അഡ്വ. എം.വി. ജയ ഡാളി
അഡ്വ. എം.വി. ജയ ഡാളിvincent pulickal/express photo

കോണ്‍ഗ്രസ്സുകാര്‍ എന്നെ കമ്യൂണിസ്റ്റാക്കി

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷ അഡ്വ. എം.വി. ജയ ഡാളിക്കു ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം ഇരുപത്തിന്നാലു മണിക്കൂര്‍ പോരാ; ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അത്രയ്ക്കാണ് അവര്‍ ഓടിനടക്കുന്നത്.
Q

എങ്ങനെയാണ് പൊതു രംഗത്തേക്ക് കടന്നുവന്നത്

A

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയ്ക്കടുത്ത് മാമ്പഴക്കരയില്‍, ഒരു സാധാരണ ചായക്കടക്കാരനും കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകനും പെരുമ്പഴുതൂര്‍ പഞ്ചായത്ത് മെമ്പറുമായിരുന്ന ജെ. വില്‍സന്റെ മകളായ ഞാന്‍ ആറാം വയസ്സിലാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ചാള്‍സിന് മാമ്പുഴക്കര ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തിനു മൈക്ക് അനൗണ്‍സ്മെന്റ് ചെയ്തു തുടക്കം. പിന്നീട് കെ.എസ്.യു പ്രവര്‍ത്തകയും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുമൊക്കെയായി. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വീതംവയ്ക്കലിന് ഇരയായി 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ആ മാറ്റം രാഷ്ട്രീയമായി തനിക്കു നല്ലതിനായിരുന്നു.സ്ത്രീകള്‍ക്ക് സി.പി.എം കൊടുക്കുന്ന അംഗീകാരവും അവസരങ്ങളും കോണ്‍ഗ്രസ്സിനു ചിന്തിക്കാന്‍ പോലും കഴിയില്ല. സ്ത്രീ-പുരുഷ വ്യത്യാസത്തിനപ്പുറം ആര്‍ജ്ജവവും കരുത്തുമുള്ള തീരുമാനങ്ങള്‍ എടുക്കുന്ന എത്രയോ വനിതാ സഖാക്കള്‍ ഈ പാര്‍ട്ടിയുടെ സമ്പത്താണ്. തുടക്കമേ ഇതില്‍ ആകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ആ മാറ്റം രാഷ്ട്രീയമായി തനിക്കു നല്ലതിനായിരുന്നു.സ്ത്രീകള്‍ക്ക് സി.പി.എം കൊടുക്കുന്ന അംഗീകാരവും അവസരങ്ങളും കോണ്‍ഗ്രസ്സിനു ചിന്തിക്കാന്‍ പോലും കഴിയില്ല.

അഡ്വ. എം.വി. ജയ ഡാളി
അഡ്വ. എം.വി. ജയ ഡാളിvincent pulickal/express photo
Q

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പിതാവ് എങ്ങനെയായിരുന്നു മകളെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു വന്നത്?

A

രാഷ്ട്രീയത്തിലേക്ക് ബോധപൂര്‍വ്വം താല്പര്യമെടുത്തു വന്നതല്ല. എത്തിപ്പെട്ടതാണ്. ഭിന്നശേഷിക്കാരിയായ ഒരു മകള്‍ ജനിച്ചപ്പോള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാതെ സമൂഹത്തിന്റെ ഭാഗമാണ് താനും എന്ന ബോധ്യത്തോടുകൂടി അപകര്‍ഷതാബോധമില്ലാതെ വളര്‍ത്തണം എന്ന ചിന്തയാണ് അച്ഛനുണ്ടായിരുന്നത്. ആ ഒരു കാഴ്ചപ്പാടോടെ നോക്കുമ്പോള്‍ പൊതുപ്രവര്‍ത്തനരംഗമായിരിക്കും ഏറ്റവും നല്ലതെന്നത് അദ്ദേഹത്തിന്റെ ചിന്തയായിരുന്നു. ആ അച്ഛന്റെ നിയന്ത്രണത്തിലല്ല വളര്‍ന്നതെങ്കില്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരി ആകില്ലായിരുന്നു. അതാണ് സത്യം

അന്ന്, കാല് വയ്യാത്ത കൊച്ചിനേയും കൊണ്ട് നാടുനീളെ നടക്കുന്നു എന്ന ആക്ഷേപങ്ങളൊക്കെ കേട്ടിട്ടുണ്ട്. അതൊന്നും അച്ഛന്‍ കാര്യമാക്കി എടുത്തില്ല. അച്ഛന്റെ ആ മനോഭാവവും സമീപനവുമാണ് ഇന്ന് ഏതെങ്കിലുമൊരു സ്ഥാനത്ത് എത്താന്‍ സഹായിച്ചിട്ടുള്ളത്. അച്ഛന്റെ പിന്‍ബലമായിരുന്നു എന്റെ പിന്‍ബലം; ആ ഒരു കാഴ്ചപ്പാടും ധൈര്യവും. അച്ഛന്‍ മരിച്ചിട്ട് 12 വര്‍ഷമായി. അമ്മ മേരി എനിക്ക് 11 വയസ്സുള്ളപ്പോള്‍ മരിച്ചു. മകള്‍ ഇങ്ങനെയൊരു സ്ഥാനത്തെത്തുന്നതോ അംഗീകരിക്കപ്പെടുന്നതോ ഒന്നും കാണാനുള്ള ഭാഗ്യം അവര്‍ക്ക് ഉണ്ടായില്ല. ആ സങ്കടമുണ്ട്.

