ബി.ആര്‍.പി. ഭാസ്‌കര്‍.
ബി.ആര്‍.പി. ഭാസ്‌കര്‍. ഫോട്ടോ: വിന്‍സെന്റ് പുളിക്കന്‍ /എക്‌സ്പ്രസ്‌

''എന്താകും നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി എന്നു തിരിച്ചറിയാന്‍ പറ്റുന്ന തെരഞ്ഞെടുപ്പാണ് ഇത്''

തെളിഞ്ഞ ചിന്തയും കൃത്യമായ നിരീക്ഷണങ്ങളുംകൊണ്ട് ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി. ഭാസ്‌കര്‍.
Summary

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംശയരഹിതമായി പ്രതികരിക്കുന്ന ധീരതയും സത്യസന്ധതയുമാണ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബി.ആര്‍.പി. ഭാസ്‌കറിന്റെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നത്. 92-ന്റെ വാര്‍ധക്യം കണ്ണിന്റെ കാഴ്ചയ്ക്കു മാത്രമാണ് മങ്ങലേല്പിപ്പിച്ചിട്ടുള്ളത്. മനസ്സിനൊട്ടുമില്ല മങ്ങല്‍. അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റുകളിലെ ഒന്നോ രണ്ടോ വരികള്‍ക്കടിയില്‍ വന്ന് ഒരുപാടു സന്തോഷത്തോടെ പ്രതികരിക്കുന്നവരും ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ് ഇഷ്ടംകൊണ്ട് സന്ദര്‍ശിക്കുന്നവരും അതു കാണുന്നുണ്ട്. ''കണ്ണിന്റെ ബുദ്ധിമുട്ടിനു വൈദ്യശാസ്ത്രം നല്‍കിയ പേരിന്റെ തുടക്കം 'ഏജ് റിലേറ്റഡ്' എന്നാണ്'', രാഷ്ട്രീയം പറയുന്നതിനിടെ, നീലാകാശംപോലെ നിറഞ്ഞുചിരിച്ച് അദ്ദേഹം പറഞ്ഞു. തെളിഞ്ഞ ചിന്തയും കൃത്യമായ നിരീക്ഷണങ്ങളുംകൊണ്ട് ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുകയാണ് ബി.ആര്‍.പി. ഭാസ്‌കര്‍.

Q

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും ജയിച്ച് അധികാരത്തിലെത്തിയാല്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും എന്ന വലിയൊരു വിഭാഗത്തിന്റെ ആശങ്കയെക്കുറിച്ച് എന്താണ് അഭിപ്രായം?

A

അടിസ്ഥാനപരമായി നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ഒരു പൊതുസ്വഭാവമുണ്ട്; അത് ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ്. പക്ഷേ, ജനാധിപത്യ പ്രക്രിയയില്‍ പങ്കു കിട്ടുന്നു എന്നതുകൊണ്ടു മാത്രം ഏതെങ്കിലും പാര്‍ട്ടിയുടേയോ നേതാവിന്റേയോ സ്വഭാവത്തില്‍ മാറ്റം വരണമെന്നില്ല. അതില്‍ സാഹചര്യങ്ങള്‍ ഒരു ഘടകമാണ്. അനുകൂല സാഹചര്യങ്ങളുണ്ടെങ്കില്‍ ഒരുതരത്തില്‍ പ്രവര്‍ത്തിക്കും; പ്രതികൂല സാഹചര്യങ്ങളാണെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കും. അങ്ങനെയുള്ള പല വ്യത്യാസങ്ങളും ഇതിനകത്തുണ്ട്. എങ്കിലും നമ്മള്‍ ഒരു നിര്‍ണ്ണായക ഘട്ടത്തിലേയ്ക്കു കടക്കുകയാണ്. നമ്മുടെ ജനാധിപത്യപ്രക്രിയ തുടങ്ങിയ കാലത്ത് വലിയൊരു അനുകൂല സാഹചര്യം ഉണ്ടായിരുന്നത് ആദ്യകാല ഭരണകര്‍ത്താക്കള്‍ക്കു നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാന്‍ അവസരം കിട്ടി. അതിനെ നയിക്കാന്‍ സാമാന്യം ശക്തമായ നേതൃത്വവും ഉണ്ടായിരുന്നു. അത്തരം അവസരം കിട്ടാതിരുന്നതുകൊണ്ട് നമ്മുടെ അയല്‍രാജ്യങ്ങളില്‍ പലതിലും ജനാധിപത്യം നേരത്തേ പരാജയപ്പെട്ടു. ആ ഒരു വ്യത്യാസം നമുക്കുണ്ടായിരുന്നു. പക്ഷേ, പരാജയം ഏതു ഘട്ടത്തിലും ഉണ്ടാകാം. ആദ്യം ഉണ്ടായില്ല എന്നുവെച്ച് പിന്നീട് ഉണ്ടാകാതിരുന്നുകൊള്ളണം എന്നില്ല. പിന്നീട്, ആ ഘട്ടം കഴിഞ്ഞു പുതിയ ചില പാര്‍ട്ടികള്‍ ശക്തിപ്പെട്ടു വന്നു. ഈ പാര്‍ട്ടികള്‍ ചിലതിന്റെ ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം തന്നെ ആദ്യകാലത്ത് സംശയകരമായിരുന്നു. അതിന്റെ പശ്ചാത്തലംകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. അത്തരം രാഷ്ട്രീയ ശക്തികള്‍ക്കു വീണ്ടും അധികാരം കിട്ടുന്ന സ്ഥിതി വന്നാല്‍ എന്താകും എന്ന് ആലോചിക്കണം. യഥാര്‍ത്ഥത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും നിര്‍ണ്ണായകമാണ്. എങ്കിലും ചില തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ നിര്‍ണ്ണായകമായി വരും. അതു സാഹചര്യങ്ങളുടെ പ്രതിഫലനം പോലിരിക്കും. ഈ തെരഞ്ഞെടുപ്പും അത്തരത്തില്‍ നിര്‍ണ്ണായകമായി വരും എന്നു ഞാന്‍ കരുതുന്നു. എന്താകും നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി എന്നു തിരിച്ചറിയാന്‍ പറ്റുന്ന തെരഞ്ഞെടുപ്പാണ് ഇത്. ഏതു ദിശയിലേക്കാണ് നമ്മള്‍ പോകുന്നത്, സഞ്ചരിക്കുന്നത് അല്ലെങ്കില്‍ പോകാന്‍ പോകുന്നത് എന്നു വ്യക്തമാകും. ആ ഒരു സമീപനമാണ് ഏറ്റവും പ്രധാനം.

