെന്ന് വ്യോമസേനാ കമാണ്ടര്‍മാര്‍ നേരത്തെ അഭിപ്രായപ്പെട്ടതാണ്. ഹിരോഷിമയ്ക്കു ശേഷം ബോംബിടേണ്ട നഗരങ്ങളുടെ ആദ്യ പട്ടികയിലും നാഗസാക്കി ഉള്‍പ്പെട്ടിരുന്നില്ല. കോക്കുറക്കു പുറമെ ക്യോട്ടോ, നിഗാത എന്നീ നഗരങ്ങളാണ് അവര്‍ പരിഗണിച്ചത്. മതപരമായി പ്രാധാന്യമുള്ള നഗരമായതിനാല്‍ ക്യോട്ടോയെ ഒഴിവാക്കിയപ്പോഴാണ് പ്രസ്തുത സ്ഥാനത്തേയ്ക്ക് നാഗസാക്കി കടന്നുവന്നത്. കോകുറയില്‍നിന്നും നാഗസാക്കിയില്‍നിന്നും ഭൂമിശാസ്ത്രപരമായി വളരെ ദൂരത്തായതിനാല്‍ പട്ടികയില്‍നിന്നു പിന്നീട് നിഗാതയേയും ഒഴിവാക്കി. ഇതോടെ കോകുറയും നാഗസാക്കിയും മാത്രമായി രണ്ടാമത്തെ ആക്രമണ ലക്ഷ്യം.

നാഗസാക്കിയെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ പുത്തരിയല്ല. ഒരു കൊല്ലത്തിനിടയില്‍ അഞ്ചുതവണ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചിരുന്നു. കപ്പല്‍ നിര്‍മ്മാണശാലയും ജപ്പാന്റെ നാവിക സേനാത്താവളവും സ്ഥിതി ചെയ്യുന്ന വലിയൊരു വ്യവസായ നഗരമായ നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പറ്റുന്നതിനുമപ്പുറമാണെന്ന് അമേരിക്ക മനസ്സിലാക്കിയിരുന്നു.

ജപ്പാനില്‍നിന്ന് 1944-ല്‍ പിടിച്ചടക്കിയ ടിനിയാന്‍ ദ്വീപിലെ താവളത്തില്‍നിന്ന് ഓഗസ്റ്റ് ഒന്‍പതിനു പുലര്‍ച്ചെ 3.40-നാണ് അമേരിക്കന്‍ ബി 29 യുദ്ധവിമാനമായ ബോക്‌സ്‌കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചത്. 'ഫാറ്റ്ബോയ്' എന്നു പേരിട്ട അണുബോംബാണ് ബോക്‌സ്‌കാര്‍ വഹിച്ചിരുന്നത്.
ഹിരോഷിമയില്‍ 'ഇനോല ഗേ' വഹിച്ചിരുന്നത് യുറേനിയം ബോംബായിരുന്നെങ്കില്‍ മാരക പ്രഹരശേഷിയുള്ള പ്ലൂട്ടോണിയം ബോംബുകളാണ് ബോക്‌സ്‌കാറിലുണ്ടായിരുന്നത്. കോകുറ നഗരം ലക്ഷ്യമിട്ട് പറന്ന ബോക്‌സ്‌കാറിന് അന്തരീക്ഷം മേഘാവൃതമായതു കാരണം പിന്മാറേണ്ടിവരികയും തുടര്‍ന്ന് ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുകയുമായിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രം. ഫാറ്റ്മാന്‍ ദൗത്യത്തില്‍ ആറ് വിമാനങ്ങള്‍ പങ്കെടുക്കുകയുണ്ടായി. എല്ലാം ബി 29 ബോംബറുകള്‍. മേജര്‍ ചാള്‍സ് സ്വീനി പറത്തിയ ബോക്‌സ്‌കാറിനായിരുന്നു ബോംബ് വര്‍ഷിക്കാനുള്ള ദൗത്യം. സംഘത്തിലെ രണ്ടു വിമാനങ്ങള്‍ (ദി ഗ്രേറ്റ് ആര്‍ട്ടിസ്റ്റും ബിഗ് സ്റ്റിങ്കും) നിരീക്ഷണത്തിനുള്ളതായിരുന്നു. കോകുറയില്‍നിന്ന് നാഗസാക്കിയിലേക്ക് ലക്ഷ്യകേന്ദ്രം മാറ്റാനുള്ള കാരണം കാലാവസ്ഥ മാത്രമായിരുന്നില്ല എന്നാണ് പിന്നീടു പുറത്തുവന്ന നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കാര്‍മേഘങ്ങള്‍ തങ്ങളെ രക്ഷിച്ചുവെന്നാണ് കോകുറയിലെ ജനങ്ങള്‍ ആശ്വസിച്ചത്. പക്ഷേ, തീ ബോംബുകള്‍ വഴിമാറി നാഗസാക്കിയെ തകര്‍ത്തത് അവരെ കരയിച്ചു.

ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11.45-ന് 21 കിലോടണ്‍ പ്ലൂട്ടോണിയം ബോംബ് വര്‍ഷിക്കുമ്പോള്‍ 9,000 ജപ്പാന്‍ സൈനികരും 400 യുദ്ധത്തടവുകാരും ഉള്‍പ്പെടെ 263,000 ആളുകള്‍ നാഗസാക്കിയില്‍ ഉണ്ടായിരുന്നു. യു.എസ് സ്ട്രാറ്റജിക് ബോംബിംഗ് സര്‍വ്വേ 1953-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നാഗസാക്കിയില്‍ 35,000-ത്തോളം പേര്‍ കൊല്ലപ്പെടുകയും 60,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 5,000 പേരെ കാണാതായെന്നും പറയുന്നു. 1960-ല്‍ ജപ്പാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടവര്‍ 20,000-വും പരിക്കേറ്റവര്‍ അരലക്ഷവുമാണ്. നാഗസാക്കി പ്രിഫക്റ്ററല്‍ ഓഫീസാണ് ഏറ്റവുമൊടുവില്‍ ആധികാരികമായി കണക്ക് പുറത്തുവിട്ടത്. അതനുസരിച്ച് മരണസംഖ്യ 87,000-ത്തോളം വരും. നഗരത്തിലെ വ്യവസായ മേഖലയുടെ 70 ശതമാനവും ബോംബിംഗില്‍ നാമാവശേഷമായി.

ബോംബിംഗിനെ അതിജീവിച്ച സദാകോ മോറിയാമ എന്ന സ്ത്രീ നല്‍കിയ വിവരണം ഞെട്ടിപ്പിക്കുന്നതാണ്. ബോംബാക്രമണത്തിന്റെ സൈറണ്‍ കേട്ടയുടന്‍ ബോംബ് ഷെല്‍ട്ടറില്‍ അഭയം പ്രാപിച്ചതായിരുന്നു അവര്‍. സ്ഫോടനത്തിനുശേഷം രണ്ടു വലിയ ഇഴജന്തുക്കള്‍ ഷെല്‍ട്ടറിലേയ്ക്ക് കയറിവന്നത് കണ്ടു. എന്നാല്‍, മാരകമായ ബോംബിംഗില്‍ ശരീരത്തിലെ തൊലി മുഴുവന്‍ നഷ്ടപ്പെട്ട് ഞെരങ്ങിവന്ന മനുഷ്യരായിരുന്നു അവര്‍.