വീട്ടിനകത്ത് ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞുതന്ന കഥകളിലധികവും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമാണ്. മഹാത്മാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഒക്കെ ചരിത്രം. ദേശീയ പ്രസ്ഥാനത്തിലെ ഒരാള്‍ എന്ന അഭിമാനബോധത്തോടുകൂടിയാണ് വളര്‍ന്നത്. ഇടതുപക്ഷം എന്നാല്‍ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന ഒരു ധാരണ കുഞ്ഞുന്നാള്‍ മുതല്‍ ഉള്ളിന്റെ ഉള്ളില്‍ വേരോടിവന്നിരുന്നു. അവരുടെ നയങ്ങള്‍ രാജ്യത്തിനു യോജിച്ചതല്ല എന്ന ധാരണ; എന്നാല്‍, എന്താണ് ഇടതുപക്ഷത്തിന്റെ നയവും നിലപാടും എന്ന് അറിയുമായിരുന്നുമില്ല.

അഞ്ചു വയസ്സ് കഴിഞ്ഞ സമയത്താണ് ഇന്ദിരാ ഗാന്ധിയുടെ മരണം. അതിനെത്തുടര്‍ന്നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. എ. ചാള്‍സ് ആദ്യമായി തിരുവനന്തപുരത്തുനിന്നു പാര്‍ലമെന്റിലേക്കു മത്സരിക്കുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് അച്ഛനും. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി ഞങ്ങളുടെ ജംഗ്ഷനായ മാമ്പുഴക്കരയിലും വന്നു. സ്ഥാനാര്‍ത്ഥിയുടെ പൈലറ്റ് വാഹനത്തിലെ അനൗണ്‍സ്മെന്റിന് അച്ഛന്‍ നാലഞ്ചു വരി പറഞ്ഞുതന്നു. അതു പറയാന്‍ പറഞ്ഞു. ഒരു കൊച്ചുകുട്ടിയുടെ അറപ്പില്ലാതെ സംസാരിച്ചു എന്നാണ് പറയുന്നത്. സ്വാഭാവികമായും സ്ഥാനാര്‍ത്ഥി പര്യടനം കാണാന്‍ വന്നു കൂടുന്നതിലും അധികം ആളുകള്‍, പുതിയ ഒരു ശബ്ദം കേട്ടപ്പോള്‍, അതും ഒരു കൊച്ചുകുട്ടിയുടെ ശബ്ദം കേട്ടപ്പോള്‍ വന്നു. അതോടെ പഞ്ചായത്തിലെ പര്യടനം തീരുന്നതുവരെ മോളെക്കൂടി കയറ്റണമെന്ന് വാഹനത്തിലുണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അച്ഛനോട് പറഞ്ഞു. അച്ഛനും ഞാനും കൂടി അതില്‍ കയറി. അച്ഛന്‍ പറഞ്ഞുതന്നതൊക്കെ ഞാന്‍ ഏറ്റുപറഞ്ഞ് അതിന്റെ ഭാഗമായി. ഡി.സി.സിയിലൊക്കെ ഈ അനൗണ്‍സ്മെന്റ് വലിയ ചര്‍ച്ചയായി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെയും വാഹനത്തില്‍നിന്ന് 'ഇറങ്ങിയില്ല'. അതു കഴിഞ്ഞ് റാന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കാന്‍ അയച്ചു. പത്തനംതിട്ട ഡി.സി.സിക്ക് തിരുവനന്തപുരം ഡി.സി.സി കത്ത് കൊടുത്ത് അച്ഛനേയും മകളേയും റാന്നിക്കു വിടുകയായിരുന്നു. അതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പു വേദികളിലൊക്കെ അച്ഛന്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് ഞാന്‍ രംഗത്തുറച്ചു.

അഡ്വ. എം.വി. ജയ ഡാളി
അഡ്വ. എം.വി. ജയ ഡാളിvincent pulickal/express
Q

കോണ്‍ഗ്രസ്സായിരുന്നല്ലോ ജീവശ്വാസം. പടിയിറങ്ങേണ്ടിവന്ന സാഹചര്യത്തെ എങ്ങനെ ഓര്‍ക്കുന്നു?

