ആടുജീവിതം ആരുടെ ജീവിതം?

സാഹിത്യത്തിന് ബോധത്തെ അഗാധമായി സ്വാധീനിക്കാന്‍ കഴിയും. പല സാഹിത്യകൃതികളും അതൊക്കെ എഴുത്തുകാരുടെ ഭാവനയുടെ ലോകമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് നാം വായിക്കുന്നത്
'ആടുജീവിതം'സിനിമയില്‍ നിന്നുള്ള രംഗം
'ആടുജീവിതം'സിനിമയില്‍ നിന്നുള്ള രംഗം

ബെന്യാമിന്റെ 'ആടുജീവിതം' ഒരു ജീവിതമെഴുത്തു നോവല്‍ എന്ന നിലയിലാണ് മലയാളികള്‍ വായിച്ചത്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ, തൊണ്ട വരണ്ടുകൊണ്ട് അനിശ്ചിതമായ ഒരു ഭാവിയെ ഉറ്റു നോക്കുന്ന ഒരു മനുഷ്യന്റെ ജീവിതമിടിപ്പുകള്‍ അതിലുണ്ടായിരുന്നു. നജീബ് എന്ന മനുഷ്യന്‍ മരുഭൂമിയില്‍ അനുഭവിച്ച അത്യന്തം തീവ്രമായ ജീവിതയാതനകള്‍ വായിച്ച പലരും അനുഭവപരമായി പൊള്ളലേല്‍ക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി. ജീവിതവും ഭാവനയും മനുഷ്യരെ ഒരുപോലെ പൊള്ളലേല്പിക്കും. ഉദാഹരണത്തിന്, വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ പല സന്ദര്‍ഭങ്ങള്‍. ജീന്‍വാല്‍ജീന്‍, മാരിയൂസ് എന്ന മുറിവുകളേറ്റ മനുഷ്യനെ തോളിലേറ്റി പ്രശസ്തമായ പാരീസിലെ ഓവുചാലിലൂടെ രക്ഷപ്പെടുന്ന അവസ്ഥ വായിക്കുമ്പോള്‍, ഒരു ഓവുചാലില്‍ പെട്ടുപോകുന്ന അവസ്ഥയിലൂടെ വായനക്കാരും കടന്നുപോകും. സാഹിത്യത്തിന് ബോധത്തെ അഗാധമായി സ്വാധീനിക്കാന്‍ കഴിയും. പല സാഹിത്യകൃതികളും അതൊക്കെ എഴുത്തുകാരുടെ ഭാവനയുടെ ലോകമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് നാം വായിക്കുന്നത്.

എന്നാല്‍, ബെന്യാമിന്റെ 'ആടുജീവിതം' ഒരു യഥാര്‍ത്ഥ ജീവിതത്തിന്റെ അനുഭവാഖ്യാനം എന്ന നിലയിലാണ് ഒരുപാടു പേര്‍ വായിച്ചത്. അതൊരു നോവലായിട്ടാണ് എഴുതിയത്. അതൊരു സര്‍ഗാത്മകമായ അടവുനയമാണ്. കാരണം, നോവല്‍ എഴുത്തുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന എഴുത്തുരൂപമാണ്. ഭാവന + ഭാഷ = നോവല്‍ അല്ല 'ആടുജീവിതം.' മറിച്ച്, ജീവിതം + ഭാവന + ഭാഷ = നോവല്‍, ആണ് ആടുജീവിതം. ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നജീബ് അനുഭവിച്ച യഥാര്‍ത്ഥ ജീവിതമാണ്. അന്തമില്ലാത്ത മരുഭൂമിയുടേയും ആടുകളുടേയും ഇടയിലെ വെയില്‍ത്തട്ടുകളില്‍ ഉരുകിയൊലിച്ച നജീബിന്റെ ആ യഥാര്‍ത്ഥ ജീവിതമാണ്, നോവലിന്റെ വലിയ സ്വീകാര്യതയ്ക്ക് കാരണമായിത്തീര്‍ന്ന ഘടകം. അതായത്, നജീബിന്റെ ജീവിതത്തെ തിരസ്‌കരിച്ചുകൊണ്ട്, 'ഭാവനകൊണ്ടുമാത്രം ആയിത്തീര്‍ന്ന' ഒരു നോവല്‍ എന്ന നിലയിലല്ല ആ കൃതിയുടെ വായന നടന്നത്. ആ നോവലിന്റെ മൂലകാരണമായി നജീബിന്റെ ജീവിതമുണ്ട്. യഥാര്‍ത്ഥ ജീവിതം ഇങ്ങനെ നോവല്‍ ആയിത്തീരുന്നതിന് ഒരു കുഴപ്പവുമില്ല. ബഷീറിന്റെ മിക്കവാറും കൃതികള്‍ അങ്ങനെയാണ്. കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവര്‍ തന്നെയാണ്.