കൃത്യമായ ആസൂത്രണത്തോടെയാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 1945 ജൂലൈ 25-നാണ് ഹിരോഷിമ, കോകുറ, നിഗാത അല്ലെങ്കില്‍ നാഗസാക്കി എന്നീ നഗരങ്ങള്‍ ബോംബിംഗിനു തെരഞ്ഞെടുത്തത്. കാര്യമായ ജനവാസമുള്ള നഗരങ്ങളാണ് ഇവയെന്നതും മൂന്നു മൈല്‍ ഡയമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടങ്ങള്‍ ഏല്പിക്കാന്‍ കഴിയുമെന്നതുമാണ് ഈ നഗരങ്ങള്‍ ലക്ഷ്യമിടാന്‍ കാരണം. ആദ്യ അണുബോംബ് ഹിരോഷിമയിലാക്കാനുള്ള തീരുമാനം എടുത്തത് ഓഗസ്റ്റ് രണ്ടിന്. എന്തുകൊണ്ട് ഹിരോഷിമ എന്നതിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. അമേരിക്കന്‍ യുദ്ധത്തടവുകാര്‍ നഗരത്തില്‍ ഉണ്ടായിരുന്നില്ലെന്ന കണക്കുകൂട്ടലിലായിരുന്നു  ഇത്. 

1945-ല്‍ മൂന്നു ലക്ഷത്തിനും നാലേകാല്‍ ലക്ഷത്തിനുമിടയില്‍ ജനങ്ങള്‍ ഹിരോഷിമ നഗരത്തില്‍ വസിച്ചിരുന്നു. 2010-ലെ സെന്‍സസ് അനുസരിച്ച് നഗരത്തിലെ ജനസംഖ്യ 12 ലക്ഷത്തോളമാണ്. അണുബോംബ് വിതച്ച ദുരിതത്തിനു പിന്നാലെ സെപ്റ്റംബര്‍ 17-ന് ഒരു പ്രകൃതിദുരന്തം കൂടി ഹിരോഷിമ അനുഭവിച്ചു. മാകുറസാകിയെന്നു വിളിക്കപ്പെടുന്ന ഇദാ കൊടുങ്കാറ്റില്‍ ഹിരോഷിമ സംസ്ഥാനത്ത് മൂവ്വായിരത്തിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.

അണുബോംബിനെ അതിജീവിച്ചവരെ ജാപ്പാനീസ് ഭാഷയില്‍ ഹിബാകുഷ എന്നാണ് വിളിക്കുക. ബോംബിന്റെ കെടുതികള്‍ ബാധിച്ച വിഭാഗമെന്നര്‍ത്ഥം. ഹിബാകുഷയുടെ പരിധിയില്‍ വരുന്നവര്‍ ആരൊക്കെയാണെന്ന് അണുബോംബ് അതിജീവന ആശ്വാസ നിയമം (Atomic Bomb Survivors Relief Law) വിശദീകരിക്കുന്നുണ്ട്. ബോംബ് വര്‍ഷം നേരില്‍ അനുഭവിക്കുകയും എന്നാല്‍, മരണത്തില്‍നിന്നു രക്ഷപ്പെടുകയും ചെയ്തവര്‍, ബോംബിംഗ് കഴിഞ്ഞതിനു പിന്നാലെ അതിന്റെ കെടുതികള്‍ അനുഭവിച്ചവര്‍, അണുബോംബുകള്‍ പതിച്ചതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുകയും രണ്ടാഴ്ചകള്‍ക്കിടയില്‍ അതിന്റെ ദുരന്തം അനുഭവിക്കുകയും ചെയ്തവര്‍, അണുവികിരണം ഏറ്റവര്‍, ബോംബിംഗ് വേളയില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്നവര്‍ തുടങ്ങി അണുബോംബ് വര്‍ഷത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

തങ്ങളുടെ ദുരിതങ്ങള്‍ ജപ്പാന്‍ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നു മനസ്സിലാക്കിയ ഹിബാകുഷകള്‍ 1956-ല്‍ നിഹോണ്‍ ഹിദന്‍ക്യോ (ആറ്റം, ഹൈഡ്രജന്‍ ബോംബുകള്‍ അതിജീവിച്ചവരുടെ കോണ്‍ഫെഡറേഷന്‍) എന്ന സംഘടന രൂപീകരിച്ചു നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് നിലപാട് മാറ്റത്തിനു സര്‍ക്കാര്‍ തയ്യാറായത്. അണുബോംബ് ഇരകള്‍ക്കുള്ള വൈദ്യസഹായ നിയമവും (1956) ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള  പ്രത്യേക സഹായ നിയമവും (1967) ഡയറ്റ് (പാര്‍ലമെന്റ്) പാസ്സാക്കുന്നത് അങ്ങനെയാണ്. മാത്രമല്ല, സംഘടനയുടെ പ്രവര്‍ത്തനഫലമായി ജപ്പാന് അകത്തും പുറത്തും കഴിയുന്ന അണുബോംബ് ഇരകള്‍ക്ക് മാസാന്ത അലവന്‍സും സര്‍ക്കാര്‍ നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഹിബാകുഷകളും അവരുടെ കുടുംബാംഗങ്ങളും ഇന്നും വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്.