A

പി.സി. വിഷ്ണുനാഥ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കെ.എസ്.യുവിന്റേയും ടി. സിദ്ദിഖ് പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റേയുമാണ് സംസ്ഥാന ഭാരവാഹിയായത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും ഗവണ്‍മെന്റ് ലോ കോളേജില്‍ വൈസ് ചെയര്‍പേഴ്സണുമായി. പക്ഷേ, എപ്പോഴൊക്കെയോ ചില ഘട്ടങ്ങളില്‍, കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങളില്‍നിന്നു പാര്‍ട്ടി വ്യതിചലിക്കുന്നതുപോലെ തോന്നി. അതായത് ദേശീയ പ്രസ്ഥാനത്തില്‍ നമ്മള്‍ കണ്ടിരുന്ന കോണ്‍ഗ്രസ് അല്ല ഇപ്പോഴത്തേത് എന്നും പിന്നീടു വന്ന നേതാക്കളില്‍ ആ ഒരു മനോഭാവമുള്ളവര്‍ ഇല്ലെന്നും വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തോന്നി. പൊതുവായ ലക്ഷ്യങ്ങള്‍ക്കുപരി സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് എന്ന് അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. വ്യക്തിപരമായിത്തന്നെ അനുഭവങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ ഒരു ഷോക്കിലാണ് കോണ്‍ഗ്രസ് വിട്ടത്.

നേതൃസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെടുമ്പോള്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഞാന്‍ നിന്നില്ല. കുഞ്ഞുന്നാളിലേ പാര്‍ട്ടിയിലേക്കു വന്നതുകൊണ്ടും എല്ലാ നേതാക്കളുമായിട്ടും ആ ഒരു അടുപ്പം ഉണ്ടായിരുന്നതുകൊണ്ടും ഏതെങ്കിലുമൊരു നേതാവിന്റെ ആളായിട്ടു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നത്തെ വലിയ നേതാക്കളായ എ.കെ. ആന്റണിയും കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും എന്നോട് വലിയ സ്നേഹമാണ് കാണിച്ചിരുന്നത്. ഒരു മകളോടുള്ള വാത്സല്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, കാര്യത്തോട് അടുത്തുവരുമ്പോള്‍ ആരുടേയും ആളല്ല. ജയഡാളി ഓക്കെയാണ്, നല്ല കുട്ടിയാണ്. പക്ഷേ, ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വീതംവയ്ക്കലുകള്‍ വരുമ്പോള്‍ പലപ്പോഴും തഴയപ്പെട്ടുപോകുന്നു എന്നു തോന്നി. എന്നാല്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനകളിലെ സ്ഥാനങ്ങളില്‍ പൊതുവായി അംഗീകരിക്കപ്പെട്ടുവരികയും ചെയ്തു. പക്ഷേ, രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി പേര് വന്ന ശേഷം ഏതെങ്കിലുമൊരു കാരണത്തിന്റെ പേരില്‍ തഴയപ്പെട്ടു. രാഹുല്‍ ഗാന്ധി നടത്തിയ 'ടാലന്റ് ഹണ്ടില്‍' കേരളത്തിലെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് വിഭാഗങ്ങളില്‍നിന്ന് സ്ഥാനാര്‍ത്ഥി പട്ടികയിലേക്കു പരിഗണിക്കാന്‍ തയ്യാറാക്കിയ ലിസ്റ്റിലും പേര് വന്നു. പിന്നീട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്നെക്കുറിച്ച് വളരെ നെഗറ്റീവായ അഭിപ്രായം പറഞ്ഞു. ജയഡാളി വികലാംഗയാണ്; അങ്ങനെയൊരു സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടാല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അതുകൊണ്ട് വേണ്ട എന്ന അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞ വിവരം വിശ്വസനീയമായവിധം അറിഞ്ഞപ്പോഴാണ് മാറിച്ചിന്തിച്ചത്. വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ കണ്ടതുപോലെ തിരിച്ചു നമ്മളെ കാണുന്നില്ല. അവസാന ഘട്ടങ്ങളില്‍ പരിഗണിക്കപ്പെടുന്നതിന് വേറെ ചില മാനദണ്ഡങ്ങള്‍ വരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണല്ലോ. ശാരീരികമായ പരിമിതികളുണ്ട്. എന്നാല്‍, പാര്‍ട്ടിക്കുവേണ്ടി എന്നെ ഉപയോഗപ്പെടുത്തുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള മൃദുസമീപനമൊന്നും അവര്‍ സ്വീകരിച്ചിരുന്നില്ല. ജയഡാളിക്ക് അല്പം ഇളവ് കൊടുക്കാം, ഹാര്‍ഡ്വര്‍ക്കൊന്നും ചെയ്യിപ്പിക്കേണ്ട എന്നൊന്നും ചിന്തിച്ചില്ല. വാഹനത്തില്‍ കയറിയാല്‍ അനൗണ്‍സ്മെന്റ്, ഇറങ്ങിയാല്‍ പ്രസംഗം. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കു സമയനിയന്ത്രണം വന്നിരുന്നില്ല. അതുകൊണ്ട് പാതിരാത്രി വരെ നീളും. ആ സമയം വരെയും ഞാന്‍ എല്ലാ പോയിന്റുകളിലും സംസാരിക്കണം. എന്നിട്ട്, പിന്നീട് അവസരം തരാം; ഇപ്പോഴൊന്ന് മാറി നില്‍ക്കണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത്ര വേദന തോന്നില്ലായിരുന്നു. ഒന്നിനും കൊള്ളാത്തവളാണെന്നു പറഞ്ഞത് അറിയാന്‍ കഴിഞ്ഞപ്പോഴത്തെ ഷോക്ക് വലുതായിരുന്നു. അതില്‍നിന്നാണ് മാറിച്ചിന്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജയ ഡാളി
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജയ ഡാളി facebook
Q