ബ്ലെസിയും ബെന്ന്യാമിനും
ബ്ലെസിയും ബെന്ന്യാമിനും

ബെന്യാമിനും ഒരു കടപ്പാടിന്റെ പ്രശ്നമേയുള്ളൂ, ആ കടപ്പാട് ബെന്യാമിന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. നജീബിന്റെ അനുഭവത്തിന്റെ പല ഘടകങ്ങളാണ് ആ 'ആയിത്തീരലിന്റെ' പ്രേരണകള്‍. നോവല്‍ ആണെന്ന് പുറംചട്ടയില്‍ സൂചിപ്പിച്ചിട്ടും ''അത് എന്റെ നോവലാണ്, എന്റെ നോവലാണ്,'' എന്ന മട്ടില്‍ നോവലിസ്റ്റിന് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കടപ്പാടുകൊണ്ട് ആ പ്രശ്നങ്ങള്‍ തീരേണ്ടതും തീര്‍ന്നതുമല്ലെ?

ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' പുറത്തുകൊണ്ടുവന്നത്, ബെന്യാമിനെ അല്ല, നജീബിനെയാണ്. ജീവിതത്തിലെ കഥാനായകന്‍ പ്രേക്ഷകരുടെ മുന്നിലേക്കു വന്നു. പുസ്തകത്തിന്റെ മാത്രം അല്ല, നജീബിന്റെ ജീവിതത്തിന്റെകൂടി ദൃശ്യഭാഷയിലുള്ള പുനര്‍വായനയായി സിനിമ മാറി. പുസ്തകത്തിനു പകരം സിനിമയുടെ 'പ്ലോട്ട്' ജീവിക്കുന്ന നജീബായി മാറി. നോവലിലെ പ്ലോട്ടിനേക്കാള്‍ ജീവിക്കുന്ന യഥാര്‍ത്ഥ മനുഷ്യനിലേക്കു പ്രേക്ഷക ശ്രദ്ധ പതിഞ്ഞു. ഭ്രമാത്മകവും നിഗൂഢതയുമില്ലാതെ ഒരാള്‍രൂപം അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പരുക്കന്‍ അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാളുടെ വിങ്ങിപ്പൊട്ടുന്ന മുഖം അപ്പോഴും അയാളിലുണ്ടായിരുന്നു.

ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' പുറത്തുകൊണ്ടുവന്നത്, ബെന്യാമിനെ അല്ല, നജീബിനെയാണ്. ജീവിതത്തിലെ കഥാനായകന്‍ പ്രേക്ഷകരുടെ മുന്നിലേക്കു വന്നു. പുസ്തകത്തിന്റെ മാത്രം അല്ല, നജീബിന്റെ ജീവിതത്തിന്റെകൂടി ദൃശ്യഭാഷയിലുള്ള പുനര്‍വായനയായി സിനിമ മാറി.

യഥാര്‍ത്ഥത്തില്‍ നന്മതിന്മകളുടെ ഇടയില്‍നിന്ന് അവരവരുടെ തന്മ കണ്ടെത്താന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന ഏകാന്ത പോരാട്ടത്തിന്റെ പേരാണ് ജീവിതമെന്ന് ആ കൃതിയും അതിന്റെ പ്രമേയ പരിസരത്ത് ജീവിച്ച മനുഷ്യനും വായനക്കാരെ ബോധിപ്പിച്ചു.