ഏഷ്യയിലും പെസഫിക്കിലും മേധാശക്തിയായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1941 ഡിസംബര്‍ ഏഴിന് പേള്‍ ഹാര്‍ബറിനു നേരെ ജപ്പാന്‍ നടത്തിയ മിന്നലാക്രമണവും തുടര്‍ന്നുള്ള യുദ്ധപ്രഖ്യാപനവുമാണ് അമേരിക്കയെ രണ്ടാം ലോകയുദ്ധത്തിലേയ്ക്ക് ചാടിച്ചതെന്ന വാദത്തിനു ചരിത്രപരമായി വലിയ പിന്‍ബലമൊന്നുമില്ല. യുദ്ധാനന്തരം മഞ്ചൂറിയക്കുമേല്‍ ജപ്പാന്റെ ആധിപത്യം റഷ്യ അംഗീകരിച്ചെങ്കിലും പ്രസ്തുത പ്രദേശത്തുനിന്നു പിന്‍വാങ്ങണമെന്ന അമേരിക്കയുടെ ആവശ്യം ചെവിക്കൊള്ളാന്‍ ജപ്പാന് കഴിയുമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോര്‍ഡെല്‍ ഹള്ള് ജപ്പാന്‍ ചക്രവര്‍ത്തിക്കയച്ച സന്ദേശം അമേരിക്കയുടെ ഭാവിപരിപാടികളുടെ വ്യക്തമായ സൂചനകളായിരുന്നു. കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന്‍, ചൈനയിലെ ചിയാങ് കൈഷക്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരോടൊപ്പം സഖ്യകക്ഷികളുടെ ഭാഗമായി ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റൂം ചേര്‍ന്നതോടെ രണ്ടാം ലോകയുദ്ധം അതിന്റെ തീക്ഷ്ണമായ അവസ്ഥയിലേക്ക് മാറിത്തുടങ്ങി. മറുഭാഗത്ത് ഹിറ്റ്ലറും മുസോളിനിയും നയിച്ച അച്ചുതണ്ട് ശക്തികളോടൊപ്പമായിരുന്നു ജപ്പാന്‍. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുകള്‍ ജപ്പാന്റെ കീഴടങ്ങലിനും യുദ്ധം അവസാനിക്കുന്നതിനും ഇടയാക്കി. രണ്ടാമത്തെ അണുബോംബ് പതിച്ച് ആറാം നാള്‍ (1945 ഓഗസ്റ്റ് 15) ഹിരോഹിതോ ചക്രവര്‍ത്തി കീഴടങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതോടെ ലോകം കണ്ട ഏറ്റവും വലിയ നശീകരണത്തിനു പരിസമാപ്തിയായി.