രാഷ്ട്രീയ മാറ്റത്തിനു ശേഷമുള്ള കാലത്തെ എങ്ങനെ വിലയിരുത്തുന്നു?

A

ഇടതുപക്ഷത്തിന്റെ നയങ്ങളില്‍ ആകൃഷ്ടയായി വന്ന ആളല്ല ഞാന്‍. ഇടതുപക്ഷം എന്താണെന്നു മനസ്സിലാക്കാന്‍ പോലും ശ്രമിച്ചിരുന്നില്ല എന്നുള്ളതാണ്. കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന എല്ലാവരേയും എതിര്‍ക്കുക എന്ന ഒരു രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുകയും ഇടതുപക്ഷത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഒരു ഫീല്‍ഡില്‍ നിന്നാണ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നതിലേക്ക് എത്തുന്നത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആ മത്സരത്തില്‍ ജയിച്ചില്ലെങ്കിലും അതിനുശേഷം വളരെ മനുഷ്യത്വപരമായ സമീപനം നേതൃത്വത്തിന്റേയും അണികളുടേയും ഭാഗത്തുനിന്നുണ്ടാകുന്നതു മനസ്സിലാക്കാന്‍ കഴിഞ്ഞു. സാമ്പത്തികനേട്ടം മുന്നില്‍കണ്ടോ എന്നില്‍നിന്നു സ്വാര്‍ത്ഥമായി എന്തെങ്കിലും പ്രതീക്ഷിച്ചോ അല്ല, ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായുമുള്ള സ്നേഹമാണ് അവരില്‍നിന്നുണ്ടായത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി നേതൃത്വം എന്നെ ഡി.വൈ.എഫ്.ഐയുടെ ജില്ലാ കമ്മിറ്റിയിലും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. ആ പ്രവര്‍ത്തനങ്ങളൊക്കെ എനിക്കു പുതുമയുള്ള അനുഭവങ്ങളായിരുന്നു. അതിലുള്‍പ്പെട്ട ഓരോ ആള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്, അനുഭവങ്ങളുണ്ട്. പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരവുമുണ്ട്. വെറുതേ വന്ന് ചായ കുടിച്ചു പിരിയുന്നതല്ല കമ്മിറ്റികള്‍. അവിടെ ചര്‍ച്ച ചെയ്യുന്നതൊക്കെ മനുഷ്യന്റെ പ്രശ്നങ്ങളാണ്. വര്‍ഗ്ഗീയതയ്ക്കെതിരേ മതനിരപേക്ഷതയ്ക്കുവേണ്ടി, തൊഴിലില്ലായ്മയ്ക്കെതിരേ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളില്‍ സമരപരിപാടികള്‍ ഉള്‍പ്പെടെ ആസൂത്രണം ചെയ്യുന്ന ചര്‍ച്ചകളൊക്കെയാണ് കേള്‍ക്കുന്നത്. അതുവരെയുള്ള എന്റെ ധാരണകളൊക്കെ തെറ്റായിരുന്നല്ലോ എന്നു മനസ്സിലായി. പിന്നെ, പാര്‍ട്ടിയില്‍ ഗ്രൂപ്പ് മെമ്പറും വൈകാതെ തന്നെ കാന്‍ഡിഡേറ്റ് മെമ്പറുമാക്കി.

Q

കോണ്‍ഗ്രസ് വിടുന്ന കാര്യം അച്ഛനുമായി ആലോചിച്ചിരുന്നോ? സി.പി.എമ്മില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?