ഏതെഴുത്തുകാരനും സന്തോഷം കണ്ടെത്തേണ്ട നിമിഷങ്ങളാണവ. ജീവിതത്തെ നോവലിലേക്കു ശരിയായ വിധത്തില്‍ പരിഭാഷ നടത്തി എന്ന നിലയില്‍.

ആടുജീവിതമെന്ന നോവലിന്റെ അസ്തിത്വം നജീബിന്റെ ജീവിതമാണ്. ആ യഥാര്‍ത്ഥ ജീവിതമാണ് നോവലിനെ മാസ്റ്റര്‍പീസാക്കിയത്. മനുഷ്യവംശങ്ങളില്‍ ഇങ്ങനെയുള്ള അപകടകരമായ പീഡനങ്ങളിലൂടെ കടന്നുപോയവരുണ്ട് എന്ന് നമുക്ക് ആ നോവല്‍ കാണിച്ചു തന്നു. മരുഭൂമിയില്‍ ചെന്ന് ആടുജീവിതം മാത്രമല്ല, ഒട്ടകജീവിതം നയിച്ച എത്രയോ പേരെ നമുക്ക് കണ്ടെത്താം. അങ്ങനെയൊരാള്‍ കണ്ണൂരുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ അയാള്‍ പിന്നീട് ഒരു പള്ളിമുക്രിയായി ജീവിച്ചു.

ചങ്ങമ്പുഴ
ചങ്ങമ്പുഴ

വാസ്തവത്തില്‍ ചങ്ങമ്പുഴയുടെ രമണനും ആടുമേയ്ക്കുകയായിരുന്നല്ലൊ. മലയാളത്തില്‍ ആടുജീവിതം നയിച്ച ആദ്യത്തെ കഥാപാത്രം, രമണനാണ്. ആടും പ്രണയവും കടന്നുവരുന്ന ആ കൃതിയും വായനക്കാരുടെ ഹൃദയം കവര്‍ന്നു. അനശ്വരമായ പ്രണയത്തിന്റെ മൂകസാക്ഷികളായിരുന്നു, അതിലെ ആടുകള്‍. ''ഞാനും വരട്ടെയോ, നിന്റെ കൂടെ?'' എന്ന ചോദ്യം രമണന്‍ കാമുകിയില്‍നിന്നു കേള്‍ക്കുന്നു. കൂടെ വരാന്‍ ഒരു സ്ത്രീയോ ആരുമില്ലാത്ത തപിക്കുന്ന മരുഭൂമിയില്‍ ആണ് 'ആടുജീവിത'ത്തിലെ ജൈവകഥാപാത്രം കുടുങ്ങിക്കിടക്കുന്നത്. ആ ജീവിതത്തില്‍ സിനിമയില്‍ കേള്‍ക്കുന്നപോലെ കവിതയുടെ പിന്‍വിളികള്‍ ഇല്ല, ചുട്ടുപൊള്ളിക്കുന്ന സൂര്യനും അയാളും ആടുകളും മാത്രം.

ഒരു കൃതിയും ആ കൃതിയെ ആസ്പദമാക്കിയുമുള്ള സിനിമാ / പുസ്തക ചര്‍ച്ചകള്‍ക്കിടയില്‍ കയറി വന്ന് ''അതങ്ങനെയല്ല, ഇങ്ങനെയാണ്'' എന്നൊക്കെ പറയുന്ന എഴുത്തുകാരന്‍, പ്രശസ്തിയുടെ എത്ര വലിയ കിരീടധാരിയായ എഴുത്തുകാരനായാലും ശരി, ആസ്വാദനത്തിന് അനാവശ്യമായ മാര്‍ഗതടസ്സങ്ങളുണ്ടാക്കുന്നു.

'ആടുജീവിതം' ബെന്യാമിന്റെ നോവലാണ്. നജീബിന്റെ ജീവചരിത്രമല്ല അത്. നജീബിന്റെ ജീവിതം അതിലുണ്ട്. എന്നാല്‍ , അത് ജീവിതമെഴുത്തല്ല.