Q

ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ വിശാല സഖ്യം ഉണ്ടാവുക, അതു ജയിച്ച് അധികാരത്തിലെത്തുക എന്നതില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ആഗ്രഹവും പ്രതീക്ഷയും വയ്ക്കുന്നുണ്ടെങ്കിലും അതേ ജനങ്ങള്‍ ഈ കൂട്ടായ്മയെ വിശ്വാസത്തിലെടുക്കാന്‍ മടിക്കുന്ന സ്ഥിതിയുണ്ടോ?

A

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കൂട്ടായ്മയെക്കുറിച്ച് ഏതെങ്കിലും തരത്തില്‍ ശരിയായ വിലയിരുത്തല്‍ നടത്താന്‍ സമയമായിട്ടില്ല; ഇപ്പോള്‍ പറയുന്നത് കുറച്ചു നേരത്തെ ആയിപ്പോകും. കാരണം, ഈ കക്ഷികള്‍ക്കും അവയുടെ നേതാക്കള്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ, രാജ്യതാല്പര്യങ്ങള്‍ക്കു മുകളില്‍ സ്വന്തം പാര്‍ട്ടിയുടേയോ മറ്റേതെങ്കിലും കാര്യങ്ങളുടേയോ ദുഃസ്വാധീനം ഉണ്ടാകുമോ, അങ്ങനെ സ്വാധീനിക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മുന്നിലുള്ളത്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് സാമാന്യം നല്ല ഒരു തുടക്കം കിട്ടിയെങ്കിലും ഈ വ്യവസ്ഥ നിലനില്‍ക്കുന്നത് ദുര്‍ബ്ബലമായ ഒരു അടിത്തറയിലാണ്. ഈ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ജനാധിപത്യത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നവരല്ല എന്നതാണ് കാരണം. അങ്ങനെയുള്ള പാര്‍ട്ടികള്‍ക്കു പ്രാമുഖ്യവും സ്വാധീനവുമുള്ള ഒരു സാഹചര്യമുണ്ടായിരിക്കുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ചില ആശങ്കകള്‍ സ്വാഭാവികമായും വന്നുചേരും. അങ്ങനെയൊക്കെയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
രാഹുല്‍ ഗാന്ധി വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Q

ജനങ്ങള്‍ക്ക് ഇന്ത്യാ മുന്നണിപോലുള്ള കൂട്ടായ്മയിലുള്ള വിശ്വാസം ഇപ്പോള്‍ വിലയിരുത്തുന്നത് നേരത്തേ ആയിപ്പോകും, അല്ലേ?

A

അതെ. ഇത്രയും കൊല്ലം ജനാധിപത്യപ്രക്രിയയുമായി മുന്നോട്ടുപോകാനുള്ള അവസരം നമുക്ക് ഉണ്ടായി. ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് അറിയാമല്ലോ, ആദ്യകാലത്ത് ഉണ്ടായിരുന്ന പാര്‍ട്ടികളും പുതുതായി വന്ന പാര്‍ട്ടികളുമെല്ലാം ജനാധിപത്യത്തിന്റെ പേരിലാണ് ആണയിടുന്നത്. പക്ഷേ, ചിലരുടെ ജനാധിപത്യ വിശ്വാസത്തെക്കുറിച്ച് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. അവര്‍ ഇപ്പോള്‍ അധികാരത്തിന്റെ ഭാഗമായിരിക്കുകയാണ്. അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ എന്നൊക്കെ വളരെ സൂക്ഷ്മതയോടെ പരീക്ഷിക്കേണ്ട ഒരു ഘട്ടമാണിത്.

Q

ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ ഭയക്കുന്ന പൗരത്വ നിയമഭേദഗതി യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കില്ല എന്നു വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സി.എ. എ ഒരു റിയല്‍ ഇഷ്യു ആണോ?