A

കോണ്‍ഗ്രസ് വിട്ട തീരുമാനം അച്ഛനുമായി ആലോചിച്ചെടുത്തതല്ല. പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. വാര്‍ത്തയിലൂടെയാണ് അച്ഛന്‍ പോലും കാര്യങ്ങള്‍ അറിഞ്ഞത്. പക്ഷേ, കുടുംബത്തില്‍ പലരും എന്നെ ആ തീരുമാനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തി. വെള്ളം കോരിയിട്ട് കുടമിട്ടുടച്ചു എന്നു പറഞ്ഞു. ആറ് വയസ്സു മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തിയെങ്കിലും 32-ാം വയസ്സില്‍ കോണ്‍ഗ്രസ് വിടുന്നതുവരെ വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയിരുന്നില്ല. കുടുംബത്തിനു വേണ്ടിയോ എന്റെ ജീവിതത്തിനുവേണ്ടിയോ ഒരു രൂപയുടെ പോലും നേട്ടം പാര്‍ട്ടിയെക്കൊണ്ട് ഉണ്ടാക്കിയിട്ടില്ല. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്‍ ഒരു സാധാരണ ചായക്കട നടത്തുകയായിരുന്നു. ഇടയ്ക്ക് പഞ്ചായത്ത് മെമ്പറുമായി. തെരഞ്ഞെടുപ്പ് നീണ്ടതുകൊണ്ട് ഏഴ് വര്‍ഷം തുടര്‍ച്ചയായി പെരുമ്പഴുതൂര്‍ പഞ്ചായത്തിലെ മാമ്പുഴക്കര വാര്‍ഡിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു. പക്ഷേ, ആ സമയത്ത് അച്ഛന് കുടുംബസ്വത്തായി കിട്ടിയത് കുറേ വില്‍ക്കേണ്ടിവരികയാണ് ചെയ്തത്. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേ കടങ്ങളൊക്കെ ഉണ്ടായി. കുറച്ചു സ്വത്ത് ഉണ്ടായിരുന്നെങ്കിലും വിറ്റല്ല ചികിത്സിച്ചത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറച്ചു ഭൂമി വിറ്റു. അപ്പോള്‍ കിട്ടിയ തുകയില്‍നിന്ന് വീടിന്റ അടുത്ത് കുറച്ചു സ്ഥലം വാങ്ങാന്‍ കഴിഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനം ഒരു ദൗത്യമായാണ് കണ്ടത്. അതുകൊണ്ടാണ് വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതിരുന്നത്. പാര്‍ട്ടി മാറിയതിനെ അച്ഛന്‍ പിന്തുണച്ചപ്പോഴും, എന്തെങ്കിലും ഫലം കിട്ടേണ്ട സമയത്താണ് കളഞ്ഞിട്ടു പോന്നത് എന്നാണ് കുടുംബത്തില്‍ പലരും വിമര്‍ശിച്ചത്. ആ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഭരണം കിട്ടുക കൂടി ചെയ്തതോടെ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ശക്തമായി. ഭര്‍ത്താവും അച്ഛനുമാണ് ആ സമയത്ത് കൂടെ നിന്നത്. 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാമ്പുഴക്കര വാര്‍ഡില്‍നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നെയ്യാറ്റിന്‍കര നഗരസഭാംഗമായി. നല്ല ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

അഡ്വ. എം.വി. ജയ ഡാളി
അഡ്വ. എം.വി. ജയ ഡാളിvincent pulickal/express
Q

ഭിന്നശേഷിക്കാരുടെ അതിജീവനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

A

ഭിന്നശേഷിത്വം ഏതൊരു മനുഷ്യനും അഭിമുഖീകരിക്കുന്ന വലിയ ഒരു വെല്ലുവിളിയാണ്. വിവിധ തരത്തിലാണ് ഭിന്നശേഷിത്വം. സാങ്കേതികമായി 21 വിഭാഗങ്ങളുണ്ട്. ഓരോരുത്തരുടേയും അവസ്ഥകളും ആവശ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. ചലന പരിമിതിയുള്ള ആള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അതിജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങളുമായിരിക്കില്ല കാഴ്ചപരിമിതിയുള്ള ആളുടേത്. അതായിരിക്കില്ല മറ്റൊരാളുടേത്. ഓരോരുത്തരുടേയും സാഹചര്യമനുസരിച്ച് ഈ അതിജീവനത്തിന്റെ കാര്യങ്ങളിലും മാറ്റം വരും. അതേസമയം ഏതു വിഭാഗമാണെങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ അതിജീവന ബുദ്ധിമുട്ട് ഇരട്ടിയാണ്. സ്ത്രീയുടെ ശാരീരിക പ്രത്യേകത ഉള്‍പ്പെടെ അതിന്റെ ഭാഗമാണ്. ചിലപ്പോഴെങ്കിലും ഭിന്നശേഷിക്കാര്‍ ലൈംഗിക ചൂഷണത്തിനൊക്കെ വിധേയരാകുന്ന അവസ്ഥ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. ചിലരെങ്കിലും സംരക്ഷകരുടെ വേഷം ധരിച്ചിട്ട് അവരെ മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്നു, ചിലര്‍ക്കെങ്കിലും അത് പുറത്തുപറയാന്‍ കഴിയാതെ വരുന്നു, പുറത്തു പറഞ്ഞാല്‍ അവര്‍ തന്നെ സമൂഹത്തിന്റെ കുറ്റാരോപണങ്ങള്‍ക്കു വിധേയരാകേണ്ടിവരുന്നു എന്നൊക്കെയുള്ള സാഹചര്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇടയ്ക്ക് മലപ്പുറത്ത് ഒരു ചാരിറ്റി സംഘടനയുടെ പേരില്‍ ഒരു പെണ്‍കുട്ടി അനുഭവിച്ച ബുദ്ധിമുട്ട് പുറത്തുവന്നു. അത് പിന്നീടങ്ങു തേഞ്ഞുമാഞ്ഞു പോയതു പോലെയാണ്. പിന്നീടൊന്നും കേട്ടില്ല. ഇത്തരം വിഷയങ്ങളുണ്ട്.