ആടുജീവിതത്തിന്റെ പരിണാമചരിത്രം ഇങ്ങനെയും വായിക്കാം:

നജീബിന്റെ ജീവിതം

ബെന്യാമിന്റെ നോവല്‍

ബ്ലസിയുടെ സിനിമ.

ഇന്‍സ്റ്റാഗ്രാം വംശാവലി

അഖില്‍ പി. ധര്‍മ്മജന്‍
അഖില്‍ പി. ധര്‍മ്മജന്‍

മലയാള സിനിമയില്‍ പുതിയ താരോദയങ്ങള്‍ സംഭവിച്ചിട്ടും എഴുത്തു ലോകത്തേക്ക് അത്തരം 'കോടി' കിലുക്കങ്ങള്‍ വന്നിട്ടില്ല. 'പ്രേമലു' എന്ന സിനിമയും 'മഞ്ഞുമ്മല്‍ ബോയ്സും' തീര്‍ത്ത വിസ്മയിപ്പിക്കുന്ന ബോക്സോഫീസ് വിജയങ്ങള്‍ക്കു കുറച്ചുകാലം കൂടി തുടര്‍ച്ചകള്‍ ഉണ്ടായേക്കാം. സിനിമ നേടാനും നഷ്ടപ്പെടാനും ഉള്ള മേഖലയാണ്. അനിശ്ചിതത്വം പ്രവചനാതീതമാണ്. എന്നാല്‍, ലാഭം / നഷ്ടം എന്ന കോളങ്ങള്‍ വലിയ രീതിയില്‍ പൂരിപ്പിക്കാന്‍ എഴുത്തുകാര്‍ക്ക് അവസരമില്ല. അത്തരം കോളങ്ങളും ലാഭകരമായി പൂരിപ്പിക്കുന്ന ഒരു പുതുതലമുറ വന്നു ചേരുന്നുണ്ട്. റാം ര/ീ ആനന്ദി എന്ന അഖില്‍ പി. ധര്‍മ്മജന്റെ നോവലിനെ ആ നിലയില്‍ പ്രതീക്ഷാപൂര്‍വ്വമാണ് നോക്കിക്കാണേണ്ടത്. മലയാള സാഹിത്യത്തിലെ പുതിയ താരോദയമാണ്, അഖില്‍ പി. ധര്‍മ്മജന്‍. എന്തുകൊണ്ട് ആ നോവല്‍ ഇത്ര ജനപ്രിയമായി എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മുന്നില്‍ കിട്ടുന്ന ചില ഉത്തരങ്ങള്‍ ഉണ്ട്:

ഒന്ന്:

മുന്‍വിധികളുടെ ഭാരത്തില്‍നിന്നും പാരമ്പര്യ വായനയുടെ ഭൂതകാല പുളകങ്ങളില്‍നിന്നും പുറത്തുചാടി സ്വയം നിര്‍വചിക്കുന്ന ഒരു വായനസമൂഹം. 'പഴയതും' 'പുതിയതും' എന്ന താരതമ്യങ്ങള്‍കൊണ്ട് വായനയുടെ ട്രാഫിക് ജംങ്ഷനില്‍ അവര്‍ സ്തംഭിച്ചുനില്‍ക്കുന്നില്ല. 'ഏറ്റവും പുതിയത്' എന്നല്ല, 'ഈ കടന്നുപോകുന്ന കാലം' എന്നതും അവരെ പ്രചോദിപ്പിക്കുന്നു. വായന, ഒരു യാത്രപോലെ ചലനാത്മകമായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. 'പ്രേമലു', 'മഞ്ഞുമ്മല്‍ ബോയ്സ്' - ഈ സിനിമകളുടെ വിജയത്തിനാധാരം, 'കൂട്ടുകാരുടെ യാത്ര' എന്ന അനുഭവം ഉള്‍ച്ചേര്‍ന്നതുകൊണ്ടാണ്. ഏകാന്ത വിസ്മയങ്ങളോ ദുഃഖങ്ങളോ അല്ല, 'കൂട്ടുജീവിത'ത്തിന്റെ ഓളങ്ങള്‍ അവരെ പ്രചോദിതരാക്കുന്നു.