A

പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് രാജ്യത്തു വളരെയധികം ആശങ്ക ഉണ്ടായിട്ടുണ്ട്. അതു നല്‍കുന്ന അധികാരം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത വളരെയാണ്. അങ്ങനെയാണ് ആശങ്കയുണ്ടാകുന്നത്. ഇതു കൊണ്ടുവന്നവരുടെ വിശ്വാസ്യതയെക്കുറിച്ച് എല്ലാക്കാലത്തും വലിയ സംശയങ്ങള്‍ ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. അത് അങ്ങനെ നില്‍ക്കുമ്പോള്‍ത്തന്നെ, ഇനി ഈ നിയമം പ്രാബല്യത്തിലാകുന്ന ഘട്ടത്തില്‍ എന്തൊക്കെയാണ് സംഭവിക്കുക? അതാണ് ഇനി ആലോചിക്കേണ്ട കാര്യം. അതു സത്യസന്ധമായല്ലാത്ത രീതിയില്‍ പ്രയോഗിക്കുകയും രാജ്യത്തിന്റെ അടിസ്ഥാനശിലയ്ക്കു ക്ഷീണംതട്ടുന്ന വിധത്തിലുള്ള സമീപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമൊക്കെ ചെയ്യുന്നുവെങ്കില്‍ നമ്മള്‍ ഇത്രയും കാലം മുന്നോട്ടുകൊണ്ടുപോയ ജനാധിപത്യ വ്യവസ്ഥയുടെ ഭാവി തന്നെ അപകടത്തിലാകാന്‍ ഇടയുണ്ട്. അവിടെയാണ് ജനാധിപത്യ വിശ്വാസികള്‍ അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ടത്. തെരഞ്ഞെടുപ്പു വരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം എന്നത് ഒരു പുതിയ ഭരണകൂടത്തെ ഉണ്ടാക്കുകയാണ്. ഭരണമാറ്റം ഉണ്ടാകുമ്പോള്‍ മാത്രമാണ് ജനാധിപത്യമുണ്ടെന്നു നമുക്കു തറപ്പിച്ചു പറയാനാകുന്നത്. അതല്ല, ഒരു പാര്‍ട്ടി തന്നെ അധികാരത്തില്‍ തുടരുകയും മാറ്റമുണ്ടാകാതിരിക്കുകയുമാണെങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയം ആദ്യ കാലത്തും ഉണ്ടായിരുന്നു. ഒരു പ്രധാന കക്ഷി; അതിന്റെ അടുത്തുപോലും എത്താന്‍ കഴിയാത്ത പ്രതിപക്ഷ കക്ഷികള്‍. ആദ്യം മുതല്‍തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. ആ ഘട്ടം നമ്മള്‍ പിന്നിട്ടു. പക്ഷേ, പുതിയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു; അവരുടെ കീഴില്‍ ജനാധിപത്യ വ്യവസ്ഥ സുസ്ഥിരമായി തുടരുമോ എന്ന കാര്യത്തിലൊക്കെ തീര്‍ച്ചയായും ആശങ്കയ്ക്ക് വകയുണ്ട്. അങ്ങനെയൊരു സാധ്യത നിലനില്‍ക്കുമ്പോള്‍ അതിനു പ്രതിവിധി എന്താണ് എന്നതിലാണ് ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത്. അധികാരത്തില്‍ വരുന്ന കക്ഷികളും അധികാരത്തിനു പുറത്തുനില്‍ക്കുന്ന കക്ഷികളും അടിസ്ഥാനപരമായി ജനാധിപത്യ വ്യവസ്ഥയ്ക്കു തുരങ്കം വയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് അതിനു തടയിടാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയണം.

ഒരു പ്രധാന കക്ഷി; അതിന്റെ അടുത്തുപോലും എത്താന്‍ കഴിയാത്ത പ്രതിപക്ഷ കക്ഷികള്‍. ആദ്യം മുതല്‍തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. ആ ഘട്ടം നമ്മള്‍ പിന്നിട്ടു. പക്ഷേ, പുതിയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു; അവരുടെ കീഴില്‍ ജനാധിപത്യ വ്യവസ്ഥ സുസ്ഥിരമായി തുടരുമോ എന്ന കാര്യത്തിലൊക്കെ തീര്‍ച്ചയായും ആശങ്കയ്ക്ക് വകയുണ്ട്. അങ്ങനെയൊരു സാധ്യത നിലനില്‍ക്കുമ്പോള്‍ അതിനു പ്രതിവിധി എന്താണ് എന്നതിലാണ് ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത്.
Q

ലോകത്തിലെ ഏറ്റവും ജനാധിപത്യ രാഷ്ട്രം, 20 കോടിയിലധികം ന്യൂനപക്ഷ സമുദായ ജനസംഖ്യയുള്ള രാജ്യം, ലോകമെമ്പാടും നിരവധി ഇന്ത്യക്കാര്‍ ജീവിക്കുന്ന സ്ഥിതി; ഇതെല്ലാം വസ്തുതകളായിരിക്കെ സംഘപരിവാര്‍ ലക്ഷ്യമിടുന്ന ഒരു ഹിന്ദുരാഷ്ട്രം പ്രായോഗികമാണോ?

A

വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ കാര്യം പരാമര്‍ശിച്ചു. അതു മാറ്റിനിര്‍ത്തി പരിശോധിച്ചാല്‍ ഇന്ന് ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥ നമ്മുടെ പാരമ്പര്യത്തിനു ചേര്‍ന്നതാണോ? ഇതൊരു ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യമാണ്; എല്ലാക്കാലത്തും ആയിരുന്നു. ചരിത്രാതീതകാലം മുതല്‍തന്നെ ആ ഒരു പാരമ്പര്യമുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഇപ്പോഴും നടക്കുന്നത്. ഭരണകര്‍ത്താക്കള്‍ മാറിവന്നു. മറ്റു മതസ്ഥര്‍ ഭരിച്ച കാലംപോലും ഉണ്ടായി. പക്ഷേ, അടിസ്ഥാനപരമായി ഈ രാജ്യത്തിന്റെ ജനസംഖ്യാപരമായ സ്വഭാവം മാറിയതായിട്ടു കാണുന്നില്ല. അങ്ങനെയുള്ള ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്, പലപ്പോഴും. ആ ആശങ്കകളെയൊക്കെ അതിജീവിച്ചുകൊണ്ട് രാജ്യത്തിനു തുടരാന്‍ കഴിഞ്ഞു. അങ്ങനെ തുടരാന്‍ കഴിഞ്ഞതിനു പല കാരണങ്ങള്‍ കാണാന്‍ കഴിയും. ഇന്ത്യയിലെ ഭൂരിപക്ഷ ജനത ഒരു അടിച്ചമര്‍ത്തല്‍ ആഗ്രഹിക്കുന്ന ജനത അല്ല എന്നതാണ് പ്രധാന കാരണം. അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് അങ്ങനെയൊരു അടിച്ചമര്‍ത്തല്‍ സ്വഭാവമില്ല. ഇന്ത്യയിലെ ജനങ്ങള്‍ അതിനെ സ്വീകരിക്കുകയും ചെയ്യുകയില്ല. അതു നമ്മുടെ രാജ്യത്തിന്റെ ഒരു സവിശേഷതയായി ഞാന്‍ കാണുന്നു.

അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾ പിടിഐ - ഫയൽ
Q

കെജ്രിവാളിന്റെ അറസ്റ്റില്‍പോലും യു.എസ്സും ജര്‍മനിയും മറ്റും പ്രതികരിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിനെതിരായ ഭീഷണിക്ക് എന്തെങ്കിലും ആശ്വാസമായി കാണേണ്ടതുണ്ടോ?

A

പുറത്തുനിന്ന് ഈ കാര്യങ്ങളില്‍ പ്രതികരണമുണ്ടായപ്പോള്‍ ഭരണകക്ഷിയുടെ അതിനോടുള്ള പ്രതികരണം, ഇതൊക്കെ ഞങ്ങളുടെ കാര്യമാണെന്നും നിങ്ങളാരും ഇടപെടേണ്ട എന്നുമായിരുന്നു, ഇത് അംഗീകരിക്കാവുന്ന ഒരു സമീപനമല്ല. തീര്‍ച്ചയായും നമ്മുടെ ആഭ്യന്തര കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത് നമ്മള്‍ മാത്രമാണ്. പക്ഷേ, നമ്മുടെ ആഭ്യന്തര സാഹചര്യങ്ങളില്‍ ആശാസ്യമല്ലാത്ത സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിലേയ്ക്ക് വിരല്‍ചൂണ്ടാന്‍, അതിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഉള്ളതുപോലെ തന്നെ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. കാരണം, ഈ രാജ്യത്ത് എന്തു സംഭവിക്കുന്നു എന്നത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യവുമല്ല. ഇന്ത്യ എന്ന വലിയ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ നല്ലതല്ലെങ്കില്‍ അതിന്റെ പ്രതിഫലനം പുറത്തുമുണ്ടാകും. ഇന്ത്യയിലെ സംവിധാനം നല്ലതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ആവശ്യമായതുകൊണ്ടുതന്നെ, അങ്ങനെ നടക്കുന്നു എന്ന് ആഗ്രഹിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ആശാസ്യമല്ലാത്ത ചിലതൊക്കെ നടന്നില്ലേ; അതിനെക്കുറിച്ച് അവര്‍ക്കു പറയാം. അതു ശരിയല്ല എന്ന് അവര്‍ക്കു പറയാം. അടിസ്ഥാനപരമായി ഇതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ ആഭ്യന്തര പ്രശ്‌നങ്ങളെ നേരിടാനും അതിജീവിക്കാനും കഴിയും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

ഇന്ത്യാ മുന്നണിയുടെ റാലി
ഇന്ത്യാ മുന്നണിയുടെ റാലി -
Q

ഇന്ത്യാ മുന്നണിയുടെ റാലി വേദിയില്‍ വിവിധ പാര്‍ട്ടികളുടെ 28 പ്രമുഖ നേതാക്കളാണ് പങ്കെടുത്തത്. പ്രാദേശികമായി വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികളുടെ ഈ മതേതര കൂട്ടായ്മയെ അഴിമതിക്കാരുടെ കൂട്ടായ്മ എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. എങ്ങനെ കാണുന്നു?

A

മൈതാന പ്രസംഗങ്ങളില്‍ പറയുന്നതും വസ്തുതകളും തമ്മില്‍ എത്രമാത്രം പൊരുത്തമുണ്ട് എന്ന് ആലോചിക്കണം. തീര്‍ച്ചായും അഴിമതിക്കാരുണ്ടാകുന്നുണ്ട്. നമ്മുടെ സംവിധാനം അഴിമതിക്കെതിരെ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരിയാണ്. നമ്മുടെ നിയമ സംവിധാനവും അന്വേഷണ സംവിധാനങ്ങളുമൊക്കെ ഈ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. ഇതൊക്കെ ഒരു പുകമറ സൃഷ്ടിക്കലാണ്. എല്ലാം പെര്‍ഫെക്ട് ആണ് എന്ന അവകാശവാദമൊന്നും ഞാന്‍ മുന്നോട്ടു വയ്ക്കുന്നില്ല. പക്ഷേ, സ്വീകാര്യമായ ഒരു തലത്തില്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനേക്കാള്‍ മെച്ചപ്പെടുത്തല്‍ തീര്‍ച്ചയായും സാധ്യമാണ്. പക്ഷേ, ഇപ്പോള്‍ നടക്കുന്നതെല്ലാം പഴയതിനേക്കാള്‍ വലിയ മെച്ചമാണ് എന്നില്ല. ചില നേതാക്കള്‍ അങ്ങനെ പറയുന്നുണ്ട്: അവര്‍ ഇങ്ങോട്ടു വന്നപ്പോഴാണ് ഇവിടെ സൂര്യോദയം ഉണ്ടായത് എന്ന മട്ടില്‍ പറയാറുണ്ട്. അതൊന്നും ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാന്‍ പോന്ന വാദങ്ങളല്ല. അതുകൊണ്ട് ഈ പറയുന്നതുപോലുള്ള മൈതാന പ്രസംഗങ്ങളൊന്നും പ്രതികരണമുണ്ടാക്കാന്‍ പോകുന്നില്ല. കാര്യങ്ങള്‍ ജനാധിപത്യപരമല്ല എന്ന് തീര്‍ച്ചയായും വാദിക്കാം. അതേസമയം സ്വീകാര്യമായ തലത്തില്‍ ജനാധിപത്യം ഇവിടെ നടന്നു എന്നത് വിസ്മരിക്കാനും പാടില്ല.

Q

50 വര്‍ഷത്തിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന്റെ പ്രവൃത്തിദോഷം ഉണ്ടാക്കിയ പ്രത്യാഘാതമല്ലേ വര്‍ഗ്ഗീയതയുടെ മേധാവിത്തവും അഴിമതിയുമെല്ലാം. അവരുടെ വിശ്വാസ്യതക്കുറവ് മൊത്തത്തില്‍ ഇന്ത്യാ മുന്നണിയേയും ബാധിക്കില്ലേ?