സ്ത്രീ എന്ന നിലയിലും ഭിന്നശേഷിയുള്ള ആള്‍ എന്ന നിലയിലും എനിക്കു വ്യക്തിപരമായി അത്തരത്തിലുള്ള അനുഭവങ്ങളിലൂടെയൊന്നും കടന്നുപോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കുറേ കാര്യങ്ങളില്‍ ടീനേജ് കാലത്തൊക്കെ ചില അപകര്‍ഷതകളൊക്കെ ഉണ്ടായിട്ടുണ്ട്. ഗേള്‍സ് സ്‌കൂളിലും വിമന്‍സ് കോളേജിലുമാണ് പഠിച്ചത്. അതുകഴിഞ്ഞ് ഡിഗ്രിക്ക് മിക്സഡ് കോളേജായ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ ആ ഒരു പ്രായത്തില്‍ ഉള്ളിന്റെ ഉള്ളില്‍ ചെറിയ അപകര്‍ഷതകള്‍ തുടക്കത്തില്‍ തോന്നിയിരുന്നു. പക്ഷേ, അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത സൗഹൃദവും സ്നേഹവും സഹകരണവും പിന്തുണയുമൊക്കെയാണ് കിട്ടിയത്. അതുപോലെത്തന്നെ നിരവധിപ്പേര്‍ പറയുന്നുണ്ട്. പക്ഷേ, ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉള്ളവരുമുണ്ട്. മഹാരാജാസ് കോളേജില്‍ കുട്ടികളില്‍നിന്ന് അദ്ധ്യാപകനു പരിഹാസം കേള്‍ക്കേണ്ടിവന്നു, മറ്റൊരിടത്ത് കുട്ടിക്ക് സഹപാഠികളില്‍നിന്ന് ബുദ്ധിമുട്ടുണ്ടായി.

അങ്ങനെയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പരിരക്ഷ ഭിന്നശേഷിയുള്ള വ്യക്തിക്കു ലഭിക്കും എന്നതാണ് നമ്മുടെ സംസ്ഥാനത്തെ സ്ഥിതി. സമൂഹത്തിലെ ഏതെങ്കിലും പുഴുക്കുത്തുകളാണല്ലോ ഇതുപോലെയുള്ള, ഇങ്ങനെയൊക്കെ ചെയ്യുന്നതും പ്രതിഭാഗത്തു വരുന്നതും. സമൂഹം മൊത്തം അങ്ങനെയല്ലല്ലോ. അനുകമ്പയോടെയും സഹതാപത്തോടെയും (സഹതാപം ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും) നന്നായി പെരുമാറുന്നവരാണ് കൂടുതലും. വളരെ കുറച്ചു പേരാണെങ്കിലും അതും ഇല്ലാതെയാകണം.

അഡ്വ. എം.വി. ജയ ഡാളി
അഡ്വ. എം.വി. ജയ ഡാളിfacebook
Q

ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷ എന്ന നിലയിലുള്ള അനുഭവങ്ങള്‍?