ട്രൂമാന്‍ ചെയ്ത മഹാപാതകം 

1945 ജൂലൈയില്‍ ന്യൂമെക്‌സിക്കോയിലെ പ്രത്യേക കേന്ദ്രത്തില്‍ പരീക്ഷണ സ്ഫോടനം നടത്തിയ ശേഷമാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ടത്. യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ റൂസ്വെല്‍റ്റ് മാറി ഹാരി എസ് ട്രൂമാന്‍ പ്രസിഡണ്ട് പദവിയില്‍ എത്തിയിരുന്നു. ജപ്പാനുമേല്‍ അണുബോംബ് പ്രയോഗിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുദ്ധകാര്യമന്ത്രി ഹെന്റി സ്റ്റിംസണ്‍ അധ്യക്ഷനായ ഉപദേശകരുടെ യോഗം ട്രൂമാന്‍ വിളിച്ചുകൂട്ടി. ബോംബിംഗിന് അനുകൂല നിലപാടാണ് കമ്മിറ്റി കൈക്കൊണ്ടത്. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കര്‍ശന നിലപാടാണ് സ്റ്റിംസണ്‍ സ്വീകരിച്ചത്. മറിച്ചൊരു തീരുമാനമെടുക്കാന്‍ ട്രൂമാന് കഴിയുമായിരുന്നു എന്നാല്‍, അണുബോംബുകള്‍ കൈവശം വെച്ചിട്ടും എന്തുകൊണ്ട് യുദ്ധം നീട്ടിക്കൊണ്ടുപോയി എന്ന അമേരിക്കന്‍ ജനതയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട ബാധ്യത ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നുവെന്ന് രണ്ടാം ലോക യുദ്ധത്തെ സംബന്ധിച്ച് പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ ചാള്‍സ് മെയര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജപ്പാന്‍ ഏകപക്ഷീയമായി കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. യുദ്ധം നീളുന്നത് അമേരിക്കയ്ക്ക് പണച്ചെലവും വലിയ ആള്‍നാശവുമുണ്ടാക്കും. ജപ്പാന്റെ വ്യോമ, നാവിക സേനകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഇവോ ജിമയിലേയും ഓകിനാവയിലേയും പോരാട്ടങ്ങള്‍ പാഠമാണ്. അവസാനത്തെയാളും അവശേഷിക്കുന്നതുവരെ ജപ്പാന്‍കാര്‍ പോരാടുമെന്ന് അമേരിക്കയുടെ സൈനിക മേലധികാരികള്‍ക്ക് അറിയാമായിരുന്നു. ചാവേറാക്രമണങ്ങള്‍ ഇക്കാലത്ത് സാധാരണയാണെങ്കിലും ജപ്പാന്‍ സൈന്യത്തിന്റെ കാമികാസെ ആക്രമണങ്ങള്‍ അമേരിക്കയ്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. സൈനിക പ്രാധാന്യം കാരണമാണ് ഹിരോഷിമ തെരഞ്ഞെടുത്തത്. ജപ്പാന്‍ സൈന്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളും ആയുധനിര്‍മ്മാണശാലകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളും ഹിരോഷിമയിലാണ് സ്ഥിതിചെയ്തിരുന്നത്.