A

സ്ഥിതിഗതികള്‍ പൊതുവെ നോക്കിയാല്‍, രാജ്യത്ത് വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ഇന്നു തുടങ്ങിയതല്ല; സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ തൊട്ടേ തുടങ്ങിയതാണ്. ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍തന്നെ വര്‍ഗ്ഗീയ കക്ഷികളുണ്ട്. അന്ന് ഒന്നല്ല മൂന്നു വര്‍ഗ്ഗീയ കക്ഷികള്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ, അതിനെയൊക്കെ അതിജീവിച്ചാണ് നമ്മള്‍ മുന്നോട്ടു വന്നത്. ഇപ്പോള്‍ പുതിയ സാഹചര്യങ്ങളില്‍, പുതിയ വേഷത്തില്‍, പുതിയ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ നടക്കുകയാണ്. പക്ഷേ, ഈ പാര്‍ട്ടികളും നേതാക്കളും മനസ്സിലാക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങള്‍ എളുപ്പം വര്‍ഗ്ഗീയയ്ക്ക് വഴങ്ങുന്നവരല്ല. ഇവിടെയൊരു ഹിന്ദു ഭൂരിപക്ഷമുണ്ട്; അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ഹിന്ദു ഭൂരിപക്ഷത്തില്‍ വര്‍ഗ്ഗീയ കാലുഷ്യം ചെലുത്താനുള്ള ശ്രമമാണ് കുറേക്കാലമായി വര്‍ഗ്ഗീയ കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടികള്‍ക്കു കുറച്ചു മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഈ രാജ്യത്ത് വര്‍ഗ്ഗീയതയുടെ അളവ് കുറച്ച് കൂട്ടാന്‍ കഴിഞ്ഞു എന്നല്ലാതെ വര്‍ഗ്ഗീയ കാലുഷ്യമുള്ളതാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് അവര്‍ തന്നെ ചിന്തിക്കണം. അപ്പോള്‍ അവര്‍ക്കു മനസ്സിലാകും, ഈ രാജ്യത്തിന്റെ സ്വഭാവം. ഇവിടുത്തെ ഭൂരിപക്ഷ സമൂഹം അവര്‍ വിചാരിക്കുന്നതുപോലെ എളുപ്പം വര്‍ഗ്ഗീയതയ്ക്കു വഴങ്ങുന്നവരല്ല. അവര്‍ക്കു ചില കുത്തിത്തിരിപ്പുകളിലൂടെയൊക്കെ കുറേ മുന്നേറാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ, അതിനു വഴങ്ങുന്ന ജനതയല്ല ഇന്ത്യയിലുള്ളത്.

Q

ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഇടതുപക്ഷം നല്‍കുന്ന ആശയപരമായ നേതൃത്വം, കേരളം മുന്നോട്ടുവയ്ക്കുന്ന ചെറുത്തുനില്‍പ്പിന്റെ മാതൃക എന്നീ കാര്യങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?

A

ഇടതുപക്ഷം കുറേക്കാലമായി പറയുന്ന കാര്യമാണ്, അവരുടെ നിലപാടുകള്‍ വര്‍ഗ്ഗീയതയെ ചെറുക്കുന്നതില്‍ പ്രധാനമാണ് എന്ന്. അതിനകത്തെ വസ്തുതകളെ നിഷേധിക്കേണ്ടതില്ല. പക്ഷേ, ഇതിനെ കാണേണ്ടത് വിശാലമായ പശ്ചാത്തലത്തിലാണ്. ഈ വലിയ രാജ്യത്ത് ഇന്നും ഇടതുപക്ഷത്തിനു സ്വാധീനമുള്ളത് വളരെ ചെറിയ മേഖലയിലാണ്. വര്‍ഗ്ഗീയതയെ ചെറുത്തു നിര്‍ത്തുന്നത് തങ്ങള്‍ മാത്രമാണ് എന്ന നിലപാടെടുക്കാന്‍ അവര്‍ക്ക് അവകാശമില്ല. ജനങ്ങളാണ് ചെറുത്തുനില്‍ക്കുന്നത്. പ്രതിരോധിക്കാന്‍ ശക്തമായ കക്ഷി ഇല്ലാത്തിടത്തും ജനങ്ങള്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അത് തീര്‍ച്ചയായും എല്ലാവരും മനസ്സിലാക്കണം.

Q

സംഘടനാപരമായി ചെറുതായിരിക്കുമ്പോഴും കലര്‍പ്പില്ലാത്ത ഫാസിസ്റ്റുവിരുദ്ധ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ് എന്ന വാദത്തില്‍ കഴമ്പുള്ളതായി കരുതുന്നുണ്ടോ?

A

ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ പരിസരമുണ്ടാക്കുന്നതിന്റെ കുത്തക ആര്‍ക്കെങ്കിലും കൊടുക്കുന്നത് ശരിയായിരിക്കും എന്ന അഭിപ്രായം എനിക്കില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വേണം ഇത്തരം കാര്യങ്ങളെ കാണാന്‍. കക്ഷികള്‍ ചിലതു ചെയ്യുന്നുണ്ട് എന്നതു ശരിയാണ്; ചിലര്‍ കൂടുതല്‍ ചെയ്യുന്നു, ചിലര്‍ അത്രത്തോളമില്ല. പക്ഷേ, കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുന്നവര്‍ക്കും ഭാഗമല്ലാത്തവര്‍ക്കും ഫാസിസത്തിനെതിരായ നിലപാടെടുക്കാന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം ആവശ്യമാണ്.

Q

കേരളത്തില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം ഉണ്ട് എന്നു വിലയിരുത്തുന്നുണ്ടോ?