A

2022 ഏപ്രിലിലാണ് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷയായത്. അഡ്വ. പരശുവയ്ക്കല്‍ മോഹന്റെ കാലാവധി കഴിഞ്ഞ ശേഷം ഒരു വര്‍ഷം ചെയര്‍മാന്‍ ഉണ്ടായിരുന്നില്ല. 1979-ലാണ് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചത്. കാലാകാലങ്ങളില്‍ ഇതിന്റെ അധ്യക്ഷരായും അംഗങ്ങളായുമൊക്കെ സാധാരണ എല്ലാ ശേഷിയുമുള്ള ആളുകള്‍ തന്നെയാണ് വന്നുപോയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് ആദ്യമായി ഈ ക്ഷേമ കോര്‍പറേഷന്റെ ചെയര്‍മാനും അനൗദ്യോ ഗിക അംഗങ്ങളും ഭിന്നശേഷിക്കാര്‍ തന്നെ ആയിരിക്കണമെന്നു തീരുമാനിച്ചു നടപ്പാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ പരശുവയ്ക്കല്‍ മോഹനന്‍ ചെയര്‍മാനും നാലു ഭിന്നശേഷിക്കാര്‍ തന്നെ അനൗദ്യോഗിക അംഗങ്ങളുമായി ഡയറക്ടര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഭിന്നശേഷിക്കാരിയായ മറ്റൊരാളെ പരിഗണിച്ചു. ഇത് സമൂഹത്തിനു നല്‍കുന്ന കാഴ്ചപ്പാടുണ്ട്. ഭിന്നശേഷി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ സമീപനം എന്താണ് എന്ന സന്ദേശം ഇതിലുണ്ട്. ഇനി കേരളത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും ഇതില്‍നിന്നു മാറിച്ചിന്തിക്കാന്‍ മടിക്കും. അത്ര വ്യക്തമായ ഒരു ദര്‍ശനമാണ് ഈ പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും മുന്നോട്ടുവച്ചിട്ടുള്ളത്. അതൊരു നയമായിത്തന്നെ മാറും എന്നാണ് മനസ്സിലാക്കുന്നത്. മറ്റൊന്ന്, ഭിന്നശേഷിക്കാര്‍ക്കു നല്‍കുന്ന പരിഗണനയാണ്. കേരളത്തെ അവകാശബോധമുള്ള ഒരു സമൂഹമാക്കി മാറ്റിയതില്‍ ഇടതുപക്ഷത്തിന്റെ സുപ്രധാന പങ്കാളിത്തമുണ്ട് എന്നു നമുക്കറിയാം. മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ ഏതു മേഖലയിലും കേരളം വ്യത്യസ്തമാകുന്നത് അതുകൊണ്ടുകൂടിയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന കാര്യത്തിലും അത് പ്രകടമാണ്. വിവിധ മേഖലകളില്‍ അതു കാണാം. അതിന് ഒരു ഉദാഹരണം മാത്രമാണ് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍. ഉദ്യോഗ നിയമനങ്ങളിലെ ഭിന്നശേഷിക്കാരുടെ സംവരണം മൂന്നില്‍നിന്ന് നാലു ശതമാനമാക്കി ഉയര്‍ത്തി. ആദ്യത്തെ ഒഴിവ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയാക്കി മാറ്റി. ക്ഷേമ കോര്‍പറേഷന്‍ മുഖേന ഭിന്ന ശേഷിക്കാര്‍ക്ക് ഭവനവായ്പ ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിത്തുടങ്ങിയതാണ്. മെറി ഹോം പദ്ധതി. നേരത്തേ അഞ്ചു ലക്ഷം രൂപ വരെയായിരുന്ന സബ്സിഡിയുള്ള വായ്പ പത്തു ലക്ഷം വരെയാക്കി. കാലതാമസമില്ലാതെ അപേക്ഷകളും മറ്റു സഹായങ്ങള്‍ക്കുവേണ്ടിയുള്ള അപേക്ഷകളും തീര്‍പ്പാക്കുന്നുണ്ട്. കുറേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്കെന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതല്ല പ്രധാനം. അവരോട് മാന്യമായ സമീപനം കാണിച്ചാല്‍ത്തന്നെ അവര്‍ക്കു കുറേ ആശ്വാസമാകും. അവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുക എന്നതാണ് പ്രധാനം. അങ്ങനെ കേള്‍ക്കാന്‍ ഒരാളെപ്പോലും കിട്ടുന്നില്ല എന്നതാണ് പലപ്പോഴും അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം. ഇവിടെ മാനേജിംഗ് ഡയറക്ടറാണെങ്കിലും ഞാനാണെങ്കിലും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായാലും അവരെ കേള്‍ക്കാന്‍, കഴിയുന്നിടത്തോളം പ്രശ്നങ്ങള്‍ പരിഹരിച്ചു പോകാന്‍ ശ്രമിക്കുന്നുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലെ ഒരംഗം പൂര്‍ണ്ണമായും കാഴ്ച ഇല്ലാത്ത ആളാണ്. ഗിരീഷ് കീര്‍ത്തി: കാഴ്ച പരിമിതനായ വ്യക്തിയാണ്. അദ്ദേഹം മുന്‍പും ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഭിന്നശേഷിക്കാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ അധ്യക്ഷനുമാണ്. ഈ സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ കുടുംബശ്രീ മോഡല്‍ സ്വയം സഹായസംഘങ്ങള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകാനും പോവുകയാണ്. അതിന്റെ രൂപരേഖ തയ്യാറാക്കുന്നതിലും വളരെ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഗിരീഷ് കീര്‍ത്തിയാണ്. അത് വലിയൊരു കുതിച്ചുചാട്ടമായിരിക്കും. കുടുംബശ്രീ എങ്ങനെയാണോ കേരളത്തില്‍ സ്ത്രീശാക്തീകരണത്തിനു സഹായകമായത് അതേ രീതിയില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നവിധമാണ് ഈ എസ്.എച്ച്.ജികള്‍ രൂപീകരിക്കുന്നത്.