അണുബോംബ് പ്രയോഗം അമേരിക്ക ചെയ്ത വന്‍ അബദ്ധമായിരുന്നുവെന്ന വിലയിരുത്തിയവരില്‍ മുന്‍ പ്രസിഡണ്ട് ഐസനോവര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ജപ്പാന്റെ കീഴടങ്ങല്‍ ഉറപ്പാക്കാന്‍ അണുബോംബ് ആവശ്യമില്ലായിരുന്നുവെന്ന് 1963-ല്‍ പുറത്തിറങ്ങിയ മാന്‍ഡേറ്റ് ഓഫ് ചെയ്ഞ്ച് എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അണുബോംബ് വര്‍ഷിച്ച് ജപ്പാന്‍ ജനതയെ നിഷ്ഠുരമായി കൊന്ന പ്രസിഡണ്ട് ട്രൂമാനെ നിശിതമായി അപലപിക്കുന്ന ഒരു പ്രമേയം 1958-ല്‍ ഹിരോഷിമ സിറ്റി കൗണ്‍സില്‍ പാസ്സാക്കുകയുണ്ടായി. ചെയ്ത പ്രവൃത്തിയില്‍ ഒട്ടും മനസ്താപം പ്രകടിപ്പിക്കാതിരിക്കുകയും അടിയന്തര ഘട്ടങ്ങളില്‍ അണുബോംബുകള്‍ ആവശ്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. പ്രമേയത്തോട് ട്രൂമാന്‍ പ്രതികരിക്കുകയുണ്ടായി. ''താങ്കളുടെ നഗരത്തിലെ ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രമേയത്തിലെ വരികള്‍ തനിക്ക് പ്രയാസമുണ്ടാക്കിയിട്ടില്ലെന്നും'' കൗണ്‍സില്‍ ചെയര്‍മാന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയ ട്രൂമാന്‍, പേള്‍ ഹാര്‍ബര്‍ ആക്രമണത്തിലൂടെ ജപ്പാന്‍ അമേരിക്കയെ പിറകില്‍നിന്നു കുത്തുകയായിരുന്നുവെന്നും ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച അണുബോംബുകള്‍ അധിനിവേശം തടയാനും അതുവഴി രണ്ടര ലക്ഷം സഖ്യ സേനാംഗങ്ങളുടേയും അത്രതന്നെ ജപ്പാന്‍കാരുടേയും ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചതായും അവകാശപ്പെടുന്നു. ഹിരോഷിമയുടേയും നാഗസാക്കിയുടേയും അര്‍പ്പണം ജപ്പാന്റേയും സഖ്യസേനയുടേയും ക്ഷേമത്തിന് അത്യാവശ്യമായിരുന്നുവെന്ന് ബോംബിംഗിന് ഉത്തരവിട്ടയാളെന്ന നിലയില്‍ തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും ട്രൂമാന്‍ കത്തില്‍ പറയുന്നുണ്ട്. 

ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി 74-ാമത് വാർഷികത്തിന് എത്തിയവർ
ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി 74-ാമത് വാർഷികത്തിന് എത്തിയവർ

അമേരിക്കയിലെ പ്യൂ റിസേര്‍ച്ച് സെന്റര്‍ 2015-ല്‍ നടത്തിയ സര്‍വ്വേയില്‍, അണുബോംബ് ആക്രമണം നീതീകരിക്കത്തക്കതായിരുന്നുവെന്ന് 14 ശതമാനം ജപ്പാന്‍കാര്‍ അഭിപ്രായപ്പെടുകയുണ്ടായി. 79 ശതമാനം അതിനെ എതിര്‍ത്തു. ബോംബിംഗിനു പിന്നാലെ 1945-ല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 85 ശതമാനം അമേരിക്കക്കാരും ട്രൂമാന്റെ തീരുമാനത്തിനൊപ്പം നിന്നെങ്കില്‍ 2015-ലെ പ്യൂ സര്‍വ്വേയില്‍ അവരുടെ എണ്ണം 56 ശതമാനമായി കുറഞ്ഞു.

ഹിരോഷിമകളും നാഗസാക്കികളും മതിയായിട്ടില്ല വന്‍ശക്തി രാജ്യങ്ങള്‍ക്ക്. 14,000-ത്തോളം അണുവായുധങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും കൂട്ടിവെയ്ക്കപ്പെട്ടിരിക്കുന്നത്. ശീതയുദ്ധാനന്തരം അണുവായുധങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. 1986-ല്‍ 70,300 അണുവായുധങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2019-ല്‍ അത് 13,890 ആയി കുറഞ്ഞിരിക്കുന്നു. ആയുധങ്ങള്‍ നിയന്ത്രിക്കാന്‍ വന്‍ ശക്തികള്‍, വിശിഷ്യാ അമേരിക്കയും റഷ്യയും ഒപ്പുവെയ്ക്കുന്ന കരാറുകള്‍ ഇതിനു കാരണമാണ്. എന്നാല്‍, ആയുധങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും അത് സൃഷ്ടിക്കുന്ന മാരക വിപത്തുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു. മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ തന്നെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മാരക ബോംബുകള്‍ ഒമ്പത് അണുശക്തികളുടെ കോട്ടകൊത്തളങ്ങളില്‍ ഭദ്രമാണെന്നു മാത്രമല്ല, അവ കൂടുതല്‍ ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. 8,000-ത്തിനുമേല്‍ അണുവായുധങ്ങള്‍ (ഏതാണ്ട് 93 ശതമാനം) അമേരിക്കയും റഷ്യയും മാത്രം കയ്യടക്കിവെച്ചിരിക്കുന്നു.