A

കേരളത്തില്‍ പൊതുവെ ഭരണവിരുദ്ധവികാരം ഇല്ലാതിരുന്ന കാലം ഇല്ല എന്നുതന്നെ പറയാം. വളരെ സജീവമായ ഒരു രാഷ്ട്രീയ മേഖലയാണ് കേരളം. ഇവിടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അസംതൃപ്തി മിക്കവാറും എപ്പോഴുമുണ്ടാകും. എന്റെ കാഴ്ചപ്പാടില്‍, തുടര്‍ച്ചയായി ഭരണവിരുദ്ധ വികാരമുള്ള ഒരു സംസ്ഥാനമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അന്നുതുടങ്ങും ഭരണവിരുദ്ധവികാരം. അത് ഭരണകക്ഷിയോടുള്ള എതിര്‍പ്പാണ്; അത് അവര്‍ പ്രത്യേകിച്ചെന്തെങ്കിലും ചെയ്തിട്ടു തന്നെ ആകണം എന്നില്ല.

Q

2019-ലെ യു.ഡി.എഫ് തരംഗത്തിന് ഇടയാക്കിയ വിശ്വാസം യു.ഡി.എഫിനോട്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനോട് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടോ?

A

ഇതിനെ നമ്മള്‍ കാണേണ്ടത് ചരിത്ര പശ്ചാത്തലത്തിലാണ്. കേന്ദ്രത്തില്‍ ആരു ഭരിക്കണം? ഇതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇഷ്യു. അതു മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ വോട്ടര്‍മാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത് അതാണ്. ഒരു വലിയ ഭീഷണി വരുന്നു എന്നു വിശ്വസിച്ചിരുന്ന സമയമായിരുന്നു അത്. കേരളം 19 - 1 ആയിട്ടു വിഭജിച്ചു. ഡല്‍ഹിയില്‍ ഭരണമാറ്റം ഉണ്ടാകാനാണ് നമ്മള്‍ വോട്ടു ചെയ്യേണ്ടത് എന്ന ഉത്തമബോധ്യത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്തതിന്റെ ഫലമായിരുന്നു അത്. ഇടതുപക്ഷം ഇവിടെയൊരു ശക്തിയാണ്. അതിനു യാതൊരു സംശയവുമില്ല, പക്ഷേ, കേന്ദ്രത്തില്‍ ഇടതുപക്ഷ കക്ഷികള്‍ക്കു വഹിക്കാന്‍ വലിയ റോളില്ല എന്നു വന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി ക്ഷയിക്കുകയും സുസ്ഥിര ഭരണത്തിനുള്ള സാധ്യത മങ്ങുകയുമൊക്കെ ചെയ്തു. ആ സമയത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനു വലിയ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പരിണിത പ്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. സാമ്പ്രദായിക രാഷ്ട്രീയത്തിലും അദ്ദേഹത്തിനു നല്ല പിടിപാടുണ്ടായിരുന്നു. പല കക്ഷികളെ ഒന്നിച്ചുകൊണ്ടുവന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതില്‍ വലിയ പ്രായോഗികത അദ്ദേഹത്തിനു സാധിച്ചു; ആ ഒരു റോള്‍ വഹിക്കാന്‍ കഴിയുന്ന ഒരാള്‍ ഇന്ന് ആ പാര്‍ട്ടിയിലുണ്ടോ എന്നു സംശയമുണ്ട്. അതില്‍ പല ഘടകങ്ങളുണ്ട്. ഇപ്പോഴത്തെ നേതൃത്വത്തെ പൂര്‍ണ്ണമായും എതിര്‍ക്കുകയല്ല. ഒരുമാതിരിപ്പെട്ട എല്ലാ രാഷ്ട്രീയ കക്ഷികളുമായും നേരിട്ടു ഡീല്‍ ചെയ്യാന്‍ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. നീണ്ടകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവങ്ങളില്‍നിന്നു രൂപപ്പെട്ടു വന്നതാണ് അത്. പക്ഷേ, അങ്ങനെയൊരു നേതാവ് ഇന്ന് ആ പാര്‍ട്ടിയിലുണ്ടോ? പാര്‍ട്ടി തന്നെ അത് ആലോചിക്കേണ്ടതാണ്. അന്ന് പാര്‍ട്ടിക്ക് രാജ്യത്ത് ഉണ്ടായിരുന്ന ശക്തിക്ക് അതീതമായ സ്വാധീനം ചെലുത്താന്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി.പി.എമ്മിനു കഴിഞ്ഞു. അത്തരത്തിലുള്ള പങ്ക് വഹിക്കാന്‍ പാര്‍ട്ടി ഇനിയും ശ്രമിക്കണം. കാരണം, കൂടുതല്‍ വളരാനുള്ള സാധ്യത ഇപ്പോള്‍ അവരുടെ മുന്നില്‍ ഇല്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യകാലങ്ങളില്‍ കേരളം, തെലുങ്കാനപോലെ ചില പ്രത്യേക ചരിത്ര പശ്ചാത്തലമുള്ള സ്ഥലങ്ങളില്‍നിന്നാണ് സി.പി.എമ്മിനു സീറ്റുകള്‍ കിട്ടിയത്. അവരേക്കാള്‍ വലിയ പാര്‍ട്ടിയായിരുന്ന സോഷ്യലിസ്റ്റു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനത്തേയ്ക്കു പോകേണ്ടിവന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ശക്തി ചില മേഖലകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നതുകൊണ്ട് അവര്‍ക്കു കൂടുതല്‍ സീറ്റുകള്‍ ഒരു ഘട്ടത്തില്‍ കിട്ടുകയും അവര്‍ക്ക് അതുവഴി ഒരു 'മോര്‍ ദാന്‍ റിയല്‍ ലൈഫ്' പ്രതിച്ഛായ വരികയും ചെയ്തു; യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ ഒരു ഇമേജ്. നിര്‍ഭാഗ്യവശാല്‍ അതു നശിച്ചിരിക്കുന്നു. അതു തിരിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. പക്ഷേ, അവരുടെ സമീപകാലത്തുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ എനിക്കു കിട്ടുന്ന ധാരണ എന്താണെന്നു വെച്ചാല്‍, നഷ്ടപ്പെടുന്നതിനെയൊക്കെയങ്ങ് വിട്ടിട്ട് ഉള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സമീപനം; അങ്ങനെയങ്ങ് ചുരുങ്ങിക്കൊണ്ടിരുന്നാല്‍ എന്താണ് പാര്‍ട്ടിയുടെ ഭാവി? അത് അവരെപ്പോലെ തന്നെ, പാര്‍ട്ടി അംഗങ്ങളെപ്പോലെത്തന്നെ പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കും വിഷമമുണ്ടാക്കുന്ന ചോദ്യമാണ്. അവരാണ് ഏറ്റവും വലിയ കമ്യൂണിസ്റ്റു പാര്‍ട്ടി; അതുകൊണ്ടുതന്നെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയും. പക്ഷേ, അവരുടെ സ്വാധീനം കുറഞ്ഞുവരുന്നു എന്നത് ഗൗരവപൂര്‍വ്വം അവരുടെ നേതൃത്വം കാണേണ്ടതാണ്. അവര്‍ കാണുന്നില്ല എന്നല്ല. സി.പി.എമ്മിന്റെ അടുത്തകാലത്തു നടന്ന സമ്മേളനങ്ങളില്‍, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഒക്കെ ഇതു ചര്‍ച്ചാവിഷയമായിട്ടുണ്ട്. ചില നടപടികളും നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിര്‍ദ്ദേശിച്ച നടപടികളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും സ്ഥിതി എവിടെയെങ്കിലും ഏതെങ്കിലും രീതിയില്‍ മെച്ചപ്പെട്ടു എന്നു പറയാന്‍ ഞാന്‍ നോക്കിയിട്ടു കഴിയുന്നില്ല. പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ഭൂമിശാസ്ത്രപരമായി ചുരുങ്ങുകയാണ്. അതിനെ എങ്ങനെ മറികടക്കാം, ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്നുള്ളതിനു ക്രിയാത്മകമായ എന്തെങ്കിലും പരിപാടിയാണ് ഉണ്ടാകേണ്ടത്.