ഇടതുപക്ഷത്തിനു വ്യക്തമായ ലക്ഷ്യവും കൃത്യമായ നയങ്ങളുമുണ്ട്; ശക്തമായ സംഘടനാ സംവിധാനവുമുണ്ട്. അടിസ്ഥാനപരമായ ജീവിതാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ്; വര്‍ഗ്ഗ, വര്‍ണ്ണ, ദേശ, ഭാഷ, കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടേയും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും ഒന്നാണ്. അതില്‍ വിവേചനവും അടിച്ചമര്‍ത്തലുകളും പാടില്ല എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള മാനവികതയുടെ വക്താക്കളാണ് സി.പി.എം.

Q

സംഘടനാപരമായി എന്തൊക്കെയാണ് പ്രവര്‍ത്തന മേഖലകള്‍. നിലവിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

A

സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.എ.ഡബ്ല്യു.എഫ് (ഡിഫറന്റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍) സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ദേശീയ പ്രസ്ഥാനത്തെ നയിച്ച കോണ്‍ഗ്രസ് ഇന്ന് വ്യക്തമായ ലക്ഷ്യബോധമില്ലാത്ത നാഥനില്ലാക്കളരിയായി മാറി എന്നാണ് അനുഭവം. എന്നാല്‍, ഇടതുപക്ഷത്തിനു വ്യക്തമായ ലക്ഷ്യവും കൃത്യമായ നയങ്ങളുമുണ്ട്; ശക്തമായ സംഘടനാ സംവിധാനവുമുണ്ട്. അടിസ്ഥാനപരമായ ജീവിതാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ്; വര്‍ഗ്ഗ, വര്‍ണ്ണ, ദേശ, ഭാഷ, കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടേയും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും ഒന്നാണ്. അതില്‍ വിവേചനവും അടിച്ചമര്‍ത്തലുകളും പാടില്ല എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള മാനവികതയുടെ വക്താക്കളാണ് സി.പി.എം. ആ പക്ഷത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചു. സ്ത്രീകളോടുള്ള സമീപനത്തിലും സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്ന കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. ഇടതുപക്ഷ ചിന്താഗതിയുള്ള സാമൂഹിക പ്രവര്‍ത്തകരുടേയും ഇടതുപക്ഷ ഭരണത്തിന്റേയും ഭാഗമായി നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 50 ശതമാനം സ്ത്രീപ്രാതിനിധ്യം, സാക്ഷരതാ പ്രവര്‍ത്തനം, കുടുംബശ്രീ തുടങ്ങിയവപോലെ നിരവധി കാര്യങ്ങള്‍. സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല; യുവജനങ്ങളുടെ കാര്യത്തിലും സംഘടനാരംഗത്തും ഭരണരംഗത്തും ഇടതുപക്ഷം സ്വീകരിക്കുന്ന ഒരു നയമുണ്ട്. തലമുറമാറ്റവും അധികാരമാറ്റവും എത്ര ലളിതമായും എളുപ്പത്തിലുമാണ് അത് സി.പി.എമ്മില്‍ നടക്കുന്നത്. ഇതുപോലെ ഒരു സംഘടനാ സംവിധാനമൊന്നും കേരളത്തില്‍ കോണ്‍ഗ്രസ്സിനെന്നല്ല മറ്റാര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. വിവാദങ്ങളും തര്‍ക്കങ്ങളും വിലപേശലുകളുമില്ല. താഴേത്തട്ടു മുതല്‍ കൊടുക്കുന്ന സ്ത്രീ, യുവജന പ്രാതിനിധ്യം നിസ്സാരമല്ല.

Q

പൊതുപ്രവര്‍ത്തനം സ്ത്രീകള്‍ക്കു കൂടുതല്‍ എളുപ്പമുള്ള കാര്യമായി മാറിയിട്ടുണ്ടോ. എന്താണ് അനുഭവം?

A

സ്വാതന്ത്ര്യം നേടിയിട്ട് ഏഴര പതിറ്റാണ്ട് കഴിഞ്ഞു. ലോകത്തും രാജ്യത്തും കേരളത്തിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. പക്ഷേ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീശാക്തീകരണത്തിന് എന്തൊക്കെയാണ് വഴികള്‍ എന്ന് ആലോചിക്കേണ്ട സാഹചര്യമാണ്. അതിന്റെ ഒരു വൈരുധ്യമുണ്ട്. എന്നാല്‍, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീശാക്തീകരണത്തില്‍ വളരെ മുന്നോട്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.

കുടുംബ ചിത്രം
കുടുംബ ചിത്രം
Q

കുടുംബം?

A

ഭര്‍ത്താവ് ജെ. സുനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്നു. മക്കള്‍ അനശ്വര്‍ എസ്.ജെ., ഐശ്വര്‍ എസ്.ജെ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com