അണുവായുധങ്ങള്‍ സൃഷ്ടിക്കുന്ന മാരകവിപത്തിന്റെ രണ്ട് പ്രതിനിധാനങ്ങളാണ് ഹിരോഷിമയും നാഗസാക്കിയുമെന്ന് ഹിരോഷിമ പ്രിഫെക്ചറിന്റെ ഗവര്‍ണര്‍ ഹിദേഹികോ യുസാക്കി അഭിപ്രായപ്പെടുന്നു. ഹിരോഷിമയുടെ അന്താരാഷ്ട്ര പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാന്‍ 'പീസ് ടൂറിസം' പരിപാടികള്‍ക്കു പ്രചാരം നല്‍കുന്നതില്‍ അദ്ദേഹം ഏറെ താല്പര്യം കാട്ടുന്നു. ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയും നയതന്ത്ര പ്രതിനിധികളേയും വിദഗ്ദ്ധരേയും അതില്‍ പങ്കെടുപ്പിക്കുകയും ചെയ്ത് ഹിരോഷിമയുടെ സാന്നിധ്യം ആഗോളതലത്തില്‍ നിലനിര്‍ത്താന്‍ യുസാക്കി സജീവമായി രംഗത്തുണ്ട്.

നീതിയുടേയും ന്യായത്തിന്റേയും അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സമാധാനം പുലരേണ്ടതെന്നു വ്യക്തമാക്കുന്നു ജപ്പാന്‍ ഭരണഘടന. യുദ്ധം രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്താനുള്ള അവകാശമാണെന്ന ആശയത്തെ ജപ്പാന്‍ ജനത നിരാകരിക്കുന്നു. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമായി ഭീഷണിയോ ബലപ്രയോഗമോ നടത്തുന്നതിനേയും ഭരണഘടനയുടെ ഒമ്പതാം ഖണ്ഡിക അംഗീകരിക്കുന്നില്ല. എന്നാല്‍, അണുവായുധങ്ങള്‍കൊണ്ട് ആക്രമിക്കപ്പെട്ട ഏക രാജ്യമായിട്ടും അണുവായുധ നിരോധനത്തിനുള്ള യു.എന്‍ ഉടമ്പടിയില്‍ ജപ്പാന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല എന്നതാണ് വിചിത്രം. 

2017 ജൂലൈയിലാണ് അണുവായുധ നിരോധന ഉടമ്പടി (Tretay on the Prohibition of Nuclear Weapon) രൂപകല്പന ചെയ്തത്. 70 രാജ്യങ്ങള്‍ ഇതിനകം ഉടമ്പടിയെ അംഗീകരിച്ചെങ്കിലും 25 രാഷ്ട്രങ്ങള്‍ മാത്രമാണ് റാറ്റിഫൈ ചെയ്തു പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിന്റെ ഭാഗമായത്. ഇന്ത്യയും പാകിസ്താനും ഇസ്രയേലും ഉള്‍പ്പെടെ അണുശക്തി രാഷ്ട്രങ്ങളൊന്നും ഉടമ്പടി അംഗീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്റെ 74-ാം വാര്‍ഷികദിനമായ 2019 ഓഗസ്റ്റ് ആറിന് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ ഉടമ്പടിയില്‍ ഭാഗഭാക്കാകുന്ന 25-ാമത്തെ യു.എന്‍ അംഗരാജ്യമായി മാറി. ഇതേ ദിനത്തില്‍ ഹിരോഷിമയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ച മേയര്‍ കാസുമി മാത്സുയി ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ തന്റെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, യു.എന്‍ ഉടമ്പടി സുരക്ഷാ സംബന്ധമായ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്നു പറഞ്ഞു പരിപാടിയില്‍ സന്നിഹിതനായിരുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആവശ്യം നിരാകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com