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് photo/ Express
Q

പൗരത്വ നിയമ ഭേദഗതി വിഷയം ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഉള്‍പ്പെടെ എത്രത്തോളം അവര്‍ക്കു രാഷ്ട്രീയമായി ഗുണം ചെയ്യും എന്നാണ് കരുതുന്നത്?

A

ന്യൂനപക്ഷങ്ങള്‍ ഒരു വലിയ ഫാക്ടറാണ്. അവരെ ഉള്‍ക്കൊള്ളാന്‍ തീര്‍ച്ചയായിട്ടും എല്ലാ പാര്‍ട്ടികള്‍ക്കും കഴിയണം. അവരെ ഉള്‍ക്കൊള്ളുന്നത് ഏതടിസ്ഥാനത്തിലാകണം? അവര്‍ പൊതുസമൂഹത്തിന്റെ ഭാഗമാണ്. ആ പൊതുസമൂഹത്തിനകത്ത് അവര്‍ക്ക് അവരുടേതായ സ്ഥാനമുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സമീപനം വേണം. അല്ലാതെ അവരെ വേര്‍പെടുത്തി നിര്‍ത്തിയിട്ട്, അവരെ ഒരു വോട്ടു ബാങ്കായി നിര്‍ത്തിയിട്ടുള്ള ശ്രമങ്ങളല്ല വേണ്ടത്. അവരുടെ നേതാക്കളുടെ ഭാഗത്തുനിന്നൊക്കെ അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടായെന്നിരിക്കും. അത് അവരുടെ താല്പര്യമാണ്. ഒരു ന്യൂനപക്ഷ നേതാവിന് ഒരു ന്യൂനപക്ഷ മണ്ഡലം ഉണ്ടാക്കുന്നതും ന്യൂനപക്ഷ സാഹചര്യം ഉണ്ടാക്കുന്നതുമൊക്കെ ആവശ്യമായിരിക്കും. പക്ഷേ, രാഷ്ട്രീയരംഗം വിശദമായി പരിശോധിച്ചാല്‍ തീര്‍ച്ചയായിട്ടും ബഹുജന പാര്‍ട്ടികള്‍ (വിഭാഗീയ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവര്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എന്ന അര്‍ത്ഥത്തിലാണ് പറയുന്നത്) അങ്ങനെയൊരു സമീപനത്തിലേക്കു പോകുന്നതു വളരെ വലിയ തെറ്റാണ്. കാര്യമായ ചില മാറ്റങ്ങള്‍ ഉണ്ടാകണം. എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ പ്രത്യേകമായി സംഘടിക്കേണ്ടിവരുന്നത് എന്ന ചോദ്യം അവര്‍ അവരോടു തന്നെ ചോദിക്കണം. ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടോ, പരാജയപ്പെടുന്നുവോ എന്ന് അവര്‍ ചിന്തിക്കണം. അങ്ങനെയൊരു വിഭാഗം ജനങ്ങളെ അവരുടേതായ മേഖലയിലേക്കു തള്ളിനീക്കേണ്ട യാതൊരു ആവശ്യവുമില്ല. അവരെ പൊതു സമൂഹത്തിന്റെ ഭാഗമായി കാണുകയും അതിന്റെ ഭാഗമായി നിലനിര്‍ത്തുകയും ചെയ്യണം. അതിന് ഉതകുന്ന തരത്തിലുള്ള രാഷ്ട്രീയ സമീപനങ്ങളാണ് ഉണ്ടാകേണ്ടത്. അവര്‍ക്കിടയില്‍നിന്നു വിഭാഗീയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവരുന്നതെങ്ങനെയാണ്? അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹുജന പാര്‍ട്ടികള്‍ പരാജയപ്പെടുന്നതുകൊണ്ടാണ്. അവര്‍ ഭൂരിപക്ഷത്തിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന ചിന്ത ന്യൂനപക്ഷങ്ങളില്‍ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനെ നേരിടേണ്ടതും അതിജീവിക്കേണ്ടതും ഒന്നാമതായി അവരുടെ ആവശ്യമാണ്. തെരഞ്ഞെടുപ്പു സമയത്ത് എങ്ങനെ ആരുമായി കൂട്ടു പിടിച്ചിട്ട് ഈ വിഭാഗത്തിനിടയില്‍ സ്വാധീനമുറപ്പിക്കാം എന്ന തരത്തിലാണ് അവര്‍ ചിന്തിക്കുന്നത്. ആ സമീപനം തന്നെ മാറേണ്ട കാലമായി. അവരെ ബഹുജന സമൂഹത്തിന്റെ ഭാഗമായി കണ്ടിട്ട് പൊതുധാരയില്‍ കൊണ്ടുവരണം. അവരെ പ്രത്യേക വിഭാഗമായി നിലനിര്‍ത്തിക്കൊണ്ട് അവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. ഏതു പാര്‍ട്ടികളാണോ അതു ചെയ്യുന്നത് അതു മാറ്റാന്‍ ആ പാര്‍ട്ടികള്‍ ശ്രമം നടത്തണം.