രണ്ട്:

തലമുതിര്‍ന്നവര്‍ എന്താണ് പുതിയ തലമുറയോട് പറഞ്ഞുകൊണ്ടിരിക്കുന്നത്? സ്വന്തം ജീവിതത്തില്‍ അവര്‍ക്ക് പുലര്‍ത്താനും അന്യരിലേക്കു പകരാനും സാധിക്കാതിരുന്നതുമായ മൂല്യങ്ങളില്‍ അവരിപ്പോള്‍ വിശ്വസിക്കുന്നില്ല. ജീവിക്കുന്ന നിമിഷങ്ങള്‍ കടന്നുപോകേണ്ട ഒരു ആശയമായിട്ടല്ല, ജീവിതമായിത്തന്നെ അവര്‍ കാണുന്നു. നാം വായിച്ചുകേട്ട ആ പഴയ തലമുറ ആനന്ദത്തെ അപരാധമായി കണ്ടുവെങ്കില്‍, അനുനിമിഷം ആനന്ദം തേടുകയാണ് ഇന്നത്തെ യൗവ്വനം.

മൂന്ന്:

സ്വാതന്ത്ര്യം ആണ് നാം അനുഭവിക്കുന്ന പ്രധാനപ്പെട്ട മൂല്യം. സദാചാരത്തിന്റെ വിരട്ടല്‍ നോട്ടമോ ചതുരങ്ങളില്‍ തളക്കപ്പെട്ട 'പിടിച്ചുവെക്കുകയും അയച്ചുവിടു'കയും ചെയ്യുന്ന സ്വാതന്ത്ര്യമല്ല, കാറ്റുപോലെ പടരുന്ന സ്വതന്ത്രസഞ്ചാരങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. സെല്‍ഫികള്‍ മാത്രമല്ല അവര്‍, ലെഹള ൃലഴമൃറ/െ ആത്മബഹുമാനം ഉള്ള ഒരു തലമുറകൂടി രൂപപ്പെടുകയാണ്.

നാല്:

ഏറ്റവും മികച്ചത്, അല്ലെങ്കില്‍ ഉദാത്തമായത് തുടങ്ങിയ ക്ലാസ്സിക്ക് നിര്‍വചനങ്ങള്‍ അല്ല, 'മികച്ചതാവാന്‍' നടത്തുന്ന ശ്രമങ്ങള്‍പോലും വിലപ്പെട്ടതാണെന്ന് അവര്‍ തിരിച്ചറിയുന്നു.

അഞ്ച്:

രാഷ്ട്രീയമെന്നാല്‍ മനോഹരമായി ജീവിക്കാന്‍ മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങളാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ കാരണങ്ങളാല്‍ മോഹഭംഗം സംഭവിച്ച ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇടകലര്‍ന്നിരുന്ന് ജീവിക്കുന്ന ഒരു ഇന്ത്യ സാധ്യമാകുന്നത്, ആശയങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോഴാണ്. 'റാം ഇ/ീ ആനന്ദി' വാങ്ങാന്‍ പുസ്തകശാലകള്‍ സന്ദര്‍ശിച്ച ആ വായനക്കാര്‍, ഇന്‍സ്റ്റാഗ്രാം റീലുകള്‍ കണ്ട് ആനയിക്കപ്പെട്ടവരാണ്. വായനക്കാരുടെ എന്നപോലെ നിരൂപകരുടേയും പുതിയൊരു വംശാവലി രൂപപ്പെടുകയാണ്; ഇന്‍സ്റ്റാഗ്രാം വംശാവലി. അനുഭൂതികള്‍ മാത്രമല്ല, കഥകളും അടുക്കളരുചികളും കിടപ്പറ തമാശകളും പാട്ടുകളും സഞ്ചാര കൗതുകങ്ങളും അവര്‍ കൈമാറുന്നു. പുതിയൊരു ജനാധിപത്യ ലോകമാണത്. സ്നേഹം തുളുമ്പുന്ന ഇടം. സ്നേഹത്തെ വിനിമയം ചെയ്യുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ലോകം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com