അടിയന്തരാവസ്ഥയെ നേരിട്ട് ഇല്ലാതാക്കിയത് ആരാണ്? ജനങ്ങളാണതു ചെയ്തത്. പൊളിച്ചു കയ്യില്‍ കൊടുത്തില്ലേ. ജനങ്ങള്‍ക്കറിയാം അവരുടെ താല്പര്യങ്ങള്‍ എന്താണെന്ന്. അവരുടെ താല്പര്യങ്ങള്‍ എന്താണെന്ന് അവരെപ്പോലെ അറിയുന്നവര്‍ വേറെയാരുമില്ല. അത് ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സ്വന്തം താല്പര്യങ്ങള്‍, ബഹുജന താല്പര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള നിലപാടാണ് ഓരോ ഘട്ടത്തിലും അവര്‍ എടുത്തത്. ചില വ്യത്യാസങ്ങളൊക്കെ ഉണ്ടായിട്ടുണ്ടായിരിക്കും. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം വിജയിച്ചത് കോണ്‍ഗ്രസ്സാണല്ലോ. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്‍ക്കു ശരിയായ നിലപാടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ബി.ആര്‍.പി. ഭാസ്‌കര്‍.
ബി.ആര്‍.പി. ഭാസ്‌കര്‍.ഫോട്ടോ: വിന്‍സെന്റ് പുളിക്കന്‍ /എക്‌സ്പ്രസ്‌
Q

ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ വേണ്ടവിധം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാന്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കു കഴിയാതെ പോകുന്നുണ്ടോ. എന്തുകൊണ്ടാണ് ഈ ദൗര്‍ബ്ബല്യം?

A

ഇതിനകത്ത് കാണാന്‍ കഴിയുന്ന ഒരു സാധ്യത, എല്ലാവരും വള്‍ണറബ്ള്‍ ആണ് എന്നതാണ്. എല്ലാവരും ഭയപ്പെടേണ്ട ഒരു സാഹചര്യമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് എല്ലാ പാര്‍ട്ടികളേയും ഒതുക്കാന്‍ കഴിയും. ഇപ്പോള്‍ത്തന്നെ ഇലക്ടറല്‍ ബോണ്ടിന്റെ പ്രശ്‌നം വന്നല്ലോ. എങ്ങനെയാണ് ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഈ സാഹചര്യം പ്രയോജനപ്പെട്ടു. മുന്‍പ് ഭരണകക്ഷികളുടെ ഭാഗത്തുനിന്നു കുറേക്കൂടി സത്യസന്ധമായ സമീപനം ഉണ്ടായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇതില്‍നിന്നു കിട്ടും എന്നു പ്രതീക്ഷിക്കുന്ന പിന്തുണ, അല്ലെങ്കില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരം ഉണ്ടാകുമോ എന്നതുതന്നെ സംശയാസ്പദമാണ്. ഇന്ത്യയുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയെ നേരിട്ട് ഇല്ലാതാക്കിയത് ആരാണ്? ജനങ്ങളാണതു ചെയ്തത്. പൊളിച്ചു കയ്യില്‍ കൊടുത്തില്ലേ. ജനങ്ങള്‍ക്കറിയാം അവരുടെ താല്പര്യങ്ങള്‍ എന്താണെന്ന്. അവരുടെ താല്പര്യങ്ങള്‍ എന്താണെന്ന് അവരെപ്പോലെ അറിയുന്നവര്‍ വേറെയാരുമില്ല. അത് ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സ്വന്തം താല്പര്യങ്ങള്‍, ബഹുജന താല്പര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള നിലപാടാണ് ഓരോ ഘട്ടത്തിലും അവര്‍ എടുത്തത്. ചില വ്യത്യാസങ്ങളൊക്കെ ഉണ്ടായിട്ടുണ്ടായിരിക്കും. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം വിജയിച്ചത് കോണ്‍ഗ്രസ്സാണല്ലോ. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്‍ക്കു ശരിയായ നിലപാടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഉത്തര്‍പ്രദേശിലേയോ ബീഹാറിലേയോ ഒക്കെ ജനങ്ങളെക്കുറിച്ച് നമ്മള്‍ വിചാരിക്കുന്നത് അവര്‍ക്കൊന്നും അറിയില്ല എന്നാണ്. പക്ഷേ, അടിയന്തരാവസ്ഥയെ പൊട്ടിച്ചത് അവരാണ്. സ്വന്തം താല്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാണ് അതു സാധിച്ചത്. ഭരണാധികാരികള്‍ അതു മനസ്സിലാക്കണം. നീതീകരിക്കാനാകാത്ത അധികാരപ്രയോഗം തിരിച്ചടിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com